
'അങ്ങിനെയാണ് ഭൂരിഭാഗം അമ്മമാരും'-ടീന പറഞ്ഞു തുടങ്ങി.
ഇരുപത് വര്‍ഷം ഭര്‍ത്താവിന്റെ പീഡനങ്ങള്‍ സഹിച്ചും ക്ഷമിച്ചും കഴിഞ്ഞു. എല്ലാം കുട്ടികളെ ഓര്‍ത്ത്. പത്തൊമ്പതും പതിനാലും വയസ്സുള്ള രണ്ടു പെണ്മക്കള്‍.
ആറു മാസം മുമ്പ് തീരുമാനിച്ചു. ഇനി വയ്യ. ഇതില്‍ കൂടുതല്‍ സഹിക്കാന്‍ വയ്യ. ഇങ്ങിനെ തുടര്‍ന്നാല്‍ ഇനി താന്‍ അധിക കാലം ഉണ്ടാവില്ല.
വീട്ടില്‍ നിന്നും ഇറങ്ങി ഓടണം. എവിടെയെങ്കിലും പോയി രക്ഷപ്പെടണം. മക്കളോട് കാര്യം സൂചിപ്പിച്ചു. അവര്‍ക്ക് അത്ഭുതവും അമര്‍ഷവും. അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. പീഡനം ശാരീരികമായിരുന്നില്ല; മാനസികമായിരുന്നു. മക്കള്‍ പലപ്പോഴും അമ്മയുടെ മനസ്സ് അറിഞ്ഞിരുന്നില്ല.
മക്കള്‍ വീട് വിട്ടിറങ്ങാന്‍ തയ്യാറായില്ല. പക്ഷേ, ടീനയുടെ തീരുമാനത്തില്‍ മാറ്റമില്ലായിരുന്നു. വീട് വിട്ടിറങ്ങി. ഒന്നുമില്ലായ്മയില്‍ നിന്നും ഒരു തുടക്കം. എന്ത് സംഭവിക്കും എന്ന് ഒരുറപ്പുമില്ല. പ്രായം നാല്‍പ്പത് കഴിഞ്ഞേ ഉള്ളൂ. ഒരു ജോലി സമ്പാദിക്കണം. അത് വരെ സ്വന്തം അമ്മയുടെ കൂടെ താമസിക്കാം.
മക്കള്‍ വീട് വിട്ടിറങ്ങാന്‍ തയ്യാറായില്ല. പക്ഷേ, ടീനയുടെ തീരുമാനത്തില്‍ മാറ്റമില്ലായിരുന്നു. വീട് വിട്ടിറങ്ങി.
അതിനിടെയായിരുന്നു ആ സംഭവം.
സഹിക്കാനാവാത്ത വയറു വേദന. അങ്ങിനെ ആയിരുന്നു തുടക്കം. ആദ്യമെല്ലാം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നതിന്റെ മന:പ്രയാസം കൊണ്ടാകും എന്ന് കരുതി സമാധാനിക്കാന്‍ ശ്രമിച്ചു. ഒരു ദിവസം കുഴഞ്ഞു വീണു. ആംബുലന്‍സ് വന്നു ഹോസ്പിറ്റലില്‍ എത്തിച്ചു. പിന്നെ നടന്നതൊന്നും ഇപ്പോഴും വിശ്വസിക്കാനാവാതെ ടീന ഇരുന്നു.
'ക്യാന്‍സര്‍ ആണ്. ചികിത്സിച്ചു മാറ്റാവുന്ന സ്‌റ്റേജ് കഴിഞ്ഞു. കൂടിയാല്‍ ആറു മാസം..'
ഇത് പറയുമ്പോള്‍ ടീന കരഞ്ഞില്ല. തല കുനിച്ചിരുന്നു..
പെട്ടെന്നാണ് ടീന ആ ചോദ്യം ചോദിച്ചത്. 'എവിടെയെങ്കിലും, ലോകത്തു എവിടെയെങ്കിലും ഇതിനു ചികിത്സയുണ്ടോ ?'
കണ്ണുകളില്‍ ദൈന്യത.
'എവിടെയെങ്കിലും എന്തെങ്കിലും കാണില്ലേ ?'- ചോദ്യം ആവര്‍ത്തിച്ചു.
'ഇല്ല'.
സത്യം പറയേണ്ടി വന്നു. കടുത്ത നിരാശ ആ മുഖത്ത് പടര്‍ന്നു.
അവര്‍ തുടര്‍ന്നു: 'മരിക്കാന്‍ എനിക്ക് ഭയമില്ല. പക്ഷേ, ഞാനില്ലാതെ എന്റെ മക്കള്‍. അവര്‍ അതിജീവിക്കില്ല. പ്രത്യേകിച്ചും ഇളയ മകള്‍. അവരെ വിളിച്ചു ഞാന്‍ ക്യാന്‍സറിന്റെ കാര്യം പറഞ്ഞു. ഇളയ മകള്‍ തലതല്ലിക്കരഞ്ഞു. അതിനു ശേഷം ഇടയ്ക്കിടെ എന്നെ ഫോണില്‍ വിളിക്കും. അമ്മ, അമ്മ മരിക്കരുത്, മരിക്കില്ല എന്നെനിക്കു വാക്കു തരൂ എന്ന് പറയും. രാത്രി ഉറക്കത്തില്‍ ഞെട്ടി ഉണര്‍ന്നു ഞാന്‍ മരിച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തും'
'ഇവിടെ വരുമ്പോള്‍ എന്തെങ്കിലും ഒരു നല്ല വാര്‍ത്തയുമായി തിരിച്ചു ചെല്ലാം എന്ന് കരുതിയിരുന്നു. ഇനി ഞാനവളോട് എന്ത് പറയും..?'
അവര്‍ തലയുയര്‍ത്തി നോക്കി.
ഉത്തരം ലഭിക്കില്ല എന്ന് അറിഞ്ഞിട്ടും പ്രതീക്ഷയുടെ ഒരു കണം ആ കണ്ണുകളില്‍ മിന്നി മറഞ്ഞോ..?
ഇനി ഞാനവളോട് എന്ത് പറയും..?'
ഞാന്‍ കാണാറുള്ള അമ്മമാരില്‍ ഭൂരിഭാഗവും അങ്ങിനെയാണ്.
മക്കള്‍ മരണക്കിടക്കയില്‍ കിടക്കുമ്പോള്‍, ജീവിതം എന്നോട് നീതി കാണിച്ചില്ല; ഞാനാണ് ആ കിടക്കയില്‍ കിടക്കേണ്ടത് എന്ന് പറയുന്ന അമ്മമാര്‍.
മരണം കണ്‍ മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍, മരിയ്ക്കാന്‍ എനിക്ക് ഭയമില്ല; കുട്ടികളെയും ഭര്‍ത്താവിനെയും ഓര്‍ത്താണ് വിഷമം എന്ന് പറയുന്ന അമ്മമാര്‍.
കീമോതെറാപി ചെയ്തു ചര്‍ദ്ദിച്ചു അവശരാകുമ്പോള്‍, എനിക്കിനിയിത് താങ്ങാന്‍ വയ്യ; മക്കളുടെ കൂടെ കുറച്ചു ദിവസം കൂടി കിട്ടുമല്ലോ എന്നോര്‍ത്തിട്ടാണ് എന്ന് പറയുന്ന അമ്മമാര്‍.
അമ്മ. പകരം വെക്കാനാവാത്ത നന്മ!
..............................................................................
*പേരുവിവരങ്ങള്‍ സാങ്കല്‍പികമാണ്.
