Asianet News MalayalamAsianet News Malayalam

ആയിരം കോടിയുടെ സിനിമകളും ഈച്ചയാട്ടുന്ന ചായക്കടകളും

Placement, layering , integration എന്നിങ്ങനെ മൂന്ന് കാര്യങ്ങള്‍ ആണ് കള്ളപ്പണം വെളുപ്പിക്കാന്‍ ചെയ്യുന്നത്. ഒരു ഉദാഹരണത്തിലൂടെ ഇത് വിശദമാക്കാം. നിങ്ങള്‍ക്കു കൈക്കൂലിയായി ഒരു കോടി രൂപ കിട്ടി എന്ന് വിചാരിക്കുക. ഇത് വെളുപ്പിക്കാന്‍ നേരിട്ടോ ഒരു ഏജന്‍സി വഴിയോ ആദ്യം ചെയ്യുന്നത് ഈ പൈസ വിദേശത്തേക്ക് കടത്തുകയാണ്. സ്വദേശത്തോ വിദേശത്തോ ഒരു ഹോട്ടലിലോ, ജൂവല്ലറിയിലോ മറ്റു സ്ഥാപനങ്ങളിലോ നിക്ഷേപിക്കുന്ന പോലെയോ സിനിമയില്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന പോലെയോ ആണ് ഇത് ചെയ്യുന്നത്. ചിലര്‍ കാഷ് carriers വഴി നേരിട്ടും കടത്തും. Smurfs എന്നാണ് ഇവരെ പറയുക. ഇതാണ് placement. ​

Nazeer Hussain Kizhakkedathu on black money
Author
Thiruvananthapuram, First Published Apr 18, 2017, 6:05 AM IST

Nazeer Hussain Kizhakkedathu on black money

ആയിരം കോടി രൂഫാ മുടക്കി എടുക്കുന്ന സിനിമയെ കുറിച്ച് കുറച്ചു അത്ഭുതം കലര്‍ന്ന കുറിപ്പുകള്‍ കണ്ടു. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി വരെ 200 കോടി മാത്രം ചിലവാക്കിയ സ്ഥിതിക്ക് ഈ ആയിരം കോടിയുടെ കണക്കെന്താണെന്നു സംശയിക്കുന്നവര്‍ക്കു വിദേശ രാജ്യങ്ങളില്‍ പലയിടത്തും ഈച്ചയാട്ടി ഇരിക്കുന്ന ചില ഇന്ത്യന്‍ ഹോട്ടലുകളുടെ കഥ പറയാം.

ഞാന്‍ ജോലി ചെയ്യുന്ന സ്ഥലം ഉള്‍പ്പെടെ ഉള്ള അന്താരാഷ്ട്ര ബാങ്കുകളില്‍ അക്കൗണ്ട് തുറക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ ഉണ്ട്.  അതിലൊന്ന് നിയമപരമായി സമ്പാദിച്ച പണം ആണ് നിക്ഷേപിക്കുന്ന എന്ന് ഉറപ്പു വരുത്തുകയാണ്. അതിനായി തരുന്ന ചോദ്യാവലിയില്‍, ഏറ്റവും സംശയം തോന്നേണ്ട ചില കസ്റ്റമേഴ്‌സ് താഴെ പറയുന്നവരാണ്.

  • എ)  ഡയമണ്ട്, ഗോള്‍ഡ് തുടങ്ങി വിലപിടിപ്പുള്ള ലോഹങ്ങള്‍ കൈകാര്യം ചെയ്യുന്ന ബിസിനസുകാര്‍ 
  • ബി) രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും അധികാരത്തില്‍ ഇരിക്കുന്നവരും അവരുടെ ബന്ധുക്കളും 
  • സി) വിദേശത്തു നിന്ന് കാറുകള്‍ തുടങ്ങിയ വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ 
  • ഡി) ഹോട്ടല്‍, റെസേ്‌റ്റോറന്റ് തുടങ്ങിയ ബിസിനസ് ചെയ്യുന്നവര്‍.

മുകളില്‍ പറഞ്ഞ എല്ലാവര്‍ക്കും ഉള്ള ഒരു പൊതു കാര്യം എന്താണെന്നു വച്ചാല്‍ കൃത്യമായി നിര്‍വചിക്കാന്‍ പറ്റാത്ത വരുമാന സ്രോതസുകള്‍ ആണ് ഇവര്‍ക്കുള്ളത് എന്നതാണ്. ഉദാഹരണത്തിന് ഒരു രത്‌നത്തിന്റെ വില, ഒരു ഹോട്ടലില്‍ ഒരു വര്‍ഷത്തെ വരുമാനം എന്നിവ കൃത്യമായി കണക്കെടുക്കാന്‍ ബുദ്ധിമുട്ടുള്ളതാണ്, കാരണം അവരില്‍ പലരും പണം കറന്‍സി ആയാണ് കൈകാര്യം ചെയ്യുന്നത്. കാഷ് ആയി കൊടുത്താല്‍ പൈസ കുറച്ചു തരുന്ന റെസ്‌റ്റോറന്റുകളും ജ്യൂവല്ലറികളും സര്‍വസാധാരണം ആണ്. പക്ഷെ ഈച്ച ആട്ടി ഇരിക്കുന്ന ചില ഹോട്ടലുകളും ജ്യൂവല്ലറികളും, പൊളിഞ്ഞു പോയ സിനിമകളും വളരെ കൂടിയ വരുമാനം ആണ് കാണിക്കുന്നത്. അത് എന്ത് കൊണ്ടാണ് എന്നറിയണം എങ്കില്‍ കള്ള പണം വെളുപ്പിക്കലിന്റെ ചില വഴികള്‍ അറിഞ്ഞിരിക്കണം.

മൂന്ന് കാര്യങ്ങള്‍ ആണ് കള്ളപ്പണം വെളുപ്പിക്കാന്‍ ചെയ്യുന്നത്.

Placement, layering , integration എന്നിങ്ങനെ മൂന്ന് കാര്യങ്ങള്‍ ആണ് കള്ളപ്പണം വെളുപ്പിക്കാന്‍ ചെയ്യുന്നത്. ഒരു ഉദാഹരണത്തിലൂടെ ഇത് വിശദമാക്കാം. നിങ്ങള്‍ക്കു കൈക്കൂലിയായി ഒരു കോടി രൂപ കിട്ടി എന്ന് വിചാരിക്കുക. ഇത് വെളുപ്പിക്കാന്‍ നേരിട്ടോ ഒരു ഏജന്‍സി വഴിയോ ആദ്യം ചെയ്യുന്നത് ഈ പൈസ വിദേശത്തേക്ക് കടത്തുകയാണ്. സ്വദേശത്തോ വിദേശത്തോ ഒരു ഹോട്ടലിലോ, ജൂവല്ലറിയിലോ മറ്റു സ്ഥാപനങ്ങളിലോ നിക്ഷേപിക്കുന്ന പോലെയോ സിനിമയില്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന പോലെയോ ആണ് ഇത് ചെയ്യുന്നത്. ചിലര്‍ കാഷ് carriers വഴി നേരിട്ടും കടത്തും. Smurfs എന്നാണ് ഇവരെ പറയുക. ഇതാണ് placement. 

അടുത്തതായി ഇങ്ങിനെ ഇന്‍വെസ്റ്റ് ചെയ്ത ബിസിനസ്സിന്റെ ലാഭം പെരുപ്പിച്ചു കാണിക്കുകയാണ്. ഉദാഹരണത്തിന് നൂറു ഡോളറിനു വിറ്റ രത്‌നക്കല്ലിനു അഞ്ഞൂറ് ഡോളര്‍ എന്ന് കാണിച്ചാല്‍ നാനൂറ് ഡോളര്‍ വെളുത്തു കിട്ടി. ആരും കേറാതെ ഇരിക്കുന്ന ചായക്കടയില്‍ രണ്ടായിരം ഡോളര്‍ ദിവസ വരുമാനം കാണിച്ചാലും സ്ഥിതി അത് തന്നെ. ലയേറിങ് എന്ന ഈ സ്‌റ്റേജ് പറയുന്നത്ര സിംപിള്‍ അല്ല, പല ഇടപാടുകളിലൂടെ ആണ് ചെയ്യുന്നത്. പക്ഷെ ചുരുക്കത്തില്‍ യഥാര്‍ത്ഥ വെളുപ്പിക്കല്‍ നടക്കുന്നത് ഇവിടെ ആണ്.

മൂന്നാമത്തെ പടി ഇന്റഗ്രേഷന്‍ ആണ്. ഇങ്ങിനെ അധികം ആയി കിട്ടുന്ന ലാഭം വെളുത്ത പണം ആയി ഉടമസ്ഥന് തിരിച്ചു കിട്ടിയ ശേഷം അയാള്‍ മറ്റു യഥാര്‍ത്ഥ ബിസിനസ്സിലോ ബാങ്കിലോ നിക്ഷേപിക്കുന്നതിന് ആണ് ഇന്റഗ്രേഷന്‍ എന്ന് പറയുന്നത്. ഇങ്ങിനെ ചെയ്ത കള്ളപ്പണം കണ്ടു പിടിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. കാരണം നിക്ഷേപിക്കുന്ന പണത്തിന്റെ സ്രോതസ് കാണിക്കുവാന്‍ ഉടമസ്ഥന് കഴിയും എന്നത് തന്നെ.

ഇതിന്റെ മറ്റൊരു രൂപം സിനിമ പിടിക്കുന്നതാണ്. എത്ര പൈസ മുടക്കി എന്നോ എത്ര പൈസ തിരിച്ചു കിട്ടി എന്നോ നിര്‍മാതാവ് പറയുന്നതല്ലാതെ വേറെ ഒരു കണക്കും സ്വതന്ത്രമായി ഓഡിറ്റ് ചെയ്യപ്പെടുന്നില്ല. കറുത്ത പണം വെളുപ്പിക്കാന്‍ ഇതിലും നല്ല മാര്‍ഗം കാണുന്നില്ല. മലയാളത്തില്‍ മാത്രം 2016ല്‍ 119 ചിത്രങ്ങള്‍ റിലീസ് ആയിട്ടുണ്ട് ഇതില്‍ എത്ര പടം മുടക്കുമുതല്‍ തിരിച്ചു പിടിച്ചു എന്നറിഞ്ഞാല്‍ ഇതിന്റെ വ്യാപ്തി മനസിലാകും. 

ഇതിന്റെ അര്‍ഥം എല്ലാ സിനിമാക്കാരും പണം വെളുപ്പിക്കുന്നു എന്നല്ല, പക്ഷെ ഇത് ചെയ്യാനും ഇത് ഉപയോഗിക്കാം എന്ന് മാത്രം. 

അടുത്ത തവണ ആയിരം കോടിയുടെ സിനിമയോ, ആരും കേറാതെ വര്‍ഷങ്ങളോളം നടന്നു പോകുന്ന ബിസിനസോ, ക്യാഷ് കൊടുത്താല്‍ ഡിസ്‌കൗണ്ട് കിട്ടുന്ന ജ്യൂവല്ലറികളോ കാണുന്പോൾ ഓർക്കുക if it is too good to be true it probably isn't.

Follow Us:
Download App:
  • android
  • ios