ഓക്ലാന്‍ഡ്: ഒരു ട്രെയിന്‍റെ മുന്നില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. ന്യുസിലാന്‍ഡിലെ ഓക്ലാന്‍ഡ് മൗണ്ട് ഈഡന്‍ സ്‌റ്റേഷനിലാണ് സംഭവം. ട്രെയിന്‍ അടുത്തുവരുന്നതിന്റെ മുന്നറിയിപ്പ് സിഗ്നല്‍ ട്രാക്കില്‍ നല്‍കിയിരുന്നു. ഇതു വകവകയ്ക്കാതെ നിരവധി പേര്‍ ട്രാക്ക് മറികടന്ന് സുരക്ഷിതരായി നടന്നുപോയി. 

എന്നാല്‍ അലസയായി നടന്ന പിങ്ക് ജാക്കറ്റ് ധരിച്ച യുവതിയാകട്ടെ ട്രെയിന്‍ വരുന്നത് ഏതു ദിശയില്‍ നിന്നാണെന്നുപോലും ശ്രദ്ധിക്കാതെ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു. ട്രാക്കില്‍ നിന്നു ഇവര്‍ മാറുകയും ട്രെയിന്‍ കടന്നുപോകുകയും ഒരുമിച്ചായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ഫ്‌ളാറ്റ്‌ഫോമില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. 

ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വലതുവശത്തുനിന്ന് ട്രെയിന്‍ വരുന്നുണ്ടോയെന്ന് മാത്രമാണ് യുവതി ശ്രദ്ധിക്കുന്നത്. ഇടതുവശത്തുനിന്ന് ട്രെയിന്‍ പാഞ്ഞടുക്കുന്നത് ഇവരുടെ ശ്രദ്ധയില്‍പെട്ടതുമില്ല. എന്നാല്‍ ട്രാക്കിലൂടെ യുവതി കടന്നുപോകുന്നത് കണ്ട എഞ്ചിന്‍ ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്ക് ഇട്ട് ട്രെയിന്‍ നിര്‍ത്തി. പെട്ടെന്ന് ട്രെയിന്‍ നിര്‍ത്തിയതുമൂലം ആര്‍ക്കും പരുക്കൊന്നും സംഭവിച്ചില്ലെന്നും ആശ്വാസമായി. യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.