'നീ എവിടെയാണ്'. എന്നോ കണ്ടുമുട്ടി എവിടെയോ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന പംക്തി. ടീച്ചറാേട് ഒരിക്കലും പൂര്‍ണ്ണമായി പറയാതെ പോയ ജീവിത ജീവിത സത്യങ്ങളെക്കുറിച്ച് അന്‍വര്‍ മൂക്കുതല എഴുതുന്നു

വിദൂരതയില്‍ മറഞ്ഞുപോയ ഇത്തരമൊരാള്‍ നിങ്ങളുടെ ഉള്ളിലുമില്ലേ? ഉണ്ടെങ്കില്‍, അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, webteam@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

 

അന്‍വര്‍ മൂക്കുതല എഴുതുന്നു

ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന എക്കണോമിക്‌സ് അധ്യാപിക സംഗീത ടീച്ചര്‍ സ്ഥലം മാറി പോയതിനു ശേഷമാണ് തൃശൂര്‍ കേച്ചേരി സ്വദേശി സീനത്തു ടീച്ചര്‍ പകരം വരുന്നത്. ചില അദ്ധ്യാപകരോട് നമുക്കും അവര്‍ക്ക് നമ്മളോടും തോന്നുന്ന ഒരു തരം ഇഷ്ടമുണ്ട് .അത് എല്ലാവരുടെ കാര്യത്തിലും കിട്ടിക്കോളണം എന്നില്ല . 
ഇവിടെയും അത് തന്നെയാണ് സംഭവിച്ചത് ആദ്യ ക്ലാസ്സില്‍ തന്നെ ടീച്ചര്‍ പറഞ്ഞത്, താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഇറങ്ങിപ്പോവാം എന്നാണ. ഇറങ്ങിപ്പോവാന്‍ തോന്നിയെങ്കിലും ഗുരുത്വ ദോഷത്തില്‍ വലിയൊരു ദോഷമില്ല എന്ന് വിശ്വസിക്കുന്ന എനിക്ക് അതിനു കഴിയില്ലായിരുന്നു .
.
മറ്റു അധ്യാപകരെ പോലെ ടീച്ചറോടും നല്ല രീതിയില്‍ പെരുമാറാനും ഇഷ്ടം കൂടാനുമൊക്കെ ശ്രമിച്ചെങ്കിലും എന്തൊക്കെയോ അകലം ടീച്ചറും ഞങ്ങള്‍ കുട്ടികളും തമ്മില്‍ ഉണ്ടായിരുന്നു. സ്റ്റാഫ് റൂമിലും അധ്യാപകരുടെ ഇടയിലും അത്യാവശ്യം നല്ല പേരുണ്ടായിരുന്ന എന്നോട് ടീച്ചര്‍ക്ക് എന്തോ ഒരിഷ്ടക്കേട് ഉള്ള പോലെ തോന്നി. അത് പിന്നെ ആ വിഷയത്തോട് കൂടെ ഉള്ള വെറുപ്പായി മാറി .
.
ആയിടക്കാണ് സ്‌കൂളില്‍ നിന്നും വയനാട്ടിലേക്ക് ടൂര്‍ പോവാന്‍ പ്ലാന്‍ ചെയ്യുന്നത്. ടൂറിന്റെ ഒരു വിധം എല്ലാ കാര്യങ്ങളും ഏല്‍പ്പിച്ചിരുന്നത് എന്നെ ആയിരുന്നു . കുട്ടികള്‍ക്ക് കുടിക്കാനുള്ള ചൂടുവെള്ളം പുലര്‍ച്ചെ മൂന്നു മണിക്ക് റെഡി ആക്കുന്നത് വരെ എന്റെ വീട്ടില്‍ വെച്ച് ചെയ്യാം എന്ന പുന്നക്കാടന്‍ മാഷിന്റെ പരിപൂര്‍ണ്ണ പിന്തുണയോടു കൂടി എല്ലാ കാര്യങ്ങളും മനോഹരമായി പ്ലാന്‍ ചെയ്യാന്‍ കഴിഞ്ഞു. 

500 രൂപ വെച്ച് ടൂറിനു വരുന്ന എല്ലാരുടെയും പണവും വിവരങ്ങളും എഴുതിയ ലിസ്റ്റ് കൊടുത്തു തിരിച്ചു പോന്ന എന്നെ മാഷ് വീണ്ടും വിളിപ്പിച്ചു .
.
സംഭവം ഒന്നുമല്ല, ലിസ്റ്റില്‍ എന്റെ പേരില്ല . വീട്ടില്‍ ഉപ്പയോട് ഒരു തവണ ഞാന്‍ പൈസ ചോദിച്ചിരുന്നു. ആത്മവിശ്വാസം ഒട്ടുമില്ലാതെ നോക്കാം എന്നുള്ള മറുപടിയില്‍ നിന്നും അപ്പോഴത്തെ വീട്ടിലെ അവസ്ഥ നന്നായി അറിയാവുന്നത് കൊണ്ടും ഞാന്‍ പിന്നെ ചോദിച്ചിരുന്നില്ല. 

മാഷോട് കാര്യങ്ങള്‍ പറഞ്ഞു പൈസ ഇല്ല എന്നുള്ളതാണ് വിഷയമെങ്കില്‍ നിന്നേം കൊണ്ടേ ഞങ്ങള്‍ പോവൂ എന്ന് മാഷ് ചേര്‍ത്ത് പിടിച്ചു പറഞ്ഞപ്പോള്‍ പിന്നെ എതിര് പറയാന്‍ ഒന്നും തോന്നിയില്ല . പൈസ മാഷുമാര് കൊടുക്കും. വീട്ടില്‍ വന്നു പറഞ്ഞപ്പോള്‍, പോക്കറ്റില്‍ നിന്നും അഞ്ഞൂറിന്റെ ഒരു നോട്ട് ഉപ്പ എടുത്തു തന്നു. കണ്ടാല്‍ അറിയാം കടം വാങ്ങിയതാണ്. എനിക്ക് പോണമെന്നില്ല എന്നും വേണമെങ്കില്‍ മാഷ് കൊടുക്കുമെന്ന് പറഞ്ഞിട്ടും ഉപ്പ പറഞ്ഞു, വേണ്ട പൈസ ഇല്ലാതെ പോവാന്‍ കഴിയാത്ത വേറേം കുട്ടികള്‍ ഉണ്ടാവും, അവരുടെ ഇടയില്‍ നിനക്കു മാത്രം ഒരു തരംതിരിവ് വേണ്ട എന്ന്.

പൈസ കൊടുത്തു തന്നെ ടൂറു പോയി. വീണ്ടും പബ്ലിക്ക് എക്‌സാമിന്റെ അവസാന മാസങ്ങളിലേക്ക് നീങ്ങി. കളിയും ചിരിയും നിര്‍ത്തി പഠിക്കാനുള്ള നിര്‍ദേശങ്ങള്‍ അധ്യാപകരില്‍ നിന്നും.

പഠിപ്പിന്റെ കൂടെ കാറ്ററിംഗ് ജോലിക്കും രാത്രി സ്‌റ്റേജ് ഡെക്കറേഷന്‍ ജോലിക്കും ഞാന്‍ പോവാറുണ്ട്. ഒരിക്കല്‍ രാത്രി ഉറക്കമൊഴിച്ചു ജോലി ചെയ്തതിനു പിറ്റേ ദിവസം ആദ്യ പിരിയഡ് സീനത്തു ടീച്ചര്‍ ക്ലാസ്സ് എടുക്കാന്‍ വന്നപ്പോ ഞാന്‍ ഡെസ്‌കില്‍ തലവെച്ചു കിടക്കുകയായിരുന്നു. ആ പിരിയഡ് മുഴുവന്‍ ആ ദേഷ്യം ടീച്ചര്‍ എന്നോട് കാണിച്ചിരുന്നു.

പതിവില്ലാതെ ആ പിരിയഡ് കഴിയുന്നതിനു പത്തുമിനിറ്റ് മുമ്പ് എന്നെ വിളിച്ച്, ടീച്ചര്‍ സ്റ്റാഫ് റൂമിലേക്ക് പോയി. 

'എന്താണ് നിന്റെ പ്രശ്‌നം? 

നീ കളിക്കാന്‍ ആണോ ഇവിടെ വരുന്നത്? 

ഉറങ്ങാന്‍ ആണെങ്കില്‍ വീട്ടിലിരുന്നാല്‍ പോരെ?

മറ്റു കുട്ടികളെ കൂടി നശിപ്പിക്കാന്‍ എന്തിനു വരുന്നു?

മറ്റു അദ്ധ്യാപകരുടെ പ്രിയപ്പെട്ട സ്റ്റുഡന്റ് ആണെന്ന് കരുതി നീ അത് മുതലെടുത്തു കളിക്കുകയാണ്. എന്റെ ക്ലാസ്സില്‍ അത് നടക്കില്ല. 

ഒത്തിരി ചോദ്യങ്ങള്‍. പരാതികള്‍. 

കണ്ണ് നിറയാതെ അത് കേട്ട് നില്‍ക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു.

ടീച്ചര്‍ ആവര്‍ത്തിച്ചു കൊണ്ടേ ഇരുന്നു. കണ്ണ് നിറഞ്ഞത് കാണാതിരിക്കാന്‍ തല താഴ്ത്തി നിന്ന എന്നോട് അത് തന്നെ നിന്റെ കള്ള ലക്ഷണമാണ് എന്ന് ടീച്ചര്‍ പറഞ്ഞു 

ഒരിക്കല്‍ പോലും ഞാന്‍ ടീച്ചറുടെ ക്ലാസ്സില്‍ ഉറങ്ങിയിട്ടില്ല. സംസാരിച്ചിട്ടില്ല. മറ്റു കുട്ടികള്‍ ഇറങ്ങിപ്പോയ പോലെ പോയിട്ടില്ല. ഒരു പ്രോജക്ട് വെക്കാതിരുന്നിട്ടില്ല . എന്നിട്ടും ഇങ്ങയൊക്കെ കേട്ടപ്പോള്‍ നല്ല വിഷമം തോന്നി. 

ടീച്ചര്‍ തുടര്‍ന്നു:  മറ്റു ടീച്ചേര്‍സ് എല്ലാം പറയുന്നു, നിനക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്, കഷ്ടപ്പാടുകള്‍ ഉണ്ട്, നീ ജോലിക്ക് പോവുന്നുണ്ട് എന്നൊക്കെ.
.
'ടീച്ചര്‍ ഇന്നലെ രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. ജോലി ഉണ്ടായിരുന്നു. അതിന്റെ ഒരു ക്ഷീണം മാത്രമേ എനിക്കുള്ളൂ. ഇപ്പൊ ടീച്ചര്‍ ക്ലാസ്സില്‍ വന്നപ്പോ ഞാന്‍ എണീറ്റ് ഇരുന്നില്ലേ. വീട്ടില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ട്, സത്യം തന്നെയാണ്.

'അന്‍വര്‍ വയനാട് ടൂറു പോയിരുന്നോ ?'

'പോയിരുന്നു ടീച്ചര്‍'

'അഞ്ഞൂറ് രൂപ കൊടുത്തു നീ വയനാട് ടൂറു പോയെങ്കില്‍, പണം തരാന്‍ വീട്ടുകാരുടെ കയ്യില്‍ ഉണ്ടെങ്കില്‍ നീ ഈ പറയുന്നതെല്ലാം കള്ളമാണ്. വെറുതെ അദ്ധ്യാപകരുടെ പ്രീതി പിടിച്ചു പറ്റാനുള്ള നാടകം'.

സങ്കടം എന്ന അവസ്ഥയെക്കാള്‍ വലിയ ഒന്ന് ഉണ്ടെങ്കില്‍ ഞാന്‍ അത് അനുഭവിക്കുകയായിരുന്നു. 

എന്റെ വ്യക്തിത്വം, എന്റെ ജീവിതം, എന്റെ അദ്ധ്യാപകര്‍ക്ക് എന്നോടുള്ള സ്‌നേഹം എല്ലാം കള്ളം പറഞ്ഞും നാടകം കളിച്ചും ഉണ്ടാക്കിയതാണ് എന്ന് കേട്ടപ്പോള്‍ ഒരു നിമിഷം ഞാന്‍ ഇല്ലാതായിപ്പോയി.

കണ്ണ് തുടച്ചു നിവര്‍ന്നു നിന്ന് തന്നെ പറഞ്ഞു, 'ടീച്ചര്‍ പറഞ്ഞതാണ് ശരി. ഇതെല്ലം ഒരു നാടകമായിരുന്നു. ഞാന്‍ കള്ളം പറഞ്ഞതാണ്. എനിക്ക് കഷ്ടപ്പാടുകള്‍ ഇല്ല . രാത്രി ജോലിക്കല്ല സിനിമയ്ക്കാണ് പോയത്. അദ്ധ്യാപകരുടെ മുന്‍പില്‍ നുണ പറഞ്ഞതാണ് ഞാന്‍. അങ്ങനെ തന്നെ വിശ്വസിച്ചു കൊള്ളുക. ഞാന്‍ പോകുന്നു'

പിന്നെ, ഇറങ്ങി നടന്നു. തിരിച്ചു വിളിച്ചെങ്കിലും ഞാന്‍ വിളി കേട്ടില്ല.

ആ സ്‌കൂളിലെ ഏതെങ്കിലും ഒരു ടീച്ചറെ വിളിച്ചു ഞാന്‍ പറഞ്ഞിരുന്നുവെങ്കിലും തിരുത്തപ്പെടാവുന്ന തെറ്റുധാരണ മാത്രമായിരുന്നു സീനത്തു ടീച്ചറുടേത്. എന്തോ ആരോടും പറയാന്‍ തോന്നിയില്ല അതും ഒരു നാടകമായി കണ്ടാലോ എന്ന് തോന്നി .

ദിവസങ്ങള്‍ക്ക് ശേഷം സ്റ്റഡി ലീവിന് അവധി നല്‍കിയ ദിവസങ്ങളില്‍ ആണ് കടം കയറി നിവര്‍ത്തികേട് കൊണ്ട് ഉപ്പ പറയാതെ പോയത്. അന്നുതുടങ്ങി എന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന സംഭവങ്ങള്‍. 

ഉപ്പ മരിച്ച ദിവസം കാണാന്‍ ഒട്ടുമിക്ക അദ്ധ്യാപകരും വന്നിരുന്നു. സാധാരണ ഒരു കുട്ടിയുടെ ആരെങ്കിലും മരണപ്പെട്ടാല്‍ ആ കുട്ടിയെ പഠിപ്പിക്കുന്ന അധ്യാപകര്‍ മാത്രമാണ് പോവാറുള്ളത്. ഇവിടെ എന്റെ തറവാട്ടിലേക്ക് എന്നെ അപ്പൊള്‍ പഠിപ്പിക്കുന്നതും അഞ്ചാം കഌസ്സില്‍ പഠിപ്പിച്ചവരും തൊട്ടു ഒട്ടുമിക്ക അദ്ധ്യാപകരും വന്നിരുന്നു. കാരണം അവര്‍ക്കെല്ലാം അറിയാമായിരുന്നു, അന്‍വര്‍ എന്ന എന്റെ ജീവിതം നാടകമല്ല എന്ന്. വെറുമൊരു നാടകം കളിക്കാന്‍ മാത്രം തരംതാഴ്ന്ന ഒരു വിദ്യാര്‍ത്ഥി എന്നില്‍ ഇല്ല എന്ന്.
.
വണ്ടിയില്‍ നിന്നും ഇറങ്ങി വന്ന അദ്ധ്യാപകരെ എല്ലാം ഞാന്‍ സ്വീകരിച്ചു. ഉപ്പയുടെ മയ്യത്തു എത്താത്തത് കൊണ്ട് അടുത്ത വീട്ടില്‍ എല്ലാവരെയും ഇരുത്തി . സീനത്ത് ടീച്ചര്‍ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കുന്നുണ്ട്. ഞാന്‍ ചിരിച്ചു ടീച്ചറോട്.

കുറച്ചു കഴിഞ്ഞു ബേബി ടീച്ചറും സീനത്തു ടീച്ചറും അടുത്ത് വന്ന്, എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. 

വീട്ടിലെ അവസ്ഥകള്‍ ഇത്രയും മോശമായിട്ടും സ്‌കൂളില്‍ വിവരം പറയാര്‍ന്നു. എങ്കില്‍ എന്തെങ്കിലും നമുക്ക് എല്ലാവര്‍ക്കും കൂടെ ചെയ്യാമായിരുന്നു. ബേബി ടീച്ചര്‍ പറഞ്ഞു.

ഇവന്‍ എന്റെ മോനെപ്പോലെയാണ് സീനത്തെ, എന്ന് ബേബി ടീച്ചര്‍ പറഞ്ഞു.

സീനത്ത് ടീച്ചര്‍ എന്നെ അന്‍വര്‍ എന്ന് വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, 'ഇല്ല ടീച്ചര്‍ , ഇതെല്ലാം ഒരു നാടകമാണ് . അഞ്ഞൂറ് രൂപ കൊടുത്തു ടൂറു പോവാന്‍ അന്‍വറിനു കഴിഞ്ഞുവെങ്കില്‍ ഞാന്‍ പറഞ്ഞതെല്ലാം കള്ളമാണ്'.

'ടീച്ചറോട് ക്ഷമിക്കു മോനെ'' എന്ന് പറഞ്ഞു ചേര്‍ത്ത് പിടിച്ചപ്പോള്‍ ഉപ്പാടെ മയ്യത്തു കൊണ്ടുവരാറായി ടീച്ചര്‍, ഞാന്‍ അങ്ങോട്ട് ചെല്ലട്ടെ എന്ന് പറഞ്ഞു ഞാന്‍ നടന്നു 
 
സീനത്തു ടീച്ചര്‍ ഇന്നെവിടെയാണെന്ന് എനിക്കറിയില്ല. അറിയില്ല. പ്രവാസത്തിന്റെ ചൂടില്‍  ജീവിതം തണുപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, എന്നെങ്കിലും ടീച്ചറെ ഒന്നൂടെ കാണണം എന്നും  ടീച്ചര്‍ ഈ കുറിപ്പ് വായിക്കണം എന്നും അതിയായ മോഹമുണ്ട്. അതിന്റെ പേരില്‍ കുറിച്ചിട്ടതാണ് ഈ വരികള്‍. 

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'