Asianet News MalayalamAsianet News Malayalam

എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

Nee Evideyaanu Jeena Rajesh
Author
Thiruvananthapuram, First Published Jul 18, 2017, 11:42 AM IST

Nee Evideyaanu Jeena Rajesh

പ്രിയപ്പെട്ട കൂട്ടുകാരീ, 
ഓര്‍മ്മയുണ്ടോ നിനക്കെന്നെ?

ഓരോ സ്‌കൂള്‍ അവധിക്കും നിന്നെ കാണാന്‍ അമ്മ വീട്ടിലേക്കോടി വന്നിരുന്ന നിന്റെ കുസൃതിക്കൂട്ടുകാരിയെ?

നമ്മളൊരുമിച്ചായിരുന്നു ഒരുപാടുകാലം. ആന്തമ്മയെന്നും അമ്മഞ്ഞൂഞ്ഞിയെന്നും ചെല്ലപ്പേരിട്ടു വിളിച്ചൂ നമ്മള്‍ നമ്മളെത്തന്നെ. എന്നും കൂട്ടു കൂടി. കിന്നാരം പറഞ്ഞു. പലപ്പോഴും ഒരുമിച്ചുണ്ടു. ഒരുമിച്ചുറങ്ങി. 

പടിഞ്ഞാറേ വീടിന്റെ മുറ്റത്തു നിന്റെയപ്പച്ചന്‍ നമുക്കു കെട്ടിത്തന്ന കളിവീടോര്‍ക്കുന്നോ നീ? 

മണ്ണപ്പവും ഇലക്കറികളും കൊണ്ട് മൃഷ്ടാന്ന ഭക്ഷണം തീര്‍ത്തിരുന്നു നമ്മളതില്‍. വീട് ചിലപ്പോള്‍ സ്‌കൂളായി മാറും. അപ്പോള്‍ നീയും ഞാനും ടീച്ചറും കുട്ടിയും. മറ്റു കൂട്ടുകാരോടൊത്തു കള്ളനും പോലീസും കളിച്ചാല്‍ നമ്മള്‍  രണ്ടുപേരും കള്ളന്മാര്‍. ആന്തമ്മ പോലിസായാല്‍ അമ്മഞ്ഞൂഞ്ഞിയും പോലിസ്. ഒളിച്ചു കളിക്കുമ്പോള്‍ മറ്റുള്ള കൂട്ടുകാര്‍ക്ക് എന്തായാലും 'ഒരു വെടിക്ക് രണ്ടു പക്ഷി' ആണ്. കാരണം രണ്ടും ഒരുമിച്ചേ ഒളിക്കാറുള്ളൂ. 

ഉച്ചയാവുമ്പോള്‍ അമ്മച്ചി ചെമ്പാവരിക്കഞ്ഞിയും ഉപ്പുമാങ്ങ ചമ്മന്തിയും പേരറിയാത്ത ഇലക്കറികളും വിളമ്പി എന്നെ നീട്ടി വിളിക്കും. എന്നേക്കാള്‍ മുന്‍പേ ഓടിയിരുന്നതു നീയായിരുന്നു.എന്റമ്മച്ചിയുടെ കഞ്ഞിക്കാണ് നിന്റമ്മച്ചിയുടെ ചോറിനേക്കാള്‍ രുചിയെന്നു നീ കലമ്പിയിരുന്നു. ഉച്ച തിരിഞ്ഞുള്ള ആരവങ്ങള്‍ മുഴുവന്‍ പുഴയിലായിരുന്നു. അമ്മമാര്‍ തുണി നനച്ചും കുളിച്ചും നില്‍ക്കുമ്പോള്‍ പുഴയോരത്തെ പഞ്ചാര മണലില്‍ നമ്മളോടിക്കളിക്കും. ഉരുളന്‍ കല്ലുകള്‍ പെറുക്കിയടുക്കി വയ്ക്കും. ചെറിയ കക്കത്തോടുകളും, ചിപ്പിക്കഷണങ്ങളും ശേഖരിക്കും. പുഴയുടെ ആഴമില്ലാത്ത ഭാഗത്ത് നീന്തി തുടിക്കും. എല്ലാം കഴിയുമ്പോഴേക്കും ഇരുട്ട് വീണു തുടങ്ങും. അമ്മമാര്‍ രണ്ടു വീടുകളിലേക്ക് നടക്കുമ്പോള്‍ നമ്മള്‍ വീണ്ടും തിരിഞ്ഞു നില്‍ക്കും. ഇനിയുമെന്തൊക്കെ പറയാനുണ്ട്!

കാലമാണോ നമുക്കിടയില്‍ പിന്നീട് അതിര്‍വരമ്പുകള്‍ തീര്‍ത്തത്? അതോ മനുഷ്യരോ?

മിക്ക ദിവസങ്ങളിലും രാത്രിയുടെ ഏതോ യാമത്തില്‍ നിന്റെയപ്പച്ചനോ എന്റെയമ്മാവനോ കൂട്ടിക്കൊണ്ടു പോവാന്‍ വരുന്നതു വരെ കളിച്ചുകൊണ്ടേയിരിക്കും നീ. എത്രയോ തവണ നിന്റെ വീട്ടില്‍ അത്താഴം കഴിഞ്ഞു കിടന്നുറങ്ങിയ എന്നെയും തോളേറ്റി എന്റെ വലിയമ്മാവന്‍ മടങ്ങിയിരുന്നു. 

കാലമാണോ നമുക്കിടയില്‍ പിന്നീട് അതിര്‍വരമ്പുകള്‍ തീര്‍ത്തത്? അതോ മനുഷ്യരോ?

അയല്‍ക്കാരേക്കാളേറെ ഒരേ കുടുംബം പോലെ കഴിഞ്ഞ നമ്മുടെ കുടുംബങ്ങളെന്നാണ് രണ്ടായിപ്പിരിഞ്ഞത്? ആരുടെയൊക്കെയോ വാശിയും വഴക്കും നമ്മള്‍ രണ്ടു കൊച്ചു കൂട്ടുകാരെ അകറ്റാനൊരുപാടു പരിശ്രമിച്ചു കൊണ്ടിരുന്നതോര്‍ക്കുന്നുവോ. 

കുറേക്കാലത്തേക്കെങ്കിലും മറ്റാരുമറിയാതെ പരസ്പരം കാണാന്‍, കളിച്ചു തിമിര്‍ക്കുവാന്‍ നമ്മളും ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷെ പതിയെപ്പതിയെ മറ്റുള്ളവരുടെ സദാ ജാഗരൂഗമായ മിഴികള്‍ നമ്മളെ നമ്മളില്‍ നിന്നകറ്റി. കുറച്ചു വളര്‍ന്നതിനു ശേഷം പലയിടത്തും വച്ചു നമ്മള്‍ കണ്ടുമുട്ടി. അപ്പോഴേക്കും നമ്മള്‍ ആന്തമ്മയില്‍ നിന്നും അമ്മഞ്ഞൂഞ്ഞിയില്‍ നിന്നും വളര്‍ന്നു റോമിയും ജീനയുമായിക്കഴിഞ്ഞിരുന്നു.

നിന്നെയോര്‍ക്കാതെനിക്കെന്റെ ചെറുപ്പമോര്‍ക്കാനാവില്ല.

കാലമാകട്ടെ,ഒരു പുഞ്ചിരിയില്‍ മാത്രം പരിചയം പുതുക്കാന്‍  നമ്മളെ പഠിപ്പിക്കുകയും ചെയ്തിരുന്നു. ഒരു സത്യം പറയട്ടെ, അന്നൊക്കെ, ഒന്നു സംസാരിക്കാനെത്രയോ വട്ടം കൊതിച്ചിരുന്നെന്നോ ഞാന്‍. ഭയമായിരുന്നു അന്ന്. ആരെങ്കിലും കാണുമോയെന്ന ഭയം. 

ഒന്നു കൂടി പറയട്ടെ കൂട്ടുകാരി, ഇന്നും ഞാന്‍ നിന്നെ ഓര്‍ക്കാറുണ്ട്, നിന്നെയോര്‍ക്കാതെനിക്കെന്റെ ചെറുപ്പമോര്‍ക്കാനാവില്ല.

ആഞ്ഞൊന്നു ശ്രമിച്ചാല്‍ കണ്ടെത്താനാവുന്ന ദൂരത്തു തന്നെ നീയുണ്ടായേക്കാമെന്നറിയാമെനിക്ക്. എന്നാലും ഭയമാണ്, മറ്റുള്ളവരെയല്ല, പകരം ഒരിക്കല്‍ നമ്മള്‍ കൊണ്ടാടിയ സൗഹൃദത്തെത്തന്നെ. കാലത്തിന്റെ കുത്തൊഴുക്കില്‍ അത് വറ്റി പോയിട്ടുണ്ടെങ്കിലോ എന്ന ഭയം. 
സ്‌നേഹത്തോടെ
സ്വന്തം, ജീന

......................................................................................

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!
 

Follow Us:
Download App:
  • android
  • ios