Asianet News MalayalamAsianet News Malayalam

മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

Nee Evideyaanu Ligy Sebi
Author
Thiruvananthapuram, First Published Jul 13, 2017, 5:01 PM IST

'നീ എവിടെയാണ്'. എന്നോ കണ്ടുമുട്ടി എവിടെയോ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന പംക്തി. പാതിരാത്രിയില്‍ ട്രെയിനില്‍ സഹായഹസ്തവുമായെത്തിയ നല്ലവരായ രണ്ടു മനുഷ്യരെക്കുറിച്ച് ലിജി സെബി എഴുതുന്നു​

വിദൂരതയില്‍ മറഞ്ഞുപോയ ഇത്തരമൊരാള്‍ നിങ്ങളുടെ ഉള്ളിലുമില്ലേ? ഉണ്ടെങ്കില്‍, അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, webteam@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

Nee Evideyaanu Ligy Sebi
 

1997 -1998 കാലം. 

ഞാന്‍ പ്രീ ഡിഗ്രി കഴിഞ്ഞു മംഗലാപുരത്ത് പഠിക്കുന്നു. അതൊരു ശബരിമല സീസണ്‍ ആയിരുന്നു. ഏതോ സെമസ്റ്ററിലെ പ്രാക്ടിക്കല്‍ എക്‌സാം ഡേറ്റിനു വെയിറ്റ് ചെയ്യുന്നു. അതിനു നിശ്ചിത തീയതി അല്ല. മറ്റു കോളേജില്‍ നിന്നും വരുന്ന എക്‌സാമിനര്‍മാരുടെ സൗകര്യവും നോക്കിയാണ് തീയതി നിശ്ചയിക്കുന്നത്. 

കോളേജിലെ ഒന്നോ രണ്ടു ബാച്ചുകാര്‍ എക്‌സാം കഴിഞ്ഞു അവധിക്കു പോയി. ഞങ്ങളുടെ കാര്യത്തില്‍, ഒരു തീരുമാനവും ആകാതെ രണ്ടു മൂന്നു ദിവസം കടന്നു പോയി. പിന്നെ അടുത്ത സെമസ്റ്റര്‍ ക്ലാസ് തുടങ്ങിയപ്പോഴേക്കും പ്രാക്ടിക്കല്‍ എക്‌സാം തീയതി കിട്ടി. ഒരാഴ്ച കഴിഞ്ഞേ പ്രാക്ടിക്കല്‍ എക്‌സാം ഉള്ളു . കരഞ്ഞു വിളിച്ച് പ്രിന്‍സിപ്പലിന്റെ കാലു പിടിച്ചു ഒരാഴ്ചത്തെ അവധി ഞങളുടെ ബാച്ചിനും കിട്ടി.

അങ്ങനെ അന്ന് വൈകുന്നേരത്തെ മലബാര്‍ എക്‌സ്പ്രസ് ട്രെയിന് ഞങ്ങള്‍ പകുതി പേര്‍ നാട്ടിലേക്ക് തിരിച്ചു. ബാക്കിയുള്ളവര്‍ കണ്ണൂര്‍ ,കോഴിക്കോട് ഭാഗത്തുള്ളവര്‍ പിറ്റേന്ന് വെളുപ്പിനേയുള്ള ട്രെയിനും. പെട്ടന്നായതുകൊണ്ടു ആര്‍ക്കും റിസര്‍വേഷന്‍ ഒന്നും ഇല്ല. എല്ലാവരും ട്രെയിന്‍ വന്നപ്പോഴേക്കും ഇടിച്ചു തള്ളി ജനറല്‍ കംപാര്‍ട്‌മെന്റില്‍ കയറിപറ്റി. ആ സ്റ്റേഷനില്‍ നിന്ന് യാത്ര തുടങ്ങുന്നതിനാലും ,കൂട്ടുകാരില്‍ ആരെങ്കിലും ഒക്കെ ട്രെയിനില്‍ ആദ്യത്തെ ഇടിച്ചു തള്ളലില്‍ കയറിപ്പറ്റിയതുകൊണ്ടും ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും സീറ്റ് കിട്ടി. അത് തന്നെ ഭാഗ്യം. ആ സീറ്റില്‍ അങ്ങനെ ഞെരുങ്ങിയിരുന്നാണ് യാത്ര. കൂടുതല്‍ പേരും കോട്ടയം എറണാകുളം, പത്തനംതിട്ട ഭാഗത്തേക്കാണ്. കൂട്ടത്തില്‍ ഞാനാണ് ആദ്യം ഇറങ്ങുന്നത്. അങ്കമാലി. 

അങ്ങനെ ഒരാഴ്ച കഴിഞ്ഞു. തിരിച്ചു പോകാറായി.അന്ന് ഇങ്ങനെ തത്കാല്‍ എടുക്കുന്ന സംവിധാനം ഒന്നും ഇല്ല. അതോ ഞങ്ങള്‍ക്ക് അറിഞ്ഞു കൂടാത്തതായിരുന്നോ? എന്തായാലും തിരിച്ചു പോകാനും റിസര്‍വേഷന്‍ കിട്ടിയില്ല. തിരിച്ചു പോകുന്നതും മലബാര്‍ എക്‌സ്പ്രസിന് തന്നെയാണ്.

തിരുവന്തപുരത്തുനിന്നും വരുന്ന ട്രെയിന്‍.അങ്കമാലിയില്‍ എത്തുമ്പോള്‍ പാതിരാത്രി കഴിയും 12:30 ആണ് ഏകദേശ സമയം. പക്ഷെ മിക്കവാറും വൈകിയേ വരൂ. എനിക്ക് റിസര്‍വേഷന്‍ ഇല്ല. പക്ഷെ എന്റെ കൂട്ടുകാരിക്ക് എങ്ങനെയോ കിട്ടി. ആ കുട്ടി കോട്ടയത്ത് നിന്നാണ് കയറുന്നത്. ആ കുട്ടിക്ക് റിസര്‍വേഷന്‍ കിട്ടിയപ്പോള്‍ എന്റെ വീട്ടില്‍ വിളിച്ചു പറഞ്ഞു. എനിക്ക് കിട്ടിയില്ലെങ്കില്‍ ആ കുട്ടിയുടെ സീറ്റില്‍ അഡ്ജസ്റ്റ് ചെയ്തു പോകാം. ടി ടി ഇ വരുമ്പോള്‍ പറയാം. എന്നിട്ടു ബാക്കി കൊടുക്കേണ്ട തുക കൊടുക്കാം എന്ന് വീട്ടുകാര്‍ ധാരണയില്‍ ആയി. രാത്രി അത്രയും വൈകിയത് കൊണ്ട് ടി ടി ഇ ഇറക്കി വിടത്തില്ല എന്നൊക്കെയാണ് എല്ലാവരുടെയും കണക്കുകൂട്ടല്‍. ചെറിയ ഒരു പേടിയുണ്ടെകിലും ഇറക്കിവിടില്ല എന്ന ഒരു ധൈര്യം ഉണ്ടായിരുന്നു.

അങ്ങനെ പോകുന്ന ദിവസം എത്തി. പതിവുപോലെ സ്റ്റേഷനില്‍ വിളിച്ചു ചോദിച്ചപ്പോള്‍ ട്രെയിന്‍ വൈകിയാണ് വരുന്നത് എന്ന് അറിഞ്ഞു. അതനുസരിച്ചു ഞങ്ങളും വൈകി ഇറങ്ങി. ആ കുട്ടി പറഞ്ഞ കംപാര്‍ട്‌മെന്റ് വന്നു നില്‍ക്കുന്നതിനടുത്തു പ്ലാറ്റഫോമില്‍ ഞങ്ങളും നിലയുറപ്പിച്ചു.ആകെ ഒരു മിനുറ്റ് ആണ് അവിടെ നിറുത്തുക. കുറെ ആളുകള്‍ അവിടെയിവിടെയൊക്കെ ആയിട്ട് നില്‍പ്പുണ്ട്.

അങ്ങനെ ട്രെയിന്‍ വന്നു നിറുത്തി. ട്രെയിനിന്റെ ജനലില്‍ കൂടെ ആ കുട്ടി കൈ കാണിച്ചു.  ഞങ്ങളും ആ കുട്ടിയെ കണ്ടു. ഞങ്ങള്‍ വാതിലിന്റെ അടുത്ത് ചെന്നു അത് തുറക്കാന്‍ നോക്കുന്നു.

ങേ..ഒരനക്കവും ഇല്ല. ആ കുട്ടിയും അകത്തു നിന്നും തുറക്കന്‍ ശ്രമിക്കുണ്ട്. പക്ഷെ അകത്തു നിന്നും കുറ്റിയിട്ടിരിക്കുകയാണോ എന്തോ. എന്തായാലും തുറക്കാന്‍ സാധിക്കുന്നില്ല.സമയം വളരെ പരിമിതമാണ്.വാതിലിനടുത്തുള്ള സീറ്റിലെ ഒരാളും ഞങളുടെ അകത്തും പുറത്തും നിന്നുള്ള അങ്കം കണ്ട് ശ്രമിച്ചു നോക്കി.ഒരു രക്ഷയും ഇല്ല. ഞാനിപ്പോ കരയും എന്ന അവസ്ഥയിലാണ്.

ഇനി നോക്കിയിട്ടു കാര്യമില്ല. ട്രെയിന്‍ പോകാറായി. എന്നെയും വലിച്ചുകൊണ്ടു വല്യപ്പച്ചന്‍ ഓടി. മൂന്ന് നാലു കംപാര്‍ട്‌മെന്റ് കഴിഞ്ഞുള്ള ആദ്യത്തെ ജനറല്‍ കംപാര്‍ട്‌മെന്റില്‍ കേറ്റി. അവിടെ കുറച്ചു ആളുകള്‍ പുറത്തു നില്‍ക്കുന്നുണ്ട്. അകത്തു കാലുകുത്താന്‍ സ്ഥലം ഇല്ല. ശബരിമല സീസണ്‍ ആയതുകൊണ്ടും കൂടിയാണ് ഇത്രയും തിരക്ക് .ഞാന്‍ കയറിയതും ട്രെയിന്‍ പതുക്കെ നീങ്ങി തുടങ്ങി.പുറത്തു നിന്ന ആളുകളെല്ലാം അകത്തേക്ക് കയറി.

ജനറല്‍ കംപാര്‍ട്‌മെന്റിന്റെ മുകളില്‍ ബാഗും പെട്ടിയും ഒക്കെ വെയ്ക്കുന്ന സ്ഥലത്തുപോലും ആളുകള്‍ തിങ്ങി ഇരിക്കുന്നുണ്ട്. തലതിരിച്ചു ചുറ്റും നോക്കാന്‍ പോലും സ്ഥലം ഇല്ലെങ്കിലും കഴിയുന്നത്ര അഡ്ജസ്റ്റ് ചെയ്തു ഇപ്പോള്‍ കരയും എന്ന മട്ടിലുള്ള എന്റെ രണ്ടു കണ്ണുകള്‍ എന്റെ അഞ്ചടി എട്ടു ഇഞ്ച് പൊക്കത്തില്‍ അവിടെ ആകെ ഒന്ന് അവലോകനം നടത്തിയപ്പോള്‍ ഒരു കാര്യം മനസിലായി. ഞാന്‍ ഒരു പെണ്‍കൊച്ചു മാത്രമേ ആ പരിസരത്തുള്ളു. സീറ്റില്‍ ഇരിക്കുന്നവരെയൊന്നും കാണാന്‍ പോലും പറ്റുന്നില്ല.

അതിനിടയ്ക്ക് ഓരോരുത്തരും എന്നെ നോക്കുന്നത് കാണാം. ഓരോ കമന്റുകള്‍ കേള്‍ക്കാം. പിന്നെ എന്നെ കുറ്റം പറയുന്നത് കേള്‍ക്കാം. അതിനു കാരണം വീട്ടില്‍ നിന്നും പലതരം അച്ചാറുകള്‍, പലതരം ചിപ്‌സുകള്‍, ബുക്ക്‌സ്, പിന്നെ ഉടുപ്പുകള്‍ ഒക്കെയുമായി ട്ട് കയ്യിലൊരു ബാഗും,പിന്നെ പുറത്തു വേറൊരു ബാഗും ആയിട്ടാണ് നില്‍ക്കുന്നത്. കാലുകുത്താന്‍ സ്ഥലമില്ലാത്തിടത്താണ് ഞാന്‍ രണ്ടു ബാഗും ഒക്കെ ആയിട്ട് യാത്ര. 

അങ്ങനെ അടുത്ത സ്‌റ്റേഷന്‍ എത്തി. ഇനിയിങ്ങനെ എത്ര സ്റ്റേഷന്‍. സമയം വെളുപ്പിന് ഒന്നരയായികാണും.മംഗലാപുരത്തു എത്തുന്നത് 10 മണിക്കാണ്. ഒന്‍പതു മണിക്കൂര്‍ ഞാന്‍ എങ്ങനെ കഴിച്ചുകൂട്ടും? പേടിയും കരച്ചിലും ഒക്കെ കൂടെ കണ്ണില്‍ നിന്ന് തുള്ളി മഴ പെയ്യിക്കാന്‍ തുടങ്ങി.

ഇനി അടുത്ത സ്റ്റേഷന്‍ ഇരിങ്ങാലക്കുട. അതിനിടക്ക് ആരോ എനിക്കിറങ്ങേണ്ട സ്ഥലം ചോദിച്ചിരുന്നു. ഞാന്‍ മംഗലാപുരം ആണെന്ന് പറയുകയും ചെയ്തു. അടുത്ത സ്‌റ്റേഷന്‍ എത്താറായപ്പോള്‍ ,എന്റെ അടുത്ത് നിന്ന ഒരു ചേട്ടന്‍ പറഞ്ഞു .'കൊച്ച് ഇങ്ങനെ ഇവിടെ നിന്ന് ഇത്രയും ദൂരം യാത്ര ചെയ്യുന്നത് ശരിയാവൂല്ല. അടുത്ത സ്റ്റേഷനില്‍ ഇറങ്ങിയാല്‍ ലേഡീസ് കംപാര്‍ട്‌മെന്റില്‍ കൊണ്ടാക്കി തരാ. അയാളുടെ ഭാര്യയും മോളും ലേഡീസ് കംപാര്‍ട്‌മെന്റില്‍ ഉണ്ട്. 

ട്രെയിന്‍ ഇരിങ്ങാലക്കുട നിറുത്തിയപ്പോള്‍ അയാള്‍ മുന്‍പേയും ഞാന്‍ പുറകെയും ആയി ഓട്ടം തുടങ്ങി ,അവിടെയും ആകെ ഒന്നോ രണ്ടോ മിനിറ്റ് മാത്രമേ നിറുത്തൂ.ലേഡീസ് കംപാര്‍ട്‌മെന്റ് ഏറ്റവും പുറകില്‍ ആയിട്ടാണ്. അവിടെ ചെന്നു വാതില്‍ തുറക്കാന്‍ നോക്കിയപ്പോള്‍ പറ്റുന്നില്ല.ആ ചേട്ടന്‍ അയ്യാളുടെ ഭാര്യയുടെ പേര് വിളിച്ചു വാതില്‍ തുറക്കാന്‍ പറയുന്നുണ്ട്. കൂടെ ഞാനും വാതില്‍ തുറക്കാമോ എന്ന് ചോദിച്ചു കാറി കൂവുന്നുണ്ട്. പക്ഷെ വാതിലടച്ചു അതിന്റെ അടുത്ത് പെട്ടിയും ബാഗും ഒക്കെ വെച്ച് എല്ലാവരും നല്ല ഉറക്കത്തിലാണ്.

ഞങ്ങളുടെ രണ്ടുപേരുടെയും ഒച്ചയെടുക്കല്‍ കേട്ട് ലേഡീസ് കംപാര്‍ട്‌മെന്റിനടുത്തുള്ള ഒരു ബോഗിയില്‍ നിന്നും വെള്ള കുപ്പായം ഇട്ട ഒരു ഉദ്യോഗസ്ഥന്‍ വന്നു. അയാള്‍ വന്ന് വാതിലിലിടിച്ച് നിങ്ങളെപ്പോലെ ഒരു പെണ്‍കുട്ടിയാണ് പുറത്തു നില്‍ക്കുന്നത്, വാതില്‍ തുറക്ക് എന്നും പറഞ്ഞു ബഹളം വച്ച് വാതില്‍ തുറപ്പിച്ചു.അയാള്‍ വന്നപ്പോള്‍ എന്നെ കൊണ്ട് വന്ന ചേട്ടന്‍ എന്നെ അയാളെ ഏല്പിച്ചു തിരിച്ചു പോയിരുന്നു. ആ ചേട്ടനോട് ഒരു നന്ദി പോലും ഞാന്‍ പറഞ്ഞില്ല . കാരണം അന്നേരം വാതില്‍ തുറക്കാനുള്ള ബഹളമായിരുന്നു. വാതില്‍ തുറന്ന പാടെ ഞാന്‍ ചാടി അകത്തു കയറി. ആരോ വാതിലും അടച്ചു. ആ ഉദ്യോഗസ്ഥനോടും നന്ദി പറയാന്‍ സാവകാശവും കിട്ടിയില്ല .

ഇന്നും എന്ന് ട്രെയിനില്‍ കയറിയാലും അവരെ രണ്ടുപേരെയും ഓര്‍ക്കും. എന്ത് വിശ്വാസത്തിലാണ് ഞാന്‍ പാതിരാത്രിക്ക് അറിയാത്ത ഒരാളുടെ കൂടെ ട്രെയിനില്‍ നിന്നും ഇറങ്ങിയത് .പക്ഷെ ആ സമയത്ത് ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ഇറങ്ങിയില്ലായിരുന്നെകില്‍ ഒന്‍പതു മണിക്കൂര്‍ ഞാനെങ്ങനെ ആ ജനറല്‍ കംപാര്‍ട്‌മെന്റില്‍ യാത്ര ചെയ്യും? മൊബൈല്‍ ഫോണ്‍ ഒക്കെ സ്വപ്നങ്ങളില്‍ പോലും കടന്നുവരാത്ത കാലം. എന്നെ അതില്‍ കയറ്റിവിട്ടിട്ടു പിറ്റേന്ന് പത്തര വരെ ഞാന്‍ ഫോണ്‍ വിളിക്കുന്നത് വരെ എന്റെ വീട്ടുകാര്‍ക്ക് മനസമാധാനം ഉണ്ടായിട്ടുണ്ടാവില്ല . അതുപോലെ ഞാന്‍ ട്രെയിനില്‍ കയറിയോ എന്ന് അറിയാതെ ടെന്‍ഷന്‍ അടിച്ച് എന്റെ കൂട്ടുകാരിയും രാത്രി ഉറക്കമിളിച്ചു.

അന്ന് ആ ചേട്ടന്റെ കൂടെ ഇറങ്ങാന്‍ എനിക്ക് രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല .പക്ഷെ ഇന്ന് അങ്ങനെ ഒരവസ്ഥ വന്നാല്‍ രണ്ടുവട്ടത്തില്‍ കൂടുതല്‍ ആലോചിക്കും.അതാണ് നമ്മുടെ നാടിന്റെ അവസ്ഥയും പുരോഗതിയും. എന്നാലും നന്മയുള്ളവര്‍ ഇന്നും ഉണ്ടെന്ന് വിശ്വസിക്കുന്നു

പക്ഷെ അന്ന് ആ രാത്രിയില്‍ അവര്‍ രണ്ടുപേരും എന്റെ കാവല്‍ മാലാഖമാര്‍ ആയിരുന്നു. ഒരിക്കലേ കണ്ടിട്ടുള്ളുവെങ്കിലും ഇന്നും നന്ദിയോടെ ഞാന്‍ ഓര്‍ക്കുന്നവര്‍. ചില അപരിചതര്‍ അങ്ങനെയാണ് . നമ്മള്‍ ഒരിക്കല്‍ മാത്രം കണ്ടാലും ജീവിതകാലം മുഴുവന്‍ അവരോട് കടപ്പെട്ടിരിക്കും. നന്മയുള്ള ഹൃദയത്തിന് ഉടമകള്‍.

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

ലിജി സെബി: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

Follow Us:
Download App:
  • android
  • ios