വിഷുവായിട്ട് ഈ ആള്‍ക്കാരൊക്കെ എങ്ങോട്ടാ പടച്ചോനെ, എന്നാണ് ആദ്യം തോന്നിയത്.

2006.

നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ തിരക്ക് കണ്ടപ്പോഴേ വിഷുത്തലേന്ന് വീട്ടില്‍ പോവുക എന്ന തീരുമാനം അബദ്ധമായെന്ന് മനസ്സിലായി. ഒരു വിധത്തില്‍ പരശുറാം എക്‌സ്പ്രസ്സില്‍ കേറിപ്പറ്റി, വില്പനക്കാരുടെ ശല്യമില്ലാതെ ചാരിനില്‍ക്കാനൊരിടം കണ്ടെത്തി.

വിഷുവും വെക്കേഷനുമൊക്കെ ആയതു കൊണ്ടാവും, ചുറ്റുമാകെ ആഘോഷത്തിന്റെ അന്തരീക്ഷം. നേരത്തെ കേറിയവരെല്ലാം കൂട്ടായി സംസാരിച്ചു കൊണ്ടിരിക്കുന്നു. സ്ഥിരം പരിപാടിയായ പാട്ടു കേള്‍ക്കല്‍ വേണ്ടെന്നു വെച്ച്, ആളുകളെ വെറുതെ ശ്രദ്ധിച്ചു കൊണ്ട് നിന്നു.

ഒരു വശത്തെ സീറ്റില്‍ മിനി എന്നു പേരുള്ള ഒരു എല്‍ഐസി ഏജന്റും പിന്നെ കുറെ കന്യാസ്ത്രീകളും. മറു വശത്ത് ഒരമ്മയും രണ്ട് പെണ്‍കുട്ടികളും പിന്നെ മറ്റു ചിലരും. കൂട്ടത്തില്‍ ചെറിയ പെണ്‍കുട്ടി, പത്തു വയസ്സുകാരി, വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. പിങ്ക് ടോപ്പിലും ജീന്‍സിലും ഒരു ഇരുനിറക്കാരി സുന്ദരി, സംഗീത.

മൂത്തകുട്ടി അവളെ ഇടക്കിടെ അസഹ്യതയോടെ നോക്കുന്നുണ്ടായിരുന്നു, ഒന്ന് മിണ്ടാതിരുന്നൂടെ എന്ന ചേച്ചിഭാവത്തില്‍. തൃശൂരില്‍ മിനി ചേച്ചി ഇറങ്ങിയപ്പോള്‍ എനിക്കും കിട്ടി സീറ്റ്, അല്ല സീറ്റിന്റെ നാലിലൊന്നോ മറ്റോ. അത്രയും തിരക്കാണ്.

മിഠായി വില്‍പ്പനക്കാരന്‍ വന്നതും, സംഗീത ചാടിയെണീറ്റു. 'ആര്‍ക്കൊക്കെയാ മുട്ടായി വേണ്ടേ ?' 

ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും കുറെയധികം നോട്ടുകള്‍ എടുത്ത്, അതില്‍ നിന്നും ശ്രദ്ധാപൂര്‍വ്വം  നൂറു രൂപ കൊടുത്ത് അവള്‍ കുറെ കപ്പലണ്ടി മിട്ടായി വാങ്ങിച്ചു. ബാക്കി കൃത്യമായി എണ്ണി പോക്കറ്റില്‍ വെച്ചു. ആളുകളൊക്കെ കൂടുതല്‍ കൗതുകത്തോടെ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി. 

'ഇത്രയധികം  പൈസയൊക്കെ കുട്ടിയുടെ കയ്യില്‍...'

'ചേച്ചീ, 'ചേച്ചീ' സ്‌റ്റേഷന്‍ ഏതായെന്നു നോക്കുന്ന എന്നെ തട്ടി വിളിച്ച് അവള്‍ മിഠായി നീട്ടി. ഒരു നിമിഷത്തെ ആശയക്കുഴപ്പം. ഒറ്റയ്ക്ക് യാത്ര ചെയ്തു തുടങ്ങിയതു മുതല്‍ ട്രെയിനില്‍ ആര് തരുന്നതും വാങ്ങിക്കഴിക്കാറില്ല. എന്റെ ശങ്കയൊന്നും വക വെയ്ക്കാതെ അവള്‍ മിഠായി കയ്യില്‍ പിടിപ്പിച്ചു.

സംഗീത ആലപ്പുഴക്കാരിയാണ്. വിഷു ആഘോഷിക്കാനും വെക്കേഷന്‍ അടിച്ചുപൊളിക്കാനും കണ്ണൂരിലെ ബന്ധുവീട്ടിലേക്ക് പോവുന്നു. സംഗീതയുടെ അച്ഛന്‍ അവരുടെ ഗ്രാമത്തില്‍ ഒരു കട നടത്തുകയാണ്. 

'ഇത്രയധികം  പൈസയൊക്കെ കുട്ടിയുടെ കയ്യില്‍...'

അടുത്തിരുന്ന ചേച്ചി സംശയം അവിടെ നിര്‍ത്തി.. സംഗീതയുടെ അമ്മ ചിരിച്ചു.. 'ഇതൊന്നും ഞങ്ങള്‍ കൊടുക്കുന്നതല്ല. അവളുടെ വിഷുക്കൈനീട്ടങ്ങളും വളരെ ചെറിയ പോക്കറ്റ് മണിയും ചേര്‍ത്തു വെച്ച് അവള്‍ സമ്പാദിക്കുന്നതാണ്. ചേച്ചിക്കറിയോ ഞങ്ങള്‍ പോരാനിറങ്ങുമ്പോള്‍ അയലത്തെ മറിയാമ്മ ചേടത്തി കേറി വരുന്നു. ഇവള്‍, ചേടത്തിക്ക് ആശുപത്രിയില്‍ പോവാന്‍ കൊടുത്ത 800 രൂപ തിരിച്ചു തരാന്‍ വന്നതാണ്. അവള്‍ കടം കൊടുത്ത കാര്യം പോലും ഞങ്ങളപ്പോഴാ അറിയുന്നത്. അവള്‍ പക്വതയോടെയേ കാര്യങ്ങള്‍ ചെയ്യൂ, അതാണ് ഞങ്ങളുടെ ധൈര്യം..' 

ട്രെയിന്‍ ഷൊറണൂര്‍ എത്താറായിരുന്നു. ഇറ്റിറ്റു നീരോടെ  ഭാരതപ്പുഴ കണ്ടുതുടങ്ങിയപ്പോള്‍ ഞാന്‍ ബാഗ് ഒതുക്കി ഇറങ്ങാന്‍ തയ്യാറായി. ഒരു ഫോട്ടോ എടുത്തോട്ടെ എന്ന എന്റെ ചോദ്യത്തിന് സന്തോഷത്തോടെ അവള്‍ പോസ് ചെയ്തു. പിങ്ക് നിറത്തില്‍ ശരിക്കുമൊരു പൂമ്പാറ്റ! 

ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്ന് ബാഗില്‍ പരതി, ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയെടുത്ത് എന്റെ കയ്യില്‍ തന്നു. 'ഇതാ ചേച്ചീ, എന്റെ വിഷു സമ്മാനം'. നിഷേധിക്കാനൊന്നും സമയം തരാതെ അവള്‍ പറഞ്ഞു, 'മാമന്റെ മക്കള്‍ക്കൊക്കെ വേണ്ടി വാങ്ങിയതാ.ഇനിയുമുണ്ട് വേറെ. ഇത് ചേച്ചി വെച്ചോ...'.

ആദ്യം തോന്നിയത് അമ്പരപ്പാണ്. നാലു മണിക്കൂര്‍ മാത്രം പരിചയമുള്ള, അത്ര നേരവും  മിണ്ടാതിരുന്ന  ഒരാള്‍ക്ക് ഇത്രയും സ്‌നേഹം തരുന്ന ഈ കുട്ടി ആരാണ്? ഇനി ഇവള്‍ തന്നെയോ വിഷു!

നാലഞ്ചു വര്‍ഷത്തോളം ആ സമ്മാനം ഞാനെന്റെ ഓഫീസ് ഡെസ്‌കില്‍ സൂക്ഷിച്ചിരുന്നു

ട്രെയിന്‍ ഇറങ്ങുന്നതിനിടെ അവള്‍ വിളിച്ചു പറഞ്ഞു, 'ചേച്ചീ, ആ ഫോട്ടോ എനിക്ക് അയച്ചു തരണേ'. ഞാന്‍ തലയാട്ടി. വീട്ടില്‍ ചെന്ന് ആദ്യമേ സമ്മാനം തുറന്നു നോക്കി. പിന്നില്‍ കണ്ണാടിയും മുന്നില്‍ ക്രിസ്റ്റലുമായി സുന്ദരമായ ഒരുപഹാരം. ക്യാമറ എടുത്ത് ഫോട്ടോകള്‍ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്യുമ്പോള്‍ ഞാനാലോചിച്ചു. എന്തിനാണ് ഞാന്‍ ആ കൊച്ചുകുഞ്ഞിനോട് ഫോട്ടോ അയച്ചു തരാം എന്ന് തലയാട്ടിയത്, അഡ്രസ് പോലും വാങ്ങാതെ? അവള്‍ വിഷുവെങ്കില്‍ ഞാന്‍ യൂദാസ്. നിഷ്‌കളങ്കമായ സ്‌നേഹത്തെ ഒറ്റിക്കൊടുത്ത വെറും വഞ്ചകി.

നാലഞ്ചു വര്‍ഷത്തോളം ആ സമ്മാനം ഞാനെന്റെ ഓഫീസ് ഡെസ്‌കില്‍ സൂക്ഷിച്ചിരുന്നു. പിന്നീട് വീട്ടില്‍ കൊണ്ടുപോയി വെച്ചു. അയച്ചുകൊടുക്കാന്‍ സാധിക്കാത്ത ആ ഒരു ഫോട്ടോ ഇന്നും എന്റെ കടമായി ശേഷിക്കുന്നു...

ഇന്നിപ്പോള്‍ ഇതെഴുതാനിരിക്കുമ്പോള്‍ തോന്നുന്നു, To  സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍. എന്ന് അഡ്രസ് എഴുതി അയച്ചിരുന്നെങ്കില്‍ പോലും ആ ഫോട്ടോ അവള്‍ക്ക് കിട്ടിയേനെ. അത്രമേല്‍ പ്രകാശം വിതറിയിട്ടിട്ടുണ്ടാവും അവള്‍ പോയ വഴികളിലെല്ലാം, ഉറപ്പായും.