ഒരാളെ ഓര്‍ത്തിരിക്കാന്‍ വളരെ നാള്‍ കൊണ്ടുള്ള പരിചയം വേണമെന്നില്ല. ഒരു നിമിഷം കൊണ്ട് പോലും മനസ്സില്‍ കയറി ഇരിപ്പുറപ്പിക്കുന്ന ചിലരുണ്ട് . ഓര്‍മ്മപ്പുസ്തകത്തില്‍ ഒരധ്യായം എഴുതിച്ചേര്‍ത്ത് പിന്നീട് ഒരു വാക്ക് പോലും പറയാതെ ഇറങ്ങിപ്പോകുന്നവരും ഉണ്ട് . മറവി ഒരനുഗ്രഹമാണെന്നു പറയുംപോലെ ചില ഓര്‍മ്മപ്പെടുത്തലുകളും അനുഗ്രഹമാണ്, ചില നന്മ മരങ്ങളെ ഓര്‍ത്തെടുക്കാന്‍. വിധിയുടെ സൂര്യന്‍ ആളിക്കത്തുമ്പോള്‍ തണലായി നിന്ന ചില നന്മമരങ്ങള്‍.

ചെറുപ്പത്തില്‍ എന്നോ കണ്ടു മറന്നൊരു മുഖമുണ്ട്. ഇപ്പോ എവിടെയാണെന്ന് പോലുമറിയില്ല, എങ്കിലും മറക്കില്ല ആ മുഖം. അത്തച്ചിക്ക് പച്ചക്കറികള്‍ വില്‍ക്കുന്നൊരു കടയുണ്ടായിരുന്നു. 1980-90 കാലം. അന്നൊക്കെ തമിഴ്‌നാട്ടില്‍ നിന്നും ചെറിയ കുട്ടികള്‍ പോലും ജോലിക്കായി എത്തിയിരുന്നു.കേരളത്തിലെ വീടുകളിലും കടകളിലും അവര്‍ സ്ഥിരസാന്നിധ്യമായിരുന്നു.

അത്തച്ചിക്കും ഉണ്ടായിരുന്നു ഒരു സഹായി. കുമാര്‍ എന്നായിരുന്നു പേര്. മധുര അടുത്ത് എവിടെയോ ആയിരുന്നു നാട്. അമ്മയുടെയും സഹോദരിയുടെയും കാര്യമല്ലാതെ വേറൊന്നും പറഞ്ഞതായി ഇന്ന് ഓര്‍മയിലില്ല. അന്നൊക്കെ മിക്കവാറും തമിഴ്‌നാട്ടില്‍ ഈ ഒരു പേര് ഹിറ്റ് ആയിരുന്നെന്ന് തോന്നുന്നു. കുറെ കുമാര്‍മാരുണ്ടായിരുന്നു. ചെറിയ കുമാര്‍, വലിയ കുമാര്‍ എന്നൊക്കെ സൗകര്യം പോലെ വിളിച്ചിരുന്നു. 

ഇരുനിറത്തില്‍ കൊലുന്നനെയുള്ള ഒരു ചെറുപ്പക്കാരന്‍. ചുരുണ്ട മുടിയും നല്ല ചിരിയും. തമിഴ് കലര്‍ന്ന മലയാളത്തില്‍ അമ്മച്ചിയെ അക്ക എന്നും അത്തച്ചിയെ അണ്ണന്‍ എന്നും വിളിച്ചിരുന്ന കുമാര്‍ ചേട്ടന്‍ ഞങ്ങളുടെ വീട്ടിലെ ഒരു അംഗം ആയിരുന്നു. ഉച്ചക്ക് അത്തച്ചി വന്നു ഭക്ഷണം കഴിച്ചു പോയാലുടന്‍ ചേട്ടന്‍ വരും, കഴിക്കാന്‍.  അല്ലെങ്കില്‍ ഭക്ഷണം കൊണ്ട് പോകാനായി വരും. 

എപ്പോഴോ ഒരിക്കല്‍ കച്ചവടം ഒക്കെ കടുത്ത നഷ്ടത്തിലായി കച്ചവടം നിര്‍ത്തി മരുഭൂമിയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ അത്തച്ചി പോകും വരെ കുമാര്‍ ചേട്ടന്‍ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു. പിന്നീട് ഞങ്ങളുടെ നാട്ടില്‍ തന്നെ വേറെ ഒരു ജോലിയില്‍ കയറി. ഇടക്കെപ്പോളെങ്കിലും ഒക്കെ കാണാന്‍ വരും ഞങ്ങളെ. 

മധുര അടുത്ത് എവിടെയോ ആയിരുന്നു നാട്. അമ്മയുടെയും സഹോദരിയുടെയും കാര്യമല്ലാതെ വേറൊന്നും പറഞ്ഞതായി ഇന്ന് ഓര്‍മയിലില്ല.

മരുഭൂമിയിലും അത്തച്ചി വിതച്ച സ്വപ്നങ്ങളൊന്നും കതിരിട്ടില്ല. അതും ചൂടില്‍ കത്തിക്കരിഞ്ഞു പോയി. വീട്ടിലും അത്യാവശ്യം മോശമല്ലാത്ത  രീതിയില്‍ തന്നെ കാര്യങ്ങള്‍ കൈവിട്ടു പോയി തുടങ്ങിയിരുന്നു. കിട്ടിയ തുച്ഛമായ ശമ്പളത്തില്‍ നിന്ന് വാങ്ങിയ റെസ്‌ക് കയ്യില്‍ പിടിച്ചു എപ്പോളെങ്കിലുമൊക്കെ ഞങ്ങളെ കാണാന്‍ വന്നിരുന്നു കുമാര്‍ ചേട്ടന്‍. രക്തബന്ധത്തേക്കാള്‍ ശക്തമായ ചില മാനസിക ബന്ധങ്ങള്‍ ഉണ്ടല്ലോ. അന്നൊക്കെ അദ്ദേഹം കൊണ്ടുവന്നിട്ടുള്ള ആ പലഹാരപ്പൊതികള്‍ക്ക് രുചി കൂട്ടിയത് ഉള്ളിലുള്ള സ്‌നേഹമായിരുന്നു. വിവാഹ പ്രായമെത്തിയപ്പോഴേക്കും അക്കാമകളെ കല്യാണം കഴിച്ചു കുടുംബസ്ഥനാകാന്‍ ചേട്ടന്‍ പോയി. പിന്നീട് ഒന്നോ രണ്ടോ വട്ടം മാത്രം ഞങ്ങളെ കാണാന്‍ വന്നു. 

കാലത്തിന്റെ കുത്തൊഴുക്കില്‍ എവിടെയോ ജീവിതത്തിന്റെ പ്രാരാബ്ധങ്ങളില്‍ പരസ്പരം മറന്നു തുടങ്ങി. ഇപ്പോള്‍ വല്ലാത്തൊരു ആഗ്രഹം കുമാര്‍ ചേട്ടനെ ഒന്ന് കാണാന്‍. വലിയ മക്കളൊക്കെ ഉണ്ടാകും. മുടിയൊക്കെ നര വന്നിട്ടുണ്ടാകും. എന്നാലും ഓര്‍മകള്‍ക്ക് മങ്ങലേറ്റിട്ടുണ്ടാവില്ല. എവിടെയെങ്കിലും ഇരുന്നു ഇതൊന്നു വായിക്കുമെന്ന് പോലും പ്രതീക്ഷിക്കുന്നില്ല. എങ്കിലും വല്ലാത്തൊരു ആശയുണ്ട് മനസ്സില്‍ ദേശങ്ങള്‍ക്കപ്പുറം ഭാഷക്കപ്പുറം മനസ്സ് കൊണ്ട് ഞങ്ങളുടെ വീട്ടിലെ ഒരംഗമായിരുന്ന കുമാര്‍ ചേട്ടനെ ഒന്ന് കാണാന്‍.
 
15,20 വര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്നൊരു ഓര്‍മ ഇന്നും ആ ചിരി കണ്ണില്‍ നിറക്കുന്നുണ്ട്. പഴയ ആ ചിരിക്കു മാത്രം പ്രായമാകില്ലല്ലോ. ആ സ്‌നേഹത്തിന്റെ  മാറ്റ് കുറയില്ലല്ലോ. ആ മുഖം ഒന്നോര്‍ത്തെടുക്കാന്‍ ഒരു ചിത്രം പോലും കൈയിലില്ല. മനസ്സിനുള്ളില്‍ സ്‌നേഹം കൊണ്ട് അന്ന് ചേട്ടന്‍ വരച്ചിട്ട ആ ചിത്രം മങ്ങാതെ മായാതെ ഇന്നും ഉണ്ട് മനസ്സില്‍. ഒരിക്കല്‍ കൂടി ഒന്ന് കാണാന്‍ ആഗ്രഹിക്കുന്ന മുഖങ്ങളില്‍ ആദ്യത്തേത് ആ മുഖമാണ്.

ഭാഷക്കും ദേശത്തിനും കാലത്തിനുമപ്പുറം സ്‌നേഹത്തിനൊരു ശക്തിയുണ്ട്. മനസ്സില്‍ ഇന്നും സൂക്ഷിച്ചു വച്ച ഒരു പിടി ഓര്‍മ്മകള്‍.

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​