ഈജിപ്തിലെ രാജകീയ ശവകുടീരത്തിൽ നിന്നും ഖുസൈർ-അൽ-ഖാദിം തുറമുഖത്തുനിന്നും 2,000 വർഷം പഴക്കമുള്ള തമിഴ്-ബ്രാഹ്മി ലിഖിതങ്ങൾ കണ്ടെത്തി. പുരാതന തമിഴ് വ്യാപാരികൾക്ക് ഈജിപ്ഷ്യൻ ഉൾപ്രദേശങ്ങളുമായി വരെ ബന്ധമുണ്ടായിരുന്നുവെന്ന് ഈ കണ്ടെത്തൽ തെളിയിക്കുന്നു. 

ദിമ തമിഴ് ജനതയുടെ ചരിത്രം തേടിയുള്ള യാത്ര പുതിയ തലത്തിലേക്ക്. ഏറ്റവും ഒടുവിലായി ഈജിപ്തിലെ രാജകീയ ശവകുടീരത്തിൽ നിന്നും 2,000 വർഷം പഴക്കമുള്ള തമിഴ് - ബ്രാഹ്മി ലിഖിതങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. പുരാതന തമിഴ് വ്യാപാരികള്‍ക്ക് ഈജിപ്ഷ്യന്‍ ഉള്‍പ്രദേശങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാകുന്നു. മധുരയ്ക്ക് 17 കിലോമീറ്റർ അകലെയുള്ള കീഴടിയിൽ ഏതാണ്ട് ഒരു പതിറ്റാണ്ടായി നടക്കുന്ന ഖനന പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം പകരുന്ന ഒന്നായി ഈ കണ്ടെത്തൽ മാറുമെന്ന് ഉറപ്പ്.

ഖുസൈർ-അൽ-ഖാദിം തുറമുഖം

ഈജിപ്തിലെ ചെങ്കടൽ തീരത്ത് റോമൻ ജനവാസ കേന്ദ്രമായിരുന്ന ഒരു പുരാതന തുറമുഖമായ ഖുസൈർ-അൽ-ഖാദിമിൽ നിന്ന് തമിഴ് ബ്രാഹ്മി ലിപി ലിഖിതങ്ങളുള്ള ഒരു തകർന്ന സംഭരണി കണ്ടെത്തിയത്. ഈ തമിഴ് ബ്രാഹ്മി ലിപി ബിസി ഒന്നാം നൂറ്റാണ്ടിലേതാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഈജിപ്തിലെ ഖുസൈർ-അൽ-ഖാദിമിൽ അടുത്തിടെ ഖനനം പുനരാരംഭിച്ച യുകെയിലെ സതാംപ്ടൺ സർവകലാശാലയിലെ പ്രൊഫ. ഡി. പീക്കോക്ക്, ഡോ. എൽ. ബ്ലൂ എന്നിവരടങ്ങുന്ന ഒരു പുരാവസ്തു സംഘമാണ് തമിഴ് ബ്രാഹ്മി ലിഖിതങ്ങളുള്ള തകർന്ന മൺപാത്രം കണ്ടെത്തിയത്. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലെ മൺപാത്ര വിദഗ്ദ്ധയായ ഡോ. റോബർട്ട ടോംബറാണ് ഈ മണ്‍പാത്രം ഇന്ത്യയിൽ നിർമ്മിച്ചതാണെന്ന് തിരിച്ചറിഞ്ഞത്. തമിഴ് എപ്പിഗ്രഫി വിദഗ്ദ്ധനായ ഐരാവതം മഹാദേവൻ, ഭരണിയിലെ ലിഖിതം ബിസി ഒന്നാം നൂറ്റാണ്ടിലെ തമിഴ് ബ്രാഹ്മി ലിപിയിൽ എഴുതിയ തമിഴാണെന്ന് സ്ഥിരീകരിച്ചു.

Scroll to load tweet…

'ഉറിയിൽ തൂക്കിയിട്ട കലം'

ഐരാവതം മഹാദേവൻ അഭിപ്രായത്തിൽ, ലിഖിതം വളരെ വ്യക്തവും വായിക്കാവുന്നതുമാണ്. അതിൽ, 'പാണൈ ഒറി' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 'ഒരു കയർ വലയിൽ തൂക്കിയിട്ടിരിക്കുന്ന കലം' എന്നർത്ഥം. കലങ്ങൾ തൂക്കിയിടുന്നതിനുള്ള കയർ ശൃംഖല എന്നർത്ഥം വരുന്ന 'ഉറി' എന്ന തമിഴ് പദത്തിന് കേന്ദ്ര ദ്രാവിഡ ഭാഷയായ പർജിയിൽ ഒറി എന്ന സമാനാർത്ഥത്തിലുള്ള പദമുണ്ടെന്നും ഐരാവതം മഹാദേവൻ കൂട്ടിച്ചേർത്തു. ഈജിപ്തിലെ ബെറെനിക്കെ പോലുള്ള തുറമുഖ നഗരങ്ങളില്‍ നേരത്തെയും തമിഴ് സാന്നിധ്യത്തിന്‍റെ തെളിവുകള്‍ ലഭിച്ചിരുന്നു. ഏകദേശം 30 വർഷങ്ങൾക്ക് മുമ്പ് ഈ സ്ഥലത്ത് നടത്തിയ ഖനനത്തിൽ എ ഡി ഒന്നാം നൂറ്റാണ്ടിലെ തമിഴ് ബ്രാഹ്മിയിലുള്ള രണ്ട് മൺപാത്ര ലിഖിതങ്ങൾ ലഭിച്ചിരുന്നു. ഈജിപ്തിലെ ചെങ്കടൽ തീരത്തുള്ള റോമൻ വാസസ്ഥലമായ ബെറെനിക്കിൽ 1995-ൽ ഇതേ കാലഘട്ടത്തിലെ മറ്റൊരു തമിഴ് ബ്രാഹ്മി മൺപാത്ര ലിഖിതവും കണ്ടെത്തിയതായി അദ്ദേഹം പറയുന്നു.

'സികായ് കൊറാന്‍'

റാമെസ്സസ് ആറാമന്‍റെ ശവകുടീരം ഉള്‍പ്പെടെ ആറ് ശവകുടീരങ്ങളിലായി തമിഴ്-ബ്രാഹ്മിയില്‍ ഉള്‍പ്പെടെയുള്ള ഏകദേശം 30 ലിഖിതങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതില്‍ എട്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ 'സികായ് കൊറാന്‍' എന്ന പേരും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 'സികായ് കൊറാന്‍ വര കാന്ത' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 'സികായ് കൊറാന്‍ വന്നു കണ്ടു' എന്നാണ് ഇതിന് അര്‍ത്ഥമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ചെന്നൈയില്‍ നടക്കുന്ന തമിഴ് എപ്പിഗ്രഫി അന്താരാഷ്ട്ര സമ്മേളനത്തിന്‍റെ ഉദ്ഘാടന ദിനത്തില്‍ സ്വിസ് പ്രൊഫസര്‍ ഇംഗോ സ്‌ട്രോച്ചാണ് നിര്‍ണാകമായ ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്. പുതിയ കണ്ടെത്തലോടെ ഇന്ത്യന്‍ വ്യാപാരികള്‍ വെറും നാവികര്‍ മാത്രമായിരുന്നില്ലെന്നും അവർ ഈജിപ്ഷ്യന്‍ ഉള്‍നാടുകളിലേക്ക് വരെ എത്തിയിരുന്നുവെന്നും വ്യക്തമാണെന്ന് തമിഴ് എപ്പിഗ്രഫി അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കവെ ഇംഗോ സ്‌ട്രോച്ച് ചൂണ്ടിക്കാട്ടി. ലിഖിതം മനസ്സിലാക്കുന്നതിൽ, ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരിയിലെ പ്രൊഫ. വൈ. സുബ്ബരായലു, പുതുച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. കെ. രാജൻ, തഞ്ചാവൂർ തമിഴ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. വി. സെൽവകുമാർ എന്നിവരുടെ സഹകരണവും ഉണ്ടായിരുന്നു.

YouTube video player