എഫ് ബി യില്‍ ഞാന്‍ ഇടയ്ക്കിടെ അന്വേഷിക്കുന്നൊരു പേരുണ്ട്. നാട്ടില്‍ ചെല്ലുമ്പോളെല്ലാം പഴയ സിം കളഞ്ഞു പോകുന്നതുവരെ വിളിച്ചു നോക്കിയിരുന്ന ഒരു ഫോണ്‍ നമ്പറുണ്ട്. ഒരാറു മാസത്തോളം ഒരേ മുറിയില്‍ ഉണ്ടുറങ്ങിയ, ജന്മം കൊണ്ടല്ലെങ്കിലും കര്‍മ്മം കൊണ്ട് ചേച്ചി സ്ഥാനം നല്‍കി ഞാന്‍ സ്‌നേഹിക്കുന്ന ഒരാള്‍.

അംജുദ. അതേ, ചേച്ചിയെ ഞാനിപ്പോഴും തിരക്കിക്കൊണ്ടിരിക്കുകയാണ്. ആറു വര്‍ഷം മുമ്പ് തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കുള്ള ഒരു ചെന്നൈ മെയില്‍ യാത്ര കഴിഞ്ഞ് ,വീട്ടിലേക്കുള്ള ബസില്‍ ക്ഷീണിതയായി നില്‍ക്കുമ്പോഴാണ് ചേച്ചിയുടെ ശബ്ദം അവസാനമായി എന്നെ തേടിയെത്തിയത്. മേനകയിലേക്കുള്ള ആ വളവില്‍ വെച്ച് കേള്‍ക്കുന്നതൊന്നും മനസ്സിലാവാതെ വന്നപ്പോള്‍ 'ശരിക്കും കേള്‍ക്കുന്നില്ല ചേച്ചീ...,വീട്ടില്‍ ചെന്നിട്ടു വിളിക്കാം' എന്നു പറഞ്ഞ്  ആ സംഭാഷണം അവസാനിപ്പിക്കുമ്പോള്‍ ഞാനോര്‍ത്തതേയില്ല ഇനിയൊരിക്കലും ആ ശബ്ദം എന്നെ തേടി വരില്ലെന്ന്. എന്റെ വിളികള്‍ക്ക് 'സവീ' എന്ന മറുവിളി കേള്‍ക്കില്ലെന്ന്.

പിന്നീടുള്ള ദിവസങ്ങള്‍ തിരക്കിന്റെതായിരുന്നു. തിരുവനന്തപുരത്തെ ജോലി താല്‍ക്കാലികമായി (പിന്നീടു പൂര്‍ണ്ണമായും) അവസാനിപ്പിച്ച് സിംഗപ്പൂരിലേക്കുള്ള പറിച്ചുനടീലിന്റെ തിരക്കില്‍ 'ഒന്നു സ്വസ്ഥമാവട്ടെ, എന്നിട്ടു വിളിക്കാം' എന്നു കരുതി മാറ്റി വെച്ചവരുടെ കൂട്ടത്തില്‍ ചേച്ചിയുമുണ്ടായിരുന്നു. പിന്നീടു വിളിച്ചപ്പോഴെല്ലാം എന്റെ ഫോണ്‍ റിംഗുചെയ്ത് തളര്‍ന്നു. പലപ്പോഴും റോങ് നമ്പര്‍ പോവുകയും ചെയ്തു. ചേച്ചിയിലേക്കു നീളുന്ന വേറൊരു അടുത്ത സൗഹൃദം എനിക്കില്ലായിരുന്നുവെന്നതും എനിക്ക് ചേച്ചിയെ കണ്ടുപിടിക്കാന്‍ പറ്റാതാക്കി. പതിയെപ്പതിയെ ഭൂതകാലത്തിന്റെ ആല്‍ബത്തിലേക്ക് ആ മുഖവും ഞാനൊട്ടിച്ചു വെച്ചു

2008ലാണ് ചേച്ചിയെ ആദ്യം കാണുന്നത്. ഡിസംബറില്‍ തിരുവനന്തപുരത്തേക്ക് കെ എസ് ആര്‍ ടി സി പിടിക്കുമ്പോള്‍ മനസ്സില്‍ നിറയെ ആശങ്കകളും പരിഭ്രമവുമായിരുന്നു. പുതിയ ജോലി, ഹോസ്റ്റല്‍ ജീവിതം. അങ്ങനെ തികച്ചും പുതിയൊരു മേച്ചില്‍പ്പുറം. ജോലിയിലെ ഔപചാരികതകളെല്ലാം കഴിഞ്ഞ് വൈകുന്നേരം അമ്മയും ചിറ്റയും എന്നെ ഹോസ്റ്റലില്‍ കൊണ്ടുചെന്നാക്കി. മുസ്ലിം അസോസിയേഷന്‍ ഹോസറ്റലിന്റെ ഏഴാം നമ്പര്‍ മുറിയിലേക്ക് ചവിട്ടു പടികള്‍ കയറുമ്പോള്‍ ആരായിരിക്കും എന്റെ സഹമുറിയത്തിമാര്‍ എന്ന ചിന്തയായിരുന്നു മനസ്സില്‍. ചെന്നു കയറിയപ്പോള്‍ രണ്ടു ചേച്ചിമാര്‍.മായച്ചേച്ചിയും അംജുദ ച്ചേച്ചിയും. കുശലാന്വേഷണങ്ങള്‍ക്കിടയില്‍ ഒരാള്‍ ചോദിച്ചു, 'വീട്ടില്‍ നിന്നു മാറി നില്‍ക്കുന്നതില്‍ സങ്കടമുണ്ടോ?' 

ഞാന്‍ ചിരിച്ചു. 

ഉടനെ തന്നെ മറുപടിയും വന്നു. 'ആ... വീട്ടുകാരുടെ വിലയൊക്കെ ഒന്നറിയട്ടെ'.

'പോട്ടെ സാര ല്യ' എന്ന മറുപടി പ്രതീക്ഷിച്ച എനിക്ക് ആ മറുപടി ഒരു വല്ലായ്മയുണ്ടാക്കി ഇവരുടെ കൂടെയാണല്ലോ ഞാനിനി. ലേശം വിഷമം തോന്നി. പരിചയമില്ലെങ്കില്‍ക്കൂടി നമ്മുടെ സങ്കടത്തില്‍ കൂടെ നില്ക്കുന്ന ചിലരുണ്ട്. വളരെപ്പെട്ടെന്ന് അവര്‍ നമുക്കാരൊക്കെയോ ആവും.

ഒരൊറ്റ നിമിഷത്തിലാണ് എന്റെ ജീവിതം മാറിപ്പോയത്.. എല്ലാവരുടെ ജീവിതത്തിലും അങ്ങനെയൊരു നിമിഷം ഉണ്ടാവും

ദിവസങ്ങള്‍ അങ്ങനെ കടന്നു പോയി. ചില വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് മായച്ചേച്ചി ഹോസ്റ്റല്‍ വിട്ടു. ഞാനും അംജുദച്ചേച്ചിയും മാത്രമായി. ഞങ്ങള്‍ പതിയെ  കൂട്ടുകാരായി. ചേച്ചി എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് കൊട്ടാരക്കരയിലുള്ള വീട്ടിലേക്കു പോകും. തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. അന്നു വൈകീട്ട് ഓഫീസില്‍ നിന്നു വന്നാല്‍ വസ്ത്രം പോലും മാറാതെ മെസ്സിലെ ബെല്ലടിക്കുന്നതുപോലുമറിയാതെ ഇരുന്ന് വിശേഷം പറയും.ചെറിയ തമാശകള്‍ക്കുപോലും പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന ആളാണ് അംജുദച്ചേച്ചി. പക്ഷേ, എത്ര വലിയ ചിരിയിലും ചേച്ചിയുടെ കണ്ണുകളില്‍ നിറഞ്ഞു നിന്നത് വിഷാദം മാത്രമാണ്. പതിയെ ഞാനറിഞ്ഞു ഇരുപത്തിനാലാം വയസ്സില്‍ ഭര്‍ത്താവു നഷ്ടപ്പെട്ട് ഒറ്റയ്ക്കായിപ്പോയ സത്രീയാണിതെന്ന്. രണ്ടാണ്‍കുഞ്ഞുങ്ങളെയും കൊണ്ട് പെട്ടെന്നൊരു ദിവസം ജീവിതത്തില്‍ തനിച്ചായിപ്പോയ ഒരു പെണ്ണ്.

ഒരു രാത്രിയില്‍, ചപ്പാത്തിയുണ്ടാക്കി കൊണ്ടിരുന്നപ്പോള്‍ വര്‍ത്തമാനം പറഞ്ഞു കൂടെ നിന്നിരുന്ന ഭര്‍ത്താവ്, ജോലിയെല്ലാം കഴിഞ്ഞു റൂമില്‍ ചെന്നു നോക്കുമ്പോള്‍ എന്നന്നേയ്ക്കുമായി വിടപറഞ്ഞു പോയിയെന്ന് ഏതൊരു ഭാര്യയ്ക്കാണ് വിശ്വസിക്കാന്‍ കഴിയുന്നത്.? ഭര്‍ത്താവോ ഭാര്യയോ നഷ്ടപ്പെടുമ്പോള്‍ ഒറ്റപ്പെടുക തന്നെയാണ് ചെയ്യുന്നത്. അവര്‍ പരസ്പരം നല്കുന്ന കൂട്ട്, സുരക്ഷിതത്വം ഇതൊന്നും മാതാപിതാക്കള്‍ക്കോ മക്കള്‍ക്കോ നല്കാന്‍ കഴിയില്ല എന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഈ കഥകളെല്ലാം പറയുന്നതിനിടയില്‍ ചേച്ചി പറഞ്ഞു; ഒരൊറ്റ നിമിഷത്തിലാണ് എന്റെ ജീവിതം മാറിപ്പോയത്.. എല്ലാവരുടെ ജീവിതത്തിലും അങ്ങനെയൊരു നിമിഷം ഉണ്ടാവും. അതിനെ നേരിടാനുള്ള ഉള്‍ക്കരുത്തോടെ വേണം എപ്പോഴും ജീവിക്കാന്‍. തൊട്ടടുത്ത നിമിഷത്തില്‍ എന്തും സംഭവിക്കാം എന്നൊരു കരുതല്‍ ഉണ്ടാവണം. അല്ലെങ്കില്‍ നമ്മള്‍ തകര്‍ന്നു പോവും. എന്റെ ഭര്‍ത്താവില്ല എന്നു മനസ്സിലാക്കാന്‍ ഞാന്‍ കുറേയേറെ സമയമെടുത്തു. മരവിപ്പായിരുന്നു. ആ മരവിപ്പു സഹിക്കാന്‍ വയ്യാതെ മരിക്കാന്‍ തീരുമാനിച്ചു. പിന്നെയും ആലോചിച്ചപ്പോള്‍ തോന്നി, ഞാന്‍ മരിച്ചു കഴിഞ്ഞാല്‍  നഷ്ടപ്പെടാനുള്ളതാര്‍ക്കാണ്.? എനിക്കു പിറകേ വരുന്നവര്‍ക്ക് അതൊരു തെറ്റായ സന്ദേശമല്ലേ കൊടുക്കുന്നത്? ഞാന്‍ ജീവിക്കണം. ജീവിച്ചേ പറ്റൂ.. അങ്ങനെ പുതിയൊരു ജീവിതം തുടങ്ങാന്‍ തീരുമാനിച്ചു. എല്ലാ ദു:ഖങ്ങളും മറക്കാന്‍ പഠിക്കാന്‍ തീരുമാനിച്ചു.ഒരു ഗവ. ജോലി കൊണ്ട് എന്റെയും മക്കളുടെയും ജീവിതം സുരക്ഷിതമാക്കാന്‍ പ്രയത്‌നിച്ചു. എല്‍ ഡി ക്ലര്‍ക്ക് പരീക്ഷയെഴുതി പാസായി.തിരുവനന്തപുരം ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പോസ്റ്റിങ്ങുമായി .ഇതെല്ലാം പറഞ്ഞ് ചേച്ചി പിന്നെയും ചിരിച്ചു. വീട്ടില്‍ അല്ലലേതുമറിയാതെ വളര്‍ന്ന്, വളരെ ചെറിയ പ്രായത്തില്‍ കല്യാണം കഴിച്ച്, വളരെ ചെറിയ പ്രായത്തില്‍ തന്നെ ഒറ്റപ്പെട്ടു പോയിട്ടും ജീവിതം പൊരുതി നേടിയെടുത്ത ചേച്ചിയോട്, ആ ചിരിയോട് എനിക്കു വല്ലാത്ത ബഹുമാനം തോന്നി.

അങ്ങനെ ഒരാറു മാസത്തോളം ഞങ്ങള്‍ ഒരുമിച്ചു താമസിച്ചു. മക്കളുടെ കൂടെ നില്ക്കാന്‍ വേണ്ടി ചേച്ചി ട്രാന്‍സ്ഫറിനു ശ്രമിച്ചു കൊണ്ടേയിരുന്നു. അവസാനം അതു ശരിയായി.ഞാനാണെങ്കിലോ, എറണാകുളത്ത് തനിച്ചായ അമ്മയേയും കൂട്ടി ഹോസ്റ്റലിനടുത്തു തന്നെ വാടകയ്ക്ക് ഒരു വീടെടുത്തു മാറി. പിന്നീട് തിരുവനന്തപുരത്ത് ഏതൊരാവശ്യത്തിനു വന്നാലും എന്റെയും അമ്മയുടെയും കൂടെയായി ചേച്ചിയുടെ താമസം.

എന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞപ്പോഴും ചേച്ചി ഒന്നേ പറഞ്ഞുള്ളൂ; നീ അമ്മയെ വിഷമിപ്പിക്കരുത്. അമ്മയുടെ അനുഗ്രഹത്തോടെയേ എന്തും ചെയ്യാന്‍ പാടുള്ളൂ (രണ്ടു പേര്‍ ഒരുമിച്ച് ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യുന്ന ഒരു യുദ്ധഭൂമിയാണ് പ്രണയം. അവിടെ രക്തച്ചൊരിച്ചില്‍ അനിവാര്യമായി വരുന്നു എന്നാണെന്നെ ജീവിതം പഠിപ്പിച്ചത്.) മനസ്സിലെ കലാപ നാളുകളില്‍ ഒരു ഫോണ്‍ കാളിന്റെ ഇങ്ങേ വശത്ത് നിശ്ശബ്ദമായി കണ്ണീര്‍മഴ പെയ്യുമ്പോഴും അങ്ങേ വശത്തിരുന്ന് ചേച്ചി ആശ്വസിപ്പിച്ചുകൊണ്ടിരിക്കും. അവസാനം എല്ലാം ശുഭമായി കഴിഞ്ഞപ്പോള്‍, കല്യാണം കഴിഞ്ഞ നാളുകളിലൊന്നില്‍ എന്നെത്തേടി ഒരു വലിയ തുക മണിയോര്‍ഡര്‍ വന്നു. ചേച്ചിയുടെ വിവാഹ സമ്മാനം!

ചേച്ചീ, ഇതെഴുതുമ്പോഴും എനിക്കറിയാം, അങ്ങകലെ കൊട്ടാരക്കരയിലെ വീട്ടില്‍ അല്ലെങ്കില്‍ വേറെയെവിടെയായാലും സുഖമായി, സന്തോഷമായി മക്കളെയും കൂട്ടി ജോലിത്തിരക്കുകളുമായി ചേച്ചിയുണ്ട്. അവര്‍ രണ്ടു പേരും വലുതായിട്ടുണ്ടാവും. എന്നാലും ഒരിക്കല്‍ക്കൂടി കാണണം. ഒരാറു വര്‍ഷത്തെ വിശേഷങ്ങള്‍ പറയണം.വിനൂനേയും ആമിയേയും ചേച്ചിക്കു കാണിച്ചു തരണം. ഞാന്‍ തിരച്ചില്‍ അവസാനിപ്പിക്കുന്നില്ല. തുടരുകയാണ്.


(അംജുദയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നവര്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഇ- മെയില്‍ ചെയ്യുക)

 

 

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?