തിരുവനന്തപുരം: 'നീ എവിടെയാണ്' എന്നായിരുന്നു ചണ്ഡിഗഢില്‍ നഴ്‌സായി ജോലി ചെയ്യുന്ന മലയാളിയായ അഞ്ജു ആന്റണിയുടെ ചോദ്യം. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ രണ്ടാഴ്ചയായി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന 'നീ എവിടെയാണ' എന്ന പരമ്പരയിലൂടെ ആ ചോദ്യം ലോകമാകെയുള്ള വായനക്കാരില്‍ എത്തിയപ്പോള്‍ അതിനുത്തരമായി. അഞ്ജു ഏഴ് വര്‍ഷമായി അന്വേഷിച്ചു കൊണ്ടിരുന്ന സെഫി എന്ന കൂട്ടുകാരി ന്യൂസിലാന്‍ഡിലെ വീട്ടിലിരുന്നു പറഞ്ഞു, ഞാനിവിടെ ഉണ്ട്!. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അഞ്ജു സെഫിയെ വിളിച്ചു. എത്രയോ കാലമായി കേള്‍ക്കാനാഗ്രഹിച്ച ശബ്ദം കാതില്‍ നിറഞ്ഞപ്പോള്‍ അഞ്ജു ഇമോഷണലായി, സെഫിയും. ഇത്ര കാലമായിട്ടും നീയെന്നെ മറന്നില്ലല്ലോ എന്ന ചോദ്യം കൊണ്ട് സെഫി അവളെ കാതങ്ങള്‍ക്കകലെ നിന്ന് ചേര്‍ത്തു പിടിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ 'നീ എവിടെയാണ്' പരമ്പരയാണ് ഇരുവര്‍ക്കുമിടയിലെ ദൂരം ഇല്ലാതാക്കിയത്. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള നഴ്‌സുമാര്‍ ആ കണ്ടെത്തലിനു വേണ്ടി ഏറെ ശ്രമങ്ങള്‍ നടത്തി. ദില്ലി എയിംസ് ആശുപത്രിയില്‍ നഴ്‌സായ മലയാളി തൗഫീഖ് മുഹമ്മദ് ആ യത്‌നങ്ങളെ കൂട്ടിയിണക്കുന്ന കണ്ണിയായി. ഫേസ്ബുക്ക് അതിനുള്ള മാര്‍ഗമായി. 

കഴിഞ്ഞ ദിവസമാണ് അഞ്ജു 'നീ എവിടെയാണ്' പരമ്പരയില്‍ 'നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?' എന്ന തലക്കെട്ടില്‍, സെഫിയെ കുറിച്ച് എഴുതിയത്. 2009 -2010 കാലത്ത് കോട്ടയത്തെ കാരിത്താസ് ആശുപത്രിയില്‍ നഴ്‌സിംഗ് പഠിച്ച സെഫി എന്ന ആലപ്പുഴക്കാരിയെക്കുറിച്ചായിരുന്നു ആ കുറിപ്പ്. സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്റെ സോണല്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു സെഫി. പ്രോഗ്രാം ചെയര്‍ പേഴ്‌സണ്‍ ആയിരുന്നു സര്‍ക്കാര്‍ നഴ്‌സിംഗ് കോളജില്‍ പഠിച്ച അഞ്ജു ആന്റണി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച നടന്ന വോട്ട് അഭ്യര്‍ത്ഥനയ്ക്കിടെയാണ് ഇരുവരും ആദ്യം പരിചയപ്പെട്ടത്. അതിനെക്കുറിച്ച് അഞ്ജു ഇങ്ങനെ എഴുതുന്നു: 

'മറ്റു സ്ഥാനാര്‍ത്ഥികള്‍ എല്ലാരും തന്നെ കട്ട ഇംഗ്ലീഷില്‍ വോട്ടഭ്യര്‍ത്ഥിച്ചപ്പോള്‍ പാവം ഞാന്‍ മലയാളത്തിലാണ് പ്രസംഗിച്ചത്. ആ ഒരു ആത്മ വിശ്വാസക്കുറവില്‍ അല്പം മൂഡോഫ് ആയി സ്റ്റേജിനു പിന്നില്‍ നില്‍ക്കുമ്പോള്‍ വെളുത്തു തടിച്ച ഒരു കണ്ണടക്കാരി എന്നെ നോക്കി പുഞ്ചിരിച്ചിട്ട് പറയുന്നു,പ്രസംഗം വളരെ  നന്നായിരുന്നൂ. സത്യം പറഞ്ഞാല്‍ മരുഭൂമിയില്‍ പെയ്ത മഴപോലെ ആ വാക്കുകള്‍ എന്നെ അടിമുടി കുളിരു പുതപ്പിച്ചു കളഞ്ഞു. പെട്ടെന്നൊരുന്മേഷം എന്നിലാവേശിച്ചു. ആ പുത്തനുണര്‍വില്‍ നില്‍ക്കുമ്പോള്‍ റിസള്‍ട്ട്  വന്നു. ഞാന്‍ അടുത്ത ഒരു കൊല്ലത്തേക്ക് SNA യുടെ ഈസ്റ്റ് സോണ്‍ പ്രോഗ്രാം ചെയര്‍ പേഴ്‌സണ്‍. ഓത്ത് ടേക്കിങ് സെറിമണിയില്‍ പുതിയ ഭാരവാഹികള്‍ക്കൊപ്പം സ്‌റ്റേജിലിരിക്കവേ എന്റെ തൊട്ടടുത്തിരുക്കുന്നു ആ വെളുത്ത കണ്ണടക്കാരി.അപ്പോഴാണ് മനസ്സിലായത്, അവള്‍ ഡയറക്റ്റ് ആയി നോമിനേറ്റ് ചെയ്യപ്പെട്ട ജനറല്‍ സെക്രട്ടറി ആണെന്ന്. സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ മുമ്പെന്നോ ഗാഢ സൗഹൃദത്തിലായിരുന്നു ഞങ്ങള്‍ എന്നെനിക്കു തോന്നി'. 

ആ ബന്ധം പിന്നീട് ഗാഢമായ സൗഹൃദമായി മാറി. ഇരുവരും സംഘടനാ പ്രവര്‍ത്തനത്തിനിടയിലും അല്ലാതെയും പല തവണ കണ്ടു. മിണ്ടി. ഒരുമിച്ച് ഹോസ്റ്റലില്‍ താമസിച്ചു. ആഴമുള്ള ബന്ധമായി. 

'കൊല്ലം കൊട്ടിയത്ത് നടന്ന  SNA ലീഡര്‍ഷിപ്പ് ട്രെയിനിംഗ് ക്യാമ്പില്‍ വച്ചാണ് സെഫിയെ കൂടുതല്‍ അടുത്തറിഞ്ഞത്. നന്നായി പെരുമാറാന്‍ അറിയുന്ന, മാന്യമായ ഭാഷയില്‍ മാത്രം സംസാരിക്കുന്ന സ്‌നേഹമുളള കുട്ടി. എന്റെ ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും സെഫി കാട്ടിയിരുന്ന കരുതല്‍ പലപ്പോഴും എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്'-അഞ്ജു എഴുതി. 

എന്നാല്‍,  കോഴ്‌സ് കഴിഞ്ഞപ്പോള്‍, ഹോസ്റ്റല്‍ വിടുന്ന തിരക്കില്‍ സെഫിയുടെ നമ്പര്‍ കൈമോശം വന്നു. പിന്നെ ഇരുവരും കണ്ടിട്ടില്ല. ഏഴ് വര്‍ഷമായി താന്‍ സെഫിയെ പലയിടങ്ങളിലും തിരയുകയായിരുന്നുവെന്ന് അഞ്ജു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 'ഫേസ്ബുക്കില്‍ പല വട്ടം സെര്‍ച്ച് ചെയ്തു. കണ്ടെത്താന്‍ കഴിഞ്ഞില്ല. സെഫി അവിടെ ഉണ്ടായിരുന്നുവെങ്കിലും, ഫേസ്ബുക്ക് സെറ്റിംഗ്‌സിലെ പ്രത്യേകത കാരണം, മ്യൂച്വല്‍ ഫ്രന്റ്‌സ് ഇല്ലാതിരുന്നതിനാല്‍, അവളിലേക്ക് എത്താന്‍ കഴിഞ്ഞില്ല. ആ കൂട്ടുകാരി മനസ്സില്‍ എപ്പോഴും ഉണ്ടായിരുന്നു. അതിനിടെയാണ് 'നീ എവിടെയാണ്' പരമ്പര ശ്രദ്ധിക്കുന്നത്. അതില്‍ അവളെക്കുറിച്ച് എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല'. 

ആ എഴുത്ത് വെറുതെ ആയില്ല. അത് പ്രസിദ്ധീകരിക്കപ്പെട്ട ഉടന്‍ തന്നെ നഴ്‌സിംഗ് മേഖലയിലെ പലരും സെഫിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എയിംസില്‍ നഴ്‌സായ തൗഫീഖ് മുഹമ്മദ് അവരില്‍ ഒരാളായിരുന്നു. 

അഞ്ജുവിന്റെ കുറിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ, തൗഫീഖ് ഇങ്ങനെ എഴുതി. 

ഏതു സമയത്താണ് കാരിത്താസില്‍ സെഫി ഉണ്ടായിരുന്നതെന്ന് തൗഫീഖ് ആരാഞ്ഞു. അഞ്ജു അതിന് താഴെ, മറുപടി പറഞ്ഞു. 2009 -2010 കാലമെന്ന്. 

പിന്നീട്, ആ സമയത്ത് കാരിത്താസ് ആശുപത്രിയില്‍ പഠിച്ച നഴ്‌സുമാരെ കണ്ടെത്താനായി ശ്രമം.

പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന നഴ്‌സ് സമൂഹത്തില്‍ അത് അത്ര ബുദ്ധിമുട്ടായില്ല. പല ഗ്രൂപ്പുകളിലും തൗഫീഖ് ഇക്കാര്യം ആരാഞ്ഞു. അനേകം പേര്‍ സഹായിക്കാന്‍ ശ്രമം തുടങ്ങി. അവരില്‍ ഒരാള്‍, സെഫിയെ തിരിച്ചറിഞ്ഞു. സെഫി എന്നൊരു കുട്ടി കാരിത്താസില്‍ ഉണ്ടായിരുന്നുവെന്നും അവള്‍ ഇപ്പോള്‍ ന്യൂസിലാന്‍ഡില്‍ ആണെന്ന് കരുതുന്നതായും വിവരം കിട്ടി. പിന്നീട് ആ വഴിക്കായി അന്വേഷണം. 

അതിനിടെ, സെഫി ടോം എന്ന പ്രൊഫൈലിലേക്ക് ശ്രദ്ധ വന്നു. അതിലെ വിവരങ്ങള്‍ ഏതാണ്ട് കൃത്യമായിരുന്നു. എന്നാല്‍, ഫേസ്ബുക്കില്‍ അത്ര സജീവമല്ലാതിരുന്ന സെഫിയോട് ഇക്കാര്യം ആരായുക എളുപ്പമായിരുന്നില്ല. 

ഈ പ്രൊഫൈല്‍ ലിങ്ക്, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ അഞ്ജുവിന് എത്തിച്ചപ്പോള്‍ ആഹ്ലാദത്തോടെ ആ മറുപടി വന്നു. അതെ ഇതു തന്നെയാണ് അവള്‍. നൂറു ശതമാനം സത്യം!

പിന്നെ, സെഫിയെ ഈ വിവരം അറിയിക്കാനായി ശ്രമം. കുറച്ച് വൈകിയെങ്കിലും മെസേജുകള്‍ സെഫി കണ്ടു. പെട്ടെന്നു തന്നെ ആര്‍ട്ടിക്കിളിലേക്ക് അവളുടെ ശ്രദ്ധ പോയി. വൈകിയില്ല, ആ ഫേസ്ബുക്ക് പോസ്റ്റിന് അടിയില്‍ വന്ന് സെഫി ഇങ്ങനെ കുറിച്ചു. 

ഇതോടെ അഞ്ജു സെഫിക്ക് റിക്വസ്റ്റ് അയച്ചു. അതു സ്വീകരിച്ചതും അവള്‍ മെസേജ് അയച്ചു. സെഫി ഫോണ്‍ നമ്പര്‍ നല്‍കി. മണിക്കൂറുകള്‍ക്കുള്ളില്‍ ഫോണില്‍ ഇരുവരും സംസാരിച്ചു. 

വല്ലാത്തൊരു സര്‍പ്രൈസായിരുന്നു ഇതെന്ന് സെഫി അഞ്ജുവിനോട് പറഞ്ഞു. നൂറു കണക്കിന് മെസേജുകള്‍ ആണിപ്പോള്‍ വരുന്നത്. പഴയ പരിചയക്കാരില്‍ പലരും വീണ്ടും ബന്ധപ്പെടുന്നു. എല്ലാത്തിനും കാരണമായത് ആ കുറിപ്പാണ്'

നാല് വര്‍ഷമായി ന്യൂസിലാന്‍ഡില്‍ ആണെന്ന് സെഫി പറഞ്ഞു. ഒന്നര വര്‍ഷം മുമ്പായിരുന്നു വിവാഹം. ഇപ്പോള്‍ ഗര്‍ഭിണിയാണ്. ജനുവരിയില്‍ നാട്ടില്‍ വരുമെന്നും അപ്പോള്‍ നേരില്‍ കാണാമെന്നും അവള്‍ ഉറപ്പിച്ചു പറഞ്ഞു. 

സെഫിയെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി അഞ്ജു പറഞ്ഞു. 'ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു ഇത്. ഒരു പാട് മനുഷ്യര്‍ ഒന്നിച്ചു ശ്രമിച്ചപ്പോഴാണ് ആഗ്രഹം സഫലമായത്. അടക്കാനാവാത്ത സന്തോഷമുണ്ട്. എല്ലാവര്‍ക്കും നന്ദി-അഞ്ജു പറയുന്നു. 


 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​