'അണ്ണാ , ഇത് അണ്ണിയ്ക്കു കുടുത്തിടണം, എന്നോടെ ഒരു ചിന്ന ഗിഫ്റ്റ്'. ഇതും പറഞ്ഞ്  അവന്‍ ഒരു വരനും വധുവും ഊഞ്ഞാലില്‍ ഇരിക്കുന്ന, ചില്ലില്‍ തീര്‍ത്ത പ്രതിമ മഞ്ജന് കൊടുത്തു.

'കല്യാണത്തുക്കു അപ്പുറം അണ്ണിയെ നല്ലാ പാത്തുക്കണം, നാന്‍ തിരുമ്പി വന്ത് കേപ്പേന്‍'  എന്നും പറഞ്ഞ് അവന്‍ തന്റെ പാട്ടിയുടെ വീട്ടിലേയ്ക്ക് യാത്ര തിരിച്ചു .

'ബാലാ മുരുഗാ...നാന്‍ നല്ലാ ഇരിക്കിറേന്‍, ആനാല്‍  നീ  ഇന്നും തിരുമ്പി വരലയെ'

നീ മലയാളം മറന്നിട്ടുണ്ടാവില്ല. കുമളിയുടെ കുളിരും മണവും മറന്നിട്ടുണ്ടാവില്ല. പതിനാല് വര്‍ഷങ്ങള്‍ക്ക് അപ്പുറം നീ സ്‌നേഹിച്ച, നിന്നെ സ്‌നേഹിച്ച ഈ മലയാളി കുടുംബത്തേയും നീ മറന്നിട്ടുണ്ടാവില്ല എന്ന് ഞാന്‍ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു.

നിന്നെ കുറിച്ച് ആദ്യം കേട്ടത് നിനക്ക് വലിയ കണ്ണുകള്‍ ആണ് എന്നാണ് .

'കുമളിയിലെ റിസോര്‍ട്ടുകളിലേയ്ക്കും ഹോട്ടലുകളിലേയ്ക്കും സായിപ്പന്‍മാരെ ക്യാന്‍വാസ് ചെയ്ത് എത്തിയ്ക്കുന്ന, ഒഴുക്കോടെ ഇംഗ്‌ളീഷ് സംസാരിക്കുന്ന ഒരു പതിനൊന്ന് വയസ്സുകാരനെ കണ്ടു. ഒരു മിടുമിടുക്കന്‍. അവന്റെ വലിയ കണ്ണ് കാണണം, നിനക്ക് ഇഷ്ടമാവും' എന്ന് മഞ്ജന്‍ പറഞ്ഞ നിമിഷം മുതല്‍ നിന്നെ ഞാന്‍ എന്തിനാണ് ഇത്രയേറെ സ്‌നേഹിച്ചു തുടങ്ങിയത് എന്ന് ഇതാ ഈ നിമിഷവും ഞാന്‍ അത്ഭുതപ്പെടുന്നു .

തുടര്‍ന്നുള്ള ഓരോ ദിവസവും സംസാരങ്ങള്‍ നിന്നെ കുറിച്ച് മാത്രം ആയി. നിന്റെ പേര്, കുളിച്ച നനവില്‍ ചീകി ഒതുക്കിയ നിന്റെ മുടി, നിന്റെ നെറ്റിയിലെ ഭസ്മ കുറി , 'എനക്ക് അപ്പ അമ്മയെല്ലാം കെടയാത് , ഊരില്‍ ഒരു പാട്ടി ഇരുക്ക്, എല്ലാമേ എനക്കു അവര് താന്‍' എന്ന നിന്റെ ചിരി മാത്രം നിറഞ്ഞ സംസാരങ്ങള്‍. അതേ സമയം, അപ്പോഴൊക്കെ നീ കൂടുതല്‍ കേട്ടത് തീര്‍ച്ചയായും എന്നെക്കുറിച്ചു മാത്രമായിരിക്കും.

പിന്നെ എന്താണ് കുഞ്ഞേ നീ തിരികെ എത്താതെ പോയത് ?

ഹോട്ടലുകാര്‍ക്കു വേണ്ടിയുള്ള ജോലികള്‍ ഭാവിയില്‍ നിന്നെ ചീത്ത വഴികളില്‍ എത്തിയ്ക്കുമോ എന്ന് ആദ്യം ഭയന്നത് ഞാന്‍ ആണ് . നിന്നെ കൂടെ കൂട്ടാന്‍ മഞ്ജന്‍ ശ്രമിക്കുന്നത് അങ്ങിനെ ആണ്.

നീ ഓര്‍ക്കുന്നില്ലേ, ടൂറിസ്റ്റുകളെ എത്തിച്ചു കമ്മീഷന്‍ കിട്ടുന്ന 50 രൂപ വാങ്ങുന്നത് ഉപേക്ഷിച്ച്, നീ ഈ കുടുംബത്തില്‍ അംഗം ആയത് ?  മഞ്ജന്റെ കൂടെ ഉറങ്ങി, ഉണര്‍ന്ന് റെക്‌സിന്‍  കടയിലെ ഗമ കാണിക്കുന്ന ചെക്കന്‍ ആയത് ? അടുത്ത എസ് ടി ഡി ബൂത്തിലെ ലക്ഷ്മിയോട് എന്നെ കുറിച്ച് നീ വായ് തോരാതെ പറയുമായിരുന്നു. പക്ഷെ ഇടയ്‌ക്കെപ്പോഴോ ഒരു മിന്നായം പോലെ നിന്നെ ഒന്ന് കണ്ടപ്പോള്‍ നിനക്ക് എന്റെ മുന്‍പില്‍ വരാന്‍ നാണം ആയിരുന്നു, ഓര്‍ക്കുന്നുണ്ടോ അത് ?

നിനക്ക് സുഖമായിരുന്നില്ലേ? നീ സന്തോഷവാന്‍ ആയിരുന്നില്ലേ? ഞങ്ങളുടെ വിവാഹം നടക്കുന്നത് കാണാന്‍ കാത്തിരിക്കുക ആയിരുന്നില്ലേ നീ? പാട്ടിയെ കണ്ടിട്ട് മടങ്ങി വരാം എന്ന് ഉറപ്പ് തന്നെ പോയതല്ലേ നീ? പിന്നെ എന്താണ് കുഞ്ഞേ നീ തിരികെ എത്താതെ പോയത് ?

പതിനാല് വര്‍ഷത്തിനിപ്പുറം, വലിയ കണ്ണുകളുള്ള, തമിഴത്തമുള്ള ഭസ്മക്കുറി തൊട്ട ആ പതിനൊന്ന് വയസ്സുകാരന്‍ വളര്‍ന്ന് വലുതായിട്ടുണ്ടാവും.
കഴിവും ഉത്തരവാദിത്ത ബോധവും അന്നേ വിസ്മയിപ്പിക്കും വിധം ഉണ്ടായിരുന്ന നീ ഇന്ന് ഏതോ വലിയ ജോലി ചെയ്യുന്നുണ്ട്, എനിക്ക് ഉറപ്പാണ്. പാട്ടി അല്ലാതെ വേറെയും അംഗങ്ങള്‍ നിന്റെ കുടുംബത്തില്‍ ഇപ്പോള്‍ നിനക്ക് കൂട്ടായിട്ടുണ്ടാവും, നീ തിരക്കില്‍ ആവും.

പക്ഷെ, ഇപ്പോഴും ഞങ്ങള്‍ ഓരോ കുട്ടികളെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ ബാലമുരുകന്റെ പ്രായം കാണുമെന്ന്, ബാല മുരുകനോളം ഉയരം ഉണ്ടാവുമെന്ന് , ബാല മുരുകന്റെ കണ്ണ് പോലെ എന്ന് നിന്നെ നിരന്തരം ജീവിതത്തിലേയ്ക്ക് എടുത്തു വെക്കുന്നു.

സിനിമകളിലും നോവലുകളും കാണുന്ന ചില അവധൂതന്മാരെ പോലെയുള്ള കഥാപാത്രം ആയി നിന്നെ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട് ചിലപ്പോള്‍.

ഒരു വീടിന്റെ ചങ്ങലകള്‍ ഇഷ്ടമാവാതെ സ്വാതന്ത്ര്യത്തിലേയ്ക്ക് നീ ഓടി പോയതാവും എന്നും എന്നെങ്കിലും ഒരിക്കല്‍ എവിടെ എങ്കിലും നീ ഞങ്ങളെ തേടി എത്തുമെന്നും പ്രതീക്ഷിക്കാറുണ്ട്.

ഇതും ഒരു പ്രതീക്ഷയാണ്, ഏതെങ്കിലും ഒരു കോണിലിരുന്ന് നീ നിന്റെ സോഷ്യല്‍ മീഡിയാ വിലാസങ്ങള്‍ തുറക്കുമ്പോള്‍ ഈ കുറിപ്പ് നീ കണ്ടെങ്കില്‍ എന്ന്, അണ്ണീ,  എന്നൊരു വിളിയോടെ നീ മടങ്ങി വരും എന്ന് ദശാംശ കണക്കില്‍ മാത്രം ഒതുങ്ങുന്ന ഒരു അവസാന പ്രതീക്ഷ.

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!