Asianet News MalayalamAsianet News Malayalam

പുസ്തകക്കച്ചവടത്തിന്റെ  സിബിഎസ്ഇ പാഠങ്ങള്‍

Nisha Manjesh on CBSE text book business
Author
Thiruvananthapuram, First Published Jan 28, 2017, 9:18 AM IST

Nisha Manjesh on CBSE text book business

ഉത്തരേന്ത്യയില്‍ ഇത് പുസ്തക കച്ചവടക്കാരുടെ കാലമാണ്. മിക്ക നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നത് ഏപ്രില്‍ മാസത്തോടെയാണ്. അതിനാല്‍, ഡിസംബര്‍ പകുതിയോടെ സ്‌കൂളുകളിലേയ്ക്ക് പ്രസാധകര്‍ ഒഴുകിയെത്തും. സ്‌കൂളുകളിലേക്ക് തങ്ങളുടെ പാഠപുസ്തകങ്ങള്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ വരവ്. കമനീയമായ കടലാസുകളില്‍ അച്ചടിച്ച, ഭംഗിയുള്ള ചിത്രങ്ങളുള്ള പുസ്തകങ്ങളാണ് അവരുടെ തുരുപ്പു ചീട്ട്. ഒപ്പം, ഓരോ പുസ്തകത്തിനും സ്‌കൂളുകാര്‍ക്ക് നല്‍കുന്ന കമീഷന്‍ തുകയുടെ വിവരങ്ങളും. 

പ്രസാധകരെ പോലെ തന്നെ സ്‌കൂളുകള്‍ക്കും ഇത് കച്ചവട സാധ്യതയുടെ മികച്ച അവസരമാണ്. വിദ്യാഭ്യാസക്കച്ചവടത്തിലെ ഉശിരന്‍ ഇനമാണ് പുസ്തകക്കച്ചവടവും. തങ്ങള്‍ക്ക് കൂടുതല്‍ കമീഷന്‍ നല്‍കുന്ന പ്രസാധകരില്‍നിന്നും അവര്‍ പുസ്തകങ്ങള്‍ വാങ്ങി കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. അതില്‍, പുസ്തകത്തിന്റെ ഉള്ളടക്കമോ നിലവാരമോ മാനദണ്ഡമാവുന്നേയില്ല. കാഴ്ചയ്ക്കുള്ള മേന്‍മയും കമീഷന്‍ തുകയുമാണ് ആകര്‍ഷണങ്ങള്‍. പഠിക്കുന്ന പുസ്തകങ്ങളുടെ നിലവാരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ ഒരു റോളുമില്ല. 

പ്രസാധകരെ പോലെ തന്നെ സ്‌കൂളുകള്‍ക്കും ഇത് കച്ചവട സാധ്യതയുടെ മികച്ച അവസരമാണ്. വിദ്യാഭ്യാസക്കച്ചവടത്തിലെ ഉശിരന്‍ ഇനമാണ് പുസ്തകക്കച്ചവടവും.

നിയമങ്ങള്‍ക്ക് പുല്ലുവില
സി ബി എസ് ഇ സ്‌കൂളുകളില്‍ എല്ലാ ക്ലാസുകളിലെയ്ക്കും എന്‍ സി ആര്‍ ടി (NCERT) പുസ്തകങ്ങള്‍ ഉപയോഗിക്കണം എന്നാണ് സിബിഎസ്ഇ നിര്‍ദേശം.  സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങളില്‍ നിന്ന് പഠിപ്പിക്കുന്നതും വില്‍പ്പന നടത്തുന്നതും ശിക്ഷാര്‍ഹമാണ് എന്നും സിബിഎസ്ഇ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, മറ്റനേകം നിയമങ്ങള്‍ പോലും ഇതിനും പുല്ലുവിലയാണ്. മിക്ക സ്‌കൂളുകളും ഈ നിയമത്തെ നിസ്സാരമായി കാറ്റില്‍ പറത്തുകയാണ്.

സ്‌കൂളിലേയ്ക്ക് സാമ്പിള്‍ പുസ്തക കെട്ടുമായി പ്രസാധകര്‍ അയക്കുന്ന ഏജന്റുമാരുടെ അവതരണം പലപ്പോഴും നമ്മെ അമ്പരപ്പിക്കുന്നതാണ്. പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ഒരാളും സംസാരിച്ചു കണ്ടിട്ടില്ല. ഉപയോഗിച്ച കടലാസിന്റെ മിനുസവും നിലവാരവും, ചിത്രങ്ങളുടെ ഭംഗി, അച്ചടി എന്നിവ മാത്രമാണ് അവരുടെ സംസാരങ്ങളില്‍ നിറയുക. പിന്നെ, പുസ്തകവിലയുടെ (MRP) യുടെ എത്ര ശതമാനം സ്‌കൂളിനു കമീഷനായി ലഭിക്കും എന്നും അവര്‍ കൃത്യമായി ബോധ്യപ്പെടുത്തും. ഉള്ളടക്കത്തിന്റെ കാര്യങ്ങള്‍ ഇവിടെ വിഷയമേയല്ല. 

പല പുസ്തകങ്ങളിലും തെറ്റായ വിവരങ്ങളും ചിലപ്പോള്‍ അപൂര്‍ണ്ണങ്ങളായ വിവരങ്ങളും സമൃദ്ധമാണ്. രചയിതാവിന്റെ പേര് പുസ്തകങ്ങളില്‍  ഉണ്ടാകുമെങ്കിലും അതിന്റെ സത്യാവസ്ഥയോ അവരുടെ അക്കാദമിക് നിലവാരമോ അറിയാനോ വിലയിരുത്താനോ നിലവില്‍ സംവിധാനം ഇല്ല. പല പുസ്തകങ്ങളും ഒരിക്കല്‍ പോലും ഉപയോഗിക്കാത്തവയാണ്. ചിലത് അവധി കാലത്ത് ഹോം വര്‍ക്ക് ചെയ്യാന്‍ മാത്രമുള്ളതും. 

പല പുസ്തകങ്ങളിലും തെറ്റായ വിവരങ്ങളും ചിലപ്പോള്‍ അപൂര്‍ണ്ണങ്ങളായ വിവരങ്ങളും സമൃദ്ധമാണ്.

കച്ചവടം, കച്ചവടം!
കുറഞ്ഞത് ഒന്നിടവിട്ട വര്‍ഷങ്ങളില്‍ എങ്കിലും പുതിയ പ്രസാധകരെ തെരഞ്ഞെടുക്കാന്‍ സ്‌കൂളുകള്‍ ശ്രദ്ധിക്കാറുണ്ട്. കുട്ടികള്‍ പഴയ പുസ്തകങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതുവഴി സ്‌കൂളുകള്‍ക്ക് ഉണ്ടാകുന്ന നഷ്ടം തടയുക എന്നതാണ് ഇതിനുപിന്നിലുള്ള ഗുട്ടന്‍സ്. 
വര്‍ഷം തോറും ഓരോ പുസ്തകത്തിനുംഭീമമായ രീതിയില്‍  വില വര്‍ദ്ധിക്കുന്നുണ്ട്. യുപിയില്‍, നിലവില്‍ ഒന്നാം ക്ലാസ്സിലേയ്ക്കുള്ള ഒരു സെറ്റ് പുസ്തകത്തിന് ഏകദേശം നാലായിരം രൂപയോളം വില വരുന്നുണ്ട്. 

പുസ്തകങ്ങളില്‍ തീരുന്നില്ല സ്‌കൂളുകളുടെ കച്ചവടം. പുസ്തകങ്ങള്‍ വില്‍ക്കുന്നത് പോലെ അവര്‍ സ്റ്റേഷനറി സാധനങ്ങളും വില്‍പ്പന നടത്തും. സി ബി എസ് ഇ നിര്‍ദേശപ്രകാരം ഇതും കുറ്റകരം ആണ്. എന്നാല്‍ പുസ്തകത്തോടൊപ്പം പെന്‍സില്‍, റബ്ബര്‍ തുടങ്ങി ഫെവികോളും പുസ്തകം പൊതിയുന്നതിനുള്ള പ്ലാസ്റ്റിക് ഷീറ്റും ജ്യോമെട്രി ബോക്‌സും വരെ അടങ്ങുന്ന ഒരു സ്റ്റേഷനറി സെറ്റും നോട്ട് ബുക്കുകളുടെ സെറ്റും ചേര്‍ത്ത് രക്ഷിതാക്കള്‍ക്ക് താങ്ങാന്‍ ആവാത്ത ഒരു ചുമടാണ് ഓരോ വര്‍ഷവും സ്‌കൂളുകള്‍ അവരുടെ ചുമലിലേയ്ക്ക് കൊടുക്കുന്നത്. 

പുസ്തകങ്ങളില്‍ തീരുന്നില്ല സ്‌കൂളുകളുടെ കച്ചവടം. പുസ്തകങ്ങള്‍ വില്‍ക്കുന്നത് പോലെ അവര്‍ സ്റ്റേഷനറി സാധനങ്ങളും വില്‍പ്പന നടത്തും.

ഒമ്പതിലെത്തിയാല്‍
ഇവയൊക്കെ ഒമ്പതാം തരം വരെയേ ഉള്ളൂ. ഒമ്പതു മുതല്‍ എന്‍ സി ആര്‍ ടി (NCRT-The National Council Of Educational Research And Training)  നിര്‍ദേശിക്കുന്ന പുസ്തകം ഉപയോഗിക്കുന്നു. എട്ടാം തരം വരെ പരീക്ഷയ്ക്കുള്ള ചോദ്യ കടലാസ്സ് തയാറാക്കുന്നതും സിലബസ് തീരുമാനിക്കുന്നതും  സ്‌കൂളിലെ അധ്യാപകരോ സ്‌കൂള്‍ മാനേജ്മന്റ് തീരുമാനിക്കുന്ന ആളുകളോ ആണ്. എന്നാല്‍ ഒന്‍പതാം തരം മുതല്‍ ബോര്‍ഡ് നിര്‍ദേശിക്കുന്ന സിലബസും ചോദ്യകടലാസും സ്‌കൂളുകള്‍ക്ക് പിന്തുടരേണ്ടി വരുന്നു. 

അംഗീകാരം ഉള്ള ഓരോ സ്‌കൂളിനും ബോര്‍ഡ് രണ്ടു സെറ്റ് അടങ്ങുന്ന ചോദ്യപേപ്പര്‍ നല്‍കും. അതില്‍ നിന്നും അനുയോജ്യം എന്ന് തോന്നുന്ന ഒരു സെറ്റ് ഉപയോഗിക്കുകയോ ആവശ്യമെങ്കില്‍ രണ്ടു സെറ്റും ഉപയോഗിക്കുകയോ ചെയ്യാം. ഈ ചോദ്യ പേപ്പര്‍ താരതമ്യേന നല്ല നിലവാരം പുലര്‍ത്തുന്നതും പൂര്‍ണ്ണമായും എന്‍ സി ആര്‍ ടി പുസ്തകങ്ങളെ ആശ്രയിച്ചുള്ളതും ആയിരിക്കും.ഈ പരീക്ഷകള്‍ക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കാന്‍ സ്വകാര്യ കമ്പനികളുടെ പുസ്തകങ്ങള്‍ മതിയാവില്ല. അതിനാല്‍ അവര്‍, ലാഭം മറന്ന്, അംഗീകൃത പുസ്തകങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതര്‍ ആകുന്നു. 

എന്നാലും, സി ബി എസ് ഇ നിര്‍ദേശിക്കുന്ന പുസ്തകങ്ങളോടൊപ്പം സ്വകാര്യ കമ്പനികളുടെ പുസ്തകങ്ങളും വാങ്ങാന്‍ മിക്ക സ്‌കൂളുകളും കുട്ടികളെ നിര്‍ബന്ധിക്കാറുണ്ട്. കൂടുതല്‍ അനായാസമായി പാഠഭാഗം മനസ്സിലാക്കാന്‍ ഉപകരിക്കും എന്ന് പറഞ്ഞാണ് ഈ വിദ്യ. സ്‌കൂളുകളെ പിണക്കാന്‍ വയ്യാത്ത കുട്ടികളും രക്ഷിതാക്കളും മറ്റ് പുസ്തകങ്ങള്‍ കൂടി വാങ്ങാന്‍ അങ്ങിനെ നിര്‍ബന്ധിതര്‍ ആവുന്നു. 

ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും ഇക്കാര്യത്തില്‍  നിലവില്‍ ഇല്ല. ഉള്ളവ തന്നെ പാലിക്കപ്പെടുന്നില്ല.

സ്‌കൂളുകളുടെ നിലവാര തകര്‍ച്ച 
എട്ടാം തരം വരെ ആര്‍ക്കും എവിടെയും സിബിഎസ്ഇ സ്‌കൂളുകള്‍ ആരംഭിക്കാം എന്നതാണ് നിലവിലെ സാഹചര്യം. സി ബി എസ് ഇ എന്ന ലേബലോടെ മുട്ടിന് മുട്ടിനു കൂണുകള്‍ പോലെ മുളയ്ക്കുന്ന സ്‌കൂളുകള്‍ പുതുമ അല്ലാതായിരിക്കുന്നു. ഇവിടങ്ങളില്‍, സ്‌കൂള്‍ മാനേജ്‌മെന്റിന് അനുയോജ്യം എന്ന് തോന്നുന്ന വിഷയങ്ങള്‍ , പാഠപുസ്തകങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുകയും സൗകര്യത്തിനും സംവിധാനത്തിനും അനുസരിച്ചുള്ള ഫീസ് ഏര്‍പ്പെടുത്തുകയും ചെയ്യാം. ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും ഇക്കാര്യത്തില്‍  നിലവില്‍ ഇല്ല. ഉള്ളവ തന്നെ പാലിക്കപ്പെടുന്നില്ല.

രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അലകുംപിടിയും രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കേണ്ട സി ബി എസ് ഇ പോലൊരു സംവിധാനം ഇത്ര അലംഭാവത്തോടെ കൈകാര്യം ചെയ്യുന്നത് എന്തു കൊണ്ടാണ്?  കുറഞ്ഞ പക്ഷം പാഠപുസ്തകങ്ങളുടെ കാര്യത്തില്‍ എങ്കിലും ശക്തമായ നടപടികള്‍ എടുക്കാന്‍ സര്‍ക്കാറുകള്‍ മടിക്കുന്നത് എന്തുകൊണ്ടാണ്? നമ്മുടെ കുട്ടികളെ ആര്‍ക്കും എന്തും പഠിപ്പിക്കാം എന്നത് അത്ര നിസ്സാര കാര്യമാണോ? 

സ്‌കൂളുകളെയും വിദ്യാഭ്യാസ രീതികളെയും നിയന്ത്രിക്കാനും എകീകൃതമായ സംവിധാനത്തിലൂടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും ഉള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തിരമായി ഉണ്ടാകേണ്ടതുണ്ട്. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം കൊടുക്കുവാന്‍ ആഗ്രഹിച്ചെത്തുന്ന രക്ഷിതാക്കളോട് നീതി പുലര്‍ത്താന്‍ ഉള്ള ഉത്തരവാദിത്വം സ്‌കൂളുകള്‍ക്കു മാത്രമല്ല, സര്‍ക്കാരിനും ഉണ്ട്. പ്രാദേശിക വിദ്യാഭ്യാസത്തെ ആശ്രയിക്കുക എന്ന നിരുത്തരവാദപരമായ മറുപടിയല്ല, ശാശ്വതമായ ഒരു പരിഹാരം ആണ് ഉണ്ടാവേണ്ടത്.


ഇത്ര കൂടി:  സി ബി എസ് ഇ സ്‌കൂളുകളിലെ പോലെ ദയനീയമായ അവസ്ഥ ആണ് മിക്ക ഐ സി എസ് ഇ സ്‌കൂളുകളിലും. ഐ സി എസ് ഇ സ്‌കൂളുകളില്‍  സ്‌കൂള്‍ ഫീസ് സി ബി എസ് ഇ സ്‌കൂളുകളിലെ അപേക്ഷിച്ച് ഇരട്ടിയോളം ആണ് എന്നതും വസ്തുതയാണ്.
 

Follow Us:
Download App:
  • android
  • ios