കൂടെ ജോലി ചെയ്യുന്ന ആ അധ്യാപിക അത്ഭുതത്തോടെ എന്റെ വളയില്ലാത്ത കൈ പിടിച്ചു. 'ഇതെന്താ നീ കൈയ്യില്‍ വളയിടാത്തത്' എന്ന് സ്‌നേഹം കലര്‍ത്തിയ ദേഷ്യത്തോടെ അവര്‍ ചോദിക്കുമ്പോള്‍, തുടര്‍ന്ന് അവര്‍ പറയാന്‍ സാധ്യതയുള്ള ഉപദേശങ്ങള്‍ക്ക് വേണ്ടി ഞാന്‍ ക്ഷമയോടെ തയ്യാറെടുത്തു.

'ഭാര്യയുടെ കൈയ്യില്‍ വള ഇല്ലെങ്കില്‍ അത് ഭര്‍ത്താവിന്റെ ആയുസ്സിനെ ബാധിക്കും. നിനക്ക് ചിലപ്പോള്‍ വിശ്വാസം കാണില്ല. എങ്കിലും പണ്ട് മുതലേ ആളുകള്‍ പറഞ്ഞു വരുമ്പോള്‍ അതില്‍ സത്യം ഉണ്ടാവും എന്ന് നീ മനസ്സിലാക്ക്' 

.ഇത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ സ്ഥിരമായി ഉപയോഗിക്കാറുള്ള ആയുധം, 'കേരളത്തില്‍ അങ്ങിനെ ഒരു രീതി ഇല്ല' എന്ന സ്ഥിരം മറുപടി ആണ്. അത് തന്നെ അവരോടും പറഞ്ഞു. 

'അത് ശരി, എന്നാലും നീ നോക്ക് നിന്റെ ഒഴിഞ്ഞ കൈ എന്തൊരു അഭംഗി ആണെന്ന്, ഒരു വള ഇട്ടാല്‍ എന്ത് നഷ്ടം വരാന്‍ ആണ്' എന്ന് പറഞ്ഞുകൊണ്ട് അവര്‍ എന്റെ തര്‍ക്കിക്കാന്‍ ഉള്ള സാധ്യതയെ മുന്‍കൂറായി തോല്‍പ്പിക്കാന്‍ നോക്കി.

പിന്നീട് അവര്‍ വിധവ ആകുന്ന ഉത്തരേന്ത്യന്‍ ഹിന്ദു സ്ത്രീകളെ കുറിച്ചും അവര്‍ ആചാരങ്ങളുടെ പേരില്‍ അനുഭവിക്കേണ്ടിവരുന്ന അസഹ്യമായ മാനസിക പീഡനങ്ങളെ കുറിച്ചും 'അഭിമാനത്തോടെ' എന്ന മട്ടില്‍ വിവരിച്ചു.

ഒരു വള ഇട്ടാല്‍ എന്ത് നഷ്ടം വരാന്‍ ആണ്'

ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയുടെ കൈയില്‍ നിറയെ കുപ്പി വളകള്‍ ഇടുവിച്ചു പൊട്ടിച്ചു കളയുന്നതും നെറ്റിയിലെ കുങ്കുമം മായിച്ചു കളയുന്നതും നിറം മങ്ങിയ സാരി അവളെ ഉടുപ്പിക്കുന്നതും അവര്‍ വിവരിച്ചപ്പോള്‍ എനിക്ക് തമിഴ് നാട്ടില്‍ കാണാറുള്ള മരണാനന്തര ചടങ്ങുകള്‍ ഓര്‍മ്മവന്നു. ഭര്‍ത്താവിനൊപ്പം പൊട്ടും വളകളും അലങ്കാരങ്ങളും കൂടി നഷ്ടപ്പെട്ടിരിക്കുന്ന അവള്‍ക്ക് സഹോദരന്‍ (സ്‌നേഹമുള്ളവന്‍ ആണെങ്കില്‍ എന്ന് അവര്‍ എടുത്തു പറഞ്ഞു) കൈയ്യില്‍ സ്വര്‍ണ വളയും നെറ്റിയില്‍ ചെറിയൊരു പൊട്ടും വച്ചു കൊടുത്താല്‍ തുടര്‍ ജീവിതത്തില്‍ അത്രയും അലങ്കാരങ്ങള്‍ തുടരാം.

'ഇന്നത്തെ കാലത്ത് അഹങ്കാരം പിടിച്ച പെണ്ണുങ്ങള്‍ പലരും ഇതൊന്നും നോക്കില്ല, ഇഷ്ടമുള്ളപോലെ അഴിഞ്ഞാടി നടക്കും' എന്ന് പറഞ്ഞ് അവര്‍ പുതിയ വിശകലനത്തിലേയ്ക്ക് കടന്നപ്പോള്‍ അസ്വസ്ഥതയോടെ ഞാന്‍ തിരിച്ചു നടന്നു. 

അവര്‍ പറഞ്ഞ, വിധവയെ നാട്ടുകാര്‍ കാണ്‍കെ വെള്ളമൊഴിച്ച് 'ശുദ്ധി' ആക്കുന്ന ഇവിടെ അടുത്തെവിടെയോ ഉള്ള പാര്‍ക്കിനെ കുറിച്ച് ഓര്‍ത്ത് നടക്കുമ്പോള്‍ കഴിഞ്ഞ ദിവസം ഉണ്ടായ മറ്റൊരു സംഭവം മനസ്സിലേയ്ക്ക് വന്നു.

അവര്‍ ഉച്ചത്തില്‍ സംസാരിക്കാറില്ല.

തട്ടം
സ്‌റ്റെപ്പ് കയറി മുകളിലെ വീട്ടിലേയ്ക്ക് പോകുകയായിരുന്ന എന്റെ അയല്‍ക്കാരി സാരിത്തുമ്പ് പെട്ടന്ന് തലയിലേയ്ക്ക് വലിച്ചിടുന്നത് കണ്ടപ്പോള്‍ ഇവള്‍ക്ക് എന്ത് പറ്റി എന്നോര്‍ത്ത് നിന്ന എന്നെ നോക്കി അവള്‍ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു, 'എന്തോ ആലോചിച്ചു വന്ന ഞാന്‍ പെട്ടന്ന് ഗ്രാമത്തിലെ എന്റെ വീട്ടില്‍ ആണെന്ന് ഓര്‍ത്തു പോയി. മുകളിലേയ്ക്ക് ചെല്ലുമ്പോള്‍ ഭര്‍ത്താവിന്റെ അച്ഛനും ചേട്ടനും ഉണ്ടാവും.അവരുടെ മുന്‍പില്‍ തലയില്‍ തുണി ഇടാതെ ചെല്ലാന്‍ ആവില്ല.' 

തലയില്‍ തുണി ഇടാത്ത മരുമകള്‍ നിഷേധിയും കുടുംബത്തിനു ചീത്തപ്പേര് ഉണ്ടാക്കുന്നവളും ആണ് ഇവിടെ. ഉള്‍ഗ്രാമങ്ങളിലേക്ക് ചെന്നാല്‍ മുഖം പൂര്‍ണ്ണമായും മറയ്ക്കും വിധം അവര്‍ സാരി തലയില്‍ മൂടിയിരിക്കും, സാരിയുടെ മറവിലൂടെ കാണുന്ന വഴിയെ നടന്നു പോകുന്ന തലകുനിച്ച രൂപങ്ങള്‍ ധാരാളമായി ഇവിടെ ജീവിക്കുന്നു. അവര്‍ ഉച്ചത്തില്‍ സംസാരിക്കാറില്ല. വീതിയേറിയ പാദസരം അവരുടെ ഭര്‍ത്താവ് ആഹാരം കഴിക്കുമ്പോള്‍ എക്കിള്‍ വരാതെയും, നാല് വിരലിലും തിങ്ങി നിറഞ്ഞു കിടക്കുന്ന കാല്‍ വിരല്‍ മോതിരം അദ്ദേഹത്തിന്റെ ആയുസ്സിനെയും സംരക്ഷിക്കുന്നു.

തലയില്‍ തുണി ഇടാത്ത മരുമകള്‍ നിഷേധിയും കുടുംബത്തിനു ചീത്തപ്പേര് ഉണ്ടാക്കുന്നവളും ആണ് ഇവിടെ.

കറുവ ചൗത്
വര്‍ഷത്തില്‍ ഒരിക്കല്‍ 'കറുവ ചൗത്' എന്ന ആഘോഷ ദിവസം അവര്‍ ഭര്‍ത്താവിനു വേണ്ടി ഒരു പകല്‍ മുഴുവന്‍ ജലപാനം ഇല്ലാതെ നൊയമ്പെടുക്കുന്നു. രാത്രി ചന്ദ്രന്‍ ഉദിച്ചു വരുന്നതിനെ അരിപ്പയില്‍ കൂടി നോക്കി ഭര്‍തൃ പൂജയും ചെയ്ത് ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്നും വെള്ളം വാങ്ങി കുടിച്ച് ആ ദിവസത്തെ തലവേദനയും തളര്‍ച്ചയും കൊണ്ട് അവര്‍ ഉത്തമ ഭാര്യമാര്‍ എന്ന് സ്വയം അലങ്കരിക്കുന്നു. 

അരിപ്പയിലെ അനേകം ദ്വാരങ്ങളിലൂടെ ചന്ദ്രനെ കാണാന്‍ വിശപ്പ് സഹിച്ചു കാത്തിരിക്കുന്ന പലരും പറയുന്നത് 'നിവൃത്തി ഇല്ലാത്തതു കൊണ്ടാണ്, ചെയ്തില്ല എങ്കില്‍ വീട്ടുകാരും ഭര്‍ത്താവും സമ്മതിക്കില്ല' എന്നാണ്.

തല മറയ്ക്കല്‍ പോലുള്ള രീതികളില്‍ നിന്നും മറ്റും അഭ്യസ്തവിദ്യരായ ആളുകള്‍ മാറി ചിന്തിച്ചു തുടങ്ങുമ്പോഴും ഈ കറുവാചൌത് പട്ടിണി ഇരിപ്പും അന്ധവിശ്വാസങ്ങളും എത്ര കാലം കൊണ്ടാവും തുടച്ചു മാറ്റാന്‍ കഴിയുക?

അവര്‍ 'ഉത്തമ ഭാര്യമാര്‍' എന്ന് സ്വയം അലങ്കരിക്കുന്നു. 

പെണ്‍വിദ്യാഭ്യാസം
പെണ്‍കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നത് തന്നെ അനാവശ്യം ആണ് എന്ന് വിശ്വസിക്കുന്ന മറ്റൊരു മത വിഭാഗം ഇവരില്‍ നിന്ന് പോലും കാതങ്ങളോളം അകലെയാണ്. ചെറിയ പെണ്‍കുട്ടികള്‍ക്ക് മാത്രമേ വിവാഹത്തിന് യോഗ്യതയുള്ളൂ എന്ന് വിശ്വസിക്കുന്ന ഇവര്‍ പതിനാറും പതിനേഴും വയസ്സില്‍ അവരെ വിവാഹം കഴിപ്പിക്കുന്നു. സ്വന്തം നിര്‍ബന്ധത്താല്‍ പഠനം തുടരുന്നവര്‍ പിന്നീട് വരനെ കിട്ടാതെ നാല്‍പ്പതും അമ്പതും വയസ്സുള്ളവരെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതര്‍ ആവുന്നു.

തീരെ അതിശയോക്തിയില്ലാത്ത ഈ യാഥാര്‍ത്ഥ്യങ്ങള്‍ നിരന്തരം എന്നവണ്ണം കണ്‍ മുമ്പില്‍ തെളിയുമ്പോള്‍ എനിക്ക് പലപ്പോഴും കേരളത്തെയും അവിടുത്തെ സ്ത്രീ ജീവിതങ്ങളെയും ഓര്‍ത്തു അഭിമാനവും സമാധാനവും തോന്നുന്നു.