Asianet News MalayalamAsianet News Malayalam

കേരളം നഗ്‌നതയെ ഭയന്നു തുടങ്ങിയത്  എന്നുമുതലാണ്?

Nudity and kerala society
Author
Thiruvananthapuram, First Published Jul 23, 2016, 9:59 AM IST
  • Facebook
  • Twitter
  • Whatsapp

Nudity and kerala society

കൃഷ്ണപുരം കൊട്ടാരത്തിലൊരു കക്കൂസുണ്ട്. രണ്ടാമത്തെ നിലയില്‍ ഒരു ആഡംബരവുമില്ലാത്ത പരുക്കന്‍ സ്ലാബിലുള്ള ഒരു ഇന്ത്യന്‍ ക്ലോസെറ്റ്. അതു കണ്ടപ്പോഴോര്‍ത്തത് കൊട്ടാരത്തില്‍ കക്കൂസ് പണിത കാലത്ത് കേരളത്തിലെത്ര കക്കൂസുകളുണ്ടാവുമെന്നാണ്. ഒരു പക്ഷെ അംഗുലീപരിമിതം അതല്ലെങ്കില്‍ യൂറോപ്യന്‍ അവശിഷ്ടങ്ങളുമായി കുറച്ചു കൂടി അധികം. പക്ഷെ പൊതു ജനത്തിനുപയോഗിക്കാന്‍ പറ്റുന്ന വിധം ഒന്നു പോലുമില്ലാതെ. പൊതുസ്ഥലം പൊതുജനത്തിനു, അവരിലെ ബഹുഭൂരിപക്ഷത്തിനു അപ്രാപ്യമായതു കൊണ്ടു തന്നെ, പൊതു ശൗചാലയങ്ങള്‍ ആവശ്യമില്ലായിരുന്നു. റെയില്‍വേ സ്റ്റേഷനുകളിലുണ്ടായിരുന്നിരിക്കണം. അന്നുമിന്നും യുറോപ്യന്‍ ശീലായ്മകള്‍ പിന്തുടരുന്നതു കൊണ്ടു കൂടിയാവണം. അതുമാത്രമല്ലാതെ ജനത്തിനു യാത്ര വശമില്ലായിരുന്നു. ആവശ്യവും.

അപ്പോ പിന്നെ ജനം അന്തക്കാലത്തെന്തു ചെയ്‌തെന്നു ചോദിച്ചാല്‍, ഇന്നു ചെയ്യുന്നതൊക്കെ തന്നെയാണ് അന്നും ചെയ്തത്. ഒരു മുപ്പത്തി അഞ്ചു വര്ഷം നാല്പത് വര്ഷം മുന്പു വരെ കേരളത്തിലെ നഗരങ്ങളിലല്ലാതെ നാട്ടിന്പുറങ്ങളില്‍ കക്കൂസില്ലായിരുന്നു. കുളിമുറിയും. നല്ല സ്ഥിതിയുള്ളവരാണെങ്കില് കിണറിനോടു ചേര്‍ന്ന് കുളിക്കാനൊരു ഏച്ചുകെട്ട്. അല്ലെങ്കില് പുഴയിലേക്കോ കുളത്തിലോട്ടോ തുറക്കുന്ന ഒരു മറപ്പുര. രണ്ടാമനെ സാധിക്കാന് പൊന്തകളും തുറസ്സുകളും. നഗരങ്ങളില് കക്കൂസുകളും. പിന്നെ വല്ലവന്റെയും മലം ചുമക്കാന് വിധിക്കപ്പെട്ട മുന്‌സിപ്പാലിറ്റി തോട്ടികളെന്ന വര്‍ഗ്ഗവും. തോട്ടിയുടെ മകനെന്ന കേശവദേവ് കൃതി. ക്ഷോഭകാലം, പുരോഗമന താളം. വായിച്ചു നോക്കണം. ചാനല്‍കാലത്തെ അപ്രസക്തമാക്കി വന്ന ന്യൂമീഡിയകാലത്ത് തരക്കേടില്ലാത്ത വിധം ഫ്രീയായി ഞെട്ടാം. കക്കൂസിനു ബ്ലോഗിലെന്തു കാര്യം.

Nudity and kerala society

പിന്നെപ്പഴാണ് നമ്മള് ഷര്‍ട്ടിടാനും 
സാരിയുടുക്കാനുമൊക്കെ തുടങ്ങിയത്? 

കാര്യമുണ്ട്. വസ്ത്രധാരണവും ലൈംഗിക പ്രകോപനങ്ങളും അന്തരീഷത്തിലുണ്ട്. ഇതൊക്കെ പാരമ്പര്യത്തിനു നിരക്കുന്നതാണോ, നമ്മള്‍ കേരളീയര്‍ക്ക് ഒരു വസ്ത്രധാരണ രീതിയൊക്കെയില്ലേ എന്നു മൂക്കേല്‍ വിരല്‍ വെക്കുമ്പോള്‍ ചിലതു ചൂണ്ടിക്കാണിക്കണമെങ്കില്‍ കക്കൂസും വേണം. അതിലേക്കു തിരിച്ചു വരുന്നതിനു മുന്‍പ് കേരളത്തെക്കുറിച്ചു ലഭിച്ചിരിക്കുന്ന പഴയ ഫോട്ടോകളില്‍, (കൂടോത്രം ചെയ്തു കളയുമെന്നും പറഞ്ഞ് ജനം ഫോട്ടോയ്ക്കു പോസു ചെയ്യാന്‍ മടികാണിക്കുമായിരുന്നു) ആണും പെണ്ണും മാറു മറച്ചിട്ടില്ല. അത്യപൂര്‍വ്വം ഭരണാധികാരികളൊഴിച്ച്. അപ്പോ പിന്നെ വേഷം എന്ത്? ആണാണെങ്കിലും പെണ്ണാണെങ്കിലും ജാതി മതഭേദമന്യേ ഒരൊറ്റ മുണ്ടും തോര്‍ത്തുമാണ് പുറത്തു കാണുന്നത്. കുലപദവിമേന്മകള്‍ക്കനുസരിച്ച് മുണ്ടിന്റെ ഗുണം മാറും എണ്ണം മാറും തോര്‍ത്തിന്റെയും. അല്ലെങ്കിലും ഒരു മുണ്ടു കൊണ്ടു നാണം മറയ്ക്കാനും ഒരു തോര്‍ത്തുവെച്ചു നെ!ഞ്ചു മറയ്ക്കാനോ തലേ കെട്ടാനോ ഉള്ള കാലാവസ്ഥയാണ് കേരളത്തില്‍. മുണ്ടു വേണേ മടക്കിക്കുത്താം, ചൂടു സഹിക്കാന്‍ വയ്യേല്‍ അഴിച്ചു വിരിക്കാം. തോര്‍ത്ത് വെച്ച് വീശാം. പുതയ്ക്കാം. പണ്ടു പുരാതനകാലം മുതല്‍ ജനം മാറു മറയ്ക്കാതിരുന്നത് കാലാവസ്ഥ കാരണം കൂടെയായിരുന്നു. അധികാരവുമായി ബന്ധപ്പെടുത്തി നഗ്‌നതയ്ക്കു മൂല്യച്യുതി സംഭവിക്കുന്നതു വരെയെങ്കിലും. അതോടെ നഗ്‌നത ജാതീയമായി. നഗ്‌നത മറയ്ക്കല്‍ അധികാരവുമായി ബന്ധപ്പെട്ടതായി.

പിന്നെപ്പഴാണ് നമ്മള് ഷര്‍ട്ടിടാനും സാരിയുടുക്കാനുമൊക്കെ തുടങ്ങിയത്? ഷര്‍ട്ട്, പാന്റ്, ബ്ലൗസ് തുടങ്ങിയ വിദേശ അനുകരണങ്ങളില്‍ നഗ്‌നത സദാചാരവിരുദ്ധമായിത്തുടങ്ങിയത്. ഒരു പക്ഷെ ഒരു ജൂത സങ്കല്പം. അല്ലെങ്കില്‍ മുസ്ലീം വ്യാപാരികള്‍ വഴി എത്തിച്ചേര്‍ന്നത്. ജൂതന്‍മാരു വന്നപ്പഴേ അവരുടെ നാട്ടിലെ വസ്ത്ര ധാരണരീതിയുമായാണ് വന്നത്. ഇവിടെ വന്നപ്പോള്‍ ലോക്കലൈസേഷന്‍ സംഭവിച്ചെങ്കിലും. ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും മേല്‍ക്കുപ്പായം എന്ന പുതുമ അവര്‍ക്കുണ്ടായിരുന്നു. കഴുത്തില്ലാത്ത മുട്ടിനു താഴെ വരെ നീളമില്ലാതെ അരയിലവസാനിക്കുന്ന ചെറിയ അറബിക്കുപ്പായം. സാമൂതിരിയുടെ സദസ്സിന്റെ പോര്‍ച്ചുഗീസ് ചിത്രത്തില്‍ രാജാവ് ഒറ്റമുണ്ടാണുടുത്തിരിക്കുന്നത്. ശിഷ്ടം മറ്റൊരു പെയിന്റിങ്ങില്‍ ആനപ്പുറത്തിരിക്കുന്ന ഒരു രാജാവിനു പട്ടു കോണകവും. ആദ്യം യൂറോപ്യന്‍മാരു വന്നു. പിന്നെ മതപരിവര്‍ത്തനം വന്നു. നാട്ടുകാരും വിദേശികളും തമ്മില്‍ ബന്ധവും ബാന്ധവവും വന്നു. ചട്ടക്കാരെന്ന സംജ്ഞ തന്നെ വസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള വേര്‍തിരിവാണ്. വിദേശികളോടൊപ്പമുള്ള ബന്ധങ്ങളിലൂടെയും തൊഴിലിലൂടെയും അനുകരണങ്ങള്‍ വന്നു. കൂലിപ്പട്ടാളക്കാര്‍ക്കും റെയില്‍വേ തൊഴിലാളികള്‍ക്കും വിദേശ യൂണിഫോമുകള്‍ വന്നു. പലതരം അനുകരണങ്ങളിലൂടെ കുറെയാളുകള്‍ മേല്‍ക്കുപ്പായമണിഞ്ഞു തുടങ്ങി. വസ്ത്രം എന്ന സങ്കല്‍പം ഒറ്റമുണ്ടിനും തോര്‍ത്തിനും മുകളിലേക്കു വളര്‍ന്നു. ഷര്‍ട്ടും കാല്‍ശരായിയും വന്നു. പാന്റും സ്യൂട്ടും ഓവര്‍കോട്ടും വന്നു. സ്ലീവ് ലെസ്സും ലോ നെക്കും ഹൈ നെക്കും വന്നു. ഒരു പക്ഷെ കാലാവസ്ഥയ്ക്കനുയോജ്യമല്ലാതെ!

ഒരു മൂന്നു നാലു തലമുറ മുന്‍പു വരെ ആണും പെണ്ണും മേല്‍ക്കുപ്പായം ധരിക്കാറില്ലാത്ത കേരളമാണ്. മുതലാളിയായാലും എരപ്പാളിയായാലും. മുണ്ടില്‍ നിന്നും പുരുഷന്‍ പാന്റിലേക്കും മേല്‍ക്കുപ്പായത്തിലേക്കും മാറി. സ്ത്രീകള്‍ സാരിയുടുത്തു തുടങ്ങിയിട്ടൊരു രണ്ടു തലമുറ കഷ്ടിച്ചായിക്കാണും. ഓരോ കാലത്തേയും വസ്ത്രങ്ങളെടുത്തു നോക്കിയാല്‍, ആദ്യം മുണ്ടായിരുന്നു. ആണിനും പെണ്ണിനും അരയ്ക്കു മുകളിലേക്ക് നഗ്‌നതയും. അന്നത്തെക്കാലത്ത്, കുറച്ചു ദശകങ്ങള്‍ മുന്‍പ് വരെയും ജനം തോട്ടിലും കുളത്തിലും കുളവക്കിലുമൊക്കെയാണ് കുളിച്ചു കൊണ്ടിരുന്നത്. നഗ്‌നത സ്വകാര്യ ഇടങ്ങളില്ലാത്തതു കൊണ്ടു തന്നെ പൊതു ഇടങ്ങളിലനാശാസ്യമല്ലായിരുന്നു. കുളി പാപമെന്നു ജനം കരുതിയിരുന്നുമില്ല. കരുതിയാലും കുളിക്കാനും വെളിക്കിറങ്ങാനും പൊതുസ്ഥലങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു. മറ്റു വഴികളില്ലായിരുന്നു.

Nudity and kerala society

സാരിയും സ്വാതന്ത്ര്യസമരവും
പിന്നെ ദേശീയത എന്ന വികാരം വന്നു. കേരളീയമല്ലാത്ത സാരി വന്നു. സാരി ഇന്ത്യന്‍ ദേശീയതയുടെ, സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കേരളത്തിലേക്ക് പടര്‍ന്ന ഒന്നാണ്. ദേശീയത വന്നതോടെ മുണ്ടു നെയ്തു കൊണ്ടിരുന്നവര്‍!, അതു വരെ പരമാവധി നേര്യത് വരെ നെയ്തിരുന്നവര്‍ സാരിയിലേക്കും കയറി. ശ്രമകരവും കഠിനവുമായ ഒരദ്ധ്വാനത്തിലൂടെ, രണ്ടും മൂന്നും ലെയറിനു മുകളില്‍ വസ്ത്രമുറപ്പിച്ചു വെക്കുന്ന കഷ്ടപ്പാട്. കഷ്ടപ്പാട് മാത്രമല്ല സമയനഷ്ടം. ദിവസം ഓരോ തവണ വെച്ച് സാരിയുടുക്കുകയും അഴിക്കുകയും ചെയ്യുന്നവരുടെ ജീവിതത്തില്‍ ആകെ ആ അദ്ധ്വാനത്തിനു വേണ്ടി ചിലവഴിച്ചേക്കാവുന്ന സമയത്തിന്റെ ആകത്തുക? എന്നാലും കാറ്റത്തു വസ്ത്രം സ്ഥാനം മാറുന്നുണ്ടോ, നെഞ്ചു കാണുന്നുണ്ടോ വയറു കാണുന്നുണ്ടോ, പുറം കാണുന്നുണ്ടോ തുടങ്ങിയ വേവലാതികള്‍. നല്ല പോലെ മിനക്കെട്ടുടുക്കുന്നവര്‍ക്ക് ഏറ്റവും മനോഹരമായ ഒന്ന്. ഏറ്റവും യാഥാസ്ഥിതികമായും ഏറ്റവും പ്രകോപനപരമായും ഉടുക്കാവുന്നതും. അക്രമകാരികള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ കീഴ്‌പെടുത്താവുന്ന ഒരു വസ്ത്രം. ഒറ്റമുണ്ടു പറിച്ചെടുക്കുന്നതിന്റത്രയുമില്ലെങ്കിലും!

പിന്നെ ചുരിദാര്‍ വന്നു. ആദ്യമൊക്കെ ജനം ചാക്കു വെട്ടിത്തയ്ചിട്ടു നടക്കുന്നുവെന്നു പുശ്ചം നിറച്ചെങ്കിലും കൊടുങ്കാറ്റു പോലെ കേരളത്തെ കീഴടക്കി. സാരിയേക്കാളും സുരക്ഷിതം. മറയ്ക്കുന്നതും ഒളിക്കുന്നതും പിന്നെ ഉപയോഗിക്കാനുള്ള എളുപ്പവുമൊക്കെയായി. പതിയെ ദേശീയ വസ്ത്രമായി. കെട്ടുകളും കൂട്ടിക്കെട്ടുകളുമൊക്കെയായി സുരക്ഷിതം. അടരുകളു!ടെ എണ്ണത്തിലെ കുറവും. ചാനല്‍കാലം വന്നതോടെ ന്യൂ ജനറേഷന്‍ വന്നു. നിക്കറുകളും ബര്‍മുഡകളും വന്നു. ശൈത്യരാജ്യങ്ങളിലെ വാമറുകളും മൂടിപ്പൊതിയലുകളും മിതശീതോഷ്ണ കാലാവസ്ഥയിലിട്ടു ജനം ഉരുകിയൊലിക്കാന്‍ തുടങ്ങി. ജീന്‍സുകളും ജീന്‍സില്‍ പാച്ചുകളും വന്നു. പല ഗുണം. തിരിച്ചഞ്ച്, മറിച്ചഞ്ച്, കുടഞ്ഞഞ്ച്, കുടയാതെ അഞ്ച് എന്ന മുണ്ടഡ്വാന്റേജിനെ വെല്ലുവിളിച്ച് മാസങ്ങള്‍ വെള്ളം കാണാത്ത ജീന്‍സുകള് സാധാരണമായി. ഉള്ളിത്തൊലി പോലത്തെ സാരിയോ ചുരിദാറോ നല്‍കുന്നതിനേക്കാള്‍ സംരക്ഷണം ഡെനിം നല്‍കുന്നുണ്ട്. ഒറ്റവലിക്കൂരാനോ വലിച്ചു പൊട്ടിക്കാനോ പറ്റാത്ത ദൃഢതയും. പിന്നെ ജീന്‍സിനെന്തു കുഴപ്പം?

Nudity and kerala society

കേരളത്തിലെ സ്ത്രീകള്‍ ജീന്‍സിട്ടാല്‍ സംഭവിക്കുന്നതെന്ത്?
ആ കുഴപ്പത്തിലാണ് നമ്മള്‍ കക്കൂസിലേക്കു തിരിച്ചു വരുന്നത്. നഗ്‌നത വീടകങ്ങളിലേക്കു ചുരുങ്ങിത്തുടങ്ങുന്നതിലേക്കും. നൂറ്റാണ്ടുകളോളം മാറു മറയ്ക്കാത്ത ഒരു ചരിത്രമുള്ള സമൂഹം. ഒന്നോ രണ്ടോ മൂന്നോ ദശകങ്ങള്‍ മുന്‍പു വരെ സ്വന്തമായി കക്കൂസും കുളിമുറിയുമില്ലാത്ത ബഹുഭൂരിഭാഗം. കിണറ്റിന്‍കരയിലും കുളക്കടവിലും പുഴക്കടവിലും അനിവാര്യമായ നഗ്‌നതകള്‍. മുണ്ടിലും സാരിയിലും മഴയത്തും കാറ്റത്തും തെളിയുന്ന നഗ്‌നതകള്‍. കാലവസ്ഥ ആവശ്യപ്പെടുന്ന നഗ്‌നത. ഉഷ്ണമേറുമ്പോള്‍ ബ്ലൗസിലും മുണ്ടിനുമകത്തെ ശരീരത്തെ തോര്‍ത്തുകൊണ്ട് വീശിത്തണുപ്പിക്കുന്ന കാലാവസ്ഥയും സൗകര്യങ്ങളും. അവിടെ നിന്നും രണ്ടായിരത്തി പതിനാലിലേക്കേറെ ദൂരമുണ്ട്. എല്ലാവര്‍ക്കും സ്വന്തം കുളിമുറിയും കക്കൂസുമായി. കീടനാശിനിയും വളവും മാലിന്യവും നിറഞ്ഞ് കുളങ്ങളും പുഴകളും കായലുകളും കുളിക്കാന്‍ കൊള്ളാതായി. പ്രാഥമിക കൃത്യങ്ങള്‍ക്കു വേണ്ടിയുള്ള പൊതുസ്ഥലത്തെ ഒഴിവാക്കാന്‍ പറ്റാത്ത നഗ്‌നതാ പ്രദര്‍ശനം ഇല്ലാതായി. അത്തരം നഗ്‌നതാ പ്രദര്‍ശനങ്ങളിലൊരംശം പോലും ആരോപിക്കാനില്ലാത്ത ജീന്‍സിനെന്താണ് പ്രശ്‌നം? വീടകങ്ങളില്‍ കക്കൂസ് കുളിമുറികളും വിയര്‍പ്പാറ്റാന്‍ ഫാനും തണുപ്പിക്കാന്‍ ഫ്രിഡ്ജും വന്നതോടെ ഭാഗിക നഗ്‌നതയുടെ അനിവാര്യസ്വഭാവം മാറിയതോടെ സഹിഷ്ണതയുടെ അളവുകളിലേറ്റക്കുറച്ചിലുണ്ടായോ? രാജാക്കന്മാരു പോലും മേല്‍വസ്ത്രമില്ലാതെ ജീവിച്ചിരുന്ന ഒരു സമൂഹം ജീന്‍സിലേക്കു നോക്കി ഞെട്ടുന്നു. ആ ഞെട്ടലിനു ഒരു ന്യായീകരണവുമില്ല.

കേരളത്തിലെ സ്ത്രീകള്‍ ജീന്‍സിട്ടാല്‍ സംഭവിക്കുന്നതെന്ത്? ഇടവപ്പാതി മഴയത്ത് മറ്റേതു വസ്ത്രവും പോലെ നനഞ്ഞു കുതിരുമെന്നല്ലാതെ പ്രത്യേകിച്ചൊന്നുമില്ലെന്നു തോന്നുന്നു. നാലക്കം കടക്കുന്ന സാരി ചുഡിദാറുകളെ അപേക്ഷിച്ചു ഇപ്പോഴും മൂന്നക്കത്തില്‍ ലഭിക്കുന്ന ജീന്‍സ് തന്നെ മെച്ചം. ഒന്നോ രണ്ടോ മതിയെന്നൊരു ഗുണവും. ജീന്‍സ് പ്രകോപനകരമാണോ? പരമാവധി വേണമെങ്കില്‍ സത്യസന്ധമാണെന്നു പറയാം. എല്ലാം മറയ്ക്കുമ്പോഴും ഒന്നും ഒളിക്കാനില്ലാത്തത്. ധരിക്കുന്ന ആളുടെ രൂപം അതു പോലെ കാണിക്കുന്നത്. ചിലരുടെ ശരീരപ്രകൃതിക്കു ചേരാം. ചിലരുടെതിനു ചേരാതിരിക്കാം. പക്ഷെ അതു തീരുമാനിക്കേണ്ടത് വ്യക്തിയാണ്. സമൂഹമല്ല. മറ്റെന്തു പോലെയും കാഴ്ചയുടെയും നോട്ടത്തിന്റെയും പ്രശ്‌നങ്ങള്‍. സമീപനത്തിന്റെയും. കേരളസമൂഹത്തില്‍ ഇനിയും സ്ത്രീ ഒരു തുല്യവ്യക്തിത്വമായിട്ടില്ലെന്നുണ്ടോ?

Follow Us:
Download App:
  • android
  • ios