ഭുവനേശ്വര്‍: ഒഡിഷയിലെ ആദിവാസി ജില്ലയായ കലഹന്തിയില്‍ മൃതദേഹത്തോടും അപമാനം.ക്ഷയരോഗം പിടിപെട്ട് മരിച്ച യുവതിയുടെ മൃതദേഹം ഗ്രാമത്തിലെത്തിക്കാന്‍ ഭര്‍ത്താവിന് ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കിയില്ല.തുടര്‍ന്ന് മൃതദേഹം തോളിലെടുത്ത് മകള്‍ക്കൊപ്പം പത്ത് കിലോമീറ്ററാണ് ആദിവാസി യുവാവ് നടന്നത്.
പുതപ്പില്‍ ഭാര്യയുടെ മൃതദേഹം പൊതിഞ്ഞ് മകള്‍ക്കൊപ്പം നടന്ന് നീങ്ങുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ മനുഷ്യസ്‌നേഹികളുടെ ഉള്ളുലക്കുകയാണ്.
ഒഡിഷയിലെ പിന്നോക്ക ജില്ലയായ കാലഹന്തിയിലെ ജില്ലാ ആശുപത്രിയില്‍ ഭാര്യയുടെ ക്ഷയരോഗത്തിന് ചികിത്സ തേടി എത്തിയ ദന മാഞ്ജിക്കായിരുന്നു ഈ ദുര്‍വിധി. മാഞ്ചിയുടെ ഭാര്യ ആമങ് ദേവിയെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്കായില്ല.തന്റെ ഗ്രാമം അറുപത് കിലോമീറ്റര്‍ക്കപ്പുറമാണെന്നും ഇത്രയും ദൂരം നടന്നെത്തിയ തനിക്ക് കൈയ്യില്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആശുപത്രിയില്‍ നിന്നും വാഹനം വിട്ടു നല്‍കണമെന്നും ദന മാഞ്ചി ആവശ്യപ്പെട്ടു.
എന്നാല്‍ ആശുപത്രി അധികൃതര്‍ ഈ ആവശ്യം അവഗണിക്കുകയായിരുന്നു. അല്‍പം കാത്ത് നിന്ന ശേഷമാണ് മാഞ്ചി ഭാര്യയുടെ മൃതദേഹം തോളിലേറ്റിയത്. മകള്‍ക്കൊപ്പം പത്ത് കിലോമീറ്റര്‍ പിന്നിട്ടു. പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ ഇത് കണ്ടതോടെ ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കുകയായിരുന്നു.ജില്ലാ കളക്ടര്‍ ഉടന്‍ തന്നെ മൃതദേഹം ഗ്രാമത്തിലെത്തിക്കാന്‍ സൗകര്യം ഒരുക്കി.
ആശുപത്രിയില്‍ ആംബുലന്‍സ് ഇല്ല എന്ന മറുപടി നല്‍കി തലയൂരാനാണ് ആശുപത്രി അധികൃതരുടെ ശ്രമം. കാലഹന്ദി ജില്ല ആശുപത്രിയില്‍ മോര്‍ച്ചറി സൗകര്യം ഉണ്ടായിരുന്നിട്ടും എന്ത് കൊണ്ട് ആംബുലന്‍സ് ലഭ്യമാകുന്നത് വരെ മൃതദേഹം സൂക്ഷിക്കാന്‍ തയ്യാറായില്ല എന്ന ചോദ്യത്തിനാണ് മനുഷ്യത്വം മരവിച്ച ആശുപത്രി അധികൃതര്‍ മറുപടി നല്‍കേണ്ടത്.

