ലോകത്തിലെ ഏറ്റവും സമ്പന്നമായ 20 രാജ്യങ്ങളിൽ ഒന്നാണ് ഓസ്ട്രേലിയ. 1.42 ട്രില്യൺ ഡോളറിന്റെ ജിഡിപിയുള്ള ഓസ്‌ട്രേലിയയാണ് പതിനാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യം. കുറഞ്ഞ തൊഴിലില്ലായ്‍മയുള്ള, പൊതുകടവും പണപ്പെരുപ്പവും കുറവുള്ള, ശക്തമായ കയറ്റുമതി, ശക്തമായ സേവന മേഖല, സുസ്ഥിരമായ സാമ്പത്തിക വ്യവസ്ഥ എന്നിവയൊക്കെയുള്ള അവിടം കഴിഞ്ഞ രണ്ട് ദശകങ്ങളായി ആരോഗ്യമേഖലയിലും വേഗതയിൽ വളരുന്നു എന്നാണ് 2019 നവംബറിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വാഭാവികമായും ഇത്രയൊക്കെ സാമ്പത്തികമായി ഉയർന്ന് നിൽക്കുന്ന ഒരു രാജ്യത്തെ ജനങ്ങളും നല്ല രീതിയിലുള്ള ജീവിതമായിരിക്കും നയിക്കുക എന്ന് ചിന്തിക്കാം. എന്നാൽ, പുറത്ത് കാണുന്ന പോലെ സുന്ദരമല്ല അകംകാഴ്‌ചകൾ.

അടുത്തകാലത്ത് നടത്തിയ ഒരു സർവേയിൽ കണ്ടെത്തിയത് തീർത്തും ഞെട്ടിക്കുന്ന കാര്യങ്ങളാണ്. സർവ്വേ പ്രകാരം ഓസ്‌ട്രേലിയയിലെ 700,000 -ത്തോളം വരുന്ന കുട്ടികളടക്കം 3.2 ദശലക്ഷം ആളുകളാണ് ദാരിദ്ര്യത്തില്‍ കഴിയുന്നത്. ഭവന ചെലവ് കണക്കിലെടുക്കുമ്പോൾ, എട്ടു പേരിൽ ഒരാൾ (13.6%) ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഓസ്‌ട്രേലിയൻ കൗൺസിൽ ഓഫ് സോഷ്യൽ സർവീസും, യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസും ചേർന്നാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ന്യൂസ്റ്റാർട്ടിന്റെ കുറഞ്ഞ നിരക്ക്, ജോലിയുടെ അഭാവം, താങ്ങാനാകാത്ത ഭവന നിർമ്മാണം എന്നിവയാണ് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടതെന്ന് അക്കോസിന്റെ ചീഫ് എക്സിക്യൂട്ടീവ് കസാന്ദ്ര ഗോൾഡി പറഞ്ഞു. 22 -നും 64 -നും ഇടയിൽ പ്രായമുള്ള തൊഴിലില്ലാത്തവർക്ക് നൽകുന്ന തൊഴിലില്ലായ്‍മ വേതനമാണ് ന്യൂസ്റ്റാർട്ട് എന്നത്.

“നമ്മുടെ സമ്പന്ന രാജ്യത്ത് ദാരിദ്ര്യം സ്ഥിരമായി ഉയർന്നുനിൽക്കുന്നു എന്ന് മാത്രമല്ല, അത് കൂടുതൽ വഷളാവുകയാണ് ചെയ്യുന്നത്. ശരാശരി 42 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് കഴിയുന്നത്. 2007 -ൽ ഇത് 35 ശതമാനമായിരുന്നു” ഗോൾഡി പറഞ്ഞു. ഓസ്‌ട്രേലിയയിലെ 3.24 ദശലക്ഷം ആളുകൾ 2017-18 -ൽ ആഴ്ചയിൽ 457 ഡോളറിനേക്കാൾ താഴെയാണ് ചിലവാക്കുന്നത്. അതിൽ 774,000 കുട്ടികളും ഉൾപ്പെടുന്നു, മുൻ പഠനത്തേക്കാൾ വളരെ കൂടുതലാണ് ഇത്. 

വീട്ടു ചെലവുകളും സാമൂഹിക സുരക്ഷാ അടവുകളുടെ നിരക്ക് വർദ്ധനവുമാണ് ഇതിന് പ്രധാന കാരണമെന്ന് യു‌എൻ‌എസ്‍ഡബ്ല്യു ഗവേഷകൻ പ്രൊഫ. ബ്രൂസ് ബ്രാഡ്‌ബറി പറയുന്നു. 2005 മുതൽ വാടകയിൽ വർദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദശകങ്ങളായി ഭവന ഉടമസ്ഥാവകാശ നിരക്കിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇവയെല്ലാം കൂടിചേർന്നാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായത്” ബ്രാഡ്‌ബറി, ഗാർഡിയൻ ഓസ്‌ട്രേലിയയോട് പറഞ്ഞു. മൊത്തത്തിൽ, 2003-08 കാലയളവിലാണ് ദാരിദ്ര്യം വർദ്ധിച്ചു തുടങ്ങിയത്, അതിനുശേഷം അത് മാറ്റമില്ലാതെ തുടർന്നു, റിപ്പോർട്ട് പറയുന്നു. വരുമാനമുള്ളവർക്കിടയിൽ സാമ്പത്തിക കുതിച്ചുചാട്ടമുണ്ടായപ്പോൾ ഏറ്റവും താഴ്ന്ന വരുമാനമുള്ളവർ പിന്തള്ളപ്പെട്ടു എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതുപോലെതന്നെ വിരമിച്ചവരിൽ ദാരിദ്ര്യനിരക്ക് കുറഞ്ഞുവെന്നും പകരം അധ്വാനിക്കുന്ന പ്രായക്കാർക്കിടയിൽ അത് വർദ്ധിക്കുകയും ചെയ്‍തുവെന്നും പഠനങ്ങൾ പറയുന്നു.  തൊഴിലില്ലാത്തവർക്ക് സർക്കാർ നൽകുന്ന തുക ശരാശരി വരുമാന നിരക്കിനേക്കാളും കുറവാണ്. തുച്ഛമായ ആ തുകകൊണ്ട് വേണ്ടരീതിയിൽ ജീവിക്കാൻ അവർക്ക് സാധിക്കില്ല. 

മധ്യവർഗ്ഗക്കാർ സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് സാമ്പത്തിക സഹായം ചെയ്യാൻ കാണിക്കുന്ന വിമുഖതയും അതിന്റെ കാരണങ്ങളിൽ ഒന്നാണ്. ദാരിദ്ര്യത്തെ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ഗ്രീൻസ് സെനറ്റർ റേച്ചൽ സ്യൂവർട്ടിൽ പാർലമെന്റിൽ വിമർശനങ്ങൾ ഉയർത്തി.  

ഇന്ത്യയിലും ഏകദേശം ഇതേ അവസ്ഥയാണ് നിലനിൽക്കുന്നത്. സമ്പന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം ഇന്ത്യയിൽ ജനസംഖ്യയുടെ 70 ശതമാനത്തിൽ താഴെയുള്ള ആളുകൾ കൈവശം വച്ചിരിക്കുന്ന സമ്പത്തിന്റെ നാലിരട്ടിയിലധികമാണ് ഒരു ശതമാനം മാത്രം വരുന്ന സമ്പന്നർ കൈയടക്കി വച്ചിരിക്കുന്നത്. വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ ഒരു റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യ സാമ്പത്തികമായി കുതിയ്ക്കുന്നു എന്ന് പറയുമ്പോഴും, ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന ആളുകളുടെ എണ്ണം കൂടിവരുന്നതിന്റെ കാരണവും മറ്റൊന്നല്ല.