ആഗോളതാപനം ലോകമെമ്പാടുമുള്ള ആളുകളെ ആശങ്കയിലാഴ്ത്തുന്നു. അതിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗ്ഗമായി ആളുകൾ കാണുന്നത് വൃക്ഷത്തൈകൾ നട്ട് പിടിപ്പിക്കലാണ്. ഈ അടുത്തായി വേൾഡ് ഇക്കണോമിക് ഫോറം ഇതുപോലെ ഒരു ആഗോള സംരംഭം ആരംഭിക്കുകയുണ്ടായി. ജൈവവൈവിധ്യത്തെ പുനഃസ്ഥാപിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനുമായി ലോകമെമ്പാടും ഒരു ലക്ഷം കോടി വൃക്ഷങ്ങൾ വളർത്താനാണ് അവർ പദ്ധതിയിടുന്നത്.   

സർക്കാരുകൾ, സർക്കാരിതര സംഘടനകൾ, ബിസിനസുകൾ, വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെയാണ് ഇവരുടെ പ്രവർത്തനം. ഈ സംരംഭത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ പിന്തുണയും ലഭിച്ചിട്ടുണ്ട്. അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനും, മൃഗങ്ങൾക്ക് ആവാസ വ്യവസ്ഥ നൽകാനും രാജ്യങ്ങൾ മരങ്ങൾ കഴിയുന്നത്രയും നടുകയും സംരക്ഷിക്കുകയും വേണമെന്നും ടെക്നോളോജി റിവ്യൂ റിപ്പോർട്ട് ചെയ്യുന്നു. ലോറൻസ് ലിവർമോർ നാഷണൽ ലാബിൻ്റെ കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള ഒരു ഗവേഷണ പദ്ധതിയാണ് കാർബൺ ഇനിഷ്യേറ്റീവ്. അത് നയിക്കുന്നത് റോജർ ഐൻസാണ്. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ മരങ്ങൾ വളരെ പ്രധാനപ്പെട്ടതും, പ്രത്യക്ഷവും, സാമൂഹികവുമായ ഒരു പരിഹാരമാണ്. 

എന്നാൽ, ഇത് എത്രത്തോളം പ്രയോഗികമാണ് എന്നത് ഒരു ചോദ്യമാണ്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ അതിൻ്റെ പങ്ക് പരിമിതമാണ്. വനങ്ങൾ വച്ചുപിടിപ്പിക്കുന്ന പദ്ധതികൾ പലപ്പോഴും വേണ്ടരീതിയിൽ ഫലവത്തായിട്ടില്ല. ആഗോള ഉദ്‌വമനത്തിൻ്റെ ഒരു ചെറിയ ഭാഗം ഇല്ലാതാക്കാനായി അനേകം ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടി വരും. അത് പതിറ്റാണ്ടുകൾ നീണ്ട ഒരു യത്നമാകും. കാരണം നടുന്ന മരങ്ങൾ വരൾച്ച, കാട്ടുതീ, രോഗങ്ങൾ, വനനശീകരണം എന്നിവയാൽ നശിക്കാൻ ഇടയാകുന്നു. ഹരിതഗൃഹ-വാതക ഉദ്‌വമനം അന്തരീക്ഷത്തിലെത്തുന്നത് തടയാൻ ആവശ്യമായ മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ് ആദ്യം വേണ്ടത് എന്ന് അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഫോർ ദി ഫ്യൂച്ചറിലെ ജെയ്ൻ ഫ്ലെഗൽ പറയുന്നു.  

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ വൃക്ഷങ്ങൾക്ക് വഹിക്കാവുന്ന പങ്കിനെക്കുറിച്ച് പറയുമ്പോൾ നിരവധി പ്രശ്നങ്ങളുണ്ട് മുന്നിൽ. ഉദാഹരണത്തിന്, ഹോപ്പർ എന്ന  ട്രാവൽ ബുക്കിംഗ് ആപ്പ്, അതുവഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്‌താൽ ഓരോ ആളുകൾക്കും നാലുമരം വീതം നടാനുള്ള പണം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു യാത്രികൻ വിമാനത്തിൽ യാത്ര ചെയ്യുന്നത് മൂലം ഉണ്ടാകുന്ന ഹരിതവാതക ബഹിർഗ്ഗമനം ഇതുവഴി നികത്താമെന്ന് കണക്കുകൂട്ടിയായിരുന്നു അത്. എന്നാൽ, അതിൻ്റെ പ്രശ്‍നം, ഏകദേശം 40 വർഷമെടുക്കും വൃക്ഷം അത്തരമൊരു വളർച്ചയിലെത്താൻ. ഒരാൾക്ക് നാല് മരങ്ങൾ എന്ന കണക്ക് നോക്കിയാൽ 25 വർഷമെങ്കിലും എടുക്കും അതിൽനിന്ന് പ്രതീക്ഷിച്ച ഫലം ലഭിക്കാൻ. ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും വേഗത്തിലുള്ള ഫലം തരില്ല. അതുകൊണ്ടുതന്നെ മരങ്ങൾ നട്ട് ആഗോള താപനത്തെ ചെറുക്കാൻ നോക്കുമ്പോൾ അതിന് വേണ്ടിവരുന്ന സമയം ഒരു പ്രശ്‍നം തന്നെയാണ്. 

രണ്ടാമതായി ഇങ്ങനെ മരങ്ങൾ നടാൻ സ്ഥലമുണ്ടോ എന്നതാണ്. നാഷണൽ അക്കാദമി ഓഫ് സയൻസസ്, എഞ്ചിനീയറിംഗ്, മെഡിസിൻ എന്നിവയിൽ നിന്ന് കഴിഞ്ഞ വർഷം വന്ന റിപ്പോർട്ട് പ്രകാരം പ്രതിവർഷം 150 ദശലക്ഷം മെട്രിക് ടൺ ഹരിതവാതകം നീക്കം ചെയ്യാനും ക്രമീകരിക്കാനും 9.9 ദശലക്ഷം ഏക്കർ ഭൂമി വനങ്ങളാക്കി മാറ്റേണ്ടതുണ്ട്. കഴിഞ്ഞവർഷം അമേരിക്ക 5.8 ബില്യൺ ടൺ ഹരിത വാതക ഉദ്‌വമനം നടത്തി. ഏകദേശം 371 ദശലക്ഷം ഏക്കർ അല്ലെങ്കിൽ ടെക്സസിന്റെ ഇരട്ടിയിലധികം പ്രദേശങ്ങൾ വനമാക്കി മാറ്റിയാലേ ഇതിന് പരിഹാരമാകൂ. എന്നാൽ, മിക്കയിടത്തും കൃഷി, ഭക്ഷ്യ ഉൽപാദനം, ലോഗിംഗ്, മറ്റ് ഉപയോഗങ്ങൾക്കായി ഭൂമി ആവശ്യമാണ്. ഹെക്ടറിൽ 2,000 വൃക്ഷങ്ങൾ എന്ന കണക്കിൽ ലോകമെമ്പാടും ഒരു ലക്ഷം കോടി (ഒരു ട്രില്ല്യണ്‍) വൃക്ഷത്തൈകൾ നടുന്നതിന് 1.2 ബില്യൺ ഏക്കർ ഭൂമി ആവശ്യമാണ്. ഇത് എത്രത്തോളം പ്രയോഗികമാണ്? മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള ഭൂമിയുടെ അപര്യാപതത മറ്റൊരു പ്രശ്നമാണ്. 

ഓസ്‌ട്രേലിയയിൽ ഉണ്ടായ വിനാശകരമായ തീപിടുത്തങ്ങളും, ബ്രസീലിൽ വ്യാപകമായ വനനശീകരണവും അതിൻ്റേതായ രീതിയിൽ ഗുരുതരമായ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. മരങ്ങളും ചെടികളും നശിക്കുമ്പോൾ തടികളിലും, ശാഖകളിലും, ഇലകളിലും അടങ്ങിയ കാർബണിൻ്റെ ഭൂരിഭാഗവും അന്തരീക്ഷത്തിലേക്ക് തന്നെ മടങ്ങുന്നു. ഇത് വരും വർഷങ്ങളിൽ കാലാവസ്ഥയെ കൂടുതൽ രൂക്ഷമാക്കുന്നു. പിന്നീട് അത് ഒരു വലിയ പ്രശ്‌നമായി മാറുകയും ചെയ്യും. വരൾച്ചയും ഉയർന്ന താപനിലയും കാടുകളെ പ്രതിസന്ധിയിലാകുകയും, കൂടുതൽ വലിയ തീപിടുത്തങ്ങൾക്ക് കാരണമാവുകയും ചെയ്യും.

ആഗോളതാപനം തടയുന്നതിന് വലിയ അളവിൽ വായുവിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് നീക്കംചെയ്യേണ്ടതുണ്ടെന്ന് മിക്ക ഗവേഷണങ്ങളും പറയുന്നു. മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് ഇന്നത്തെ കാലത്ത് ഏറ്റവും ചെലവ് കുറഞ്ഞതും, വിശ്വസനീയവുമായ മാർഗ്ഗമാണ്. അതിനാൽ ലോകമെമ്പാടുമുള്ള വനവൽക്കരണവും സംരക്ഷണ ശ്രമങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ കൂടുതൽ വേഗതയേറിയ, കാര്യക്ഷമമായ മറ്റ് മാർഗ്ഗങ്ങളും കണ്ടെത്തേണ്ടതുണ്ട്.  

അന്തരീക്ഷത്തിലെ ഹരിത വാതകങ്ങളെ വായുവിൽനിന്ന് പിടിച്ചെടുക്കുകയും ഒരു സ്ഥലത്തു സൂക്ഷിക്കുകയും ചെയ്യുന്നതാണ് നെഗറ്റീവ് എമിഷൻസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. നെഗറ്റീവ് എമിഷൻസിന് മരങ്ങൾ പര്യാപ്തമല്ലെന്ന് മുമ്പത്തെ ഒരു ദേശീയ അക്കാദമി റിപ്പോർട്ട് കണ്ടെത്തിയിരുന്നു. മണ്ണിൽ കാർബൺ സംഭരിക്കുന്നതിനുള്ള മികച്ച മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. കാർബൺ ക്യാപ്‌ചർ സംവിധാനങ്ങൾ, ന്യൂക്ലിയർ പവർ പ്ലാന്റുകൾ, ദീർഘദൂര ട്രാൻസ്മിഷൻ ലൈനുകൾ എന്നിവയുള്ള പ്രകൃതി വാതക പ്ലാന്റുകൾ പോലുള്ള ചെലവേറിയ മാർഗ്ഗങ്ങളാണ്. അത് നമ്മൾ ഒഴിവാക്കുന്നു. അതിവേഗം വളരുന്ന ആഗോള ജനസംഖ്യയെ നേരിടാൻ, നേരിട്ടുള്ള വായു പിടിച്ചെടുക്കൽ യന്ത്രങ്ങൾ പോലുള്ള ധാരാളം സാങ്കേതിക പരിഹാരങ്ങൾ നമുക്ക് ആവശ്യമായിരിക്കാം. ആഗോളതാപനത്തിൽ മരങ്ങളുടെ പങ്ക് ചെറുതല്ല. പക്ഷേ, അതോടൊപ്പം തന്നെ ഉടനടിയുള്ള പരിഹാരമാർഗ്ഗങ്ങളും നമ്മൾ കണ്ടെത്തണം.