പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഒരു കോടതി ലൈംഗികാതിക്രമത്തിന് ഇരയായവരിൽ നടത്തുന്ന കന്യകാത്വ പരിശോധന നിരോധിച്ചു. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ നടപടിയാണ് ഇത്. ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് നിർണ്ണയിക്കാൻ മെഡിക്കൽ എക്‌സാമിനർമാർ നടത്തുന്ന പരിശോധനയാണ് "രണ്ട് വിരൽ" പരിശോധന. പീഡിപ്പിക്കപ്പെടുന്നവർ ലൈംഗികമായി സജീവമാണോയെന്ന് അറിയാൻ നടത്തുന്ന ഈ  പരിശോധന “നിയമവിരുദ്ധവും, ഭരണഘടന വിരുദ്ധവുമാണെന്ന്" ലാഹോർ ഹൈക്കോടതി പ്രഖ്യാപിച്ചു. സ്ത്രീകളുടെ ലൈംഗികാവയവത്തിൽ രണ്ടു വിരൽ കടത്തിയുള്ള കന്യകാത്വ പരിശോധന പ്രാകൃതവും ശാസ്ത്രീയാടിത്തറയില്ലാത്തതുമാണ് എന്ന്  ലോകാരോഗ്യ സംഘടന മുൻപ് പ്രസ്താവിച്ചിരുന്നു. ഈ സമ്പ്രദായം "ഇരയുടെ അന്തസ്സിനെ വ്രണപ്പെടുത്തുന്നു, അതിനാൽ ജീവിക്കാനുള്ള അവകാശത്തിനും, അന്തസ്സിനും എതിരാണ്" ഇതെന്ന് ജഡ്ജിമാർ വിധിച്ചു.
 
ബലാത്സംഗത്തിനും, ലൈംഗിക പീഡനത്തിനും ഇരയായവരുടെ നിയമപരമോ മെഡിക്കലായോ ഉള്ള പരിശോധനകളിൽ ഇനി മുതൽ ഈ പരിശോധന ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കോടതി അധികാരികളോട് ആവശ്യപ്പെട്ടു. ഈ പരിശോധന അപമാനകരവും, മനുഷ്യത്വരഹിതവും, മൗലികാവകാശങ്ങൾ ലംഘിക്കുന്നതുമാണെന്ന് പറഞ്ഞ് മുൻപ് ഒരു കൂട്ടം മനുഷ്യവകാശ പ്രവർത്തകരും, അഭിഭാഷകരും, അക്കാദമിക് വിദഗ്ധരും കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയിരുന്നു. രണ്ട് വിരലുകൾ ഉള്ളിലേക്കിട്ട് യോനീഭിത്തിയും കന്യാചർമ്മവും പരിശോധിക്കുന്ന രീതിയാണ് ഇത്. തീർത്തും അശാസ്ത്രീയമായ ഈ മാർഗ്ഗം മനുഷ്യാവകാശ ലംഘനമായി കണക്കാക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയും മുമ്പ് പറഞ്ഞിരുന്നു. ബലാത്സംഗ വിരുദ്ധ നിയമത്തിന്റെ ഭാഗമായി ഡിസംബറിൽ ഇത് നിരോധിക്കാൻ പാകിസ്ഥാൻ പ്രസിഡന്റ് തീരുമാനിച്ചിരുന്നു. അതേസമയം ഒരു സ്ത്രീയുടെ ലൈംഗിക ചരിത്രം വിലയിരുത്താൻ ഈ പരിശോധന വഴി കഴിയുമെന്നാണ് ഇതിനെ പിന്തുണക്കുന്നവർ അവകാശപ്പെടുന്നത്. പലപ്പോഴും പരിശോധനാഫലങ്ങൾ ബലാൽസംഗം ചെയ്യപ്പെടുന്നവരെ വീണ്ടും അപകീർത്തിപ്പെടുത്താനാണ് ഉപകരിക്കാറുള്ളത്. 

പാകിസ്ഥാനിൽ ഓരോ വർഷവും നൂറുകണക്കിന് സ്ത്രീകൾക്ക് നേരെ പീഡനമുണ്ടാകാറുണ്ടെങ്കിലും, അപൂർവമായി മാത്രമേ കുറ്റവാളികൾ ശിക്ഷിക്കപ്പെടാറുള്ളൂവെന്ന് പാകിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷൻ പറയുന്നു. ബലാൽസംഗത്തിന് ഇരയായവരെ സമൂഹം പലപ്പോഴും മറ്റൊരു കണ്ണിൽ കൂടിയാണ് കാണുന്നത്. അവർക്ക് ഉണ്ടായ ശാരീരിക പീഡനം പോലെ വേദനാജനകമാണ് അവർ സമൂഹത്തിൽ നേരിടുന്ന മാനസികമായ പീഡനങ്ങളും. പലപ്പോഴും ഇരകളുടെ സ്വഭാവഗുണത്തെ ചൊല്ലി വിമർശനം ഉയരുകയും, അവർ സമൂഹമധ്യത്തിൽ അപമാനിതരാവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പല സ്ത്രീകളും പേടിച്ച് നിശബ്ദത പാലിക്കുകയും പാക്കിസ്ഥാന്റെ യാഥാസ്ഥിതിക സമൂഹത്തിന്റെ മുന്നിൽ അവർക്കുണ്ടാകുന്ന നാണക്കേട് തുറന്ന് പറയാൻ വിസമ്മതിക്കുകയും ചെയ്യുന്നു.

എന്നിരുന്നാലും ഈ പുതിയ നിയമം ഒരുപാട് പേർക്ക് പുതിയ പ്രതീക്ഷ നൽകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം പാകിസ്ഥാൻ പുതിയ ബലാത്സംഗ വിരുദ്ധ നിയമം അവതരിപ്പിക്കുകയുണ്ടായി. കുറ്റവാളികളെ രാസഷണ്ഢീകരണത്തിന് വിധേയമാക്കുന്ന നിയമമാണ് ഇത്.