അദ്ദേഹത്തിന്‍റെ സത്യസന്ധതയില്‍ സന്തോഷം തോന്നിയ വീട്ടുകാര്‍ക്ക് അദ്ദേഹത്തിന് എന്തെങ്കിലും ഉപഹാരം നല്‍കണമെന്ന് തോന്നി. കുറച്ച് പണം നല്‍കിയപ്പോള്‍ അദ്ദേഹം അത് നിരസിച്ചു.
ദില്ലി: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത് ഒരു പാകിസ്ഥാനി തൊഴിലാളിയുടെ സത്യസന്ധതയും, നന്മ നിറഞ്ഞ വാക്കുകളുമാണ്. നഷ്ടമായ സ്വര്‍ണ കമ്മലുകള്‍ ഉടമയ്ക്ക് തിരികെ നല്‍കിയാണ് തൊഴിലാളി സത്യസന്ധത കാണിച്ചത്. പക്ഷെ, അതിനേക്കാള്‍ അദ്ദേഹത്തിന്‍റെ വാക്കുകളാണ് ശ്രദ്ധിക്കപ്പെട്ടത്. സീഷാന്‍ ഖട്ടക് എന്നയാളാണ് സംഭവം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
സംഭവം ഇങ്ങനെ: ഖട്ടകിന്‍റെ വീടിന് തൊട്ടടുത്ത് ജോലി ചെയ്തുകൊണ്ടിരുന്ന ഒരാള്‍ ഒരുദിവസം വന്ന് വാതിലില്‍ മുട്ടുകയായിരുന്നു. വാതില്‍ തുറന്നപ്പോള്‍ അവരുടെ സ്വര്‍ണം എപ്പോഴെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് തൊഴിലാളി ചോദിച്ചു. നിര്‍മ്മാണത്തൊഴിലുകള്‍ നടക്കുകയായിരുന്നു അപ്പോള്‍ ആ സ്ഥലത്ത്.
സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യം കേട്ടപ്പോള്‍ ഖട്ടകിന്‍റെ സഹോദരന്‍ 2015 ല്‍ ഒരു ജോഡി കമ്മല്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് പറഞ്ഞു. അത് കേട്ട തൊഴിലാളി അദ്ദേഹത്തിന്‍റെ പോക്കറ്റില്‍ നിന്ന് കമ്മലുകളെടുത്ത് നല്‍കുകയായിരുന്നു.
അദ്ദേഹത്തിന്‍റെ സത്യസന്ധതയില്‍ സന്തോഷം തോന്നിയ വീട്ടുകാര്‍ക്ക് അദ്ദേഹത്തിന് എന്തെങ്കിലും ഉപഹാരം നല്‍കണമെന്ന് തോന്നി. കുറച്ച് പണം നല്‍കിയപ്പോള്‍ അദ്ദേഹം അത് നിരസിച്ചു. പോക്കറ്റിലിട്ട് കൊടുത്തപ്പോള്‍ തിരികെ ഏല്‍പ്പിച്ചു. അതിനുശേഷം പറഞ്ഞു, 'ഞാന്‍ ചെയ്ത കാര്യത്തിനുള്ള പ്രതിഫലം ദൈവം തരും. ഞാനത് കാത്തിരിക്കും.' ഖട്ടക് ട്വിറ്ററിലെ ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.
അല്ലെങ്കിലും സത്യസന്ധതയേയും നന്മയേയും എങ്ങനെയാണ് പണം വെച്ച് അളക്കുക.
