പ്രിതം താമസിക്കുന്ന സ്ഥലത്ത് നിന്നും 250 കിലോമീറ്റര്‍ അകലെ താമസിക്കുന്ന ഭഗവന്‍ വര്‍ഗീയ കലാപത്തിന്‍റെ എല്ലാ അനന്തരഫലങ്ങളും അനുഭവിക്കുകയായിരുന്നു ആ സമയത്ത്. അദ്ദേഹത്തിന്‍റെ മൂന്ന് സഹോദരങ്ങള്‍ കലാപത്തില്‍ കൊല്ലപ്പെട്ടു. താനും കൊല്ലപ്പെടുമെന്ന് തന്നെ ഭഗവന്‍ കരുതി. അങ്ങനെ രക്ഷപ്പെടാനായി ഒരു കുഞ്ഞു ബ്രൗണ്‍ ബ്രീഫ്കെയ്സില്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റും കരുതി ഭഗവനും അമൃത്സറിലേക്ക് വണ്ടി കയറി. 

1947... പ്രിതം കൗര്‍ എന്ന ഇരുപത്തിരണ്ടുകാരി ലാഹോറിലെ ഗുജറന്‍വാലയിലെ സ്വന്തം ഗ്രാമത്തില്‍ നിന്ന് അമൃത്സറിലേക്ക് ട്രെയിനില്‍ പോവുകയായിരുന്നു. അവരുടെ മകളെങ്കിലും കലാപകാരികളില്‍ നിന്നും രക്ഷപ്പെടട്ടേ എന്ന് കരുതി അവളുടെ മാതാപിതാക്കളായിരുന്നു അവളെ ട്രെയിനില്‍ കയറ്റി വിട്ടത്. അപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കലാപത്തില്‍ അവരെ രക്ഷിക്കാന്‍ ആ ട്രെയിനിന് കഴിയും എന്ന് അവര്‍ വിശ്വസിച്ചിരുന്നു. ബാഗ് മുറുക്കെ പിടിച്ച് എംബ്രോയിഡറി നിറഞ്ഞ ഒരു ജാക്കറ്റും കരുതി, സഹോദരന്‍റെ കയ്യും പിടിച്ച് ഭാവിയെ കുറിച്ച് യാതൊരു പ്രതീക്ഷയുമില്ലാതെ അവളിരുന്നു. പിന്നീട്, ഒരു ജന്മത്തിന്‍റെ മുഴുവന്‍ കഥയ്ക്ക് സാക്ഷിയായ ജാക്കറ്റ് മാത്രമായിരുന്നു അപ്പോള്‍ അവളുടെ കയ്യിലുള്ള ഒരേയൊരു വിലപിടിപ്പുള്ള വസ്തു. 

അവള്‍ സ്വന്തം വിധിയെ പഴിച്ചു. അവള്‍ക്ക് അവള്‍ ഏറെ സ്നേഹിച്ചിരുന്ന സ്വന്തം ഗ്രാമത്തില്‍ നിന്നും പോകേണ്ടി വന്നു. ദൈവത്തെ പോലെ ആരാധിച്ചിരുന്ന അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും അകലേണ്ടി വന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് മുപ്പതുകാരനായ ഭഗവന്‍ സിങ് മൈനി എന്നയാളുമായി അവളുടെ വിവാഹനിശ്ചയം കഴിഞ്ഞത്. അവളുടെ ഭാവി വരന് അവള്‍ ആ ഇടം വിട്ടു പുതിയ സ്ഥലത്തേക്ക് പോയതിനെ കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു. അവിടെ നിന്നും അവള്‍ എത്തിപ്പെട്ടത് ഒരു അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു. 

പ്രിതം താമസിക്കുന്ന സ്ഥലത്ത് നിന്നും 250 കിലോമീറ്റര്‍ അകലെ താമസിക്കുന്ന ഭഗവന്‍ വര്‍ഗീയ കലാപത്തിന്‍റെ എല്ലാ അനന്തരഫലങ്ങളും അനുഭവിക്കുകയായിരുന്നു ആ സമയത്ത്. അദ്ദേഹത്തിന്‍റെ മൂന്ന് സഹോദരങ്ങള്‍ കലാപത്തില്‍ കൊല്ലപ്പെട്ടു. താനും കൊല്ലപ്പെടുമെന്ന് തന്നെ ഭഗവന്‍ കരുതി. അങ്ങനെ രക്ഷപ്പെടാനായി ഒരു കുഞ്ഞു ബ്രൗണ്‍ ബ്രീഫ്കെയ്സില്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റും കരുതി ഭഗവനും അമൃത്സറിലേക്ക് വണ്ടി കയറി. 

സ്വന്തം നാടും വീടും ഉപേക്ഷിച്ച് അഭയാര്‍ത്ഥി ക്യാമ്പിലും മറ്റും കഴിയേണ്ടി വന്ന 12 മില്ല്യണ്‍ ജനങ്ങളില്‍ രണ്ടുപേര്‍ മാത്രമായിരുന്നു പ്രിതവും ഭഗവാനും. ഇനിയൊരിക്കലും നമ്മള്‍ തമ്മില്‍ കാണില്ലെന്ന് തന്നെ അവര്‍ കരുതി, വേദനിച്ചു... ഭക്ഷണവുമായെത്തുന്ന ട്രക്കിന് മുന്നില്‍, 'താന്‍ അടുത്തെത്തുമ്പോഴേക്കും ഭക്ഷണം തീര്‍ന്നു പോകുമോ' എന്ന ഭയത്തോടെ വരി നില്‍ക്കുക മാത്രമായിരുന്നു അവര്‍ക്കന്നേരം ചെയ്യാനുണ്ടായിരുന്നത്. അപ്പോഴും അവര്‍ പരസ്പരം കണ്ടതേയില്ല. കാണുമെന്ന് പ്രതീക്ഷിച്ചതുമില്ല.

ഒരു ദിവസം ഭക്ഷണത്തിനായി വരി നില്‍ക്കുമ്പോഴാണ്, ''ഇത് നിങ്ങള്‍ തന്നെ അല്ലേ'' എന്നൊരു ചോദ്യം പ്രിതം കേള്‍ക്കുന്നത്. തിരിഞ്ഞു നോക്കിയപ്പോള്‍ ഇനിയൊരിക്കലും കാണില്ലെന്ന് കരുതിയ ഭാവി വരന്‍ തൊട്ടടുത്ത് നില്‍ക്കുന്നു. അവര്‍ പിന്നെയും പരസ്പരം കണ്ടു. നഷ്ടപ്പെട്ടുപോയ പ്രിയപ്പെട്ടതിനെ കുറിച്ച് സംസാരിച്ചു. പിന്നീട് രണ്ടുപേരുടേയും ജീവിതം ഒരുമിച്ച് കെട്ടിപ്പടുക്കുന്നതിനെ കുറിച്ചും. 

1948 മാര്‍ച്ചില്‍ ഒരു ചെറിയ ചടങ്ങോടെ ഇരുവരും വിവാഹിതരായി. പ്രിതം അന്ന് അവളുടെ പ്രിയപ്പെട്ട ആ ജാക്കറ്റാണ് ധരിച്ചത്. കലാപത്തിന്‍റെ തീവ്രത കുറഞ്ഞു വന്നു. ഇരുവരും ഒരുമിച്ച് ജീവിതം വീണ്ടും നിര്‍മ്മിച്ചു തുടങ്ങി. സര്‍ട്ടിഫിക്കേറ്റുകളുമായി ഭഗവന്‍ ജോലി തിരഞ്ഞു. അതവര്‍ക്ക് ജീവിക്കാനുള്ള വക നല്‍കി. ജീവിതം പഴയതു പോലെയായി. 

ഭഗവന്‍ മരിക്കുന്നത് 30 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, പ്രിതം 2002 -ലും. ഈ ജാക്കറ്റിന്‍റെയും ബ്രീഫ്കേസിന്‍റെയും കഥ പറഞ്ഞത് അവരുടെ മരുമകളാണ്. അമൃത്സറിലെ പാര്‍ട്ടീഷ്യന്‍ മ്യൂസിയത്തില്‍ ഒരു പ്രണയത്തിന്‍റെ കഥയും പറഞ്ഞ് ആ ജാക്കറ്റും ബ്രീഫ്കേസുമുണ്ട്.. ഒരു വിഭജനത്തിനും പിരിക്കാനാവാത്ത പ്രണയത്തിന്‍റെ കഥ.