സംസ്ഥാനത്തിന്‍റെ പദ്ധതി അടങ്കലിൽ കൂടുതൽ നഷ്ടമുണ്ടായ കേരളത്തെ ഒന്ന് താങ്ങാന്‍ ഒരുമാസത്തെ വേതനം നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയില്ലേ? മനസില്ലേ? കടമയില്ലേ?അത് നല്‍കണമെന്ന് ആർജ്ജവത്തോടെ പറയാൻ നിങ്ങളുടെ സംഘടനാനേതാക്കള്‍ക്ക് നട്ടെല്ലില്ലേ? 

ഓരോ മനുഷ്യരും തങ്ങളുടെ ചെറിയ വരുമാനത്തില്‍ നിന്നുപോലും ഒരു പങ്ക് ദുരിതാശ്വാസനിധിയിലേക്ക് നല്‍കുകയാണ്. അപ്പോഴും, സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാപ്രതിനിധികളുമായി ധനമന്ത്രി നടത്തിയ ചർച്ചയുടെ വിശദാംശങ്ങള്‍ നാണിപ്പിക്കുന്നതാണ്. സ്വയം സന്നദ്ധരായി ശമ്പളം നല്‍കിയ നല്ലവരായ സർക്കാർ ജീവനക്കാരുണ്ട്. പെന്‍ഷന്‍കാരെ പിഴിയുന്നത് മര്യാദയല്ല. ഇതെല്ലാം അംഗീകരിക്കുന്നു. പക്ഷേ അവകാശത്തിന്‍റെ പേരിൽ ഈ ദുരിതത്തോട് പോലും മുഖം തിരിഞ്ഞ് നില്‍ക്കുന്ന ട്രേഡ് യൂണിയൻ സംസ്കാരം അപകടകരമാണ്. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോ ഓർഡിനേറ്റിംഗ് എഡിറ്റർ പി.ജി.സുരേഷ് കുമാർ എഴുതുന്നു.

ഏമാന്‍മാരെ, സാറന്‍മാരെ, അങ്ങുന്നുമ്മാരെ,

കാല്‍ കാശിനായി സർക്കാർ നട്ടംതിരിയുന്നു. ഓട്ടപ്പാത്രവുമായി ദേശാടനത്തിനിറങ്ങാന്‍ മന്ത്രിമാർ ഒരുങ്ങുന്നു. അതിനിടെ, പിരിവ് പരിമിതമാക്കാന്‍ പിണറായി പറഞ്ഞ ആശയം നാടാകെ പടർന്നുകയറുകയാണ്, ഒരുമാസത്തെ ശമ്പളം. 

ഒരു മാസത്തെ ശമ്പളം 10 തവണയായി കൊടുക്കാനിറങ്ങിയവരിൽ മന്ത്രിമാർ മുതല്‍ തൂപ്പ്ജോലിക്കാർ വരെ എത്രയോ പേർ! പ്രളയബാധിതമേഖലയിലെ സ്വകാര്യ ജീവനക്കാർ പോലും സന്നദ്ധതയറിയിച്ച് മുന്നോട്ട് വന്നു. ഒടുവില്‍ സർക്കാർ ജീവനക്കാരുടെ ഊഴം. അഭ്യർത്ഥനയുമായി തൊഴിലുടമയായ സർക്കാരിന്‍റെ ധനമന്ത്രി. പക്ഷേ, പലവഴി തിരിഞ്ഞ് പതിരുന്യായങ്ങള്‍ നിരത്തുകയാണ് സർവ്വീസ് സംഘടനാനേതാക്കൾ.

ഒരുമാസത്തെ ശമ്പളം നിങ്ങള്‍ നല്‍കിയാൽ സർക്കാരിന് കിട്ടുന്നത് 2600 കോടിയാണ്

ജീവനക്കാരുടെ സംഘടനാപ്രതിനിധികളുമായി ധനമന്ത്രി നടത്തിയ ചർച്ചയുടെ വിശദാംശങ്ങള്‍ നാണിപ്പിക്കുന്നതാണ്. ഒരുമാസത്തെ ശമ്പളം നല്‍കാം എന്ന് ഒറ്റസ്വരത്തില്‍ പറയാനില്ല. ഒരു 'പക്ഷേ ' പോലും പറയാനില്ല, എന്നാൽ ഉപാധികൾ നിരവധിയാണ്.

ഏമാൻമാരുടെ ഉപാധികൾ
1. നിർബന്ധിത പിരിവ് വേണ്ട, അത് ഭീഷണിയാണ്.
2. പ്രളയബാധിതമേഖലയിലെ സർക്കാർ ജീവനക്കാരെ ഒഴിവാക്കണം.
3. ഓരോരുത്തരും എത്ര കൊടുക്കാനാവുമെന്ന സന്നദ്ധത രേഖാമൂലം വകുപ്പ് മേധാവിക്ക് കൊടുക്കട്ടെ.
4. പിഎഫില്‍ നിന്ന് വായ്പ എടുത്ത് പണം നല്‍കാൻ അവസരം ഒരുക്കണം.
5. ലീവ് സറണ്ടർ, ഡിഎ എന്നൊന്നും പറഞ്ഞ് ഇങ്ങോട്ട് വരേണ്ട.

ഉപാധികൾക്ക് ചില ഉത്തരങ്ങൾ വേണം
അതെ സാറന്‍മാരെ, ഭീഷണിയും സമ്മർദ്ദവുമുണ്ട്. സമൂഹത്തിന്‍റെ. നിങ്ങള്‍ കാണുന്നില്ലെന്ന് മാത്രം. പക്ഷേ സമൂഹം നിങ്ങളോട് ചോദിക്കുന്ന ഈ ചോദ്യങ്ങള്‍ക്ക് കൂടി നിങ്ങൾ ഉത്തരം നല്‍കണം.

1. സംസ്ഥാനവരുമാനത്തിന്‍റെ 55 ശതമാനവും നിങ്ങള്‍ക്കായി മുന്‍കൂർ നീക്കി വക്കുകയല്ലേ?
2. എല്ലാ അഞ്ച് വർഷവും ആചാരം പോലെ പരിഷ്കരണം നടത്തുന്നില്ലേ?
3. വിപണി വ്യത്യാസവും വിലക്കയറ്റവുമെല്ലാം തളർത്താതിരിക്കാന്‍ ഡിഎ വർധന കൃത്യമായി നടക്കുന്നില്ലേ?

ഒരുമാസത്തെ ശമ്പളം നിങ്ങള്‍ നല്‍കിയാൽ സർക്കാരിന് കിട്ടുന്നത് 2600 കോടിയാണ്. പുനർനിർമ്മാണത്തിനാവശ്യമായതിന്‍റെ പത്ത് ശതമാനത്തോളം. 

സംസ്ഥാനത്തിന്‍റെ പദ്ധതി അടങ്കലിൽ കൂടുതൽ നഷ്ടമുണ്ടായ കേരളത്തെ ഒന്ന് താങ്ങാന്‍ ഒരുമാസത്തെ വേതനം നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയില്ലേ? മനസില്ലേ? കടമയില്ലേ?അത് നല്‍കണമെന്ന് ആർജ്ജവത്തോടെ പറയാൻ നിങ്ങളുടെ സംഘടനാനേതാക്കള്‍ക്ക് നട്ടെല്ലില്ലേ? 

ലക്ഷങ്ങള്‍ കടമെടുത്ത് മണലാരണ്യത്തിൽ ആടുജീവിതം നയിക്കുന്ന പ്രവാസികൾ, ദിവസം പന്ത്രണ്ടും പതിന്നാലും മണിക്കൂർ അടിമതുല്യം പണിയെടുക്കുന്ന സ്വകാര്യ മേഖല, രക്ഷാപ്രവർത്തനത്തിന് കിട്ടിയ പ്രതിഫലം പോലും സർക്കാരിന് തിരികെ നല്‍കി മാതൃകകാട്ടിയ മത്സ്യത്തൊഴിലാളികള്‍... ഇവരുടെ ഒക്കെ ഇടയിലല്ലേ നിങ്ങളുടെ ജീവിതം?

നേതൃത്വം എന്ത് കോമാളിത്തരം കാട്ടിയാലും ജീവനക്കാർ മനുഷ്യരായി മുന്നോട്ട് വരണം

സ്വയം സന്നദ്ധരായി ശമ്പളം നല്‍കിയ നല്ലവരായ സർക്കാർ ജീവനക്കാരുണ്ട്. പെന്‍ഷന്‍കാരെ പിഴിയുന്നത് മര്യാദയല്ല. ഇതെല്ലാം അംഗീകരിക്കുന്നു. പക്ഷേ അവകാശത്തിന്‍റെ പേരിൽ ഈ ദുരിതത്തോട് പോലും മുഖം തിരിഞ്ഞ് നില്‍ക്കുന്ന ട്രേഡ് യൂണിയൻ സംസ്കാരം അപകടകരമാണ്. കാരണം, നിങ്ങളാണ് ഇനി ഈ ആനുകൂല്യങ്ങള്‍ അർഹമായ കൈകളിലെത്തിക്കേണ്ടത്. നിങ്ങളാണ് അതിനുള്ള മാനദണ്ഡങ്ങളും തുകയും വരക്കുന്നവർ. അതുകൊണ്ട് തിരുത്തണം. നേതൃത്വം എന്ത് കോമാളിത്തരം കാട്ടിയാലും ജീവനക്കാർ മനുഷ്യരായി മുന്നോട്ട് വരണം. തോമസ് ഐസക്കിനോട് പറയണം ഒരുമാസത്തെ വേതനം നല്‍കാൻ തയ്യാറാണെന്ന്.

നാട് മുങ്ങിത്താഴുമ്പോള്‍, തിരുവോണത്തലേന്ന് സകുടുംബം ദില്ലിക്ക് ടൂറിന് പോയ സെക്രട്ടേറിയറ്റിലെ സംഘടനാ നേതാവിന്‍റെ പാരമ്പര്യമാകരുത് കരുത്താകേണ്ട സംഘടിത സിവില്‍ സർവ്വീസിന്‍റേത്. 

പിൻകുറിപ്പ്:
സർക്കാരിനോട് ഒരുവാക്ക്, 
മൂന്നരക്കോടിയോളം ജനങ്ങളില്‍ 14 ലക്ഷം പേരെയാണ് ഈ ദുരിതം വല്ലാതെ തളർത്തിയത്. അതായത് നമ്മുടെ ജനസംഖ്യയില്‍ നാല് ശതമാനം. അവരെ ഒന്ന് കരകയറ്റാനുള്ള കരുതല്‍പോലും നമ്മുടെ കയ്യിലില്ലായിരുന്നു. ശമ്പളവും പെന്‍ഷനും പലിശയും കൊടുത്ത് കാര്യസ്ഥരായി എത്രനാൾ? പ്രവാസികളുടെ അക്കൗണ്ടിന്‍റെ പച്ചയില്‍ മദ്യക്കച്ചവടവും ലോട്ടറിയുമൊക്കെയായി നിത്യശാന്തി കഴിച്ച് പോയാല്‍ മതിയോ? ഈ പുനർനിർമ്മാണമെന്നൊക്കെ പറയുമ്പോള്‍, ഇതെല്ലാം കൂടി ശരിയാക്കാനായിരിക്കും അല്ലേ?