Asianet News MalayalamAsianet News Malayalam

പ്രളയദുരന്തം: ഇനിയെങ്കിലും തെറ്റുതിരുത്തണ്ടേ?

ഒന്നോര്‍ക്കണം, പ്രളയത്തെ ഭയന്ന് ഓടിയ പതിനഞ്ച് ലക്ഷത്തോളം വരുന്ന ജനങ്ങള്‍ അവർ ചെയ്ത തെറ്റിനുള്ള ശിക്ഷയല്ല അനുഭവിച്ചത്. (മതില്‍ കെട്ടി മറച്ചതും, ഓട മൂടിയതുമടക്കവുമുള്ള പിഴവുകള്‍ മറന്നതല്ല) വന്‍കിട ശക്തികളുടെയും മാറിമാറിവന്ന ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങള്‍ കാരണമാണ്. 

pg sureshkumar on kerala flood
Author
Thiruvananthapuram, First Published Aug 28, 2018, 7:31 PM IST

ഡാമില്‍ നിന്ന് ഒഴുകിയെത്തിയ പ്രളയജലത്തിനൊപ്പം അടിഞ്ഞ എക്കല്‍ പലയിടത്തും വെളുത്ത പൊടിയായി മാറിക്കഴിഞ്ഞു. പശ്ചിമഘട്ട മലനിരകളിലെ അനധികൃത ക്വാറികള്‍ തള്ളിയ മാലിന്യം നദീതട കൃഷിഭൂമികളെ തുലച്ചു. കണ്ണൂരിലടക്കം ഏക്കർ കണക്കിന് നെല്‍വയലുകള്‍ കൃഷിയോഗ്യമല്ലാതായി.

മുഖ്യമന്ത്രിയോട് വിനയപൂർവ്വം ചോദിക്കുന്നു,

കേരളത്തിനുണ്ടായ പ്രതിസന്ധി നാം മറികടക്കണം, മറികടക്കാന്‍ കരുത്തുണ്ട്, മറികടക്കും. പക്ഷേ എങ്ങനെ ഈ അവസ്ഥ ഉണ്ടായി എന്നത് മറന്നുകൊണ്ടാണോ പുനർനിർമ്മാണത്തിലേക്ക് കടക്കുന്നത്? 'ബാണാസുരസാഗർ രണ്ടരമീറ്റർ ഉയർത്തി മനുഷ്യക്കുരുതി നടത്താന്‍ നോക്കി'യെന്ന് കേളു എംഎല്‍എ യും, 'സൃഷ്ടിച്ച ദുരന്ത'മെന്ന് സി കെ ശശീന്ദ്രനും, 'മുന്നറിയിപ്പില്ലാതെ ജലനിരപ്പ് ഉയർത്തി'യെന്ന് രാജു ഏബ്രഹാമും പറഞ്ഞത് ശരിയോ? അത് തെറ്റോ? എന്തെങ്കിലും പരിശോധന നടത്തിയോ?

2018 ആഗസ്ത് ഒന്നിന്, വൈദ്യുതി ബോർഡ് ചെയർമാന്‍ വിളിച്ച ഉന്നതതലയോഗത്തിലെടുത്ത തീരുമാനങ്ങള്‍ പമ്പയുടെയും ബാണാസുരസാഗറിന്‍റെയും പെരിങ്ങല്‍കുത്തിന്‍റെയും കാര്യത്തില്‍ നഗ്നമായി ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വെഷണം പോലുമില്ലേ? ഒരു 'ഡാം സുരക്ഷാമാനുവല്‍' പോലുമില്ലാതെയാണ് കെഎസ്ഇബി പ്രവർത്തിച്ചതെങ്കില്‍ ആരുടെ തെറ്റാണ്? ഒരുമണിക്കൂർ വെള്ളം ഒഴുക്കിയാല്‍ 10 ലക്ഷമാണ് നഷ്ടം, ഒരടികുറഞ്ഞാല്‍ 14 കോടിയിലധികം നഷ്ടമാകും എന്ന് പറയുന്ന കച്ചവടസ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഈ ജലബോംബുകള്‍ തുടരാനാണോ തീരുമാനം?

ഡാമിന്‍റെ സുരക്ഷയാണ് ഞങ്ങള്‍ക്ക് മുഖ്യം ജനങ്ങളുടെ ജീവന്‍ രണ്ടാമത് എന്ന് പറഞ്ഞ് കൈകഴുകുന്ന അതോറിറ്റികള്‍ എന്തിനാണ്? ഉല്‍പാദനവും, പ്രസരണവും, വിതരണവും തമ്മില്‍ ഏകോപനമില്ലാതെയും റവന്യൂ നോക്കുകുത്തിയാകുകയും ചെയ്ത അവസ്ഥ ഇനിയുണ്ടാകില്ലെന്ന് ഉറപ്പ് പറയാനാകുമോ? കൊടും വേനലിലേക്കും കനത്ത വർഷത്തിലേക്കും പോകാവുന്ന കാലാവസ്ഥാ വ്യതിയാനം ഭാവിയില്‍ കാത്തിരിക്കെ ഈ പ്രശ്നങ്ങള്‍ക്ക് എന്താണ് ഉത്തരം?

ഡാമില്‍ നിന്ന് ഒഴുകിയെത്തിയ പ്രളയജലത്തിനൊപ്പം അടിഞ്ഞ എക്കല്‍ പലയിടത്തും വെളുത്ത പൊടിയായി മാറിക്കഴിഞ്ഞു. പശ്ചിമഘട്ട മലനിരകളിലെ അനധികൃത ക്വാറികള്‍ തള്ളിയ മാലിന്യം നദീതട കൃഷിഭൂമികളെ തുലച്ചു. കണ്ണൂരിലടക്കം ഏക്കർ കണക്കിന് നെല്‍വയലുകള്‍ കൃഷിയോഗ്യമല്ലാതായി. പശ്ചിമ ഘട്ടത്തിലെ വന്‍കിട നിർമ്മാണങ്ങളും ക്വാറികളും നിരോധിക്കുമോ? മലഞ്ചരിവുകള്‍ ഇടിച്ചുള്ള നിർമ്മാണങ്ങളടക്കം വിലക്കി നിയമം കൊണ്ടുവരുമോ? നദീതടസംരക്ഷണം ഒരോ അതോറിട്ടിയുടെ കീഴില്‍ കൊണ്ടുവരുമോ?

ഒന്നോര്‍ക്കണം, പ്രളയത്തെ ഭയന്ന് ഓടിയ പതിനഞ്ച് ലക്ഷത്തോളം വരുന്ന ജനങ്ങള്‍ അവർ ചെയ്ത തെറ്റിനുള്ള ശിക്ഷയല്ല അനുഭവിച്ചത്. (മതില്‍ കെട്ടി മറച്ചതും, ഓട മൂടിയതുമടക്കവുമുള്ള പിഴവുകള്‍ മറന്നതല്ല) വന്‍കിട ശക്തികളുടെയും മാറിമാറിവന്ന ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങള്‍ കാരണമാണ്. നദീതടത്തില്‍ നിന്ന് ആളെ മാറ്റിയാല്‍ പ്രശ്നം തീരുമെന്നത് മൗഢ്യമാണ്. കാരണം രണ്ടര കിലോമീറ്ററോളം പുഴകയറിയ സ്ഥലങ്ങളുണ്ട്, പുഴ വഴിമാറി ഒഴുകിയ ഇടമുണ്ട്.

പുതിയ കേരളം കെട്ടിപ്പടുക്കുമ്പോള്‍ അരലക്ഷം കോടിയോളം വരാവുന്ന വന്‍ ദൗത്യം ഏറ്റെടുക്കുമ്പോള്‍, പ്രവാസികളടക്കമുള്ളവർ ഒപ്പം കൈകോർക്കണമെങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടിവരും. ഇത് ഒരു അവസരമാണ്, പലതിനും. ദയവായി അത് മറക്കരുത്. 

Follow Us:
Download App:
  • android
  • ios