കോട്ടയം മാഞ്ഞൂര്‍ സൗത്ത് പറയന്‍ പറമ്പില്‍ കുട്ടപ്പന്റെയും ഭവാനിയുടെയും മകനായി 1974 ഏപ്രില്‍ 3ന്് ജനിച്ച പി.കെ ബിജു മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ 2000 ലാണ് പിഎച്ച്ഡി ആരംഭിക്കുന്നത്. മാഞ്ഞൂര്‍ ശ്രീ നാരായണവിലാസം സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസം. പി.കെ.വി.എം.എന്‍.എസ്.എസ് സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യഭ്യാസം. മാന്നാനം കെ.ഇ.കോളേജില്‍ നിന്നും പ്രീഡിഗ്രിയും രസതന്ത്രത്തില്‍ ബിരുദവും. പിന്നീട്, മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഇതിനു ശേഷമാണ്, ഡോ. എം.ആര്‍ ഗോപിനാഥന്‍ നായരുടെ കീഴില്‍ പോളിമര്‍ കെമിസ്ട്രിയില്‍ ഗവേഷണം ആരംഭിച്ചത്. സ്വാഭാവിക റബ്ബറിന്റെയും പോളിവിനൈല്‍ ക്ലോറൈഡിന്റെയും സംയുക്തങ്ങള്‍ രൂപീകൃതമാകുന്നത് സംബന്ധിച്ചായിരുന്നു ഗവേഷണം.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്ത് എത്തിയ ബിജു എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റിന്റെ തിരക്കിട്ട പൊതുജീവിതത്തിനിടയിലും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 2003 മുതല്‍ തുടര്‍ച്ചയായി രണ്ടുതവണ എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റായി. പിന്നീട് ദേശീയ ജോയിന്റ് സെക്രട്ടറി,ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2008 സെപ്തംബറില്‍ കൊല്‍ക്കത്തയില്‍ നടന്ന എസ്.എഫ്.ഐയുടെ പതിമൂന്നാം ദേശീയ സമ്മേളനത്തില്‍ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനുശേഷം ആലത്തൂര്‍ ലോക് സഭാ മണ്ഡലത്തില്‍നിന്ന് രണ്ട് തവണ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
'ഏല്‍പ്പിക്കപ്പെട്ട ഒരു ജോലി നീണ്ടു പോവുന്നതില്‍ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. അതാണിപ്പോള്‍ പൂര്‍ണ്ണമാവുന്നത്. അതിന്റെ സന്തോഷമുണ്ട്'-പി.കെ ബിജു പറഞ്ഞു.
സംഘടനാ പ്രവര്‍ത്തനത്തിന്റെയും പൊതുപ്രവര്‍ത്തനത്തിന്റെയും തിരക്കുകളും ജനപ്രതിനിധി എന്ന നിലയിലുള്ള തിരക്കുകളും പിന്നീട് ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായി മുഴുകുന്നതിന് തടസ്സമായി. ഇതിനെ തുടര്‍ന്നാണ് 17 വര്‍ഷത്തോളം ഗവേഷണം നീണ്ടത്്. എങ്കിലും, കിട്ടുന്ന സമയങ്ങളിലെല്ലാം ലാബിലെത്തി ഗവേഷണത്തില്‍ മുഴുകിയ ബിജു 2015ല്‍ തിസീസ് സമര്‍പ്പിച്ചു. ഇക്കാലത്തിനിടെ, അന്താരാഷ്ട്ര ശാസ്ത്ര ജേണലുകളില്‍ നാല് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഗവേഷണവുമായി ബന്ധപ്പെട്ട അവസാന കടമ്പയായ ഓപ്പണ്‍ ഡിഫന്‍സാണ് നാളെ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു ബിജു. സര്‍വകലാശാലാ കാമ്പസ് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ഇന്ന് വൈകിട്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍വെച്ച് മോക് പ്രസന്‍േറഷന്‍ നടക്കും. പ്രസന്‍േറഷനുള്ള സ്‌ലൈഡുകളും മറ്റും തയ്യാറാക്കുന്ന അവസന ജോലികളിലാണ് ഇപ്പോള്‍ ബിജു.
ഏറെ കാലമായി അലട്ടിയിരുന്ന ഒരു കാര്യമാണ് ശുഭാന്ത്യത്തില്‍ എത്തുന്നതെന്ന് പി.കെ ബിജു എം പി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 'ഏല്‍പ്പിക്കപ്പെട്ട ഒരു ജോലി നീണ്ടു പോവുന്നതില്‍ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. അതാണിപ്പോള്‍ പൂര്‍ണ്ണമാവുന്നത്. അതിന്റെ സന്തോഷമുണ്ട്'-പി.കെ ബിജു പറഞ്ഞു.
ഭാര്യ വിജിയും ഒന്നര വയസ്സുള്ള കുഞ്ഞും ദില്ലിയിലാണുള്ളത്.
