അഹമ്മദാബാദിൽ ഒന്നാം ക്ലാസ്സുകാരിയുടെ പുസ്തകങ്ങൾക്കായി 4,000 രൂപ നൽകേണ്ടി വന്ന പിതാവിൻ്റെ അനുഭവമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സ്കൂളില്‍ നിന്നുതന്നെ പുസ്തകം വാങ്ങാന്‍ നിര്‍ബന്ധിച്ചതായും പിതാവ്.

ഗുജറാത്തിലെ അഹമ്മദാബാദിൽ ഒന്നാം ക്ലാസ്സുകാരിയായ മകൾക്കായി വാങ്ങിയ പുസ്തകങ്ങളുടെ വില കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരു പിതാവ്. ആറ് വയസ്സുകാരിയായ മകൾക്ക് വേണ്ടി സ്കൂളിൽ നിന്ന് നേരിട്ട് വാങ്ങിയ പുസ്തകങ്ങൾക്കും നോട്ട്ബുക്കുകൾക്കുമായി ഏകദേശം 4,000 രൂപ നൽകേണ്ടി വന്നതായാണ് പിതാവ് വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവം സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. സീനിയർ കെജിയിലെ ഫീസിനേക്കാൾ 35 ശതമാനം വർദ്ധനവാണ് ഒന്നാം ക്ലാസ്സിലെ ഫീസിൽ ഉണ്ടായിരിക്കുന്നതെന്ന് പിതാവ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

Add Asianetnews as a Preferred SourcegooglePreferred

പുറത്തെ വിപണിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന നോട്ട്ബുക്കുകൾ പോലും സ്കൂളിൽ നിന്ന് തന്നെ ഉയർന്ന വിലയ്ക്ക് വാങ്ങാൻ നിർബന്ധിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇതേ പുസ്തകങ്ങൾ പുറത്തെ കടകളിൽ നിന്ന് വാങ്ങിയിരുന്നെങ്കിൽ ഇതിലും വളരെ കുറഞ്ഞ തുക മാത്രമേ ആകുമായിരുന്നുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പോസ്റ്റ് വൈറലായതോടെ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള രക്ഷിതാക്കൾ തങ്ങളുടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തി. സ്കൂൾ ഫീസ് കുത്തനെ കൂടുന്നതും, പുസ്തകങ്ങളും യൂണിഫോമും സ്കൂളിൽ നിന്ന് തന്നെ വാങ്ങണമെന്ന് നിർബന്ധിക്കുന്നതും സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു എന്നാണ് പൊതുവായ വിമർശനം.

Scroll to load tweet…

'കൊള്ള' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് രക്ഷിതാക്കൾ ഇതിനോട് പ്രതികരിക്കുന്നത്. സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾ ഇല്ലാത്തത് സ്കൂളുകൾക്ക് ചൂഷണത്തിന് അവസരമൊരുക്കുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. സ്കൂളുകൾ നിർദ്ദേശിക്കുന്ന സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങൾക്ക് വലിയ വില ഈടാക്കുന്നത് ലാഭമുണ്ടാക്കാൻ വേണ്ടിയാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.