Asianet News MalayalamAsianet News Malayalam

ആന്ദ്രെ എങ്ങനെയാണ്  ധ്രുവമനുഷ്യനായത്?

പരിഷ്‌കൃത ജീവിതത്തിന്റെ സാധ്യതകളും തന്റെ രാജ്യത്തിലെ ചൂടുള്ള വേനലുകളും ഉപേക്ഷിച്ച്, സാന്താക്ലോസിന്റെ നാടായി അറിയപ്പെടുന്ന ലാപ് ലാന്‍ഡിലെ കൊടുംതണുപ്പുള്ള ധ്രുവപ്രദേശത്തുള്ള ആ ചെറുഗ്രാമത്തില്‍, റെയിന്‍ ഡിയറുകളെയും വളര്‍ത്തി ജീവിക്കാനുള്ള തീരുമാനം ഈ ചെറുപ്പക്കാരന്‍ എടുത്തതെന്തിനാണ് ?  സാന്‍ഗ്രിയ: ഹരിതാ സാവിത്രിയുടെ കോളം തുടരുന്നു


 

Polar Life in Finland  by Haritha Savithri
Author
Lapland, First Published Nov 12, 2018, 6:16 PM IST

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച് ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങളിലെ ചില ദിവസങ്ങളിലെ അനുഭവങ്ങളായിരുന്നു കാലപ്പഴക്കം മൂലം പിഞ്ഞിത്തുടങ്ങിയ ആ ചെറിയ നോട്ടുപുസ്തകത്തിന്റെ താളുകളില്‍. ഭാഷാപരമായ സൗന്ദര്യമൊന്നും അധികമില്ലാത്ത എഴുത്തായിരുന്നുവെങ്കിലും അപാരമായ ഓര്‍മ്മശക്തിയുടെ കരുത്ത് രേഖപ്പെടുത്തുന്നവിധം കുഞ്ഞുവിശദാംശങ്ങള്‍ പോലും ആ വരികളില്‍ അയാള്‍ ചേര്‍ത്തുവെച്ചിട്ടുണ്ടായിരുന്നു. ഈ കുറിപ്പിന് വേണ്ടി അത് വിവര്‍ത്തനം ചെയ്യാനിരുന്നപ്പോള്‍ ആന്ദ്രെയുടെ എഴുത്തിലെ വിശദാംശങ്ങളും ചിന്തകളും ആ ഭാഷയില്‍നിന്നടര്‍ത്തിമാറ്റി സ്വന്തം ഭാഷയിലേക്ക് ലയിപ്പിക്കുക മാത്രമേ എനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ.

Polar Life in Finland  by Haritha Savithri

''പെസാദ!''

മുഖം ചുളിച്ചു കൊണ്ട് ഇവാന്‍ പിറുപിറുത്തു. വല്ലാതെ ശല്യം ചെയ്യുമ്പോള്‍ എന്നെ വിളിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണത്.

ഞാന്‍ ഇവാനെ ഒളികണ്ണിട്ടു നോക്കി.

'നീ അവനെ ഇങ്ങനെ അലട്ടരുത്' എന്ന് പറയുന്നത് പോലെ ഇവാന്‍ എന്നെ നോക്കി ശാസനയോടെ കണ്ണുരുട്ടി.

ഫിന്‍ലാന്‍ഡിലെ ലാപ് ലാന്‍ഡിലായിരുന്നു ഞങ്ങള്‍. ധ്രുവപ്രദേശത്തിന്റെ ഭാഗമായ ഔട്ടി എന്ന കൊച്ചു ഗ്രാമത്തില്‍, ഇവാന്റെ സുഹൃത്തായ ആന്ദ്രെയുടെ വീട്ടിലായിരുന്നു താമസം. വിഭവസമൃദ്ധമായ കഥകള്‍ കേള്‍ക്കാനും പറയാനും പറ്റിയ സമയമാണല്ലോ എന്ന് കരുതി ഞാന്‍ ആന്ദ്രെയോട് അയാളെങ്ങനെയാണ് ആ ധ്രുവപ്രദേശത്ത് എത്തിപ്പെട്ടതെന്ന സംശയം ആവര്‍ത്തിച്ചു ചോദിച്ചതായിരുന്നു ഇവാന്റെ നീരസത്തിനു കാരണം.

പെട്ടെന്ന് ആരോ വാതില്‍മറ മാറ്റാന്‍ ശ്രമിക്കുന്നതായി തോന്നി.

ആന്ദ്രെ പൊടുന്നനെ, സംഭാഷണം നിറുത്തി. അയാളുടെ മുഖം ജാഗരൂകമാകുകയും തണുപ്പില്‍ ഭക്ഷണം തേടി വരുന്ന വിശന്നു വലഞ്ഞ കരടികളെ നേരിടാന്‍ ഇരിപ്പിടത്തിന് അടുത്തു തന്നെ ഒരുക്കി വച്ചിരുന്ന തോക്കിലേക്ക് കൈ നീളുകയും ചെയ്തു. ഭയം ഒരു മിന്നല്‍ പോലെ എന്റെയുള്ളിലൂടെ കടന്നുപോയി. സമീപത്തിരുന്ന ഇവാന്റെ മുഖവും വിളറുന്നത് ഞാന്‍ കണ്ടു.

ഒരു ചിരി കേട്ടു. ''ഭയക്കണ്ട, ഞാനാണ്.'' ആരോ വിളിച്ചു പറഞ്ഞു. ഞങ്ങള്‍ക്കായി ഒരു തളികയില്‍ ബിര്‍ച്ച്മരക്കപ്പുകളും ചായ കൂട്ടാനുള്ള പാത്രങ്ങളും മറ്റുമായി വന്ന ആന്ദ്രെയുടെ ഭാര്യയായിരുന്നു അത്. ഞാനും ഇവാനും മുഖത്തോടു മുഖം നോക്കി. ആന്ദ്രെ തോക്ക് താഴെയിട്ടു. നിശ്ശബ്ദമായ ഇരുണ്ട മഞ്ഞുകാല രാത്രിയില്‍ ആ കൂടാരത്തില്‍ നിന്നുയര്‍ന്ന ഞങ്ങളുടെ പൊട്ടിച്ചിരിയുടെ മുഴക്കം കേട്ട് സമീപത്തുള്ള വൃക്ഷങ്ങളില്‍ ചുരുണ്ടുകൂടിയിരുന്ന് ഉറങ്ങുകയായിരുന്ന പക്ഷികള്‍ ചിറകടിച്ചു ദൂരേയ്ക്ക് പറന്നു പോയി.

Polar Life in Finland  by Haritha Savithri

പരിഷ്‌കൃത ജീവിതത്തിന്റെ സാധ്യതകളും തന്റെ രാജ്യത്തിലെ ചൂടുള്ള വേനലുകളും ഉപേക്ഷിച്ച്, സാന്താക്ലോസിന്റെ നാടായി അറിയപ്പെടുന്ന ലാപ് ലാന്‍ഡിലെ കൊടുംതണുപ്പുള്ള ധ്രുവപ്രദേശത്തുള്ള ആ ചെറുഗ്രാമത്തില്‍, റെയിന്‍ ഡിയറുകളെയും വളര്‍ത്തി ജീവിക്കാനുള്ള തീരുമാനം ഈ ചെറുപ്പക്കാരന്‍ എടുത്തതെന്തിനാണ് എന്നറിയാനുള്ള ആകാംക്ഷ മൂലം എനിക്ക് ഇരിക്കപ്പൊറുതിയുണ്ടായിരുന്നില്ല. വന്ന നാള്‍ മുതല്‍ ഇടയ്ക്കിടയ്ക്ക് അതൊന്നു പറയാന്‍ ഞാന്‍ ആന്ദ്രെയെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. 'കുറച്ചു നീണ്ട കഥയാണ്. സമയം കിട്ടുമ്പോള്‍ പറയാം' എന്ന് പറഞ്ഞു ഓരോ തവണയും അയാള്‍ വഴുതി മാറിക്കൊണ്ടിരുന്നു. 

ഫിന്‍ലന്‍ഡിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ മുറി പങ്കിട്ട കാലം മുതല്‍ ഇവാന്റെ ഏറ്റവും അടുത്ത കൂട്ടുകാരില്‍ ഒരാളാണ് ആന്ദ്രെ. യേശുവിന്റെ മുഖമുള്ള, മധുരഭാഷിയും സൗമ്യനുമായ ഇറ്റലിക്കാരന്‍! ഒരുപാടു നാളുകള്‍ കാത്തിരുന്ന ശേഷമാണ് ആന്ദ്രെയുടെ ലാപ് ലാന്‍ഡിലെ വീട്ടിലേക്കു പോകാന്‍ ഒരു അവസരം കിട്ടിയത്. അവധി ദിനങ്ങളാണ് എന്നത് മാത്രമല്ല ക്രിസ്മസ് സീസണ്‍ ഈ യാത്രയ്ക്കായി തിരഞ്ഞെടുക്കാന്‍ കാരണം. ആന്ദ്രെയുടെ വീട് സ്ഥിതി ചെയ്യുന്ന റോവനിയാമിയില്‍ ഫിന്‍ലന്‍ഡിലെ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് സാന്താക്ലോസിന്റെ നാടെന്ന പ്രശസ്തി മുതലെടുക്കാനായി യാത്രികരെ ആകര്‍ഷിക്കാനുള്ളതെല്ലാം ഒരുക്കി വച്ചിട്ടുണ്ട്. സാന്താക്ലോസിന്റെ പോസ്റ്റ്  ഓഫീസില്‍ നിന്ന് പ്രത്യേകമായ തപാല്‍ മുദ്രയുള്ള ആശംസാ കാര്‍ഡുകള്‍ സുഹൃത്തുക്കള്‍ക്ക് അയക്കുകയും ഇഗ്ളൂ ഹോട്ടല്‍ കാണാന്‍ പോവുകയും സ്നോമൊബീല്‍ റൈഡ് ചെയ്യുകയും ചെയ്തുവെങ്കിലും കുറച്ചു ദിവസം കൊണ്ട് എനിക്ക് മടുപ്പ് തോന്നിത്തുടങ്ങി. ബെറികള്‍ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കി കാട്ടില്‍ അലഞ്ഞു നടക്കാനും ആന്ദ്രെയുടെ റെയിന്‍ ഡിയറുകളെ കെട്ടിയ സ്ലെഡ്ജില്‍ അലസമായി കാട്ടുപാതകളിലൂടെ യാത്ര ചെയ്യാനുമായിരുന്നു എനിക്ക് കൂടുതല്‍ താല്‍പ്പര്യം. ഉറഞ്ഞു കിടക്കുന്ന തടാകങ്ങളില്‍ നിന്ന് മീന്‍ പിടിക്കാന്‍ വളരെ എളുപ്പമായിരുന്നു. ഐസില്‍ ദ്വാരമുണ്ടാക്കി ചെറിയ തരം ചൂണ്ടയില്‍ ഇര കൊളുത്തി അകത്തേയ്ക്കിടേണ്ട താമസം മത്സ്യങ്ങള്‍ കൊത്തിക്കഴിഞ്ഞിരിക്കും. ഉച്ച ഭക്ഷണത്തിനു ശേഷം പ്രകാശം മറയും മുമ്പ് ആന്ദ്രെയുടെ ഭാര്യയോടൊത്ത് സമീപത്തു തന്നെയുള്ള തടാകത്തില്‍ മീന്‍ പിടിക്കാന്‍ പോകുന്ന ദൗത്യം ഞാന്‍ ഏറ്റെടുത്തു.

താന്‍ വളര്‍ത്തുന്ന റെയിന്‍ ഡിയറുകളെ ഭക്ഷണത്തിനായി കൊല്ലാന്‍ ആന്ദ്രെയ്ക്ക് ഇഷ്ടമായിരുന്നില്ല. നേരം ഇരുട്ടാറാകുമ്പോള്‍ മുയലുകളെയും കാട്ടുകോഴിയെയും നീര്‍നായയേയും പിടിക്കാനുള്ള പലതരം കെണികളുമായി അയാള്‍ കാട്ടിലേക്ക് പോകും. രാവിലെ കെണികള്‍ നോക്കാന്‍ പോയിട്ട് വരുമ്പോള്‍ കയ്യിലെ സഞ്ചിയില്‍ എന്തെങ്കിലും കാണാതിരിക്കില്ല. ക്രീം പോലെ കൊഴുത്ത സാല്‍മണ്‍ സൂപ്പും ഉള്ളില്‍ ബേക്കണ്‍ നിറച്ചു തുന്നി കനലില്‍ പൊരിച്ചെടുത്ത മുയലും ബീവര്‍ സ്റ്റിയൂവും വീട്ടിലുണ്ടാക്കിയ സോസില്‍ മുങ്ങിയ മൊരിഞ്ഞ മീറ്റ് ബോളുകളും നിറഞ്ഞ പാത്രങ്ങള്‍ എപ്പോഴും ഭക്ഷണ മേശയില്‍ നിരന്നിരുന്നു. നീര്‍നായയുടെ ഇറച്ചിയ്ക്ക് നല്ല രുചിയാണ് എന്ന ആന്ദ്രെയുടെ നിരന്തരമായ പ്രലോഭനത്തിനു വഴങ്ങിയാണ് ഞാന്‍ അത് രുചിച്ചു നോക്കാന്‍ തീരുമാനിച്ചത്. എല്ലുകളോടെ മുറിച്ചെടുത്ത് ഉപ്പും കുരുമുളകും പുരട്ടി ബാര്‍ബെക്യു ചെയ്ത് പുഴുങ്ങിയുടച്ച ഉരുളക്കിഴങ്ങും വിനീഗറില്‍ ഇട്ടു വച്ച അരിഞ്ഞ കാബേജും ചേര്‍ത്ത് കഴിച്ചപ്പോള്‍ റെയിന്‍ഡിയറിന്റെ ഇറച്ചിയുടെ രുചിയോട് നല്ല സാമ്യം തോന്നി. എനിക്കതിഷ്ടമായി എന്ന് കണ്ടപ്പോള്‍ ആന്ദ്രെ വളരെ സന്തുഷ്ടനായി.

''ഒരു ഡയറിയാണ്. നിനക്കറിയേണ്ടതെല്ലാം ഇതിലുണ്ട്''

പത്തു ദിവസത്തെ താമസത്തിനു ശേഷം തിരിച്ചു പോരാന്‍ നേരത്ത് ഉപചാരപൂര്‍വ്വം എന്റെ രണ്ടു കവിളുകളിലും മൃദുവായി ഉമ്മ വച്ച ശേഷം നീലച്ചട്ടയിട്ട ഒരു പഴയ നോട്ടുപുസ്തകം എന്റെ കയ്യിലേല്‍പ്പിച്ചിട്ട് ആന്ദ്രെ ഒരു പുഞ്ചിരിയോടെ പറഞ്ഞു. ''ഇനി നമ്മള്‍ കാണുമ്പോള്‍ നീ എനിക്കിത് തിരിച്ചു തരണം''. ഞാനത് മറിച്ചു നോക്കി. പഴമയുടെ മണമുള്ള, മഞ്ഞ നിറം പടര്‍ന്നു തുടങ്ങിയ താളുകളില്‍ മഷിപ്പേന കൊണ്ട് മനോഹരമായ കയ്യക്ഷരത്തിലെഴുതിയ ചില കുറിപ്പുകള്‍. റോവനിയാമി റെയില്‍വേ സ്റ്റേഷനില്‍ വച്ചു അടുത്ത വര്‍ഷം വീണ്ടും കാണുന്നതിനെ പറ്റിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തശേഷം വിട പറഞ്ഞു പിരിയും വരെ അതൊന്നു വായിക്കാന്‍ വെമ്പുകയായിരുന്നു ഞാന്‍.

ഏകദേശം പന്ത്രണ്ടു മണിക്കൂറുകളോളം യാത്ര ചെയ്യണം ഹെല്‍സിങ്കിയില്‍ എത്താന്‍. ട്രെയിനിനുള്ളിലെ സുഖകരമായ ഇളം ചൂടില്‍ വായനയുടെ ലഹരിയില്‍ അമര്‍ന്നു പോയ ഞാന്‍ അറിയാതെ ഫിന്‍ലന്‍ഡിന്റെ തലസ്ഥാന നഗരിയിലേക്ക് വര്‍ഷങ്ങള്‍ക്കു മുന്പ് പഠിക്കാനെത്തിയ ഒരു ഇരുപത്തിരണ്ടുകാരന്റെ ലോകത്തിലേക്ക് വീണുപോയി. മിടുക്കരായ വിദ്യാര്‍ഥികള്‍ക്കു ഇറ്റാലിയന്‍ ഗവണ്‍മെന്റ് അനുവദിക്കുന്ന സ്‌കോളര്‍ഷിപ്പും വാങ്ങി സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം വഴി ഫിന്‍ലന്‍ഡിലെ യൂണിവേഴ്സിറ്റികളില്‍ പഠിക്കാനെത്തുന്ന തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം വിദ്യാര്‍ഥികളില്‍ ഒരുവനായിരുന്നു ആന്ദ്രെ. വല്ലപ്പോഴും കുത്തിക്കുറിച്ചതു പോലെ, ഡയറിയെഴുത്തിന്റെ അടുക്കും ചിട്ടയുമൊന്നുമില്ലാതെ, കടന്നു പോയ ദിവസങ്ങളില്‍ മനസ്സില്‍ തടഞ്ഞു നിന്ന സംഭവങ്ങളെക്കുറിച്ചു തന്നോടു തന്നെ സംസാരിക്കുന്നത് പോലെയുണ്ടായിരുന്നു ഓരോ കുറിപ്പുകളും. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച് ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങളിലെ ചില ദിവസങ്ങളിലെ അനുഭവങ്ങളായിരുന്നു കാലപ്പഴക്കം മൂലം പിഞ്ഞിത്തുടങ്ങിയ ആ ചെറിയ നോട്ടുപുസ്തകത്തിന്റെ താളുകളില്‍. വായന തുടങ്ങിയതോടെ ഞാന്‍ പരിസരം മറന്ന് ആ കഥയില്‍ മുഴുകി. ഭാഷാപരമായ സൗന്ദര്യമൊന്നും അധികമില്ലാത്ത എഴുത്തായിരുന്നുവെങ്കിലും അപാരമായ ഓര്‍മ്മശക്തിയുടെ കരുത്ത് രേഖപ്പെടുത്തുന്നവിധം കുഞ്ഞുവിശദാംശങ്ങള്‍ പോലും ആ വരികളില്‍ അയാള്‍ ചേര്‍ത്തുവെച്ചിട്ടുണ്ടായിരുന്നു. ഈ കുറിപ്പിന് വേണ്ടി അത് വിവര്‍ത്തനം ചെയ്യാനിരുന്നപ്പോള്‍ ആന്ദ്രെയുടെ എഴുത്തിലെ വിശദാംശങ്ങളും ചിന്തകളും ആ ഭാഷയില്‍നിന്നടര്‍ത്തിമാറ്റി സ്വന്തം ഭാഷയിലേക്ക് ലയിപ്പിക്കുക മാത്രമേ എനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ. ഇനിയാ ഡയറിക്കുറിപ്പുകള്‍ സംസാരിക്കും:

Polar Life in Finland  by Haritha Savithri

ഫെബ്രുവരി 23, 1995

ഇന്ന്, വൈകുന്നേരത്തെ തണുപ്പിലും പ്രൊഫസറുടെ മുന്നില്‍ നിന്നപ്പോള്‍ പരിഭ്രമം കൊണ്ട് വിയര്‍ത്തു കുളിച്ചു പോയി. സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം വഴി ലാപ് ലാന്‍ഡിലേക്കാണ് ഞാന്‍ പോവുന്നതെന്ന് പറഞ്ഞപ്പോള്‍ ആ കണ്ണുകളില്‍ അരുതാത്തതെന്തോ കേട്ടപോലൊരാശ്ചര്യം തിളങ്ങി.

''നന്നായി ആലോചിച്ചിട്ടു തന്നെയാണോ നീ ഈ തീരുമാനം എടുത്തത്?''

മുഖത്തെ അസംഖ്യം ചുളിവുകളിലും പീലികള്‍ പോലും നരച്ച മൂര്‍ച്ചയേറിയ കണ്ണുകളിലും ഒളിച്ചു വച്ചിരിക്കുന്ന പ്രൊഫസറുടെ യഥാര്‍ത്ഥ ഭാവം ചിരിയാണോ പരിഹാസമാണോ എന്ന് എനിക്ക് മനസ്സിലായില്ല. അതില്‍ അതിശയത്തിന്റെ വല്ലാത്തൊരു നിഴല്‍ വീണുകിടക്കുന്നുണ്ടായിരുന്നു.

''നീ ഒരു കാര്യം ചെയ്യൂ, ഏപ്രില്‍, മേയ് മാസങ്ങളില്‍ ലാപ് ലാന്‍ഡിലെ കാലാവസ്ഥയും അവിടെയുള്ള സ്‌കൂളുകളുടെ അവസ്ഥയും മറ്റും ഒന്ന് നന്നായി മനസ്സിലാക്കിയിട്ടു വരൂ. അവസാന തീരുമാനം അതിനു ശേഷം എടുത്താല്‍ പോരെ?''-അദ്ദേഹം ചോദിച്ചു. പാതി മനസ്സോടെ ഞാന്‍ തലയാട്ടി.

തീരുമാനം എപ്പോഴേ എടുത്തു കഴിഞ്ഞു എന്ന് അദ്ദേഹത്തിനോട് ഞാന്‍ പറഞ്ഞില്ല. അധ്യാപക പരിശീലനത്തിനായി തിരഞ്ഞെടുത്ത സ്‌കൂളിന്റെ വിവരങ്ങള്‍ കണ്ടപ്പോള്‍ തെറ്റുപറ്റിയതല്ല എന്ന് ഉറപ്പു വരുത്താനാണ് പ്രൊഫസ്സര്‍ ജാക്കോ ഹക്കിനെന്‍ വിളിച്ചു വരുത്തിയത്. ജാക്കൊയോടു സംസാരിക്കാനായി അദ്ദേഹത്തിന്റെ ഓഫീസിനു മുന്‍പില്‍ കാത്തു നില്‍ക്കേണ്ടി വന്നു. പാര്‍ട് ടൈം ജോലി ചെയ്യുന്ന കിന്റര്‍ഗാര്‍ടനില്‍ സമയത്തിനെത്താനായി പുസ്തകക്കെട്ടും ചുമന്നു ഓടിയാണ് പോയത്. എന്നിട്ടും എത്താന്‍ വൈകി.

Polar Life in Finland  by Haritha Savithri

ഫെബ്രുവരി 29, 1995

ഇന്നും അവര്‍ ബീച്ചിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യുകയാണ്. സാധാരണ ഫിന്‍ലന്‍ഡില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ഥികളെപ്പോലെ എനിക്കും ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍! 

ഒഴിവു ദിവസങ്ങളില്‍ ആവിക്കുളി നടത്തിയും പ്രശാന്തമായ ബീച്ചുകളില്‍ വിശ്രമിച്ചും വിശാലമായ തടാകങ്ങളില്‍ നിന്ന് മീന്‍ പിടിച്ചും അയല്‍രാജ്യങ്ങളായ റഷ്യ, സ്വീഡന്‍, നോര്‍വേ എന്നീ രാജ്യങ്ങളിലേക്ക് യാത്രകള്‍ നടത്തിയും കൂട്ടുകാര്‍ ജീവിതം ആഘോഷിക്കുന്ന നേരത്ത് ഞാന്‍ തണുപ്പ് കാലത്തേയ്ക്ക് വേണ്ടി നല്ല ഒരു രോമക്കുപ്പായം വാങ്ങാനുള്ള പണമുണ്ടാക്കാനായി ബേബി സിറ്ററായി പല വീടുകളില്‍ മാറി മാറി ജോലി ചെയ്യുകയാണ്. പഠനാവശ്യങ്ങള്‍ക്ക് ഒരു ചെറിയ സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്, എന്നാലും വിശപ്പ് മാറ്റാനും കൊടുംതണുപ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള വസ്ത്രങ്ങള്‍ക്കും ഷൂവിനും മറ്റും വേറെ പണം കണ്ടെത്തേണ്ടിയിരിക്കുന്നു. 

കൂട്ടുകാര്‍ നടത്തുന്ന വിനോദയാത്രകള്‍ വല്ലാതെ മോഹിപ്പിക്കുന്നുവെങ്കിലും ആഴ്ചയിലൊരിക്കല്‍ നടത്തുന്ന ഫോണ്‍ വിളിയുടെ അവസാനം, 'പൈസ എന്തെങ്കിലും വേണോ' എന്ന അമ്മയുടെ പരവശമായ ശബ്ദത്തിലുള്ള ഉല്‍കണ്ഠ നിറഞ്ഞ ചോദ്യം അത്തരം അധികച്ചിലവുകളില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ്. അമ്മ എനിക്ക് വേണ്ടി ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്. ഇനിയും അവര്‍ക്ക് ഒരു ബാധ്യതയാവാന്‍ പാടില്ല. എന്തായാലും കോഴ്സിന് അവസാനമുണ്ടാകാറുള്ള അധ്യാപക പരിശീലനത്തിന് സമയമായല്ലോ. യാത്രാച്ചിലവും താമസസൗകര്യവും പഠനപദ്ധതിയുടെ ഭാഗമാണ്. ചിലവൊന്നുമില്ലാതെ കുറച്ചൊന്നു നാട് കാണാന്‍ വേണ്ടി തന്നെയാണ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഏറ്റവും ദൂരെയുള്ള ഒരു സ്ഥലം അതിനായി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.


മാര്‍ച്ച് 10, 1995

ഇന്ന് പ്രൊഫസര്‍ വീണ്ടും വിളിപ്പിച്ചിരുന്നു. എന്റെ മറുപടി കിട്ടിയിട്ടും അദ്ദേഹത്തിനു ഇതുവരെ സംശയം മാറിയില്ലെന്ന് തോന്നുന്നു. ഫിന്‍ലന്‍ഡിന്റെ വടക്കേയറ്റത്ത് ഉത്തരധ്രുവത്തിലുള്ള ഔട്ടി എന്ന ഗ്രാമത്തിലെ സ്‌കൂളിനെ കുറിച്ചുള്ള വിവരണത്തിനു ശേഷം കാലാവസ്ഥയെക്കുറിച്ചും ജീവിതസൗകര്യങ്ങളുടെ അപര്യാപ്തതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. എന്തായാലും അമ്മയും ഞാനും കൂടി അനുഭവിച്ചിട്ടുള്ള പട്ടിണിയും ദാരിദ്ര്യവുമൊന്നും അവിടെയുണ്ടാവില്ല. കുട്ടികളില്ലാത്തതിനാലും പഠിപ്പിക്കാന്‍ അധ്യാപകരെ ലഭിക്കാത്തതിനാലും ഈ വര്‍ഷത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോകുന്ന സ്‌കൂളുകളുടെ ലിസ്റ്റില്‍ പെട്ട ഒന്നാണ് ഔട്ടിയിലേതും. ആര്‍ക്കും പോകാന്‍ താല്‍പ്പര്യമില്ലാത്ത ആ നാട്ടിലെ കുട്ടികള്‍ക്ക് എന്നെക്കൊണ്ട് ചെറുതെങ്കിലും എന്തെങ്കിലും പ്രയോജനം ഉണ്ടാവട്ടെ. രണ്ടു മാസത്തെ അധ്യാപക പരിശീലനം കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തും എന്നല്ലാതെ വര്‍ഷത്തില്‍ ഏഴു മാസം മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന ധ്രുവപ്രദേശത്തെ ഒരു ഗ്രാമീണ വിദ്യാലയത്തിലേക്കാണ് പോകുന്നത് എന്ന് അമ്മയോട് പറഞ്ഞിട്ടില്ല. ഒരു കാര്യവുമില്ലാതെ ആധിപിടിക്കുന്ന സ്വഭാവമാണ്. വെറുതെ വിഷമിപ്പിക്കാന്‍ വയ്യ.

മാര്‍ച്ച് 15, 1995

കയ്യിലുണ്ടായിരുന്ന ശീതകാല വസ്ത്രങ്ങളും ഷൂസുകളും പുസ്തകങ്ങളും പൊതിഞ്ഞു കെട്ടി ഇന്ന് ഹോസ്റ്റലിനോട് വിട പറഞ്ഞു. ലാപ് ലാന്‍ഡിലെ റോവനിയാമി എന്ന സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ ട്രെയിനിലെ ജനാലയ്ക്കരികിലുള്ള സീറ്റ് ഉറപ്പു വരുത്തിയിരുന്നു. മാര്‍ച്ച് ആദ്യവാരമായിരുന്നതിനാല്‍ ഹെല്‍സിങ്കിയെ മൂടിക്കിടന്ന മഞ്ഞു പാളികള്‍ ഉരുകിത്തുടങ്ങിയിരിക്കുന്നു. ചെറിയൊരു കാറ്റില്‍ പോലും മരക്കൊമ്പുകളെ പൊതിഞ്ഞിരുന്ന ഐസിന്റെ ആവരണങ്ങള്‍ പൊട്ടിയടര്‍ന്നു താഴെ വീണു ചിതറിത്തെറിക്കുകയാണ്. റെയില്‍വേയ്ക്കരികിലുള്ള ഗ്രാമപാതകളിലൂടെ നിറപ്പകിട്ടുള്ള രോമക്കുപ്പായങ്ങളില്‍ പൊതിഞ്ഞ പന്തുകളെപ്പോലെ കുട്ടികള്‍ ചലിക്കുന്നു. രാവിലെ സ്‌കൂളുകളിലേക്ക് പോകുന്ന വഴിയാണെന്ന് തോന്നുന്നു. എന്തായാലും കിട്ടിയ ഇരിപ്പിടം സൗകര്യപ്രദമാണ്. കാലുകള്‍ നീട്ടി വച്ച് ഇരിക്കാം, എഴുതാം. സ്വസ്ഥമായി പുറത്തെ കാഴ്ചകള്‍ ആസ്വദിക്കാം.

 ശീതകാലത്തിന്റെ മടുപ്പും മരവിപ്പും മായ്ച്ചുകളഞ്ഞു കൊണ്ട് പ്രകൃതിയിലും മനുഷ്യരിലും വസന്തം മായാജാലം കാട്ടുന്നത് ഇത്ര തീവ്രതയോടെ ആദ്യമായി കാണുകയാണ്. മരങ്ങളില്‍ തളിരുകള്‍ തലകാട്ടിത്തുടങ്ങിയിരുന്നു. മഞ്ഞുരുകിയൊഴുകുന്ന നീര്‍ച്ചാലുകളില്‍ കുട്ടികള്‍ ഉത്സാഹത്തോടെ ചാടിക്കളിക്കുകയും കൂവിവിളിച്ചുകൊണ്ട് പരസ്പരം മഞ്ഞു വാരിയെറിയുകയും ചെയ്യുന്നു. കുറച്ചു മുമ്പ് വഴിയിലെ ഒരു സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ ഒരു കൂട്ടം കുതിര സവാരിക്കാര്‍ തമാശ കാണിക്കാനായി പുറകേ കൂടി. ട്രെയിനിന്റെ വേഗതയോടു മത്സരിച്ചു കൊണ്ട് ആ ചെറുപ്പക്കാര്‍ ആര്‍ത്തു വിളിച്ചു കൊണ്ട് കുതിരയെ പായിക്കുകയും അവരുടെ തിളയ്ക്കുന്ന ആവേശത്തിന് കിടപിടിക്കുന്ന വേഗതയില്‍ കുതിരകള്‍ കുതിച്ചു ചാടിക്കൊണ്ട് എഞ്ചിനോടൊപ്പം ഓടിയെത്താന്‍ ശ്രമിക്കുകയും ചെയ്തു. 

അട്ടഹസിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യുന്ന ആ തെമ്മാടിക്കൂട്ടത്തിനു പിന്നില്‍ കുളമ്പുകള്‍ക്കടിയില്‍ നിന്ന് തെറിച്ച മഞ്ഞ് മേഘം പോലെ ഉയര്‍ന്നു പൊങ്ങുന്നുണ്ടായിരുന്നു. വേഗം വര്‍ദ്ധിക്കുന്ന ട്രെയിന്‍ കൂവുകയും പുക തുപ്പുകയും ചെയ്തുകൊണ്ട് അവരെ കടന്നു പോവാന്‍ തുടങ്ങിയപ്പോള്‍ ആ ഉത്സാഹവും ഉന്മേഷവും എന്നിലേക്ക് കൂടി പകര്‍ന്നു കിട്ടിയത് പോലെയാണ് തോന്നിയത്. പൊതുവേ അന്തര്‍മുഖനായ ഞാന്‍ പതിവില്ലാതെ ആ ചെറുപ്പക്കാരെ നോക്കി ആവേശത്തോടെ കൈവീശുകയും പുഞ്ചിരിക്കുകയും ചെയ്തു. ഉന്‍മേഷത്തോടെ പ്രകാശിക്കുന്ന സൂര്യന്‍ എന്റെ മടുപ്പും മരവിപ്പും നിറഞ്ഞ ജീവിതത്തിലാണ് ഉദിച്ചത് എന്നാണു തോന്നുന്നത്. 

റോവനിയാമി റെയില്‍വേ സ്റ്റേഷനില്‍ കൊര്‍ഹോനെന്‍ എന്നൊരാള്‍ കാത്തു നില്‍ക്കും എന്ന് മാത്രമേ പ്രൊഫസര്‍ പറഞ്ഞിട്ടുള്ളൂ. ഹെല്‍സിങ്കിയുടെ പരിസരപ്രദേശങ്ങളില്‍ കണ്ട വസന്തത്തിന്റെ തിളക്കം ട്രെയിന്‍ വടക്കോട്ട് പോകുന്തോറും മഞ്ഞില്‍ മറഞ്ഞു പോയിരിക്കുന്നു. ചുറ്റുപാടും കണ്ണില്‍ കുത്തുന്ന പ്രകാശിക്കുന്ന വെളുപ്പ് നിറം മാത്രം. ഇടയ്ക്കിടക്ക് റെയില്‍ പാതയുടെ സമാന്തരമായി ഒഴുകുന്ന നദികളും അവയുടെ കരയിലെ മഞ്ഞണിഞ്ഞ കൂര്‍ത്ത തലപ്പുകളുള്ള മരങ്ങളും പ്രത്യക്ഷപ്പെടുന്നതൊഴിച്ചാല്‍ വിശാലമായ ഭൂപ്രകൃതി മറ്റു മാറ്റങ്ങളൊന്നും ഇല്ലാതെ വെളുത്തു പരന്നു കിടക്കുന്നു. സഹയാത്രികര്‍ മിക്കവാറും എല്ലാവരും തന്നെ ഉറക്കത്തില്‍ ആണ്ടു പോയിരിക്കുകയാണ്. എനിക്കും ഒന്നുറങ്ങാനുള്ള സമയമുണ്ടെന്ന് തോന്നുന്നു.

Polar Life in Finland  by Haritha Savithri

മാര്‍ച്ച് 19, 1995

അന്ന്, ആ യാത്രയുടെ അവസാനം ആളുകള്‍ ഉറക്കെ സംസാരിക്കുന്നതിന്റെയും സാധനങ്ങള്‍ വലിച്ചു പുറത്തിടുന്നതിന്റെയും ശബ്ദങ്ങള്‍ കേട്ടാണ് ഞാന്‍ കണ്ണു തുറന്നത്. ഇരുട്ട് വീണു തുടങ്ങിയിരുന്നു. പരിഭ്രാന്തിയോടെ ചുറ്റും നോക്കിയപ്പോള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയതായി മനസ്സിലായി.
 
വല്ലാത്ത തണുപ്പ്!

കെട്ടുകളും വലിച്ചു കൊണ്ട് അമ്പരപ്പോടെ ചുറ്റുപാടും നോക്കിക്കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങിയപ്പോള്‍ തന്നെ സ്‌റ്റേഷന്റെ വാതില്‍ക്കല്‍ കാത്തു നില്‍പ്പുണ്ടായിരുന്ന ദൃഢഗാത്രനായ യുവാവ് തിടുക്കത്തില്‍ നടന്നു വന്നു. 'ഞാന്‍ ടാപ്പിയോ കൊര്‍ഹോനെന്‍!' ഹസ്തദാനത്തിനും പരിചയപ്പെടുത്തലിനും ശേഷം എത്ര വിലക്കിയിട്ടും എന്റെ പെട്ടികളുമെടുത്ത് അയാള്‍ തിടുക്കത്തില്‍ വിജനമായ പാര്‍ക്കിങ്ങില്‍ കിടന്ന പഴയ കാറിനു നേരെ നടന്നു. വണ്ടി സ്റ്റാര്‍ട്ട് ചെയ്തിട്ടും കയറാതെ സന്ധ്യാസൂര്യന്റെ ചുവന്ന രശ്മികള്‍ ഐസ് പൊതിഞ്ഞു നില്‍ക്കുന്ന മരത്തലപ്പുകളില്‍ വിരിയിക്കുന്ന സ്വര്‍ണ്ണമഞ്ഞയുടെ മായാജാലം കണ്ടു മതിമറന്നു ഞാന്‍ നിന്നുപോയി. കൊര്‍ഹോനെന് ഇതൊരു സ്ഥിരം കാഴ്ചയായതിനാലാവണം പ്രകൃതി ഭംഗിയിലൊന്നും വലിയ താല്‍പ്പര്യമുണ്ടെന്ന് തോന്നിയില്ല. വീട്ടിലെത്താന്‍ ഏറെ ദൂരം പോകാനുണ്ടെന്ന് അയാള്‍ ഇടയ്ക്ക് അസ്വസ്ഥതയോടെ മുറുമുറുക്കുന്നുണ്ടായിരുന്നു. 

ടയറുകള്‍ തെന്നാതിരിക്കാന്‍ ചങ്ങലകള്‍ പിടിപ്പിച്ചിട്ടുണ്ടെങ്കിലും ചിലയിടങ്ങളില്‍ മഞ്ഞും ചെളിയും കൂടി കുഴഞ്ഞു മറിഞ്ഞും ചിലയിടങ്ങളില്‍ ഗ്ലാസ് പോലെ മിനുസമാര്‍ന്നും കിടന്ന വഴിയില്‍ കാര്‍ നിയന്ത്രിക്കാന്‍ കൊര്‍ഹോനെന്‍ വളരെ ബുദ്ധിമുട്ടി. ശ്രദ്ധയോടെ വണ്ടിയോടിക്കുന്ന ആ മനുഷ്യനെ ഒറ്റയ്ക്ക് വിട്ടുകൊണ്ട് ഞാന്‍ അധികമൊന്നും സംസാരിക്കാതെ ചുറ്റുപാടുമുള്ള കാടും ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന തടി കൊണ്ടുള്ള വീടുകളും ഉറഞ്ഞു കിടക്കുന്ന ചെറുതടാകങ്ങളും ഇരുളിലമരുന്നതു നോക്കിയിരുന്നതേയുള്ളൂ. 

ഏതു നിമിഷവും പണിമുടക്കുമെന്ന് തോന്നിയ ആ പഴയ കാര്‍ ഏകദേശം രണ്ടു മണിക്കൂറുകളോളം നിറുത്താതെ ഓടിയ ശേഷം തടി കൊണ്ടുള്ള ഒരു പഴയ കാബിനിന്റെ മുന്നില്‍ ചെന്ന് നിന്നു. ഇവിടെയാണോ താമസിക്കേണ്ടത് എന്ന സംശയത്തിനൊപ്പം അജ്ഞാതമായ ഒരു ഭയവും എന്റെ മനസ്സിലൂടെ കടന്നുപോയി. ചുറ്റും കട്ടപിടിച്ച ഇരുട്ടില്‍ ആരോ ഞങ്ങള്‍ക്കൊപ്പമുള്ളത് പോലെ! കൊര്‍ഹോനെനൊപ്പം കാബിനിലേക്ക് കയറുമ്പോള്‍ അടുത്തെവിടെയോ ഒരു മുരള്‍ച്ച ഞാന്‍ വ്യക്തമായി കേട്ടു. ഒരു ചെറിയ പിഞ്ഞാണത്തില്‍ തിരിനീട്ടി വിളക്ക് കത്തിക്കാന്‍ ശ്രമിക്കുന്ന കൊര്‍ഹോനെന്‍ അതൊന്നും ശ്രദ്ധിക്കുന്നതായി തോന്നിയില്ല.

ഒരു ചെറിയ ജനാല മാത്രമുള്ള കാബിനില്‍ അല്‍പ്പ നേരത്തിനുള്ളില്‍ മൃഗക്കൊഴുപ്പിന്റെ തീക്ഷ്ണമായ ഗന്ധം നിറഞ്ഞു. പല വലിപ്പത്തിലുള്ള ചൂണ്ടക്കോലുകളും നൂലുണ്ടകളും കത്തികളും മറ്റും ചുവരിലെ കൊളുത്തുകളില്‍ വലിപ്പമനുസരിച്ചു തരം തിരിച്ചു തൂക്കിയിട്ടിട്ടുണ്ടായിരുന്നു. അടുപ്പിനു മുകളിലെ തട്ടില്‍ നിന്ന് വിറകു കഷണങ്ങള്‍ വലിച്ചെടുത്തു തീ കൊളുത്തിയിട്ട് കൊര്‍ഹോനെന്‍ പാത്രങ്ങളില്‍ അടച്ചു വച്ചിരുന്ന ഭക്ഷണം ചൂടാക്കാന്‍ തുടങ്ങി. തീ സാവധാനം നേര്‍ത്ത നനവുള്ള വിറകു കഷണങ്ങളില്‍ ചീറലോടെ കത്തിപ്പിടിച്ചു തുടങ്ങി. മുറിയില്‍ സുഖകരമായ ഇളം ചൂട് വ്യാപിച്ചു തുടങ്ങിയപ്പോള്‍ പഞ്ഞി അകത്തു വച്ചു തയ്ച്ച കനത്ത ബൂട്ടുകളും കയ്യുറകളും ഊരി അയാള്‍ മുറിയുടെ ഒരു മൂലയിലേക്ക് എറിഞ്ഞു.

ഫ്ളാസ്‌കില്‍ അടച്ചു വച്ചിരുന്ന പാലൊഴിച്ച ചൂടുള്ള ചായയും മൊരിച്ച ബ്രഡും ചീസും സോസേജും ഒക്കെ നിരത്തിയ മേശയ്ക്കരികില്‍ ഇരുന്നപ്പോഴാണ് കൊര്‍ഹോനെന്‍ സംസാരിക്കാന്‍ തുടങ്ങിയത്. 

ഇത് താന്‍ മീന്‍പിടിക്കാന്‍ പോകുന്ന ദിവസങ്ങളില്‍ ഉപയോഗിക്കുന്ന കാബിന്‍ ആണെന്നും വീട്ടിലേക്കു ഇനിയും പത്തു കിലോമീറ്ററോളം ദൂരമുണ്ട് എന്നും അയാള്‍ വിശദീകരിച്ചു. വിശന്നു തളര്‍ന്നിരുന്ന ഞാന്‍ കൊര്‍ഹോനെന്റെ സംസാരം ശ്രദ്ധിച്ചു കൊണ്ട് വിറകിന്റെ സുഗന്ധമുള്ള ഇരുണ്ട പരുക്കന്‍ റൊട്ടി രൂക്ഷമായ രുചിയുള്ള ചീസും നന്നായി ഉണങ്ങിയുറച്ച കനത്ത സോസേജ് കഷണങ്ങളും ചേര്‍ത്ത് സ്വാദോടെ വയറു നിറയെ കഴിച്ചു. ആവി പൊങ്ങുന്ന മരക്കപ്പിലെ ചൂട് ചായ ആര്‍ത്തിയോടെ മൊത്തിയപ്പോഴാണു കുഴങ്ങിപ്പോയത്. പാലിന്റെയും തേയിലയുടെയും രുചിയുണ്ടായിരുന്നുവെങ്കിലും ആ പാനീയത്തിന്റെ കൊഴുപ്പും ഉപ്പുരസവും എന്നെ വല്ലാത്ത ആശയക്കുഴപ്പത്തിലാക്കി. എന്റെ മുഖത്തെ സംശയഭാവം കണ്ടപ്പോള്‍ കൊര്‍ഹോനെന്റെ മുഖത്ത് ആ പിശുക്കിയുള്ള ചിരി പ്രത്യക്ഷപ്പെട്ടു.

''റെയിന്‍ ഡിയറിന്റെ പാലാണ് ചായയില്‍ ഉപയോഗിച്ചിരിക്കുന്നത്. മധുരത്തിന് പകരം ഉപ്പാണ് ഞങ്ങള്‍ ചേര്‍ക്കാറുള്ളത്.'' അയാള്‍ രുചിയോടെ ഒരു കവിള്‍ ചായ വായിലേക്ക് ഒഴിച്ചു.

അല്‍പ്പമൊരു അറപ്പ് തോന്നിയെങ്കിലും ഈ നാട്ടിലേക്ക് വന്നതിന്റെ പ്രധാന ഉദ്ദേശം തന്നെ പുതിയ അനുഭവങ്ങള്‍ സ്വായത്തമാക്കുക എന്നതാണല്ലോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ കപ്പിലുണ്ടായിരുന്ന ചായ വലിച്ചു കുടിച്ചു. 

''നിന്റെ കയ്യില്‍ തണുപ്പിനു പറ്റിയ വേറെ വസ്ത്രങ്ങളുണ്ടോ?'' സമൃദ്ധമായ ഭക്ഷണം അകത്താക്കിയ ശേഷം വീണ്ടും കയ്യുറകളും ബൂട്ടുകളും എടുത്തു ധരിച്ചു കൊണ്ട് കൊര്‍ഹോനെന്‍ ചോദിച്ചു. 

''ഇതാണ് എന്റെ ഏറ്റവും കട്ടിയുള്ള ജാക്കറ്റ്!'' ഞാന്‍ അഭിമാനത്തോടെ ജാക്കറ്റ് പ്രദര്‍ശിപ്പിച്ചു. 

കുട്ടികള്‍ക്ക് കൂട്ടിരുന്ന വകയില്‍ കിട്ടിയ പണം ചേര്‍ത്തു വച്ചു വാങ്ങിയ കറുപ്പ് നിറത്തില്‍ ചുവപ്പും നീലയും ഡിസൈനുകള്‍ ഉള്ള ഭംഗിയും ബലവുമുള്ള ജാക്കറ്റിന്റെ കട്ടി പരിശോധിച്ച ശേഷം കൊര്‍ഹോനെന്‍ പുച്ഛത്തോടെ മുഖം കോട്ടി. 

''ഇത് ഹെല്‍സിങ്കിയിലുള്ള പരിഷ്‌കാരികള്‍ക്ക് ചേരും. ഇവിടെ ഇത് പറ്റില്ല''.

ആണിയില്‍ തൂങ്ങിക്കിടന്ന അപരിഷ്‌കൃതമായ ഒരു കോട്ട് വലിച്ചെടുത്ത് പൊടി തട്ടിക്കളഞ്ഞ ശേഷം അയാള്‍ എന്റെ നേരെ നീട്ടി. ഏതോ മൃഗത്തിന്റെ തൊലി കൊണ്ടുണ്ടാക്കിയ നല്ല കട്ടിയും ഭാരവുമുള്ള ഒന്നായിരുന്നു അത്. ആവശ്യമുണ്ടെങ്കില്‍ ഉപയോഗിക്കാം എന്ന് കരുതി ഞാന്‍ അത് വെറുതെ തോളില്‍ തൂക്കിയതേയുള്ളൂ. 

വിളക്കുകള്‍ അണച്ചു ഒതുക്കി വയ്ക്കുകയും തീയില്‍ വെള്ളം തളിച്ചു കെടുത്തുകയും മറ്റും ചെയ്ത ശേഷം ഞങ്ങള്‍ പുറത്തേയ്ക്കിറങ്ങി. മഞ്ഞു കനത്തില്‍ വീണു തുടങ്ങിയിരുന്നു. ചെറിയ തൂവലുകള്‍ പോലെ വീണുകൊണ്ടിരുന്ന ഹിമശകലങ്ങള്‍ രോമത്തൊപ്പികളിലും തോളുകളിലും വെളുത്ത ഒരു ആവരണം പോലെ പറ്റിപ്പിടിച്ചു. നിര്‍മലമായ തണുത്ത വായു എന്റെ ഉള്ളു പോലും തണുപ്പിക്കുന്നത് പോലെ തോന്നി. 

കട്ടിയുള്ള പുതപ്പു പോലെയുള്ള എന്തോ ഒന്ന് കൊണ്ട് കൊര്‍ഹോനെന്‍ കാര്‍ മൂടുകയും ബാഗുകള്‍ പിന്‍സീറ്റില്‍ നിന്ന് വലിച്ചിറക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്ക് ആദ്യം എന്താണ് അയാള്‍ ചെയ്യുന്നത് എന്ന് മനസ്സിലായില്ല. സഹായിക്കാം എന്ന് കരുതി അയാളെ പിന്തുടര്‍ന്ന ഞാന്‍ ഞെട്ടിപ്പോയി. വലിയ കൊമ്പുകളുള്ള ഒരു രൂപം കാബിന്റെ ഒരു വശത്ത് ഇരുട്ടില്‍ അനങ്ങാതെ നില്‍ക്കുന്നുണ്ടായിരുന്നു. റെയിന്‍ഡിയര്‍! 

ഭയവും തണുപ്പും മൂലം വിറച്ചു കൊണ്ട് റെയിന്‍ഡിയര്‍ മനുഷ്യരെ ആക്രമിച്ചതായി എവിടെയെങ്കിലും കേട്ടിട്ടുണ്ടോ എന്ന് ഓര്‍ത്തെടുക്കാന്‍ ഞാന്‍ കിണഞ്ഞു ശ്രമിച്ചു. ഒരു ചെറിയ പശുവിന്റെ വലിപ്പമുള്ള ആ ജന്തു മുരണ്ടുകൊണ്ടു തന്റെ കൊമ്പുകള്‍ കുലുക്കുകയും അനക്കമറ്റു നിന്നുപോയ എന്നെ തല നീട്ടി മണപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നില്‍ കെട്ടിയിരിക്കുന്ന ചെറിയ വണ്ടിയില്‍ കൊര്‍ഹോനെന്‍ തന്റെ ബാഗുകള്‍ ഒതുക്കി വയ്ക്കുന്നത് കണ്ടപ്പോള്‍ സ്ലെഡ്ജ് വലിക്കാനുപയോഗിക്കുന്നതാവും അതിനെ എന്ന് അല്‍പ്പമൊരു ആശ്വാസത്തോടെയാണ് ഞാന്‍ ഊഹിച്ചത്.

''നിന്റെ കയ്യില്‍ വലിയ ബാഗുകള്‍ ഉണ്ടാവും എന്ന് എനിക്ക് തോന്നി. പിന്നെ കുറച്ചു കാലിത്തീറ്റയും വാങ്ങണമായിരുന്നു. അതുകൊണ്ട് സ്നോമൊബീല്‍ എടുത്തില്ല.'' 

കൊര്‍ഹോനെന്റെ മുഖത്ത് ആശങ്ക നിഴലിച്ചു.

''ഇനിയങ്ങോട്ട് വഴി വളരെ ദുര്‍ഘടമാണ്. സ്ലെഡ്ജിലിരുന്നു നിനക്ക് പരിചയമുണ്ടോ?'' 

ഒരു റാന്തല്‍ വിളക്ക് കൊളുത്തിക്കൊണ്ട് അയാള്‍ ചോദിച്ചു. 

ഇല്ല എന്ന വിറച്ചു കൊണ്ടുള്ള മറുപടിയില്‍ നിന്ന് തന്നെ കൊര്‍ഹോനെന് പന്തികേട് മനസ്സിലായി എന്ന് തോന്നുന്നു. അയാള്‍ എന്നെ സ്ലെഡ്ജിലിരുത്തിയിട്ട് ഇരിപ്പിടത്തിനു താഴെ മടക്കിവച്ചിരുന്ന കമ്പിളികള്‍ കൊണ്ട് പുതപ്പിക്കുകയും മുഖവും തലയും തോളുകളും മൂടുന്ന ഒരു രോമത്തൊപ്പി വച്ചു തരികയും ചെയ്തു. റെയിന്‍ഡിയറിന്റെ മുന്നിലിരുന്ന തീറ്റത്തൊട്ടിയും വെള്ളപ്പാത്രവും പരിശോധിച്ചിട്ട് കൊര്‍ഹോനെന്‍ സംതൃപ്തിയോടെ തലയാട്ടി. അയാള്‍ അതിന്റെ കെട്ടഴിച്ച ശേഷം തലയില്‍ തലോടുകയും വാത്സല്യത്തോടെ എന്തൊക്കെയോ ചെവിയില്‍ പറയുകയും ചെയ്തു. 

സ്ലെഡ്ജ് ഒരു കുലുക്കത്തോടെ മുന്നോട്ടു നീങ്ങി. പത്തു കിലോമീറ്റര്‍! അതിനുള്ളില്‍ എന്തായാലും മരവിച്ചു മരിച്ചു പോകും എന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു. കൊര്‍ഹോനെന്‍ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ മുന്‍പേ നടന്നു കൊണ്ടേയിരുന്നു. റാന്തല്‍ വെളിച്ചത്തില്‍ രോമക്കുപ്പായങ്ങള്‍ കൊണ്ട് പൊതിഞ്ഞ അയാളുടെ രൂപം പണ്ട് കുട്ടിക്കഥകളില്‍ വായിച്ചു കേട്ട രാക്ഷസന്മാരെ ഓര്‍മ്മിപ്പിച്ചു. കാലടികള്‍ക്കിടയില്‍ ഞെരിയുന്ന മഞ്ഞിന്റെ ശബ്ദവും കൊളുത്തുകളുടെ താളത്തിലുള്ള കിലുക്കവും കേട്ട് മഞ്ഞില്‍ തട്ടി പ്രതിഫലിക്കുന്ന നീല നിലാവെളിച്ചത്തില്‍ റെയിന്‍ ഡിയറിന്റെ ശിഖരങ്ങള്‍ പോലെയുള്ള കൊമ്പില്‍ പിടിച്ചു കൊണ്ട് വിളക്കുമേന്തി നടക്കുന്ന കൊര്‍ഹോനെനെയും നോക്കിയിരുന്ന എന്റെ കണ്ണുകളെ മയക്കം സാവധാനം മൂടുകയും അഭൗമമായ ഏതോ ലോകത്ത് മെല്ലെ പറന്നു നടക്കുന്ന തൂവല്‍ പോലെ സാവധാനം ഞാന്‍ ഉറങ്ങിപ്പോവുകയും ചെയ്തു.

Polar Life in Finland  by Haritha Savithri

സ്‌നോ മൊബീല്‍
 

മാര്‍ച്ച് 20, 1995

എന്തോ ഇഴഞ്ഞു കയറുന്നു.

എന്തൊരു ഭാരം...ശ്വാസം മുട്ടുന്നു...വയറിലൂടെ...നെഞ്ചിലൂടെ കഴുത്തിലേക്കു ഇഴയുന്നു. കണ്ണു തുറന്ന് അല്‍പ്പനേരം കഴിഞ്ഞാണ് സ്വപ്നം കാണുകയല്ല എന്ന് മനസ്സിലായത്. തൊട്ടു മുന്നില്‍ പാവയുടെതു പോലെയുള്ള ഒരു മുഖം! ചുവന്ന കവിളുകള്‍. ചാര നിറമുള്ള കണ്ണുകള്‍! കഷ്ടിച്ചു രണ്ടു വയസ്സുള്ള ഒരു ചെറിയ ആണ്‍കുട്ടി! എന്റെ പുഞ്ചിരി കണ്ട ഭാവം നടിക്കാതെ ഗൗരവത്തില്‍ അവന്‍ നെഞ്ചത്ത് കയറിയിരുന്ന് കറുത്ത മീശരോമങ്ങള്‍ വലിച്ചു രസിക്കുന്നതില്‍ മുഴുകി.

തലേ ദിവസം രാത്രി സ്ലെഡ്ജില്‍ യാത്ര ചെയ്യുന്ന നേരത്ത് പകുതി ബോധത്തോടെ തണുപ്പ് സഹിക്കാന്‍ വയ്യ എന്ന് സങ്കടം പറഞ്ഞപ്പോള്‍ കൊര്‍ഹോനെന്‍ എന്തോ വായിലൊഴിച്ച് തന്നതോര്‍മ്മയുണ്ട്. മദ്യം ശീലമില്ലാഞ്ഞിട്ടും ആ തണുപ്പിനെ നേരിടാന്‍ അത് വേണ്ടി വരുമെന്നോര്‍ത്ത് പ്രതിഷേധിക്കാതെ അത് മുഴുവന്‍ കുടിച്ചു. പിന്നീട് നടന്നതൊന്നും ഓര്‍മ്മയില്ല. ഈ കിടക്കയില്‍ ആരൊക്കെ ചേര്‍ന്നാണോ കൊണ്ട് വന്നു കിടത്തിയത്.

''ആബേല്‍!'' ഒരു സ്ത്രീശബ്ദം ഉയര്‍ന്നപ്പോഴാണ് ആ മുറിയില്‍ വേറെയും ആളുകളുണ്ട് എന്ന് എനിക്ക് മനസ്സിലായത്. എന്റെ മീശയില്‍ നിന്ന് പിടി വിട്ട ശേഷം തീയുടെ അടുത്തിരുന്നു എന്തോ ചെയ്തു കൊണ്ടിരുന്ന അവന്റെ അമ്മയുടെ അടുത്തേക്ക് ആബേല്‍ ഓടിപ്പോയി. മുഖത്തേയ്ക്കു ഒഴുകിക്കിടന്ന ഇളം തവിട്ടു നിറമുള്ള മുടി ഒതുക്കി വച്ചു കൊണ്ട് കണ്ണുകളില്‍ നിറയെ ഉല്‍കണ്ഠയുമായി ആ യുവതി എന്നെ സൂക്ഷിച്ചു നോക്കി. കൊര്‍ഹോനെന്റെ ഭാര്യ ഹന്നയാണ് അതെന്നു എനിക്ക് പെട്ടെന്ന് തന്നെ മനസ്സിലായി. വടക്കന്‍ യൂറോപ്പിലെ സാമി വംശജരില്‍ പെട്ടതാണ് അവള്‍ എന്ന് കൊര്‍ഹോനെന്‍ തന്റെ കുടുംബത്തെ കുറിച്ചു നല്‍കിയ ചെറിയ വിവരണത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. വളരെ സൂക്ഷ്മതയോടെ വ്യക്തമായി വാക്കുകള്‍ പെറുക്കി വച്ച് കൊണ്ട് ഹന്ന മുറി ഇംഗ്ലീഷില്‍ ഇപ്പോള്‍ ആരോഗ്യം എങ്ങനെയുണ്ട് എന്ന് ചോദിച്ചു. കുഴപ്പമില്ല എന്ന് മറുപടി പറഞ്ഞെങ്കിലും എന്റെ ശരീരമാകെ ഇടിച്ചു പിഴിഞ്ഞത് പോലെ വേദനിക്കുകയും തലയ്ക്കു വല്ലാത്ത ഭാരം അനുഭവപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു.. 

''നിനക്ക് രാത്രിയില്‍ നന്നായി പനിക്കുന്നുണ്ടായിരുന്നു.''

അവള്‍ ആവി പറക്കുന്ന ഒരു മരക്കപ്പുമായി എന്റെ സമീപത്തേയ്ക്ക് വന്നു. ഉപ്പുചായ! ഉപ്പിനു പകരം അല്‍പ്പം പഞ്ചസാര ഇട്ടു തരാമോ എന്ന് ദയനീയമായാണ് ഞാന്‍ ചോദിച്ചത്. ''എന്തൊരു കഷ്ടം! നിനക്കതു ശീലമുണ്ടാവില്ല എന്ന് ഞാന്‍ ഓര്‍ക്കണമായിരുന്നു.'' അവള്‍ ക്ഷമാപണ ശബ്ദത്തില്‍ പറഞ്ഞ ശേഷം മരം കൊണ്ട് ചതുരക്കൂടാരം പോലെ പണിത ആ മുറിയില്‍ നിന്ന് ധിറുതിയില്‍ പുറത്തേക്കു പോയി. പുറത്തു നിന്ന് അവള്‍ കൊര്‍ഹോനെനെ ഉറക്കെ വിളിക്കുന്ന ശബ്ദവും മറ്റും കേട്ട് പതുക്കെ എഴുന്നേറ്റ് ഞാനും വാതില്‍ക്കലേക്ക് ചെന്നു. ഭാര്യയും ഭര്‍ത്താവും കൂടി ഒരു റെയിന്‍ ഡിയറിനെ കറന്നു പാല്‍ എടുക്കാനുള്ള ശ്രമമാണ്. കൊര്‍ഹോനെന്‍ കാലുകള്‍ പിടിച്ചു കൊടുക്കുന്നുണ്ടെങ്കിലും കുതറിച്ചാടുന്ന ആ മൃഗത്തെ നിലയ്ക്ക് നിറുത്താന്‍ അവള്‍ പാടുപെടുകയാണ്. ''എനിക്ക് പാല്‍ച്ചായ വേണ്ട!'' ഞാന്‍ തിടുക്കത്തില്‍ വിളിച്ചു പറഞ്ഞു. ''നിനക്ക് വേണ്ടെങ്കില്‍ വേണ്ട. ആബെലിനു പാല് വേണം!'' ഹന്ന മറുപടി പറഞ്ഞു.

എങ്ങനെയൊക്കെയോ അല്‍പ്പം പാല് കറന്നെടുത്ത ശേഷം മൃഗങ്ങളും മനുഷ്യരും കൂടി ചവിട്ടിക്കുഴച്ചിട്ടിരിക്കുന്ന മഞ്ഞിലൂടെ ആയാസപ്പെട്ട് കാലുകള്‍ വലിച്ചു വച്ച് രണ്ടുപേരും എന്റെയടുത്തേക്ക് വന്നു. ''അവള്‍ ഈയിടെയാണ് പ്രസവിച്ചത്. കറക്കാന്‍ അല്‍പ്പം പ്രയാസമാണ്.'' വിയര്‍പ്പില്‍ മുങ്ങിയ ഹന്ന കിതപ്പോടെ പറഞ്ഞു. അവളുടെ കയ്യിലിരുന്ന പാത്രത്തില്‍ കൊഴുത്ത ക്രീം പോലെ തോന്നിക്കുന്ന കുറച്ചു പാലുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് വീണ്ടും മനം പുരട്ടി.

മാര്‍ച്ച് 21, 1995

രണ്ടു ദിവസം ഞാന്‍ ആ മുറിക്കുള്ളില്‍ പനിച്ചു കിടന്നു. ഹന്നയുടെ ശകാരം കേട്ടതായി നടിക്കാതെ ആബേല്‍ ഒരു ചെറിയ കരടിക്കുട്ടിയെപ്പോലെ എന്റെ മേലെ ഉരുണ്ടുമറിയുകയും തനിക്കു കളിക്കാന്‍ കിട്ടിയ പുതിയ കളിപ്പാട്ടമെന്നപോലെ വളര്‍ന്നു കിടന്ന എന്റെ മുടി നിറപ്പകിട്ടുള്ള തുണിക്കഷണങ്ങള്‍ കൊണ്ട് കെട്ടുകയും താടി രോമങ്ങള്‍ ചീകിയൊതുക്കാന്‍ ശ്രമിക്കുകയും ചെയ്തു. വീടിനോടു ചേര്‍ന്നുള്ള പുകപ്പുരയില്‍ പുകച്ചുണക്കിയ സാല്‍മണും റെയിന്‍ഡിയറിന്റെ ഇറച്ചിയും പ്രധാന ചേരുവകളായ പരമ്പരാഗത സാമി വിഭവങ്ങളും വീട്ടിലുണ്ടാക്കിയ കടുപ്പമുള്ള റൊട്ടിയും പാകം ചെയ്ത് ചെറുപഴങ്ങളുമായി ഹന്ന എന്നെ സ്നേഹത്തോടെ നേരം തെറ്റാതെ കഴിപ്പിച്ചു. സ്‌കൂളില്‍ ജോയിന്‍ ചെയ്യേണ്ട ദിവസമടുക്കുന്നു, അതിനുള്ളില്‍ ആരോഗ്യം വീണ്ടെടുക്കണം എന്ന് കൊര്‍ഹോനെന്‍ ഇടയ്ക്കിടയ്ക്ക് ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു.

അനേക വര്‍ഷങ്ങള്‍ കൂടിയാണ് ഞാന്‍ വിശ്രമം എന്തെന്ന് അറിയുന്നത്. മുറിയുടെ നടുക്ക് സദാ ജ്വലിച്ചുകൊണ്ടിരുന്ന തീയുടെ ചെറുചൂടില്‍ സമയബോധമില്ലാതെ, പണത്തെപ്പറ്റിയോ വിശപ്പിനെപ്പറ്റിയോ യാതൊരു ആകാംക്ഷകളുമില്ലാതെ, സുഖമായി മണിക്കൂറുകളോളം ഞാന്‍ ഉറങ്ങി. അവഗണന മാത്രം ലഭിച്ച് ശീലമുള്ള എനിക്ക് കൊര്‍ഹോനെന്റെയും ഹന്നയുടെയും സ്നേഹപൂര്‍ണമായ ശ്രദ്ധയും പരിചരണവും ആബേലിന്റെ നിഷ്‌കളങ്കമായ സ്നേഹസാമീപ്യവും ഒരു പുതിയ അനുഭവമായാണ് തോന്നുന്നത്. വിശ്രമമില്ലാത്ത പഠനവും ഒഴിവില്ലാത്ത ജോലിയും ദാരിദ്ര്യം നിറഞ്ഞ ജീവിതവും എന്നെ ഒരു വൃദ്ധനെപ്പോലെ തളര്‍ത്തിക്കളഞ്ഞിരിക്കുന്നു.

Polar Life in Finland  by Haritha Savithri

മാര്‍ച്ച് 29, 1995 

ഒന്നാം തീയതി മുതല്‍ സ്‌കൂളില്‍ പോകണം. സ്നോ മൊബീല്‍ ഉപയോഗിക്കേണ്ട വിധം കൊര്‍ഹോനെന്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. അതിനു വേണ്ട വസ്ത്രങ്ങള്‍ പോലും അയാള്‍ തന്റെ അലമാരയില്‍ നിന്ന് തിരഞ്ഞെടുത്ത് തന്നു. ഈ മനുഷ്യരോട് ഞാന്‍ എങ്ങനെയാണ് നന്ദി പറയുക?

മരങ്ങളുടെ സൂചിത്തലപ്പുകള്‍ നിറയെ മഞ്ഞു പൊതിഞ്ഞ ഇരുണ്ട ഇടതൂര്‍ന്ന വനത്തിലെ കാനനപാതയിലൂടെ ഏകദേശം പത്തു കിലോമീറ്ററോളം സ്‌കൂളിലെത്താന്‍ യാത്ര ചെയ്യണം. പുറകിലേക്ക് ചീറിത്തെറിക്കുന്ന ഹിമശകലങ്ങളുമായി മഞ്ഞിലൂടെ അതിവേഗത്തില്‍ സ്നോമോബീലിലുള്ള യാത്ര വളരെ രസകരമാണ്.

ഏപ്രില്‍ 1, 1995

കുട്ടികളുടെ എണ്ണം വളരെ കുറവായതിനാല്‍ ഔട്ടി പ്രൈമറി സ്‌കൂളിന്റെ പ്രവര്‍ത്തനം അവസാനിക്കുന്ന വര്‍ഷമാണിത്. വിശാലമായ സ്‌കൂള്‍ കെട്ടിടം ഗ്രാമവാസികള്‍ക്ക് യോഗങ്ങള്‍ കൂടാനുള്ള ഒരിടമായി മാറ്റാനുള്ള ഒരുക്കത്തിലാണ് മേയര്‍. നാല് കുട്ടികള്‍ പഠിക്കുന്ന ഒരു ക്ലാസിന്റെ ചുമതല ഹെഡ്മാസ്റ്റര്‍ എനിക്ക് നല്‍കി. ഓഗി എന്ന് പേരുള്ള ഒരു യുവതിയായ അധ്യാപികയും ഞങ്ങള്‍ക്കൊപ്പം ജോലിചെയ്യുന്നുണ്ട്. ഈ കുട്ടികള്‍ അടുത്ത വര്‍ഷം മുതല്‍ മറ്റൊരു ഗ്രാമത്തിലെ സ്‌കൂളില്‍ പോകേണ്ടി വരും എന്ന് ഇന്ന് ഹെഡ്മാസ്റ്റര്‍ പറയുന്നത് കേട്ടു. അദ്ദേഹത്തിനു നല്ല വിഷമമുണ്ടെന്നു തോന്നുന്നു. അടുത്ത സ്‌കൂളില്‍ ചേര്‍ന്ന് പഠനം തുടരാനൊന്നും മെനക്കെടാതെ കുട്ടികളില്‍ പലരും ഫാമുകളില്‍ മേച്ചില്‍പ്പയ്യന്മാരായി ജോലി ചെയ്തു തുടങ്ങാനാണ് സാധ്യത എന്ന് എല്ലാവര്‍ക്കും അറിയാം.

ഏപ്രില്‍ 10, 1995

ദിവസങ്ങള്‍ വളരെ വേഗത്തിലാണ് കടന്നു പോകുന്നത്. പുതിയ അദ്ധ്യാപകനെ കുട്ടികള്‍ക്ക് ഇഷ്ടമായ ലക്ഷണമുണ്ട്. അവര്‍ക്കൊപ്പം ചെറുയാത്രകള്‍ നടത്തിയും സിനിമകള്‍ കാണിച്ചും ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കാനുള്ള വിദ്യാര്‍ഥികളുടെ മടി ഞാന്‍ കുറച്ചു മാറ്റിയെടുത്തു.

ഏപ്രില്‍ 19, 1995

ഇതിനു മുമ്പ് ഇന്നാട്ടുകാര്‍ അദ്ധ്യാപകരെ കണ്ടിട്ടില്ലേ? എത്ര നിഷേധിച്ചിട്ടും സമ്മാനങ്ങള്‍ പുതുമയുള്ള പാല്‍ക്കട്ടിയുടെ രൂപത്തിലും പുകച്ച സാല്‍മണ്‍ കഷണങ്ങളായും ആടിന്റെയും റെയിന്‍ഡിയറിന്റെയും മുഴുത്ത കാലുകളായും കൊര്‍ഹോനെന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടേയിരിക്കുകയാണ്. ആളുകള്‍ ഞാന്‍ കാണാതെ ഹന്നയെ സാധനങ്ങള്‍ ഏല്‍പ്പിച്ചിട്ട് കടന്നു കളയും. ഒരു തരത്തില്‍ അത് നന്നായി. അവളുടെ വയറ് വലുതായി വരുന്നതും ജോലികള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുന്നതും ഞാന്‍ കാണുന്നുണ്ട്. ആബേല്‍ ആണെങ്കില്‍ അവള്‍ക്കു ഒരു സൈ്വര്യവും കൊടുക്കുന്നില്ല. കൊര്‍ഹോനെന് അതിനെപ്പറ്റിയൊന്നും വലിയ ചിന്ത ഉണ്ടെന്നു തോന്നുന്നില്ല. അയാള്‍ക്ക് എപ്പോഴും ജോലിയാണ്. ചിലപ്പോള്‍ സഹതാപം തോന്നും. 

ചില ദിവസങ്ങളില്‍ രാവിലെ വീടിനു മുന്നില്‍ പ്രത്യക്ഷപ്പെടാറുള്ള ബെറികള്‍ നിറഞ്ഞ സമ്മാനക്കൂടകള്‍ ആണ് ഹന്നയ്ക്ക് ഏറ്റവും ഇഷ്ടം. അവള്‍ അത് കൊണ്ട് രുചികരമായ കേക്കുകളും വൈനും ഉണ്ടാക്കുകയും ദൂരെയൊരു കുന്നിന്‍മുകളിലെ വീട്ടില്‍ കുറെ ഹസ്‌കികളുമായി താമസിക്കുന്ന തന്റെ അച്ഛനു അതിന്റെ ഒരു പങ്കു കൊടുത്തു വിടുകയും ചെയ്തു.

ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ഓഗി എന്ന അദ്ധ്യാപിക വളരെ സുന്ദരിയാണ്. അവളുടെ വിഷാദം നിറഞ്ഞ കണ്ണുകള്‍ കാണുമ്പോള്‍ എനിക്ക് അമ്മയെ ഓര്‍മ്മ വരാറുണ്ട്. 

ഏപ്രില്‍ 30, 1995

കുതിരകളും ഹസ്‌കികളും അനേകം റെയിന്‍ ഡിയറുകളും അടങ്ങിയ വലിയ ഒരു ഫാമിന്റെ ഉടമയാണ് കൊര്‍ഹോനെന്‍. അയാള്‍ക്ക് വീട്ടുകാര്യം ശ്രദ്ധിക്കാന്‍ എവിടെയാണ് സമയം? സഹായത്തിനു ആരെയും കിട്ടുമെന്ന് തോന്നുന്നില്ല. ഒഴിവു സമയങ്ങളില്‍ ഫാമിലെ ചില്ലറ ജോലികള്‍ ചെയ്യാനും ഗര്‍ഭിണിയായ ഹന്നയെ അടുക്കളപ്പണികളില്‍ സഹായിക്കാനും ഞാന്‍ ശ്രമിക്കാറുണ്ട്. റെയിന്‍ ഡിയറുകളെ കെട്ടിയ ചെറിയ വണ്ടികളില്‍ കാട്ടില്‍ ഉണങ്ങി വീഴുന്ന മരങ്ങള്‍ ചെറുകഷണങ്ങളായി മുറിച്ചു കൊണ്ടുവന്നു മുറ്റത്ത് വിറകിന്റെ ഒരു കൂന തന്നെ ഞാന്‍ സൃഷ്ടിച്ചു. 

ഉറഞ്ഞു കട്ടിയായിക്കിടക്കുന്ന തടാകങ്ങളിലെ ഐസില്‍ ദ്വാരമുണ്ടാക്കി ചൂണ്ടയിട്ടു മീനുകളെ പിടിക്കാനും മുയല്‍ക്കെണി വയ്ക്കാനും ഇപ്പോള്‍ എനിക്കറിയാം. ഈ നാട് എനിക്ക് വളരെ ഇഷ്ടമായി. ചെന്നായകള്‍ ഓരിയിടുന്ന ഇരുണ്ടു തണുത്ത രാത്രികളില്‍ ആകാശത്ത് വിരിയുന്ന അറോറയുടെ വര്‍ണ്ണരാജികളെയും ഉജ്വലമായി പ്രകാശിക്കുന്ന നക്ഷത്രങ്ങളെയും നിരീക്ഷിച്ചു കൊണ്ട് കുതിരപ്പുറത്തു മെല്ലെ അലയുകയാണ് ഇപ്പോള്‍ എന്റെ പ്രിയപ്പെട്ട വിനോദം.

ഈ മെലിഞ്ഞ ശരീരം കണ്ടു കഷ്ടം തോന്നിയിട്ടാവും ഓഗി ഈയിടെ എനിക്കായി ഭക്ഷണം കൊണ്ടുവരാറുണ്ട്. ഉപ്പല്ലാതെ മസാലകള്‍ ഒന്നും ചേര്‍ക്കാറില്ലെങ്കിലും അവളുടെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തിനു നല്ല രുചിയാണ്. ഒരു ദിവസം അത്താഴത്തിനു ചെല്ലാന്‍ ഓഗിയുടെ അച്ഛനും അമ്മയും ക്ഷണിച്ചിട്ടുണ്ട്. അത് പറഞ്ഞപ്പോള്‍ ഹന്ന എന്നെ കളിയാക്കി ചിരിക്കുകയാണ്. അവളുടെ വിചാരം ഞാനും ഓഗിയും തമ്മില്‍ അടുപ്പത്തിലാണ് എന്നാണ്. എന്നെപ്പോലെയുള്ള ഒരുത്തനെ ആര് പ്രേമിക്കാനാണ്?

Polar Life in Finland  by Haritha Savithri

മെയ് 15, 1995

എനിക്ക് ഓഗിയെ ഇഷ്ടമാണെന്ന് തോന്നുന്നു. പ്രണയമൊന്നും എന്നെപ്പോലെ ദരിദ്രനായ ഒരുവന് വിധിച്ചിട്ടില്ല എന്നാണ് ജീവിതം ഇതുവരെ നല്‍കിയ പാഠം. ആരോടൊക്കെ ഇഷ്ടം തോന്നിയിട്ടുണ്ടോ അവരുടെയൊക്കെ പുച്ഛമാണ് പകരം ലഭിച്ചിട്ടുള്ളത്. എന്നെ ഇത്ര സ്നേഹത്തോടെ ആരെങ്കിലും നോക്കുന്നത് ഇതാദ്യമാണ്. അമ്മ ഒരുപാട് സ്നേഹത്തോടെ നോക്കാറുണ്ട്. പക്ഷെ ഈ നോട്ടം വ്യത്യസ്തമാണ്. അതെന്നെയാകെ ഇളക്കി മറിക്കുന്നു. അവളെന്റെയടുത്തു വരുമ്പോള്‍, അറിയാതെയെന്ന വണ്ണം സ്പര്‍ശിക്കുമ്പോള്‍, കണ്ണുകളിലേക്ക് ഗാഢമായി നോക്കുമ്പോള്‍, എനിക്ക് സ്വയം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. കാട്ടുപൂക്കളുടെ മണമാണ് അവളുടെ നീണ്ടു ചുരുണ്ട മുടിക്ക്. രാത്രിയില്‍ ഇരുണ്ടു നീലിച്ച ആകാശത്തിലേക്ക് നോക്കിക്കിടക്കുമ്പോള്‍ കാണുന്ന നക്ഷത്രങ്ങളെക്കാള്‍ തിളക്കമുണ്ട് അവളുടെ ആഴമുള്ള കണ്ണുകള്‍ക്ക്! ഈശ്വരാ, ഞാന്‍ പ്രണയത്തില്‍ വീണുപോയെന്നു തോന്നുന്നു!

മെയ് 25, 1995

അമ്മയല്ലാതെ എന്നെ ഇതുവരെയാരും ഒരു മനുഷ്യനായിപ്പോലും പരിഗണിച്ചിട്ടില്ല. ഹന്നയും കൊര്‍ഹോനെനും ഓഗിയും നിഷ്‌കളങ്കരായ ഈ നാട്ടുകാരും കുട്ടികളും ഒക്കെ താമസിക്കുന്ന ഈ നാട് എത്ര വ്യത്യസ്തവും നിര്‍മലവുമാണ്! എന്റെ പോക്കറ്റിന്റെ കനത്തെ പറ്റി അവരാരും ചിന്തിക്കുന്നതെയില്ല. പ്രാക്ടീസ് കഴിയുകയാണ്. ഇനി അഞ്ചു ദിവസം കൂടിയെ സ്‌കൂളില്‍ ജോലി ചെയ്യേണ്ടതുള്ളൂ. ഓഗി ആകെ അസ്വസ്ഥയാണ്. ഇന്ന് അപ്രതീക്ഷിതമായി എന്റെ കൈകള്‍ കവര്‍ന്നെടുത്തു കൊണ്ട് നിങ്ങള്‍ പോയാല്‍ തിരിച്ചു വരുമോ എന്ന നിറഞ്ഞ കണ്ണുകളോടെയുള്ള എന്ന അവളുടെ ചോദ്യം കൂടിയായപ്പോള്‍ ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി. എന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ തീരുമാനമെടുക്കേണ്ട നേരമാണിത്. കൊര്‍ഹോനെനോടു കൂടി ഒന്ന് സംസാരിക്കണം.


മെയ് 26, 1995

സ്‌കൂളില്‍ നിന്ന് തിരിച്ചു വന്നപ്പോള്‍ വീട്ടില്‍ പതിവുപോലെ കൊര്‍ഹോനെന്‍ ഇല്ല. അയാള്‍ ആബെലിനെയും കൂട്ടി ഹസ്‌കികളെ പൂട്ടിയ സ്ലെഡ്ജില്‍ നീര്‍നായകളെ വേട്ടയാടാന്‍ പോയതാണെന്ന് ഹന്ന പറഞ്ഞു. അവള്‍ കിടക്കുകയായിരുന്നു. നല്ല ക്ഷീണമുണ്ടെന്നു തോന്നുന്നു. അച്ഛനെയും മകനെയും കണ്ടുപിടിക്കാന്‍ കുറച്ചു ദൂരം തടാകക്കരയിലൂടെ നടക്കേണ്ടി വന്നു. മഞ്ഞുരുകിത്തുടങ്ങിയ തടാകത്തിലേക്ക് കല്ലുകളും ചുള്ളിക്കമ്പുകളും വലിച്ചെറിയുന്ന ആബെലിനെയും നോക്കി തീരത്ത് വെറുതെയിരിക്കുകയായിരുന്നു അയാള്‍. ഹന്നയ്ക്ക് അല്‍പ്പം വിശ്രമം കിട്ടട്ടെ എന്ന് കരുതി ആബെലിനെയും കൊണ്ട് മീന്‍ പിടിക്കാനെന്ന പേരും പറഞ്ഞിറങ്ങിയതാവാനാണ് സാധ്യത. എങ്ങനെയാണ് അയാളോട് ഇതൊക്കെ പറയേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു. നിശ്ശബ്ദനായി കുറച്ചു നേരം അയാള്‍ക്കൊപ്പം ഇരുന്നതിനു ശേഷം ഞാന്‍ മടിച്ചു മടിച്ചു പറഞ്ഞു..

''അമ്മയെ കൂടി ഇങ്ങോട്ട് കൊണ്ട് വന്നാലോ എന്നാണു ഞാന്‍ ആലോചിക്കുന്നത്. ഹന്നയുടെ പ്രസവം അടുക്കുകയല്ലേ?''

കൊര്‍ഹോനെന്‍ അവിശ്വസനീയമായത് എന്തോ കേട്ടത് പോലെ എന്നെ അല്‍പ്പനേരം നോക്കിയിരുന്നു. സ്‌കൂളിലെ പരിശീലനം കഴിഞ്ഞാലുടനെ ഞാന്‍ സ്ഥലം വിടും എന്നായിരിക്കണം അയാള്‍ കരുതിയിരുന്നത്. സന്തോഷവും സ്നേഹവും കലര്‍ന്ന ഒരു ചിരിയോടെ അയാള്‍ എന്നെ ചേര്‍ത്തുപിടിച്ചു. ''ഇവിടെ സ്‌കൂളുകളില്‍ ഒരുപാടു ഒഴിവുകളുണ്ട്. നിനക്ക് ഒരു ജോലി കിട്ടാന്‍ പ്രയാസമുണ്ടാവില്ല.'' സ്വതസിദ്ധമായ നിര്‍വികാരഭാവം വീണ്ടെടുത്തു കൊണ്ട് അയാള്‍ പറഞ്ഞു.

.............................................................................................

ഡയറിക്കുറിപ്പുകള്‍ അവിടെ അവസാനിച്ചു. ട്രെയിന്‍ ഹെല്‍സിങ്കിയിലേക്ക് ഇടയ്ക്കിടയ്ക്ക് ചൂളം വിളിച്ചു കൊണ്ട് ഇരമ്പിക്കുതിക്കുകയാണ്. ഇവാനും കുട്ടികളും ഭക്ഷണം കഴിച്ചതിനു ശേഷം ശാന്തരായി ഉറങ്ങുന്നു. പൊടിഞ്ഞു തുടങ്ങിയ മഞ്ഞ നിറത്തിലുള്ള അവസാനത്തെ താളിന്റെ ചുരുണ്ട അറ്റം ഞാന്‍ ശ്രദ്ധാപൂര്‍വ്വം നിവര്‍ത്തി. പലപ്പോഴും സ്വയം ചോദിച്ചിട്ടുള്ള പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കിട്ടിക്കഴിഞ്ഞു. ആ പഴകിയ നോട്ട്ബുക്ക് ഞാന്‍ സൂക്ഷ്മതയോടെ ബാഗിന്റെ ഉള്ളറയിലേക്ക് വച്ചു. 

..............................................................................................

ആ ഡയറിക്കുറിപ്പുകള്‍ വിവര്‍ത്തനം ചെയ്തപ്പോള്‍ അതിനടിയില്‍ ഇങ്ങനെ എഴുതിവെക്കണമായിരുന്നുവെന്ന് എനിക്കിപ്പോള്‍ തോന്നുന്നു:

'ആന്ദ്രെ, നീയും നിന്റെ പ്രിയപ്പെട്ട ഓഗിയും ചേര്‍ന്ന് എന്നെ ഒരു പാഠം പഠിപ്പിച്ചു. ഹൃദയം നയിക്കുന്ന പാതയിലൂടെ യാത്ര ചെയ്യുന്നതിനെ മാത്രമാണ് ജീവിതം എന്ന് വിളിക്കേണ്ടത്!'

 

സാന്‍ഗ്രിയ: ഹരിതാ സാവിത്രിയുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച മറ്റ് കുറിപ്പുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

Follow Us:
Download App:
  • android
  • ios