ആദ്യത്തെ കുട്ടിയെ പ്രസവിച്ചയുടനെ ഐമി പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍റെ പിടിയിലായിരുന്നു  കുറേക്കാലമായി ചികിത്സയിലുമായിരുന്നു 

ജനിച്ചയുടനെ ചില അമ്മമാര്‍ കുഞ്ഞുങ്ങളെ കൊല്ലുന്നു, ചിലര്‍ അവരോട് ക്രൂരമായി പെരുമാറുന്നു, ചിലര്‍ ആത്മഹത്യ ചെയ്യുന്നു. ഇതിനെയൊക്കെ ക്രൂരത എന്ന ഒറ്റവാക്കില്‍ വിളിക്കാറാണ് പതിവ്. എന്നാല്‍, ഇതൊന്നും ക്രൂരതയല്ല. മാനസികമായ അവസ്ഥയാണ്.

പല അമ്മമാരും വിഷാദത്തിന്‍റെ പിടിയിലാകാറുണ്ട്. അതാണ് അവരെക്കൊണ്ട് ഇങ്ങനെയെല്ലാം ചെയ്യിക്കുന്നതും. അതാണ് postpartum depression or Postnatal depression.കുഞ്ഞുങ്ങളെ കുറിച്ചും മറ്റുമുള്ള ആകുലതകള്‍, അമിതമായ ഉത്കണ്ഠ ഇവയെല്ലാം ഇതിന്‍റെ ഭാഗമാവാം. അങ്ങനെയുള്ള അമ്മമാരോട് കരുതലോടെ പെരുമാറുകയും വേണ്ട ചികിത്സ ലഭ്യമാക്കുകയുമാണ് വേണ്ടത്.

ഐമി എന്ന ഇരുപത്തിരണ്ടുകാരി ആത്മഹത്യ ചെയ്തതും ഇതേ കാരണം കൊണ്ടുതന്നെയായിരുന്നു. വെസ്റ്റ് യോക്ഷിറിലെ ഹാലിഫാക്സിലാണ് ഐമി. അവള്‍ കുഞ്ഞ് ജനിച്ച് അഞ്ച് മാസം കഴിഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്തു. ഐമി മേരി ഹാഗ്രീവ്സ് വളരെ നല്ല അമ്മയെന്നും ഭാര്യയെന്നും മകളെന്നും എല്ലാവരും പറഞ്ഞിരുന്ന ആളായിരുന്നു. 

ഐമിയുടെ ഭര്‍ത്താവ് ഇമ്രാന്‍ പറയുന്നത്, ഐമി മരിച്ച ദിവസവും സാധാരണ പോലെയായിരുന്നു പെരുമാറിയിരുന്നതെന്നാണ്. തന്നോടും കുട്ടികളോടുമൊപ്പം പാര്‍ക്കിലായിരുന്നു ഐമി. അവിടെ കുറച്ചുനേരം ചെലവഴിച്ചശേഷം ഇമ്രാന്‍ സുഹൃത്തിനെ കാണാന്‍ പോയി. പക്ഷെ, തിരികെ വരുമ്പോഴേക്കും ഐമി തൂങ്ങി മരിച്ചിരുന്നു.

ഐമിക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനായിരുന്നു. ആദ്യത്തെ കുട്ടിയെ പ്രസവിച്ചയുടനെ ഐമി പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍റെ പിടിയിലായിരുന്നു. കുറേക്കാലമായി ചികിത്സയിലുമായിരുന്നു. എന്നാല്‍, ചികിത്സയെത്തുടര്‍ന്ന് മാറ്റമുണ്ടായതിനാല്‍ മരുന്ന് മെല്ലെ കുറയ്ക്കുകയായിരുന്നു.

ഐമി മേരി ഹാഗ്രീവ്സ്

എന്നാല്‍ രണ്ടാമത്തെ കുഞ്ഞ് ജനിച്ചയുടനെ വീണ്ടും ഐമിയില്‍ വിഷാദത്തിന്‍റെ ലക്ഷണം കണ്ടുതുടങ്ങി. അതാണ് ഐമിയുടെ ആത്മഹത്യയിലെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഐമി വിഷാദത്തിനുള്ള മരുന്ന് കഴിച്ചിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു.

ഏറ്റവും നല്ല പെണ്‍കുട്ടിയായിരുന്നു ഐമിയെന്നാണ് ഐമിയുടെ അമ്മ പറയുന്നത്. പഠിക്കാനും വീട്ടുകാര്യങ്ങള്‍ നോക്കാനും എല്ലാം മുന്നിലായിരുന്നു അവള്‍. സ്കൂളിലെ തന്നെ പല ഗ്രൂപ്പുകളിലും ലീഡറായിരുന്നു, ഒരുപാട് സുഹൃത്തുക്കളുമുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. ഐമി നല്ലൊരു ഭാര്യയും അമ്മയുമായിരുന്നുവെന്ന് ഐമിയുടെ ഭര്‍ത്താവും പറയുന്നു. 

സഹിക്കാനാകാത്ത വിഷാദം തന്നെയാകാം ഐമിയുടെ മരണത്തിനു പിന്നിലെന്നാണ് ഇവരെല്ലാം കരുതുന്നു.