കുറ്റവാളികളിൽ ഏറ്റവും വെറുക്കപ്പെട്ടവർ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, സൈക്കോപാത്ത്. അധികം കേട്ട് ശീലിച്ചിട്ടില്ലെങ്കിലും നിർഭയ, സൗമ്യ , ജിഷ മുതൽ കഴിഞ്ഞ ദിവസം കുട്ടിക്കാനത്ത് നടന്ന സബിത മാജിയുടെ കൊലയിൽ വരെ അതിസങ്കീർണവും ഭയാനകവുമായ സൈക്കോപ്പാത്തിക് തലച്ചോറ് നമുക്ക് കാണാൻ സാധിക്കും.
ഭയം കട്ടപിടിച്ച ഇരുളിന്റെ മറവിൽ മരണമായി അവരെത്തും. മനുഷ്യൻ അവർക്ക് മുന്നിൽ വെറും ഇരകൾ മാത്രമാണ്. ഇരയുടെ കരച്ചിലോ , ചീറിത്തെറിക്കുന്ന രക്തമോ ഒന്നും ഇത്തരം മനോരോഗികളിൽ ഒരു വീണ്ടും വിചാരത്തിനും ഇടനൽകില്ല.
കൊലപാതകങ്ങളിൽ ആനന്ദം കണ്ടെത്തുകയും , ആനന്ദത്തിന് വേണ്ടി കൊലപാതക പരമ്പരകൾ തന്നെ നടത്തുകയും ചെയ്യുന്ന ഇത്തരം കൊലപാതകികളെ മനശാസ്ത്ര ലോകം വിളിച്ച പേരാണ് സൈക്കോപാത്ത്.

ആറു യുവതികളെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് നിരന്തരം പീഡിപ്പിച്ച് കൊന്ന ഗാരി എം ഹെയ്ഡ്നിക്, പതിനഞ്ച് സ്ത്രീകളെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ഭക്ഷിക്കുക പോലും ചെയ്ത ജെഫ്രെ ദാഹ്‍മർ, 30 സ്ത്രീകളെ കൊന്ന ടെഡ് ബണ്ടി, അങ്ങനെ ലോകം മുഴുവൻ ഭയപ്പെടുന്ന ഒരുപാട് സൈക്കോപാത്തുകളുണ്ട്. റിപ്പർ ചന്ദ്രനും റിപ്പർ ദയാനന്ദനും കേരളത്തിലും ഭയം വിതച്ചു.
നിർഭയയുടെയും സൗമ്യയുടെയും ജിഷയുടെയും കൊലപാതകങ്ങൾക്ക് പിന്നിലും സൈക്കോപാത്തിക് രീതിയുണ്ട്. കുട്ടിക്കാനത്ത് കൊല്ലപ്പെട്ട സബിത മാജിയുടെ മൃതദേഹത്തിലെ പാടുകളും സൂചിപ്പിക്കുന്നത് മറ്റൊന്നല്ല.
മനുഷ്യനിലെ മൃദുല വികാരങ്ങളായ സ്നേഹം , ദയ, അനുകമ്പ , ഇവയൊന്നും സൈക്കോപ്പാത്തുകളിൽ ഉണ്ടാകില്ലെന്നതാണ് മനശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത്. അങ്ങേയറ്റത്തെ സ്വാർത്ഥതയാണ് ഇവരെ നയിക്കുന്നത്.
ജെയിംസ് ഫാലൻ എന്ന ന്യൂറോളജിസ്റ്റ് നടത്തിയ പരീക്ഷണങ്ങളിൽ സൈക്കോപാത്തുകളുടെ തലച്ചോറുകളിൽ ചില പ്രത്യേകതകൾ കണ്ടെത്തി. തലച്ചോറിലെ ഭയത്തിന്റെ കേന്ദ്രമായ അമിഗ്ദിലയും വികാരങ്ങളുടെയും ശരിതെറ്റുകളെ നിർണയിക്കുന്നതിന്റെയും കേന്ദ്രമായ പ്രീഫ്രെണ്ടൽ കോർട്ടെക്സും തമ്മിലുള്ള ബന്ധനങ്ങളിലാണ് ഫാലൻ പ്രശ്നങ്ങൾ കണ്ടെത്തിയത്.
ഇതൊന്നുമല്ല നമ്മെ ഭയപ്പെടുത്തേണ്ടത് , സമൂഹത്തിലെ രണ്ട് ശതമാനം പേരിലെങ്കിലും സൈക്കോപാത്തിക് സ്വഭാവം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് അധുനിക പഠനങ്ങൾ പറയുന്നത്. ഫാലന്റെ കണ്ടെത്തൽ പ്രകാരം അദ്ദേഹത്തിന്റെ തന്നെ തലച്ചോർ സൈക്കോപാത്തിക് പ്രത്യേകതകൾ ഉള്ളതായിരുന്നു.
