ലോ അക്കാദമി വിഷയത്തില്‍ വിവാദങ്ങള്‍ കൊഴുക്കുകയാണ്. സമരത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട എന്ന് പറയുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ. എന്നാല്‍ മുന്‍പും ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥി ചൂഷണം നടന്നിട്ടുണ്ടെന്നും അന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ അഭിപ്രായം വെളിപ്പെടുത്തുകയാണ് ഒരു അഭിഭാഷകന്‍.സിപിഐഎം അഭിഭാഷകസംഘടനാ നേതാവും, ലോ അക്കാദമിയിലെ മുന്‍ എസ്എഫ്‌ഐ നേതാവുമായ പിവി ദിനേശാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

1988-93 കാലഘട്ടത്തില്‍ സംഘടനാപ്രവര്‍ത്തനം നയിച്ചതിന് അഭിഭാഷകനായ ദിനേശ് അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരില്‍ നിന്ന് നേരിട്ടുവെന്ന് പറയുന്ന അനുഭവങ്ങള്‍ക്ക് സമാനമാണെന്ന് ഫേസ്ബുക്കിലൂടെ കുറിക്കുന്നു, അന്നത്തെ അക്കാദമിയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ച് പരാതിപ്പെടാന്‍ പോയ തങ്ങളോട് അന്നത്തെ സിപിഐഎമ്മിന്റെ പ്രമുഖ നേതാക്കള്‍ പ്രതികരിച്ചതെങ്ങനെയെന്ന് ദിനേശ് വെളിപ്പെടുത്തിയത്. 


നാരായണന്‍ നായര്‍ തന്നെ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച് പരാതിപ്പെടാനാണ് താന്‍ വനിതാ സഖാക്കളടക്കമുള്ളവരെയും കൂട്ടി എകെജി സെന്ററില്‍ പോയി സഖാവ് നായനാരെ കണ്ടതെന്ന് ദിനേശ് പറയുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു സഖാവ് നായനാരുടെ പ്രതികരണം. പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം ചൂടായും അല്‍പ്പം സരസമായും, സമരം ചെയ്യാന്‍ പറ്റില്ലെങ്കില്‍ നിര്‍ത്തിപ്പോടോ എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ദിനേശ് പറയുന്നു. 

അദ്ദേഹത്തിന്‍റെതായ തനതായ ശൈലിയില്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് വനിതാ സഖാക്കള്‍ക്ക് വിഷമമായെങ്കിലും തങ്ങള്‍ക്ക് അത് ഊര്‍ജം പകര്‍ന്നുവെന്നും ദിനേശ് പറയുന്നു. ഊര്‍ജസ്വലമായി സമരം നയിക്കാന്‍ തന്നെയായിരുന്നു നായനാരുടെ നിര്‍ദേശം. എകെജി സെന്ററില്‍ നിന്നും താഴെ ഇറങ്ങി വരുമ്പോള്‍ ടികെ രാമകൃഷ്ണനെ കണ്ട് സഖാവ് നായനാര്‍ ദേഷ്യപ്പെട്ട കാര്യം പറഞ്ഞുവെന്നും, അദ്ദേഹം സഖാക്കളെ ആശ്വസിപ്പിച്ചുവെന്നും ദിനേശ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.