ഇസ്‌ലാമബാദ്:യാഥാസ്ഥിതിക സാദാചാര ബോധത്തെ പ്രകോപിപ്പിക്കുന്ന സെല്‍ഫികളും അഭിപ്രായ പ്രകടനങ്ങളും. ഇന്നലെ മുല്‍ട്ടാനില്‍ കൊല ചെയ്യപ്പെട്ട പാക് സോഷ്യല്‍ മീഡിയാ സെലിബ്രിറ്റി ക്വാന്റീല്‍ ബലോച് ശ്രദ്ധേയയായത് ഈ വഴിക്കായിരുന്നു. കഴുത്തു ഞെരിച്ച് കൊല ചെയ്യാന്‍ ഇടയാക്കിയതും ഇവ തന്നെയായിരുന്നു.
പാക്കിസ്താനിലെ സദാചാര ബോധത്തെ സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടിക്കുകയായിരുന്നു ഈ യുവതി. ശരീരത്തിന്റെ രാഷ്ട്രീയം വിളംബരം ചെയ്യുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കൊണ്ടും സദാചാരവാദികളെ പ്രകോപിപ്പിക്കുന്ന സെല്‍ഫികള്‍ കൊണ്ടും ആണ്‍കോയ്മയില്‍ അധിഷ്ഠിതമായ പാക് സമൂഹത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു ക്വാന്റീല്‍ ബലോച് എന്ന 26കാരി. സ്വന്തം സഹോദരനാണ് ഇവരെ കൊല ചെയ്തതതെന്നും സംഭവശേഷം അയാള്‍ ഒളിവിലാണെന്നുമാണ് പൊലീസ് പറയുന്നത്. തന്റെ ജീവന് ഭീഷണിയുള്ളതായി കാണിച്ച് ഈയിടെ ക്വാന്റീല്‍ സര്‍ക്കാറിനെയും ഫെസറല്‍ ഏജന്‍സിയെയും സമീപിച്ചിരുന്നു. നടപടി ഇല്ലാത്തതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ദിവസങ്ങള്‍ക്കകമാണ് ഇവരുടെ അന്ത്യം.
സോഷ്യല്‍ മീഡിയയിലൂടെയാണ് ക്വാന്റീല്‍ ബലോച് പ്രശസ്തയായത്. അസം സുല്‍ത്താന്‍ എന്നായിരുന്നു ഇവരുടെ യഥാര്‍ത്ഥ പേര്. സോഷ്യല്‍ മീഡിയയില്‍ ക്വാന്റീല്‍ ബലോച് എന്ന പേരില്‍ പ്രശസ്തയായി. ഇവര്‍ക്ക് ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് േഫസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ഉണ്ടായിരുന്നത്. പാക്ക് സമൂഹത്തിന്റെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കും ഇരട്ടത്താപ്പുകള്‍ക്കും ഹിപ്പോക്രിസിക്കും എതിരായ ശക്തമായ അഭിപ്രായ പ്രകടനങ്ങളിലൂടെയാണ് ഇവര്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. നടി, മോഡല്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ ശരീരസൗന്ദര്യം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള സെല്‍ഫികളിലൂടെയും സോഷ്യല്‍ മീഡിയയില്‍ താരമായി.
ഈ അഭിപ്രായ പ്രകടനങ്ങളും ഫോട്ടോകളുമെല്ലാം കടുത്ത എതിര്‍പ്പാണ് ക്ഷണിച്ചു വരുത്തിയത്. മതയാഥാസ്ഥിതിക സംഘടനകളും വ്യക്തികളും അവരെ സോഷ്യല്‍ മീഡിയയില്‍ പല വിധത്തിലും ആക്രമിച്ചു. എതിരാളികളോടെല്ലാം മറുപടി പറഞ്ഞിരുന്ന അവര്‍ പിന്നീട്, സംവാദത്തിനുള്ള അര്‍ഹത പാക് ആണ്‍ സമൂഹത്തിന് ഇല്ലെന്ന് കുറ്റപ്പെടുത്തി മറുപടികളില്‍നിന്ന് പിന്‍മാറി. എന്നാല്‍, വിമര്‍ശനങ്ങളെ ഒട്ടും ഭയക്കാത്ത സെല്‍ഫികളിലൂടെ അവര്‍ വീണ്ടും ഇടപെടലുകള്‍ തുടര്‍ന്നു. ശരീര പ്രദര്‍ശനമല്ല തന്റെ ലക്ഷ്യമെന്നും പെണ്‍ശരീരം കാണാന്‍ ഏതുവഴിയും സ്വീകരിക്കാന്‍ മടിക്കാതിരിക്കുകയും എന്നാല്‍, പരസ്യമായി സദാചാര പ്രസംഗം നടത്തുകയും ചെയ്യുന്നവരുടെ കാപട്യം തുറന്നു കാണിക്കുകയും അവരെ പ്രകോപിപ്പിക്കുകയുമാണെന്നും അവര്‍ ഒരഭിമുഖത്തില്‍ പറഞ്ഞു. 'ഈ സമൂഹം ചീഞ്ഞളിഞ്ഞതാണ്. ഈ പുരുഷാധിപത്യ സമൂഹത്തില്‍ നല്ലതായി ഒന്നുമില്ല' ഒരഭിമുഖത്തില്‍ അവര്‍ ഈയിടെ പറഞ്ഞു.
