രാഹുല്‍ വിജയന്‍ എഴുതുന്നു പട്ടികജാതിക്കാരെ ഹരിജനം എന്ന വിളികൊണ്ടപമാനിക്കുന്നതുപോലെ , പുലയ രാജാവ് എന്ന വിശേഷണവും കൊച്ചാക്കല്‍ തന്നെയല്ലേ

മൃഗങ്ങളേക്കാള്‍ നികൃഷ്ടരായി മനുഷ്യരെ കണ്ടിരുന്ന, അവര്‍ക്ക് പൊതുയിടങ്ങളിലോ പൊതുവഴികളിലോ പ്രവേശനമില്ലാതിരുന്ന, നല്ല ഭക്ഷണം കഴിക്കാന്‍ , വസ്ത്രം ധരിക്കാന്‍, സ്വന്തം കൃഷിഭൂമിയ്ക്ക്, നല്ല പാര്‍പ്പിടത്തിന് തുടങ്ങി നല്ലൊരു പേരിടാന്‍ പോലും അവകാശമില്ലാതിരുന്ന ഒരു കാലത്ത് ഭൂപ്രഭുക്കളും സവര്‍ണ്ണമാടമ്പികളുമായ ഉപരിവര്‍ഗ്ഗത്തിന്റെ പത്തായപ്പുരകള്‍ നിറയ്ക്കുവാനുള്ള വെറും ഉപകരണങ്ങള്‍ മാത്രമായി അവരെ കണ്ടിരുന്ന കാലത്ത് 1863 ആഗസ്റ്റ് 28 നാണ് അയ്യങ്കാളി ജനിച്ചത് .

'കുഞ്ഞുങ്ങളേ... ,നിങ്ങള്‍ അയ്യങ്കാളി എന്ന മഹാനെ കുറിച്ച് കേട്ടിട്ടുണ്ടോ? '

'ങ്ഹാ.... കേട്ടിട്ടുണ്ട് , പുലയ രാജാവ് .!'

എന്റെ ചോദ്യത്തിന് ക്‌ളാസ്സിലെ പകുതിയിലധികം വരുന്ന കുട്ടികള്‍ ഒരേ സ്വരത്തിലാണ് ഉത്തരം പറഞ്ഞത്.

'പുലയ രാജാവ്' എന്നു മാത്രമുള്ള വിശേഷണം, അദ്ദേഹത്തെക്കുറിച്ചു കേട്ടപ്പോള്‍ , എനിക്കു വല്ലാത്ത വേദന തോന്നി .

യു. പി ക്‌ളാസുകാരാണ്. കുഞ്ഞുങ്ങളാണ്. അവര്‍ അവരുടെ ലോകത്തെ കുറിച്ച് പഠിച്ചു വരുന്നതേയുള്ളു!

പത്താം ക്‌ളാസിന് ആവര്‍ത്തനപ്പട്ടിക പഠിപ്പിച്ചതിന്റെ ക്ഷീണവും ചോക്കു പൊടിയുമായി ഓഫീസ് റൂമിലേക്കു കയറിച്ചെന്ന്, 'ഇനി ഞാന്‍ പൊക്കോട്ടേ സാര്‍ ?' , എന്നൊരു ചോദ്യം കണ്ണിലൊളിപ്പിച്ച് ട്യൂഷന്‍ സെന്ററിന്റെ പ്രിന്‍സിപ്പാളിനെ ഒന്നു നോക്കിയതേയുണ്ടായിരുന്നുള്ളൂ,

'ആളില്ല , ഒരു അഞ്ചു മണിയാകുമ്പോഴേക്കും അവരെ വിട്ടോളൂ , അതുവരെ എന്തെങ്കിലും ടാസ്‌ക് കൊടുത്തിരുത്തൂ' എന്നു പറഞ്ഞ് ഇവിടേക്കു വിടുമ്പോള്‍, ''ഈ പിരീഡ് അവര്‍ക്ക് സോഷ്യല്‍ സയന്‍സ് ആണ് , അതെടുത്തൂടേ എന്നൊരു ചോദ്യം കൂടി ചോദിക്കാന്‍ മറന്നില്ല, അദ്ദേഹം!

കമലിന്റെ ദശാവതാരം കാണുക, ഞായറാഴ്ച്ചയായതിനാല്‍ നല്ല തിരക്കുള്ളത് കാരണം first show യ്ക്ക് ടിക്കറ്റെടുക്കാന്‍ കുറച്ച് നേരത്തേ പോകുക എന്നൊക്കെയുള്ള പദ്ധതികളെല്ലാം പൊളിഞ്ഞതിന്റെ വിഷമത്തേക്കാളേറെ, കുട്ടികളുടെ ആ മറുപടി എന്നെ നിരാശപ്പെടുത്തി .

ആ വിശേഷണം അവരുടെ പാഠഭാഗത്തിലുള്ളത് തന്നെയായിരുന്നു. എന്നാലും, പട്ടികജാതിക്കാരെ ഹരിജനം എന്ന വിളികൊണ്ടപമാനിക്കുന്നതുപോലെ, പുലയ രാജാവ് എന്ന വിശേഷണവും കൊച്ചാക്കല്‍ തന്നെയല്ലേ? എനിക്കസ്വസ്ഥത തോന്നി.

അധസ്ഥിത വര്‍ഗ്ഗത്തിന്റെ മുഴുവന്‍ വിമോചകരിലൊരാളായ, ജാതിഭേദമന്ന്യേ അവശത അനുഭവിക്കുന്ന ഏവര്‍ക്കുമായി 'സാധു ജന പരിപാലന സംഘം' രൂപീകരിച്ച , വിദ്യാഭ്യാസം എന്ന മഹത്തായ മനുഷ്യാവകാശത്തിനായി (ലോകചരിത്രത്തില്‍ തന്നെ ആദ്യമായി) പ്രക്ഷോഭം സംഘടിപ്പിച്ച ആ ധീരനായ സാമൂഹിക പരിഷ്‌കര്‍ത്താവ് ഒരു ജാതിയുടേയോ, വിഭാഗത്തിന്റെയോ മാത്രമാകുന്നത് എങ്ങനെ?

'കുട്ടികളാണ്, അവര്‍ക്ക് ദഹിക്കുന്ന രീതിയില്‍ വേണം പറഞ്ഞു കൊടുക്കാന്‍, എന്ന ഉറച്ച ബോധ്യത്തോടെ ഞാന്‍ അവരോടായി പറഞ്ഞു തുടങ്ങി .

'ഇന്ന് നമ്മുടെ ഈ കേരളം വളരെ മനോഹരമാണ, അല്ലേ? പ്രകൃതി ഭംഗികൊണ്ട് മാത്രമല്ല, നിങ്ങള്‍ കുട്ടികളെ കൊണ്ടും. എല്ലാവര്‍ക്കും ഇന്ന് സ്‌കൂളില്‍ പോയി പഠിക്കാം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ഇഷ്ടമുള്ള പേര് സ്വീകരിക്കാം. ഉത്സവത്തിനോ കല്യാണത്തിനോ, മരണത്തിനോ, ചന്തയിലോ, ആശുപത്രിയിലോ എവിടെ വേണമെങ്കിലും പോകാം, മുതിര്‍ന്നവര്‍ക്ക് ഇഷ്ടമുള്ള തൊഴില്‍ ചെയ്യാം .

പക്ഷേ, ഇതൊന്നുമായിരുന്നില്ല കേരളത്തിലെ പണ്ടത്തെ അവസ്ഥ. ഇന്ത്യയില്‍ തന്നെയും.

ഞാന്‍ കുട്ടികള്‍ക്ക് അന്നത്തെ സാമൂഹികാവസ്ഥ വിവരിച്ചു കൊടുത്തു. തിരുവിതാംകൂറില്‍ 1811 -ല്‍ നിര്‍ത്തലാക്കപ്പെട്ട ഈഴവരുടെ അടിമത്തത്തെക്കുറിച്ചും , അതവസാനിക്കുവാന്‍ 1855 വരെ കാത്തിരിക്കേണ്ടി വന്നിട്ടും പ്രത്യേകിച്ചു മാറ്റമൊന്നുമില്ലാതെ അടിയാളരായി തുടരേണ്ടിവന്ന അധസ്ഥിത വിഭാഗങ്ങളേക്കുറിച്ചും പറഞ്ഞു.

അവര്‍ കണ്ണുമിഴിച്ചിരിക്കയായിരുന്നു അപ്പോഴെല്ലാം.

മൃഗങ്ങളേക്കാള്‍ നികൃഷ്ടരായി മനുഷ്യരെ കണ്ടിരുന്ന, അവര്‍ക്ക് പൊതുയിടങ്ങളിലോ പൊതുവഴികളിലോ പ്രവേശനമില്ലാതിരുന്ന, നല്ല ഭക്ഷണം കഴിക്കാന്‍ , വസ്ത്രം ധരിക്കാന്‍, സ്വന്തം കൃഷിഭൂമിയ്ക്ക്, നല്ല പാര്‍പ്പിടത്തിന് തുടങ്ങി നല്ലൊരു പേരിടാന്‍ പോലും അവകാശമില്ലാതിരുന്ന ഒരു കാലത്ത് ഭൂപ്രഭുക്കളും സവര്‍ണ്ണമാടമ്പികളുമായ ഉപരിവര്‍ഗ്ഗത്തിന്റെ പത്തായപ്പുരകള്‍ നിറയ്ക്കുവാനുള്ള വെറും ഉപകരണങ്ങള്‍ മാത്രമായി അവരെ കണ്ടിരുന്ന കാലത്ത് 1863 ആഗസ്റ്റ് 28 നാണ് അയ്യങ്കാളി ജനിച്ചത് .

ബാല്യം മുതല്‍ താനുള്‍പ്പടെയുള്ളവര്‍ അനുഭവിക്കുന്ന അസമത്വങ്ങളില്‍ അസ്വസ്ഥനായിരുന്നു കാളി. തന്റെ സ്വസമുദായത്തില്‍ നിന്നു പോലും (പുലയസമുദായം ) എതിര്‍പ്പുകള്‍ നേരിട്ടുകൊണ്ടാണ് അദ്ദേഹം ഇതിനെതിരെ പ്രവര്‍ത്തിച്ചു തുടങ്ങിയത് .

1893-ലാണ് അദ്ദേഹം അധ:സ്ഥിതരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി വില്ലുവണ്ടി സമരം നടത്തുന്നത്. അതിനായി അദ്ദേഹം സ്വന്തമായി ഒരു കാളവണ്ടി വാങ്ങി . തലപ്പാവും മേല്‍മുണ്ടും തുടങ്ങി അവര്‍ണ്ണര്‍ക്ക് നിഷിദ്ധമായിരുന്ന വസ്ത്രം ധരിച്ചു. സവര്‍ണ്ണ ജാതിവെറിയെ വെല്ലുവിളിച്ചുകൊണ്ട് ബാലരാമപുരത്തുകൂടി ഐതിഹാസിക യാത്ര നടത്തി. എതിര്‍ക്കാന്‍ വന്നവരെ സധൈര്യം നേരിട്ടു തുരത്തിയോടിച്ചു.

അതോടെ അദ്ദേഹം അവശവിഭാഗങ്ങള്‍ക്കിടയില്‍ അയ്യങ്കാളി യജമാനനായി അനുയായികളുമുണ്ടായി.

സവര്‍ണ്ണമാടമ്പിമാരുടെ അക്രമങ്ങളെ പ്രതിരോധിക്കാന്‍ കായികാഭ്യാസിയെ വരുത്തിച്ച് യുവാക്കള്‍ക്ക് അടിതട പരിശീലിപ്പിച്ചു .

1898-99 കാലത്ത് അനേകം സംഘര്‍ഷങ്ങളാണ് ഉണ്ടായത്. സ്ത്രീകള്‍ ബലാല്‍ക്കാരത്തിനിരയായി കൊല്ലപ്പെട്ട കാലത്ത്, അത് ചോദ്യം ചെയ്തതിന്റ പേരില്‍ പുരുഷന്‍മാര്‍ മൃഗീയമായി വേട്ടയാടപ്പെട്ട കാലത്ത് പ്രതികരിക്കാനും തിരിച്ചടിയ്ക്കാനും അയ്യങ്കാളി ഒരു ജനതയെ പാകപ്പെടുത്തുകയായിരുന്നു .
ഒരടിക്ക് രണ്ടടി എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്‌ബോധനം .

1904-ല്‍ അദ്ദേഹം പുതുവല്‍ വിളാകത്ത് സ്വന്തമായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. ഔദ്യോഗിക വിദ്യാഭ്യാസമൊന്നും ലഭിച്ചിരുന്നില്ലയെങ്കിലും തന്റ ജനതയുടെ മോചനം വിദ്യാസമ്പാദനത്തിലൂടെയേ സാധ്യമാകൂ എന്നദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതിനായി സര്‍ക്കാരിനോട് നിരന്തരം അവര്‍ണ്ണരുടെ സ്‌കൂള്‍ പ്രവേശനത്തിനു വേണ്ടി അദ്ദേഹം വാദിച്ചു .

തുടര്‍ന്ന് 1908ല്‍ അധ:സ്ഥിതര്‍ക്കായി 1, 2ക്‌ളാസ്സുകളുള്ള സ്‌കൂള്‍ സ്ഥാപിച്ചുകൊണ്ട് രാജാവ് ഉത്തരവിട്ടു .

എന്നാല്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളിലും അവര്‍ണ്ണര്‍ക്ക് പ്രവേശനം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം .

1907- ലാണ് അവശരായ എല്ലാ മനുഷ്യരുടേയും ക്ഷേമത്തിനായി അദ്ദേഹം സാധുജന പരിപാലന സംഘം രൂപീകരിച്ചത് .

തിരുവിതാംകൂറിന്റെ നിയമസഭയായ ശ്രീമൂലം പ്രജാസഭയിലേക്ക് അദ്ദേഹം നിയമിതനാകുന്നത് 1911 ഡിസംബര്‍ 4 ന് ആണ് .

1912 ലാണ് നെടുമങ്ങാട് ചന്ത ലഹള എന്നറിയപ്പെടുന്ന സമരം അദ്ദേഹം നടത്തുന്നത്. അവര്‍ണ്ണര്‍ക്ക് ചന്തകളിലോ പൊതുയിടങ്ങളിലോ പ്രവേശിക്കാന്‍ അനുമതി ഇല്ലാതിരുന്നതിനെ ഈ സമരത്തിലൂടെ അദ്ദേഹവും അനുയായികളും, നെടുമങ്ങാട് ചന്തയില്‍ പ്രവേശിച്ചുകൊണ്ട് തകര്‍ത്തെറിയുകയായിരുന്നു .

ഊരൂട്ടമ്പലം സമരവും 1912 ലാണ് നടക്കുന്നത്. പഞ്ചമി എന്ന പുലയപ്പെണ്‍കുട്ടിയുമായി സ്‌കൂളിലെത്തുകയും അവളെ പഠിക്കാനിരുത്തുകയും ചെയ്ത അദ്ദേഹത്തെ സവര്‍ണ്ണ ഹിന്ദുമാടമ്പിമാര്‍ തടയുകയും സ്‌കൂളിന് തീവയ്ക്കുകയും ചെയ്തു .

തുടര്‍ന്ന് പ്രക്ഷോഭ പരമ്പരകളുണ്ടായി എങ്കിലും ഫലം കാണാത്തതിനാല്‍, അദ്ദേഹം 1914 ല്‍ ഭൂവുടമകള്‍ക്കു വേണ്ടി ജോലി ചെയ്തിരുന്ന മുഴുവന്‍ കര്‍ഷകത്തൊഴിലാളികളോടും പണിമുടക്കു നടത്തുവാന്‍ ആവശ്യപ്പെട്ടു .

'ഞങ്ങളുടെ കുട്ടികള്‍ക്ക് വിദ്യയില്ലെങ്കില്‍ ,നിങ്ങളുടെ വയലില്‍ മുട്ടിപ്പുല്ലു മുളപ്പിക്കും' എന്നദ്ദേഹം സവര്‍ണ്ണ ജാതിവെറിയ്ക്ക് താക്കീതു നല്‍കി .

മാസങ്ങളോളം നീണ്ടുനിന്ന സമരത്തിനൊടുവില്‍, സ്വന്തമായി കൃഷിയിറക്കാനുള്ള ഭൂവുടമകളുടെ ശ്രമം പരാജയപ്പെട്ടതോടെ സമരം ഒത്തുതീര്‍പ്പിലെത്തി .
എല്ലാ പിന്നാക്കക്കാര്‍ക്കും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നല്‍കിക്കൊണ്ടുള്ള വിളംബരം രാജാവ് പുറപ്പെടുവിച്ചു .

ലോക ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഇത്തരമൊരു സമരം, അതും വിദ്യാഭ്യാസം എന്ന മഹത്തായ ലക്ഷ്യത്തിനു വേണ്ടി.

മൂക്കുത്തി ധരിച്ച പെണ്‍കുട്ടിയെ മേല്‍്ജാതിക്കാര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവര്‍ണ്ണ സ്ത്രീകള്‍, അവര്‍ ജാതിയതയുടെ അടയാളമായി ധരിക്കേണ്ടിയിരുന്ന കല്ല്, കുപ്പിച്ചില്ല് തുടങ്ങിയ ഭാരമേറിയ വസ്തുക്കള്‍ കൊണ്ടുള്ള ആഭരണങ്ങള്‍ ബഹിഷ്‌കരിക്കാനും മാന്യമായി ആഭരണവും വസ്ത്രവും ധരിക്കാനും അയ്യങ്കാളി ആഹ്വാനം ചെയ്തു. ക്രൂരമായ പീഢനങ്ങളെയെല്ലാം അതിജീവിച്ച് സ്ത്രീകള്‍ നേടിയെടുത്ത അവകാശത്തിനായുള്ള ഈ പോരാട്ടത്തെ ചരിത്രം കല്ലുമാല സമരം എന്നടയാളപ്പെടുത്തുന്നു. ഇത് 1915ലാണ് നടന്നത് .

1937 ലാണ് ഗാന്ധി-അയ്യങ്കാളി കൂടിക്കാഴ്ച്ച .

എഴുപത്തിയേഴാം വയസ്സില്‍, (1941 ജൂണ്‍ 18 ന് മരണപ്പെടുന്നതുവരെ അദ്ദേഹം അധ:സ്ഥിത വര്‍ഗ്ഗത്തിന്റെ മുഴുവന്‍ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു .

എന്റെ സുദീര്‍ഘമായ വിവരണം കേട്ടിരിക്കയായിരുന്ന കുട്ടികള്‍ അത്ഭുതത്തോടെ നെടുവീര്‍പ്പെട്ടു .

വാച്ചില്‍ നോക്കി, അഞ്ചു മണിയായി എന്നു മനസ്സിലാക്കിയപ്പോള്‍ ഞാന്‍ എന്റെ വാക്കുകള്‍ ഉപസംഹരിക്കാനൊരുങ്ങി .

ഏതു ക്‌ളാസ്സിനു ശേഷവും പതിവുള്ള താങ്ക്യൂ സാര്‍ എന്ന താളത്തിലുള്ള നന്ദി പറച്ചിലനപ്പുറം , അന്ന് ആ വാക്കിലല്പം സ്‌നിഗ്ദ്ധത കൂടിയിരിക്കുന്നതായി എനിക്കു തോന്നി. തിരിച്ചും, താങ്ക്‌സും വെല്‍ക്കമും പറഞ്ഞതിനു ശേഷം ഓഫീസ് റൂമിലേക്കു നടക്കുമ്പോള്‍ ദശാവതാരത്തിന്റെ ഈവനിംഗ് ഷോയ്ക്ക് ടിക്കറ്റ് എടുക്കുന്ന കാര്യം ഞാന്‍ തീര്‍ത്തും മറന്നു പോയിരുന്നു .