Asianet News Malayalam

വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്‍ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ തിരികെ, ഈ പൊലീസ് കൈമാറിയത് 10 കോടി രൂപയുടെ വസ്‍തുക്കള്‍

കഴിഞ്ഞ 14 മാസത്തിനുള്ളിൽ റെയിൽവേ പൊലീസ് ഉടമകൾക്ക് കൈമാറിയത് 10 കോടി രൂപ വിലമതിക്കുന്ന പതിമൂവായിരത്തോളം വസ്‍തുക്കളാണ്. 

railway police returns lost materials to owners
Author
Mumbai, First Published Aug 28, 2020, 3:31 PM IST
  • Facebook
  • Twitter
  • Whatsapp

അന്ധേരി സ്റ്റേഷനിൽ വച്ച് ട്രെയിനിൽ കയറുന്നതിനിടെയാണ് 38 -കാരനായ വൈഭവ് ഗവാദിന് റെയിൽ‌വേ പൊലീസിൽ നിന്ന് ഒരു വിളി വരുന്നത്. അദ്ദേഹത്തിന്റെ 20 വർഷം മുൻപ് കളഞ്ഞുപോയ മാല അവരുടെ പക്കലുണ്ടെന്ന് ഫോണിന്റെ മറുതലക്കൽ നിന്നുള്ള ശബ്‌ദം പറഞ്ഞു. ആദ്യം അദ്ദേഹത്തിന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇത്രയേറെ വർഷം മുൻപ് കളഞ്ഞുപോയ ഒരു സാധനം തിരികെ കിട്ടുകയെന്നത് അദ്ദേഹത്തിന് സ്വപ്‍നത്തിൽ പോലും ചിന്തിക്കാൻ കഴിഞ്ഞില്ല. അതിയായ അത്ഭുതത്തോടെ അദ്ദേഹം മറുപടി പറഞ്ഞു "ഞാൻ അന്ന് 18 വയസ്സുള്ള ഹോട്ടൽ മാനേജ്‍മെന്‍റ് വിദ്യാർത്ഥിയായിരുന്നു. ഇന്ന്, ഞാൻ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ജോലിചെയ്യുകയാണ്, വിവാഹിതനാണ്, മൂന്ന് വയസുള്ള മകളുണ്ട്. ഇതാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ സർപ്രൈസ്.” 2000 -ത്തിലെ സെപ്റ്റംബർ 27 -നാണ് അദ്ദേഹത്തിന് മാല നഷ്ടമായത്. വർഷങ്ങൾക്കിപ്പുറം അദ്ദേഹം അതിനെക്കുറിച്ച് മറന്നേ പോയിരുന്നു. അപ്പോഴാണ് പൊലീസിന്റെ വിളി വരുന്നത്. ഇതുപോലെ ഈ കൊറോണ കാലത്ത് എല്ലാ പ്രതീക്ഷയും അസ്‍തമിച്ച നിരവധി പേർക്ക് ആശ്വാസമാവുകയാണ് റെയിൽവേ പൊലീസിന്റെ ഇത്തരം ശ്രമങ്ങൾ. വർഷങ്ങൾക്ക് മുൻപ് കളഞ്ഞുപോയ വളയും, മാലയും പണവുമെല്ലാം ഉടമകൾക്ക് തിരികെ നൽകി മുംബൈ റെയിൽവേ പൊലീസ് മാതൃകയാവുകയാണ്.  

കഴിഞ്ഞ 14 മാസത്തിനുള്ളിൽ റെയിൽവേ പൊലീസ് ഉടമകൾക്ക് കൈമാറിയത് 10 കോടി രൂപ വിലമതിക്കുന്ന പതിമൂവായിരത്തോളം വസ്‍തുക്കളാണ്. മാല മോഷ്ടാക്കൾ, കൊള്ളക്കാരുടെ സംഘം എന്നിവരിൽ നിന്നൊക്കെ പൊലീസ് പലപ്പോഴായി കണ്ടെടുത്ത വസ്‍തുക്കളാണ് അവ. കേൾക്കുമ്പോൾ എന്ത് നിസാരമെന്ന് തോന്നുമെങ്കിലും, ഇത് ഒട്ടും എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന കാര്യമല്ല. ഒന്ന്, മോഷണങ്ങളിൽ ചിലത് വർഷങ്ങൾക്ക് മുൻപ് നടന്നതാണ്. രണ്ട് കണ്ടെടുത്ത ധാരാളം വസ്‍തുക്കൾ കോടതി നടപടികളിൽ കുരുങ്ങിക്കിടക്കുകയാണ്. മൂന്ന്, ഈ സാധനങ്ങളുടെ ഉടമകൾ ഒന്നിലധികം തവണ താമസസ്ഥലങ്ങൾ മാറിയിട്ടുണ്ടാകാം, അല്ലെങ്കിൽ മറ്റ് നഗരങ്ങളിലേക്ക് കുടിയേറിയിട്ടുണ്ടാകാം. അതുകൊണ്ട് തന്നെ ഇവരെയെല്ലാം കണ്ടെത്തുക പ്രയാസമാണ്. എന്നാൽ, റെയിൽവേ പൊലീസിന് ഇതൊന്നും വെല്ലുവിളികളായില്ല. ഈ വിലപിടിപ്പുള്ള വസ്‍തുക്കളുടെ ഉടമസ്ഥരെ കണ്ടെത്തുക മാത്രമല്ല, നിയമപരമായി അവർക്കായി അഭിഭാഷകരെ സംഘടിപ്പിക്കുക വരെ ചെയ്‌തുകൊടുത്തു പൊലീസ്. 

റെയിൽവേ കമ്മീഷണർ രവീന്ദ്ര സെൻ‌ഗോങ്കർ 2019 മെയ് മാസത്തിലാണ് ഈ പ്രത്യേക സെൽ സ്ഥാപിച്ചത്. എന്നാൽ, ലോക്ക് ഡൗൺ വന്നത്തോടെ ട്രെയിൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. അതോടെ റെയിൽവേ പൊലീസിന്റെ പ്രവർത്തനവും ഗണ്യമായി കുറഞ്ഞു. “ട്രെയിനുകൾ ഓടുന്നില്ല, സ്വാഭാവികമായും പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. അപ്പോഴാണ് ഞങ്ങൾ ഈ ജോലി ഏറ്റെടുത്തത്. കണക്കനുസരിച്ച്, ഞങ്ങൾ ഇതുവരെ 10 കോടി രൂപയുടെ വിലപിടിപ്പുള്ള വസ്‍തുക്കൾ അവരുടെ ഉടമകൾക്ക് കൈമാറി കഴിഞ്ഞു” സെൻഗാവ്കർ പറഞ്ഞു. ആളുകൾ കഷ്‍ടത അനുഭവിക്കുന്ന ഈ സമയത്ത്, നഷ്ടപ്പെട്ട സ്വത്തുക്കൾ തിരികെ ലഭിച്ചാൽ, കൂടുതൽ ഉപകാരപ്രദമായ കാര്യങ്ങൾ അതുകൊണ്ട് അവർക്ക് ചെയ്യാനാകുമെന്ന് റെയിൽവേ പൊലീസ് കരുതുന്നു. പൊലീസ് പ്രത്യേക സെൽ‌ രൂപീകരിക്കുമ്പോൾ, ഉടമകൾ ഇല്ലാത്ത 17,000 സാധങ്ങൾ കൈവശമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ‌ 4,000 -ത്തിലധികം മാത്രമേ അവശേഷിക്കുന്നുള്ളൂ. ബാക്കിയുള്ളത് അടുത്ത വർഷം മാർച്ച് 31 -ന് മുമ്പ് മടക്കിനൽകാൻ സാധിക്കുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. 

 

(ചിത്രം പ്രതീകാത്മകം)

Follow Us:
Download App:
  • android
  • ios