ജയ്പൂര്‍: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റഷിദ്പുര ഖോരിയിലെ റെയില്‍വെ സ്റ്റേഷനിലെ പാളങ്ങളിലൂടെ ഇനി ട്രെയിനുകള്‍ ചൂളമടിച്ച് പാഞ്ഞ് തുടങ്ങും. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന റെയില്‍വെ സ്റ്റേഷനുകളിലൊന്നായ രാജസ്ഥാനിലെ റഷിദ്പുര ഖോരിയില്‍ എല്ലാം വിചിത്രമാണ്.
നാശത്തിന്റെ വക്കിലെത്തിയ ഗ്രാമങ്ങളിലെ സ്റ്റേഷനുകളിലൊന്നായിരുന്നു ഒരു കാലത്ത് ഇത്. ലാഭമില്ലാത്തതിനാല്‍ അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയും പലതവണ അടച്ചുപൂട്ടുകയും ചെയ്തിരുന്നു ഈ സ്റ്റേഷന്‍. എന്നാല്‍ ജനങ്ങളുടെ പ്രയത്‌ന ഫലമായി ഇന്ന് ഈ സ്റ്റേഷന്‍ റെയില്‍വെയ്ക്ക് നല്‍കുന്നത് ലാഭം മാത്രം. റെയില്‍വെ ഉദ്യോഗസ്ഥരല്ല, ടിക്കറ്റ് വില്‍പ്പന മുതല്‍ സ്റ്റേഷന്‍ പരിപാലിക്കുന്നതടക്കം എല്ലാം ഇവിടുത്തെ നാട്ടുകാരാണ്. ഒരു തരത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ നടത്തുന്ന റെയില്‍വെ സ്റ്റേഷന്‍ എന്ന് വിളിക്കാം റഷിദ്പുര ഖോരി സ്‌റ്റേഷനെ.
ഇന്ത്യയിലെ കുറഞ്ഞ വരുമാനമുള്ള റെയില്‍വെ സ്റ്റേഷനുകള്‍ നടത്തിപ്പിനായി പുറത്തുകൊടുത്തതില്‍ ചുരുക്കം ചില സ്റ്റേഷനുകളിലൊന്നാണ് റഷിപുര ഖോരിയിലേത്. എന്നാല്‍ ഇത്തരത്തില്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ നടത്തുന്ന മറ്റൊരു റയില്‍വെ സ്റ്റേഷന്‍ തന്റെ അറിവില്‍ മറ്റൊന്നില്ലെന്നാണ് ഉത്തര പശ്ചിമ റയില്‍വെ പബ്ലിക് റിലേഷന്‍സ് ചീഫ് തരുണ്‍ ജയിന്‍ പറയുന്നത്. ഇത്തരം സമാനതകളില്ലാത്ത കേസുകള്‍ ഇന്ത്യന്‍ റയില്‍വെ അധികൃതര്‍ എവിടെയും രേഖപ്പെടുത്തി വച്ചിട്ടില്ലെങ്കിലും രഷിദ്പുര അത്തരത്തിലൊന്നാണെന്നും തരുണ്‍.
മാസം 40000 രൂപ വരുമാനം ഉണ്ടാക്കുമെങ്കില്‍ മാത്രം സ്റ്റേഷന്‍ നിലനിര്‍ത്തും
ജയ്പൂരില്‍നിന്ന് 123 കിലോമീറ്റര്‍ അകലെ സികര്‍ ജില്ലയിലാണ് ഈ ജനങ്ങളുടെ റെയില്‍വെ സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. നവംബര്‍ 2015 ന് ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ക്കായി നിറുത്തിവച്ച സ്‌റ്റേഷനില്‍ 2017 ഡിസംബര്‍ 9നാണ് ജനങ്ങള്‍ക്കായി പാസഞ്ചര്‍ ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങിയത്. ഏകദേശം 90 വര്‍ഷത്തോളം പഴക്കമുണ്ട് ഈ റെയില്‍വെ സ്റ്റേഷന്. ഇതിനിടയില്‍ നിരവധി തവണ സ്റ്റേഷന്‍ പ്രവര്‍ത്തനം നിര്‍ത്തുകയും വീണ്ടും തുറക്കുകയും ചെയ്തു.
ബ്രിട്ടീഷ് ഇന്ത്യയിലെ അന്നത്തെ ജയ്പൂര്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു റഷിദ്പുര സ്റ്റേഷന്‍. ലാഭകരമല്ലാത്ത സ്‌റ്റേഷനുകള്‍ അടച്ചുപൂട്ടുന്നതിന്റെ ഭഗമായി 2005 ല്‍ റഷിദ്പുര സ്റ്റേഷനും ഇന്ത്യന്‍ റെയില്‍വെ അടച്ചുപൂട്ടി. യാത്രക്കാരില്ലാത്ത ട്രെയിന്‍ സര്‍വ്വീസ് സ്ഥിരം കാഴ്ചയായതോടെയാണ് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നതെന്ന് സികര്‍ റയില്‍ സലാഹ്കര്‍ സമിതി അംഗം ജഗ്ദിഷ് ബര്‍ഡക് പറഞ്ഞു. പ്രവര്‍ത്തനം നിര്‍ത്തുന്നതിന് മുമ്പ് ജയ്പുര്‍-ചുരു റൂട്ടില്‍ അഞ്ച് ട്രെയിനുകളും സികര്‍-ചുരു റൂട്ടില്‍ ഒരു ട്രെയിനുമാണ് ഉണ്ടായിരുന്നത്.

പല്‍ത്താന, റഷിദ്പുര, ഖോരി എന്നീ ഗ്രാമങ്ങളിലായി 25000 ഓളം ആളുകളാണ് ഈ റെയില്‍വെ സ്‌റ്റേഷനെ ആശ്രയിച്ചിരുന്നത്. ഏത് വിധേനയെങ്കിലും സ്‌റ്റേഷന്‍ തുറന്ന് പ്രവര്‍ത്തിക്കണം എന്നതായിരുന്നു ഇവരുടെ ആവശ്യം. ഇത് ഇന്ത്യന്‍ റെയില്‍വെ അധികൃതരെ ജനങ്ങള്‍ ബോധ്യപ്പെടുത്തിയതോടെയാണ് ആവശ്യം അംഗീകരിച്ച് വീണ്ടും സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.
ഒടുവില്‍ ടിക്കറ്റ് വില്‍പ്പന മുതല്‍ സ്റ്റേഷന്‍റെ ശുചീകരണം വരെ നാട്ടുകാര്‍ ഏറ്റെടുത്തു
എന്നാല്‍ റെയില്‍വെ അധികൃതര്‍ ഗ്രാമവാസികള്‍ക്ക് മുന്നില്‍ ഒരു വ്യവസ്ഥ വച്ചു. മതിയായ വരുമാനം അതായത് റെയില്‍വെയുടെ കണക്ക് പ്രകാരം മാസം 40000 രൂപ വരുമാനം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയാല്‍ സ്‌റ്റേഷന്‍ തുറക്കാമെന്നതായിരുന്നു വ്യവസ്ഥ.
സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിച്ച് മതിയായ വരുമാനം നേടിത്തരാമെന്ന് 25000 ഓളം വരുന്ന ജനങ്ങള്‍ ഒപ്പിട്ട് മെമ്മൊറാണ്ടം സമര്‍പ്പിച്ചതോടെ അധികൃതര്‍ ഒരു ട്രെയിനിന് റഷിദ്പുരയില്‍ സ്റ്റോപ് അനുവദിച്ചു. മൂന്ന് മാസത്തേക്കാണ് 2009 ജനുവരിയില്‍ ഈ വ്യവസ്ഥയോടെ ട്രെയിനുകള്‍ ഓടിത്തുടങ്ങിയതെന്ന് റഷിദ്പുരയിലെ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രതാപ് സിംഗ് ബര്‍ദക്.

ഈ വ്യവസ്ഥ അംഗീകരിച്ച ഗ്രാമവാസികള്‍ ട്രെയിന്‍ ഉപയോഗിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനായി കമ്മറ്റി രൂപീകരിച്ചു. ജനങ്ങളില്‍നിന്ന് 5 ലക്ഷം രൂപയോളം പിരിച്ചെടുത്ത് ട്രെയിന്‍ സമയം ജനങ്ങളിലേക്ക് എത്തിക്കാന്‍ ആരംഭിച്ചു. ഇതിനായി ഒരു വണ്ടി എടുത്ത് വീടുകള്‍ തോറും കയറി ഇറങ്ങി പ്രചാരണം നടത്തി. വളരെ ആവേശത്തോടെയാണ് ജനങ്ങള്‍ ഇത് ഏറ്റെടുത്തതെന്നും സിംഗ്. ആദ്യ ഘട്ടങ്ങളില്‍ വിജയകരമായിരുന്നു ട്രെയിന്‍ സര്‍വ്വീസ്. യാത്രയ്ക്കായി ജനങ്ങള്‍ കൂടുതല്‍ ടിക്കറ്റുകള്‍ വാങ്ങി. ടിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ ആരെയും അനുവദിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് മാസത്തിന്‍റെ നടത്തിപ്പ് പിന്നീട് ഏഴ് വര്‍ഷം തുടര്‍ന്നു
മൂന്ന് മാസം കാലയളവ് ഈ വിജയത്തോടെ പിന്നീട് നീണ്ട് പോകുകയായിരുന്നു. ഗ്രാമവാസികളിലൊരാള്‍ ടിക്കറ്റ് വില്‍ക്കാനും മറ്റുള്ളവര്‍ സ്‌റ്റേഷന്‍ പരിപാലിക്കാനും നിയോഗിക്കപ്പെട്ടു. ഇതോടെ റഷിദ്പുര ഖോരിയില്‍ നാല് ട്രെയിനുകള്‍ക്ക് കൂടി സ്‌റ്റോപ്പ് അനുവദിച്ചു. ഇത്തരത്തില്‍ ഏഴ് വര്‍ഷത്തോളം ജനങ്ങള്‍ക്ക് വേണ്ടി ഈ റെയില്‍വെ സ്‌റ്റേഷന്‍ ജനങ്ങള്‍ തന്നെ നോക്കി നടത്തി.
ഇതിനിടയില്‍ ട്രാക്കിലെ പണികള്‍ക്കായാണ് സ്റ്റേഷന്‍ അടച്ചത്. പിന്നീട് ഡിസംബറില്‍ സ്‌റ്റേഷന്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചതോടെ പല്‍ത്താന ഗ്രാമത്തിലെ മഹേന്ദ്ര കുമാറിനാണ് ടിക്കറ്റ് വില്‍പ്പന ചുമതല. പ്രദേശത്തെ സ്‌കൂളില്‍ അധ്യാപകനാണ് മഹേന്ദ്ര കുമാര്‍. സ്റ്റേഷന് അടുത്തുള്ള ഒരു മരച്ചുവട്ടില്‍ ചെറിയ മരപ്പലകയില്‍ വിവിധ സ്‌റ്റേഷനുകളിലേക്കുള്ള ടിക്കറ്റുകള്‍ നിരത്തി വച്ച് അവര്‍ വിതരണം നടത്തുന്നു.

സികര്‍ സ്റ്റേഷനില്‍നിന്ന് ടിക്കറ്റ് വാങ്ങുന്ന മഹേന്ദ്ര കുമാറിന് വില്‍ക്കുന്ന ടിക്കറ്റിന്റെ 15 ശതമാനം കമ്മീഷനായി ലഭിക്കും. തൊട്ടടുത്ത സ്റ്റേഷനായ ലക്ഷ്മണ്‍ഗര്‍, സികര്‍ എന്നിവിടങ്ങളിലേക്ക് 10 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ചുരുവിലേക്ക് 20 രൂപയും. ഇതേ സ്ഥലത്തേക്കുള്ള ബസ് ചാര്‍ജിന്റെ മൂന്നിലൊന്ന് മാത്രമാണ് ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ്.
കാര്‍ഷിക മേഖലയായ ഈ പ്രദേശത്തുനിന്ന് സികര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് പച്ചക്കറികളടക്കം കൊണ്ടുപോകാന്‍ ട്രെയിന്‍ സര്‍വ്വീസ് ആവശ്യമാണ്. അതുപോലെ ട്രെയിനില്ലാതെ ഈ പ്രദേശത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ പാല്‍ വില്‍പ്പനക്കാര്‍ക്ക് വരെ യാത്ര സാധ്യമല്ലെന്നും ഈ പ്രദേശത്തുകാര്‍ പറയുന്നു.
