Asianet News MalayalamAsianet News Malayalam

ഓർമയിലെ മഴയ്ക്കെന്നും ആറു വയസ്സാണ് പ്രായം

അതുകേട്ട പാതി അവരുടെ മകൻ ചെന്ന് TV ഓഫ് ചെയ്തു. 'അയ്യോ കറന്‍റ് പോയല്ലോ? നിങ്ങള് പൊക്കോ' ആ ചേച്ചി ഞങ്ങടെ നേരെ നോക്കി ഒരു ദയയുമില്ലാതെ പറഞ്ഞു. ഒന്ന് വെക്കു ചേച്ചി ഇച്ചിരി നേരം കണ്ടോട്ടെ. അനിയൻ കരച്ചിലിന്‍റെ വക്കിലെത്തി. ഞാൻ അവന്‍റെ വാ പൊത്തി.

rain notes achu vipin
Author
Thiruvananthapuram, First Published Aug 9, 2018, 7:03 PM IST

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. 

1995 -ലെ ഒരു മഴക്കാലം... സ്കൂൾ വിട്ടു വന്ന് ഓടിട്ട വീടിന്‍റെ ഇറയത്തിരുന്നു അവിൽ നനച്ചതു തിന്നു കൊണ്ടിരിക്കുമ്പൊഴാണ് ഒന്നിൽ പടിക്കണ അനിയൻ പുറകിലൂടെ വന്നെന്‍റെ ചെവിയിൽ ആ സ്വകാര്യം പറയുന്നത്.

'എടി ചേച്ചി TVയിൽ പുതിയ കാർട്ടൂൺ തുടങ്ങിയിട്ടുണ്ട്. ജംഗിൾ ബുക്ക് എന്നാ പേര് നല്ല രസാത്രെ കാണാൻ...'

'അതിപ്പോ എങ്ങനെ കാണാനാടാ നമ്മടെ വീട്ടിൽ TV ഇല്ലല്ലോ?' തിന്നു കൊണ്ടിരുന്ന അവിൽ ഇറങ്ങി പോകാൻ ഇച്ചിരി കട്ടൻ ചായ കൂടി കുടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

'നമ്മടെ വീട്ടിൽ ഇല്ലേലെന്താടി അപ്പുറത്തെ വനജച്ചേച്ചിയുടെ(പേര് യഥാർത്ഥമല്ല) വീട്ടിൽ ഉണ്ടല്ലോ...അവൻ വിടുന്ന മട്ടില്ല...'

'മ്മ്... നോക്കി ഇരുന്നോ ഇപ്പൊ പോയി കാണാം. അമ്മ അങ്ങട് വിടുമെന്ന് മോൻ സ്വപ്നത്തിൽ വിചാരിക്കണ്ട. അയലത്തെ വീട്ടിലൊക്കെ തെണ്ടി നടക്കണത് അമ്മക്കിഷ്ടല്ലെന്നു നിനക്കറിയില്ലേടാ ചെക്കാ.'

'അമ്മ കാണാതെ പോവാടി. കൊതിയായിട്ടല്ലേ ഒന്ന് വാടി....' അവൻ ഇരുന്നു മോങ്ങുവാണ്. ഒടുക്കം ഞാൻ സമ്മതിച്ചു. അല്ലേലും അവൻ കരഞ്ഞാൽ എന്‍റെ മനസ്സലിയും. വൈകുന്നേരം അമ്മ കുളിക്കാൻ പോയ നേരം നോക്കി ഞാൻ അവനുമായി വീട്ടിൽ നിന്നും ഇറങ്ങി. എന്‍റെ പെറ്റിക്കോട്ടിന്‍റെ പുറകിൽ പിടിച്ചവൻ നടന്നു. ചെറുതായി മഴ ചാറുന്നുണ്ട്‌. ഞങ്ങൾ അത് വക വെച്ചില്ല മനസ്സ് മുഴോനും ജംഗിൾ ബുക്കല്ലേ? നടന്നു നടന്നു അവരുടെ വീടിന്റെ അരമതിലിന്‍റെ അടുത്തെത്തി. അവരുടെ അഞ്ചിൽ പഠിക്കുന്ന മോൻ അവിടിരുന്നു TV കാണുന്നുണ്ട്.

'ദേടി ചേച്ചി കരടി... TV യിൽ നോക്കി അവൻ കൈകൊട്ടി. ഇത്തിരികുഞ്ഞൻ ആയോണ്ട് അവനു ശരിക്കും കാണാൻ വയ്യ. ചക്കപ്പഴം പോലെ ഇരിക്കണ അവനെ ഞാൻ ഒരു പ്രകാരത്തിൽ എടുത്തു മതിലിന്‍റെ മുകളിൽ നിർത്തി. ഉള്ളത് പറഞ്ഞാ സംഭവം എനിക്കും നന്നേ ബോധിച്ചു. ഞങ്ങൾ അവിടെ നിന്നും TV കാണുന്നത്‌ വീടിനകത്തിരുന്നാ ചേച്ചി കണ്ടു.

'മ്മ് എന്താ ഇവിടെ' അവർ വാതിൽ തുറന്നു ചോദിച്ചു. 'TV കാണാൻ വന്നതാ ചേച്ചി...' ഞാൻ വിക്കിവിക്കി പറഞ്ഞു. അതുകേട്ട പാതി അവരുടെ മകൻ ചെന്ന് TV ഓഫ് ചെയ്തു. 'അയ്യോ കറന്‍റ് പോയല്ലോ? നിങ്ങള് പൊക്കോ' ആ ചേച്ചി ഞങ്ങടെ നേരെ നോക്കി ഒരു ദയയുമില്ലാതെ പറഞ്ഞു. ഒന്ന് വെക്കു ചേച്ചി ഇച്ചിരി നേരം കണ്ടോട്ടെ. അനിയൻ കരച്ചിലിന്‍റെ വക്കിലെത്തി. ഞാൻ അവന്‍റെ വാ പൊത്തി.

'കള്ളം പറയല്ലേ ചേച്ചി, കറന്‍റ് പോയതല്ലല്ലോ ആ ചേട്ടൻ ഓഫ് ചെയ്തതല്ലേ' ഞാൻ ചോദിച്ചു. 'ആഹാ കൊള്ളാലോ കാന്താരി TV കാണണെങ്കിലേ നിന്‍റെ തന്തയോട് പോയി മേടിച്ചു തരാൻ പറയെടി...TV കാണാൻ വന്നിരിക്കുന്നു.' അവർ വാതിൽ കൊട്ടി അടച്ചു. 'പോട്ടെ സാരോല്ലട്ടോ', ഞാൻ അവന്‍റെ മുഖത്ത് നോക്കി പറഞ്ഞു. ചാറി കൊണ്ടിരുന്ന മഴ ആർത്തലച്ചു പെയ്തു. ഞാൻ അവനുമായി വീട്ടിലേക്കോടി.

ഈ സമയം ഞങ്ങൾ എവിടെ പോയെന്നറിയാതെ ഉമ്മറത്ത് തന്നെ വിഷമിച്ചു നിക്കുന്നുണ്ടായിരുന്നമ്മ... പറയാതെ പോയതിനു ചെന്ന വഴി ഒരു വീക്കെനിക്കു കിട്ടി.. മൂത്തതു ഞാനാണല്ലോ. 'തല്ലല്ലേ അമ്മെ ജംഗിൾബുക്ക് കാണാൻ പോയതാ. പക്ഷെ മുഴോനും കണ്ടില്ല അതിനു മുന്നേ ആ ചേച്ചി വാതിൽ അടച്ചു ഇനി പോവൂലമ്മെ...' അനിയൻ ഉറക്കെ കരഞ്ഞു.

'സാരമില്ല' എന്ന് പറഞ്ഞാ മഴയത്തിരുന്ന് അമ്മ ഞങ്ങളെ കെട്ടിപിടിച്ച് വിതുമ്പി. രാത്രി അച്ഛൻ വന്നപ്പോ ഉണ്ടായതൊക്കെ അമ്മ അച്ഛനോട് സങ്കടത്തോടെ പറഞ്ഞു. മക്കളെന്തിനാ അവിടെ പോയത് അതോണ്ടല്ലേ അങ്ങനെ ഒക്കെ വന്നത്. ഇനി അങ്ങടു പോണ്ടട്ടോ... അച്ഛൻ പറഞ്ഞു. ഇല്ല എന്ന് ഞങ്ങൾ തലയാട്ടി. അതോടെ TV എന്ന മോഹം അങ്ങടുപേക്ഷിച്ചു.

ഒരാഴ്ച കഴിഞ്ഞു വൈകുന്നേരം മഴ തോർന്ന നേരം ഞാനും അനിയനും കടലാസ്സു കൊണ്ട് വഞ്ചി ഉണ്ടാക്കി കളിക്കുമ്പോഴാണ് മുറ്റത്തൊരോട്ടോ വന്നു നിന്നത്. നോക്കുമ്പോൾ അതിൽ അച്ഛനാണ്. അച്ഛന്‍റെ കയ്യിൽ വലിയൊരു ബോക്സും ഉണ്ടായിരുന്നു. ഞങ്ങളേം കൊണ്ട് അച്ഛൻ അകത്തു കയറി ആ ബോക്സ് പൊട്ടിച്ചു... ദേണ്ടേടി TV അനിയൻ തുള്ളി ചാടി. ഹോ അന്നേരത്തെ അവന്‍റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. ഞാൻ അതിൽ ഒന്ന് തലോടി.

പഴയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് TV ആണ് എന്നാലും വേണ്ടില്ല ജംഗിൾ ബുക്ക് കാണാലോ. അച്ഛൻ ഒരു പ്രകാരത്തിൽ അത് ശരിയാക്കി ദൂരദർശൻ ചാനെൽ വെച്ചു. അച്ഛൻ TV വച്ചതും ഞാൻ വീട്ടിൽ നിന്നും ഇറങ്ങി പുറത്തു പെയ്യുന്ന മഴയത്തൂടെ ഓടി തൊട്ടപ്പുറത്തെ വീട്ടിലെ കുട്ടനേം കുഞ്ചുവിനേം കാർട്ടൂൺ കാണിക്കാൻ വിളിച്ചോണ്ട് വന്നു. അവരുടെ വീട്ടിലും TV ഇല്ലായിരുന്നു. നനഞ്ഞ ഡ്രസ്സ് പോലും മാറാതെ ഒറ്റ ഇരിപ്പിൽ ഞാൻ അവരുടെ ഒപ്പം അത് കണ്ടു തീർത്തത് ഇപ്പഴും മനസ്സിൽ മായാതെ കിടപ്പണ്ടു.

അന്നുണ്ടായ അവരുടെ ആ സന്തോഷം പിന്നെ ഒരിക്കലും വേറെ ആരുടെ മുഖത്തും ഞാൻ കണ്ടിട്ടില്ല. ദൈവം സഹായിച്ച് ഇന്നെല്ലാം ഉണ്ടെനിക്ക്. എന്നാലും മഴക്കാലത്തു TV കാണുമ്പോൾ പഴയതൊക്കെ അറിയാതെ ഓർമ വരും. അതെ.... എന്‍റെ ഓർമയിലെ മഴയ്ക്കെന്നും ആറു വയസ്സാണ് പ്രായം.

Follow Us:
Download App:
  • android
  • ios