ആ മഴ ഇനിയും തോര്‍ന്നിട്ടില്ല സതീഷ് ആറ്റൂര്‍ എഴുതുന്നു
ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.
മുംബൈ നഗരത്തിലെ മഴ കാഴ്ചകള്‍ പലപ്പോഴും മഴയോടുള്ള ഇഷ്ടം തന്നെ മനസ്സില്‍ നിന്ന് പോകും വിധത്തിലാണ്. മഴ ശക്തിയായാല്‍ അഴുക്കു ചാലുകളിലെ മുഴുവന്‍ വൃത്തികേടുകളും റോഡിലെത്തും. ഗതാഗതം താറുമാറാകും, പ്രത്യേകിച്ച് സാധാരണക്കാരായ ജോലിക്കാരുടെ ആശ്രയമായ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ്. വഴിമദ്ധ്യേ കുടുങ്ങിപോകുന്ന യാത്രക്കാരില്‍ ഒരാളായി ഞാനും മാറിയിട്ടുണ്ട് പലപ്പോഴും.
അക്കാലത്തൊരു മഴക്കാലം. താമസം അന്ന് നവിമുംബൈയിലെ ബേലാപ്പൂര്‍ എന്ന സ്ഥലത്തായിരുന്നു. പതിവ് പോലെ രാത്രി തൊട്ട് തോരാതെ മഴ പെയ്തുകൊണ്ടിരുന്ന ഒരു ദിവസം.
എന്നത്തേയും പോലെ ദിനചര്യകളൊക്കെ കഴിച്ചിട്ട് ഓഫീസില്‍ പോകാനായി ഇറങ്ങുമ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. പത്തുമിനിറ്റ് നടക്കണം റെയില്‍വേ സ്‌റ്റേഷനിലേക്ക്. ഓഫീസ് അന്ന് ബോംബെ ഫോര്‍ട്ട് ഏരിയ. മുംബൈ സി എസ് ടി സ്റ്റേഷനിന്ന് ഒരു 10 മിനിറ്റ് നടക്കണം. ബേലാപ്പൂരില്‍ നിന്നും ഇടക്കിടക്ക് സ്റ്റാര്‍ട്ടിങ് ട്രെയിന്‍ ഉള്ളത് കൊണ്ടും പൊതുവെ ഹാര്‍ബര്‍ ലൈനില്‍ തിരക്ക് താരതമ്യേന കുറവായതിനാലും ഇരിക്കാന്‍ സീറ്റ് കിട്ടി. ട്രെയിന്‍ പോകുമ്പോള്‍ ചില സ്ഥലത്തൊക്കെ പാളത്തില്‍ നിന്നും വെള്ളം ചീറ്റിത്തെറിക്കുന്ന കാഴ്ച്ച കാണാമായിരുന്നു. ഏകദേശം ഒരുമണിക്കൂറിന് മേലെ യാത്ര കഴിഞ്ഞു സി എസ് ടി സ്‌റ്റേഷനില്‍ വണ്ടിയിറങ്ങുമ്പോഴും നല്ല മഴയുണ്ടായിരുന്നു.
പൊതുവെ മഴയത്ത് റോഡിലൂടെയുള്ള യാത്ര മനം മടുപ്പിക്കുന്നതാണ്. ഓടയിലെ വെള്ളം റോഡിലേക്കൊഴുകാന്‍ തുടങ്ങും. ഫുട്പാത്തൊക്കെ ഉണ്ടെങ്കില്‍ പോലും പല ഭാഗങ്ങളിലും അതൊക്കെ പൊട്ടിയിട്ടുണ്ടാകും. ഒരുവിധം നടന്ന് ഓഫീസിലെത്തി. കൂടെ ജോലി ചെയ്യുന്ന ഒരാള്‍ മാത്രമേ എത്തിയിട്ടുള്ളു. അന്ന് ഡെപോസിറ്റ് ചെയ്യേണ്ട ചെക്കുകളെല്ലാം സ്ലിപ് എഴുതി അടുത്തുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് പോയി. ബാങ്കിലെ ഇടപാടുകള്‍ എല്ലാം കഴിഞ്ഞു മുക്കാല്‍ മണിക്കൂറോളം കഴിഞ്ഞാണ് പുറത്തേക്കിറങ്ങിയത്. നോക്കുമ്പോള്‍ ഏകദേശം മുട്ടിനൊപ്പം വെള്ളമുണ്ട് റോഡിലൊക്കെ.
ഒരുവിധം പാന്റൊക്കെ ചുരുട്ടിക്കയറ്റി തപ്പി തടഞ്ഞു നടന്ന് ഓഫീസിലെത്തുമ്പോഴും വേറാരും എത്തിയിട്ടില്ല. മെല്ലെ മെല്ലെ ഓരോരുത്തരും വിളിച്ചു തുടങ്ങി. പാതി വഴിയില്‍ പെട്ട് പോയെന്നും ട്രെയിന്‍ എല്ലാം സര്‍വീസ് നിര്‍ത്തി എന്നും. അങ്ങനെ ഞങ്ങള്‍ രണ്ടു പേര് മാത്രം ഓഫീസില്‍. ഉച്ചയോടു കൂടി ബസ് സര്‍വീസ് കൂടി നിലച്ചു. ജോലി സമയം കഴിഞ്ഞിട്ടും തിരിച്ചു പോകാന്‍ കഴിയാതെ അന്ന് രാത്രി ഞങ്ങള്‍ ഓഫീസില്‍ തന്നെ ഉറങ്ങി. സ്ത്രീകളടക്കമുള്ള പലരും പാതി വഴിയില്‍ പല പല സ്റ്റേഷനുകളില്‍ തങ്ങേണ്ടി വന്നു. പിറ്റേ ദിവസം ഓഫീസിന് അവധി കൊടുത്തു.
