ഒരു മലയുടെ മാത്രം അകലമാണ് കേരളവും തമിഴ്നാടും തമ്മിൽ. പക്ഷെ  ഒരിക്കലും മലയാളിക്ക് മനസ്സിലാകാത്ത രാഷ്ട്ട്രീയ ഭൂമികയാണ് തമിഴകം. ഭാഷയും സാഹിത്യവും അഭിനയവും അഴിതിയും ഏകാധിപത്യവും സ്വജനപക്ഷപാദവും കയ്യൂക്കും കുറേ സൗജന്യങ്ങളും ഒക്കെ കൂടിക്കുഴയുന്ന അതിവൈകാരികതയാണ് മലയാളിയുടെ കണ്ണിൽ തമിഴ് രാഷ്ട്രിയം.അരുണ്‍ അശോകന്‍ എഴുതുന്നു.

സ്ക്രീനിൽ ആരെയും അദ്ഭുതപ്പെടുത്തുന്ന ആക്ഷനും സ്റ്റൈലും  നൃത്തവും. രജനീകാന്തിന്റെ സ്റ്റൈലും ആക്ഷനും ഓവറല്ല, റൊന്പ ഓവറാണ്. പക്ഷെ ഈ അമിതാഭിനയം ജനങ്ങൾക്ക് ഇഷ്ടമാണ്. തമിഴന് മാത്രമല്ല, മലയാളിക്കും തെലുങ്കനും ഹിന്ദിക്കാരനും ജാപ്പനീസുകാർക്കും സാക്ഷാൽ ഹോളിവുഡ് സിനിമ കാണുന്ന സായിപ്പൻമാർക്ക് വരെ ഇഷ്ടം. രജനീകാന്ത് രാഷ്ട്രീത്തിലേക്കെന്നുള്ള വാർത്ത കൊടുത്തവരിൽ ഇന്ത്യൻ മാധ്യമങ്ങൾ മാത്രമല്ല, ബിബിസിയും, റോയിട്ടേഴ്സും വാഷിംഗ്ടൺ പോസ്റ്റും അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങൾ വരെയുണ്ട്. ഇവിടെയാണ് കർണാടകയിലെ നാച്ചിക്കുപ്പത്തിലേക്ക് കുടിയേറിയ മറാഠി പാരന്പര്യമുള്ള കുടുംബത്തിൽ 1950 ൽ ജനിച്ച ശിവാജി റാവു ഗെയ്ക്ക്‍വാദ് എന്ന രജനീകാന്തിന്റെ വിജയം.

ഇപ്പറഞ്ഞത് മാസ് ഡയലോഗുകൾ പറയുന്ന സ്ക്രീനിലെ രജനിയെക്കുറിച്ചാണ്. പക്ഷെ ഇത് കൂടാതെ തമിഴ്നാടിനാകെ അറിയാവുന്ന മറ്റൊരു രജനീകാന്ത് കൂടിയുണ്ട്. കഷണ്ടി കയറിയ തലയിലെ പാറിപ്പറക്കുന്ന നരച്ച മുടിയുമായി, അഭിനയത്തിന്റെയും അലങ്കാരത്തിന്റെയും തരിപോലുമില്ലാത്ത,  സ്ക്രിനിന് വെളിയിലെ സാക്ഷാൽ രജനി.

സ്റ്റൈൽ മന്നനായ രജനിയുടെയും താരജാടകളില്ലാത്ത രജനിയുടെയും ഇരുമുഖങ്ങൾ ലോകത്തിന് പരിചിതമാണ്, പക്ഷെ രാഷ്ട്രീയക്കാരൻ എന്ന മൂന്നാം മുഖം, അതാണ് ഇനി ലോകത്തിന് അറിയേണ്ടത്. ആ മുഖം കാണാൻ ഒരുങ്ങിയിരിക്കാനാണ് തമിഴ്ജനതയോട് രജനീകാന്ത് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ക്രീനിലെ സ്റ്റൈൽ മന്നൻ എന്താകും ഈ ആകാംക്ഷക്കാർക്ക് വേണ്ടി കരുതിവച്ചിരിക്കുന്നത്.

ഒരു മലയുടെ മാത്രം അകലമാണ് കേരളവും തമിഴ്നാടും തമ്മിൽ. പക്ഷെ  ഒരിക്കലും മലയാളിക്ക് മനസ്സിലാകാത്ത രാഷ്ട്ട്രീയ ഭൂമികയാണ് തമിഴകം. ഭാഷയും സാഹിത്യവും അഭിനയവും അഴിതിയും ഏകാധിപത്യവും സ്വജനപക്ഷപാദവും കയ്യൂക്കും കുറേ സൗജന്യങ്ങളും ഒക്കെ കൂടിക്കുഴയുന്ന അതിവൈകാരികതയാണ് മലയാളിയുടെ കണ്ണിൽ തമിഴ് രാഷ്ട്രിയം.

മലയാളിക്കെന്നല്ല, മഹാഭാരത്തിലെ മറ്റൊരു ദേശത്തിനും അത്ര പെട്ടെന്ന്  തമിഴന്റെ രാഷ്ട്രീയം  മനസ്സിലായെന്ന് വരില്ല.പക്ഷെ അതിതീവ്രമായ ഈ സ്വത്വബോധത്തിന് നൂറ്റാണ്ടിന്റെ അല്ല, ആയിരം ആണ്ട് പിന്നിടുന്ന ചരിത്രമുണ്ട്.  അതിന്റെ ആധുനിക മുഖത്തിന് രൂപം നൽകിയത് ഇവിആറിൽ തുടങ്ങി അണ്ണാദുരൈയും കരുണാനിധിയും എംജിആറും ജയലളിത വരെ നീളുന്ന നിരയാണ്. ഇവിടേക്കാണ് അതേ ദ്രാവിഡ സ്വത്വത്തിന്റെ പിൻബലം പറ്റാൻ രജിയും എത്തുന്നത്.  പക്ഷെ രജനി പയറ്റാനുദ്ദേശിക്കുന്നത് ഏത് തരം സ്വത്വമാണെന്നത് കണ്ട് തന്നെയറിയണം.

തമിഴ്നാട്ടിൽ അല്ല ജനിച്ചതെങ്കിലും ഇന്ന് തമിഴ് സ്വത്വത്തിന്റെ ലോക ഐക്കൺ ആണ് രജനി. തമിഴ് നിലയിടത്തിൽ ഐക്കണുകളായി ഉയർന്നുവന്ന വലിയ നേതാക്കൾക്കൊക്കെ ഒരു മറുനാടൻ ബന്ധമുണ്ടെന്നത് തമിഴ് രാഷ്ട്രീയ ചരിത്രത്തിലെ തമാശ. എംജിആറിനുള്ളത് മലയാളി ബന്ധം, കരുണാനിധിയുടെ വേരുകൾ (അദ്ദേഹം പരസ്യമായി സമ്മതിച്ചില്ലെങ്കിലും) തെലുങ്കാണ്, തമിഴ് അയ്യങ്കാർ കുടുംബത്തിലാണെങ്കിലും ജയലളിത പിറന്നത് മൈസൂരിൽ. ഈ ചരിത്രം തമിഴ് ജനതയുടെ വലിയ മനസ്സിന്റെ പ്രതീകം കൂടിയാണ്. എവിടെ പിറന്ന, ഏത് പാരന്പര്യം ഉൾക്കൊള്ളുന്ന ആളായാലും ഉടൽ മണ്ണുക്ക് ഉയി‍ർ തമിഴുക്ക് എന്ന് ആത്മാർത്ഥമായി പറയുന്നവരെ തമിഴ് ജനത അംഗീകരിക്കും. മലയാളിക്ക് അത്തരത്തിൽ ആളുകളെ അംഗീകരിക്കാൻ കഴിയുമോ എന്നാലോചിച്ചാൽ തമിഴന്റെ വലിയ മനസ്സിന് മുന്നിൽ ചൂളിപ്പോവുകയേ ഉള്ളൂ.

സിനിമാക്കാർക്ക് പിന്നാലെ അന്ധമായി പോകുന്ന ഒരു ജനതയെന്നാകും അപ്പോൾ അതിന് മലയാളി മറുപടി നൽകുക. പക്ഷെ കേരളത്തിന്റെ ആദ്യകാല രാഷ്ട്രീയത്തിൽ നാടകത്തിന് എത്ര വലിയ സ്ഥാനമാണോ ഉള്ളത്, അത്രമേൽ വലിയ സ്ഥാനമാണ് തമിഴിൽ സിനിമയ്ക്കുള്ളതെന്ന സത്യം തിരിച്ചറിഞ്ഞാൽ പോകാവുന്നതേയുള്ളു മലയാളിയുടെ ഈ പുച്ഛം. തമിഴന്റെ ദ്രാവിഡ സ്വത്വം ഊട്ടി ഉറപ്പിക്കാൻ ആദ്യകാല നേതാക്കൾ തിരഞ്ഞെടുത്തത് സിനിമയെന്ന മാധ്യമത്തെയാണ്. അതിൽ അവർ നല്ല പോലെ വിജയിക്കുകയും ചെയ്തു.

ആ പാരന്പര്യം പിൻപറ്റിയാണ് അണ്ണാ ദുരൈയും എംജിആറും കരുണാനിധിയും ജയലളിതയുമൊക്കെ വലിയ നേതാക്കളായത്.  അതേ ഇടത്തിലേക്കാണ് രജനിയും കാലെടുത്ത് വയ്ക്കാൻ ശ്രമിക്കുന്നത്. രജനിക്കായി ഒരിടം ഒഴിഞ്ഞുകിടക്കുന്നുമുണ്ട്. പക്ഷെ ജനപിന്തുണയുള്ള സിനിമാതാരം എന്ന ലേബലുണ്ടെങ്കിലും നേരത്തെ പറഞ്ഞ നേതാക്കളെപ്പോലെ രാഷ്ട്രീയത്തിൽ ശോഭിക്കാനുള്ള കരുത്ത് രജനിക്കുണ്ടോയെന്ന് സംശയിക്കുന്നവർ ഏറെയാണ്. രജനിയുടെ സ്ക്രീനിലെ താരശോഭ , സ്ക്രീനിന് പുറത്തില്ലെന്നത് തന്നെയാണ് ഇവരെ സംശയാലുക്കളാക്കുന്നത്.

രജനിയുടെ എളിമ വലിയ മെച്ചമാകുമെന്ന് പലരും പ്രതീക്ഷിക്കുന്പോഴും തീരുമാനങ്ങളിലെ സ്ഥിരതയില്ലായ്മ തിരിച്ചടിയാകുമെന്ന് കരുതുന്നവരുണ്ട്. രാഷ്ട്രീയത്തിലേക്കിറങ്ങാൻ രണ്ട് പതിറ്റാണ്ട് വേണ്ടിവന്നത് തന്നെ അതിന്റെ തെളിവായി ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. 

എന്നാൽ രാഷ്ട്രീയ പ്രവേശന പ്രസംഗത്തിൽ രജനി ഇതിന് മറുപടി നൽകിയിട്ടുണ്ട്. താൻ അധികാരം ആഗ്രഹിച്ചല്ല രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്, തമിഴ് രാഷ്ട്രീയത്തിന്റെ ജീർണാവസ്ഥയാണ് തന്നെ അതിന് നിർബന്ധിതനാക്കിയതെന്നാണ് രജനിയുടെ വാദം.

വലിയ ആരാധകവൃന്ദവുമായി പടയ്ക്കിറങ്ങിയിരിക്കുന്ന സ്റ്റൈൽ മന്നൻ എന്ത് അദ്ഭുതം കാട്ടുമെന്ന് കണ്ടറിയാം.കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് കണ്ടക്ടറിൽ നിന്ന് ലോകമറിയുന്ന താരമായുള്ള രജനിയുടെ വളർച്ച ലോകം കണ്ടതാണ്.  രാഷ്ട്രീയത്തിൽ രജനി വലിയ അദ്ഭുതങ്ങൾ കാട്ടിയാലും ലോകം ഞെട്ടില്ല. കാത്തിരുന്ന് തന്നെ കാണാം.