നാട്ടിലായിരുന്നപ്പോള്‍ കളിക്കോപ്പുകളെല്ലാം പങ്കു വച്ചിരുന്ന അവള്‍ക്ക്, ഇപ്പോള്‍ അവളുടെ സാധനങ്ങള്‍ മറ്റു കുട്ടികള്‍ എടുക്കുമ്പോള്‍ ദേഷ്യം വരുന്നു. അവള്‍ അവരോടു ദേഷ്യപ്പെട്ട് ഉച്ചത്തില്‍ സംസാരിക്കുന്നു. ഞാന്‍ മോളോട് ദേഷ്യപ്പെടുമ്പോള്‍ 'പോടീ പെണ്ണേ' എന്നോ 'പോടീ അവിടുന്ന്' എന്നോ ഒക്കെ പറയാറുണ്ട്.. ആ വാക്കുകളാണ് അവളും ദേഷ്യപ്പെടുമ്പോള്‍ തെരഞ്ഞെടുക്കുന്നതെന്നു വ്യസനത്തോടെ ഞാന്‍ മനസ്സിലാക്കി. അന്ന് മുതലാണ് ഞാന്‍ അവളെ കൂടുതല്‍ നിരീക്ഷിച്ചു തുടങ്ങിയത്.

കുട്ടികളെക്കാള്‍ നിരീക്ഷണപാടവമുള്ള വേറെ ആരുണ്ട്? അവരുടെ രീതികളെ ഒന്നു നന്നായി ശ്രദ്ധിച്ചു നോക്കൂ. എല്ലാം നമ്മളില്‍ നിന്നാണ് അവര്‍ നേടിയെടുക്കുന്നത്. നമ്മള്‍ നല്‍കുന്നതെന്തോ അതാണ് അവരുടെ അടിസ്ഥാനപരമായ സ്വഭാവവും സംസ്‌ക്കാരവുമായി മാറുന്നത്. നമ്മള്‍ ചെയ്യുന്ന ഓരോ കാര്യവും അവര്‍ സസൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ട്. നമ്മള്‍ ഉച്ചരിക്കുന്ന ഓരോ വാക്കുകളും അവര്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നുണ്ട്. നമ്മുടെ മുഖത്ത് മിന്നിമറയുന്ന ഓരോ ഭാവഭേദങ്ങളും അവര്‍ മനസ്സിലാക്കുന്നുണ്ട്. 

രണ്ടര വയസ്സുകാരിയുടെ അമ്മയാണ് ഞാന്‍. ഖത്തറിലെ ആറു മാസത്തെ പ്രവാസ ജീവിതത്തിലാണ് അവളെ ഞാന്‍ ഇത്രയും സൂക്ഷ്മമായി മനസ്സിലാക്കുന്നത്. അതുവരെ അവള്‍ എന്നില്‍ മാത്രം ഒതുങ്ങുന്ന കുട്ടിയായിരുന്നില്ല. അച്ഛച്ചനും അമ്മായിയും വല്യമ്മയും ഏട്ടന്മാരുമുള്ള ഒരു കൂട്ടുകുടുംബത്തിലെ രാജകുമാരിയായി കഴിയുകയായിരുന്നു. കണ്ടും കേട്ടും കൊണ്ടും കൊടുത്തുമൊക്കെ പലതും സ്വായത്തമാക്കി വന്നിരുന്നു. പ്രായമായവരെ അച്ഛച്ചനെന്നോ അമ്മമ്മയെന്നോ കുറച്ചു കൂടി പ്രായം കുറഞ്ഞവരെ മാമനെന്നോ അമ്മായിയെന്നോ അതിലും താഴ്ന്നവരെ ഏട്ടനെന്നോ ചേച്ചിയെന്നോ ഒക്കെ വിളിക്കാന്‍ അവള്‍ പഠിച്ചു. ആരെങ്കിലും കരയുന്നത് കണ്ടാല്‍ സാരമില്ലെന്ന് അവളുടെ ഭാഷയില്‍ പറയാനും കണ്ണ് തുടച്ചു കൊടുക്കാനും ഒരു ഉമ്മയിലൂടെ അവരെ സാന്ത്വനിപ്പിക്കാനുമൊക്കെ അവള്‍ പഠിച്ചു. ഇതൊന്നും ഞാനെന്ന അമ്മ പഠിപ്പിച്ചതല്ല. എല്ലാവരില്‍നിന്നും അവള്‍ ഉള്‍ക്കൊണ്ട കുറച്ചു നല്ല ശീലങ്ങളാണ്. ഇങ്ങനെയൊക്കെ മോള് വളര്‍ന്നോണ്ടിരിക്കുമ്പോഴാണ് ഞങ്ങള്‍ ഇങ്ങോട്ട് വരുന്നത്. 

ഇവിടെ എത്തിയത് മുതലാണ് അവളുടെ ലോകം അച്ഛനിലും അമ്മയിലും മാത്രമായി ചുരുങ്ങിയത്. കൂടുതല്‍ സമയവും ഞാനും മോളും മാത്രം. വീട്ടിലെ ജോലികളും മറ്റുമായി ഞാന്‍ തിരക്കിലാവുന്ന സമയം അവള്‍ക്ക് കാര്‍ട്ടൂണ്‍ വച്ചു കൊടുത്തു തുടങ്ങി. നാട്ടില്‍ നിന്നും ഒന്നോ രണ്ടോ പാട്ടുകള്‍ മാത്രം കാണുമായിരുന്ന അവള്‍ പതിയെ പതിയെ ഒരു വിധം എല്ലാ കാര്‍ട്ടൂണുകളുടെയും കാഴ്ചക്കാരിയായി. ഒരു മുറിക്കുള്ളില്‍ ഒതുങ്ങാവുന്ന മറ്റൊരു എന്റര്‍ടൈന്‍മെന്റ് കണ്ടെത്തുന്നതില്‍ ഞാനും പരിചിതയായി. ഊഞ്ഞാലും വണ്ടി ഉരുട്ടലുമൊക്കെ കാര്‍ട്ടൂണ്‍ കാണുന്നതിന്റെ കൂടെ മാത്രം അവള്‍ ചെയ്തു. 

അവള്‍ എന്നെയാണ് ഒട്ടു മിക്ക കാര്യങ്ങളിലും അനുകരിക്കുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ഈയിടക്ക് ഒന്ന് രണ്ടു കുടുംബങ്ങള്‍ ഞങ്ങളുടെ റൂമിലേക്ക് വന്നപ്പോഴാണ് ഞാന്‍ അവളുടെ പ്രകടമായ മാറ്റങ്ങള്‍ തിരിച്ചറിയുന്നത്. നാട്ടിലായിരുന്നപ്പോള്‍ കളിക്കോപ്പുകളെല്ലാം പങ്കു വച്ചിരുന്ന അവള്‍ക്ക്, ഇപ്പോള്‍ അവളുടെ സാധനങ്ങള്‍ മറ്റു കുട്ടികള്‍ എടുക്കുമ്പോള്‍ ദേഷ്യം വരുന്നു. അവള്‍ അവരോടു ദേഷ്യപ്പെട്ട് ഉച്ചത്തില്‍ സംസാരിക്കുന്നു. ഞാന്‍ മോളോട് ദേഷ്യപ്പെടുമ്പോള്‍ 'പോടീ പെണ്ണേ' എന്നോ 'പോടീ അവിടുന്ന്' എന്നോ ഒക്കെ പറയാറുണ്ട്.. ആ വാക്കുകളാണ് അവളും ദേഷ്യപ്പെടുമ്പോള്‍ തെരഞ്ഞെടുക്കുന്നതെന്നു വ്യസനത്തോടെ ഞാന്‍ മനസ്സിലാക്കി. അന്ന് മുതലാണ് ഞാന്‍ അവളെ കൂടുതല്‍ നിരീക്ഷിച്ചു തുടങ്ങിയത്. കൂടുതല്‍ സമയവും എന്നെ മാത്രം കാണുന്നത് കൊണ്ട് അവള്‍ എന്നെയാണ് ഒട്ടു മിക്ക കാര്യങ്ങളിലും അനുകരിക്കുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇടുപ്പില്‍ കൈ കുത്തി നിന്നു പല്ല് തേക്കുക, ഞാന്‍ മുടി ചീവി ചീപ്പ് വച്ചിട്ട് പോയാല്‍ ഞാന്‍ നിന്ന അതെ സ്‌റ്റൈലില്‍ നിന്നു മുടി ചീകുക തുടങ്ങി നല്ലതും ചീത്തയുമായ എന്റെ പല ആക്ഷന്‍സും അവള്‍ അതേപടി ചെയ്യുന്നു. 

മറ്റൊരു കാര്യം ശ്രദ്ധിച്ചത്. സംസാരശൈലിയില്‍ വന്ന മാറ്റമാണ്. നാട്ടിലാവുമ്പോള്‍ നന്നായിട്ടു സംസാരിക്കാന്‍ ആയിരുന്നില്ലെങ്കിലും 'വരൂ' 'പോകൂ' എന്നൊക്കെയാണ് അവള്‍ പറഞ്ഞിരുന്നത്. പല പ്രായക്കാര്‍ ഒന്നിച്ചു താമസിക്കുന്നത് കൊണ്ട് പ്രായത്തെ ബഹുമാനിച്ചുകൊണ്ടുള്ള സംബോധനകള്‍ ധാരാളമായി കേട്ടിരുന്നതിന്റെ ഭാഗമായിട്ടായിരുന്നു അത്. ഇപ്പോള്‍ ഞങ്ങള്‍ മാത്രമുള്ള സംഭാഷണമാണല്ലോ. ഞാന്‍ അവളോട് 'വാ' 'പോ' എന്നൊക്കെ പറയുന്നത് മാത്രമാണ് അവള്‍ കേള്‍ക്കുന്നത്... അങ്ങനെ അവളും 'അമ്മ വാ' 'അമ്മ പോ' എന്ന് പറയാന്‍ തുടങ്ങി. 'അമ്മ വരൂ' എന്ന് പറയുന്ന ഒരു സുഖം അതിനു കിട്ടുന്നില്ലെന്നതാണ് സത്യം. ഞങ്ങളുടെ നാട്ടിലെ ശൈലിക്കനുസരിച്ചാണ് ഞാന്‍ ഇങ്ങനെ പറയുന്നത്. എല്ലാ നാട്ടിലും ഇങ്ങനെയുണ്ടോ എന്ന് എനിക്കറിയില്ല. 

ഏതായാലും നിറഞ്ഞ കുടുംബത്തിലേക്ക് തന്നെ മടങ്ങി പോവാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍. ചട്ടീം കലോം ആയാല്‍ തട്ടീം മുട്ടീം ഒക്കെ ഇരിക്കും. അങ്ങനെ തട്ടിയും മുട്ടിയും ഒക്കെ പൊട്ടാതെ നല്ല വ്യക്തിത്വത്തിനും സംസ്‌കാരത്തിനുമൊക്കെ ഉടമയായി അവള്‍ വളരട്ടെ. താങ്ങായി തണലായി സ്വയം തിരുത്തികൊണ്ട് ഞാനും ആ കുഞ്ഞിക്കാലുകള്‍ക്ക് ഒപ്പം നടക്കും. 

പറഞ്ഞ് വന്നത് ഇത് മാത്രമാണ്. എല്ലാവര്‍ക്കും കൂട്ടുകുടുംബമായി താമസിക്കാന്‍ കഴിയില്ല. എന്നാല്‍ അണുകുടുംബത്തിലെ മാതാപിതാക്കള്‍ക്ക് കൂട്ടുകുടുംബത്തിലെ മാതാപിതാക്കളെക്കാള്‍ ഒട്ടേറെ ഉത്തരവാദിത്തങ്ങളും കടമകളും അതിലേറെ കടമ്പകളും കൂടുതലുണ്ട്. ഒരു വലിയ കുടുംബത്തില്‍ ഇതെല്ലാം പങ്കു വച്ചു പോകുമ്പോള്‍ അണുകുടുംബത്തില്‍ പങ്കു വക്കാന്‍ ആരുമില്ല. അതുകൊണ്ട്, എന്തു ചെയ്യുമ്പോഴും ഓര്‍ത്തുകൊള്ളുക രണ്ടു കുഞ്ഞിക്കണ്ണുകള്‍ നിങ്ങളെ തന്നെ, നിങ്ങളെ മാത്രം വീക്ഷിക്കുന്നുണ്ട്. അതിനനുസരിച്ചു സ്വയം മിനുക്കിയെടുക്കുക. നമ്മുടെ കുഞ്ഞുങ്ങള്‍ നല്ലവരായി വളരട്ടെ.