രഞ്ജിനി ഹരിദാസ് ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ പറഞ്ഞ ശ്രദ്ധേയമായ വാചകം ഓര്‍മ്മയുണ്ടോ? 'ഞാന്‍ തന്നെയാണ് സാബു മോന്‍' എന്നായിരുന്നു, ബിഗ് ബോസ് വീട്ടുകാരെക്കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങള്‍ക്കിടെ അവര്‍ പറഞ്ഞത്. കേള്‍വിക്കാരില്‍ അത് ചെറിയൊരു അത്ഭുതമുണ്ടാക്കി. കാരണം രഞ്ജിനിയെ ഫേസ്ബുക്കിലൂടെ സാബു ആക്ഷേപിച്ചതും രഞ്ജിനി അതിനു മാപ്പു പറയണമെന്നും ആവശ്യപ്പെട്ടതുമൊക്കെ ഇത്തിരി മുമ്പാണ്. അതിനു ശേഷം ബിഗ് ബോസില്‍ ആദ്യം കാണുമ്പോഴും ഇവര്‍ സംസാരിച്ചത് ഇതേ വിഷയമാണ്. അന്നും രഞ്ജിനി സാബുവിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മെല്ലെ മെല്ലെ ഇവര്‍ക്കിടയില്‍ ഒരു കെമിസ്ട്രി ഉണ്ടായി. അതിന്റെ പ്രതിഫലനമായിരുന്നു 'ഞാന്‍ തന്നെയാണ് സാബു' എന്ന രഞ്ജിനിയുടെ വാചകം. 

ജലാലുദ്ദീന്‍ റൂമിയുടെ വരികളെ ഓര്‍മ്മിപ്പിക്കുന്ന ആ അഭിപ്രായത്തിന് പിന്നിലെന്താണ്? എങ്ങനെയാണ്, തന്നെ ആക്ഷേപിച്ചതിന് മാപ്പു പറയണമെന്ന് ആവര്‍ത്തിച്ച ഒരാളുമായി രഞ്ജിനിക്ക് ഇത്ര ആഴത്തില്‍ ഒരു ആത്മബന്ധം സാദ്ധ്യമായത്? സാബുവും രഞ്ജിനിയും തമ്മിലെന്താണ്? ഈ ചോദ്യങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചാണ് രഞ്ജിനിയോട് സംസാരിച്ചു തുടങ്ങിയത്. 

രഞ്ജിനി സംസാരിക്കുന്നു, സാബുവിനെക്കുറിച്ചും ബിഗ് ബോസിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും  വിവാഹത്തെക്കുറിച്ചുമൊക്കെ. 

സാബുവുമായുള്ള ആ ബന്ധം എന്നെ കംഫര്‍ട്ട് ചെയ്തു
'ഞാന്‍ തന്നെയാണ് സാബു എന്ന് ഞാന്‍ പറഞ്ഞത് അതിശയോക്തിയല്ല. സാബുവിനെ അടുത്തറിഞ്ഞപ്പോള്‍ അങ്ങനെ തോന്നി. ബിഗ് ബോസിന് പുറത്തുള്ള സാബുവിനെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്ന പോലെ എനിക്കും അറിയാം. എന്നെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ലാത്ത സാബുവാണ് അത്. എന്നാല്‍ ബിഗ് ബോസിനകത്തെ സാബുമോന്‍ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. എല്ലാവരുമായും സാബുവിന് ബന്ധമുണ്ട്. സാബു എല്ലാവരുടെയും കംഫര്‍ട്ട് സോണ്‍ ആണ്. എല്ലാവരെയും നന്നായി കെയര്‍ ചെയ്യും, മറ്റുള്ളവരുടെ ഇമോഷനുകള്‍ക്ക് വില നല്‍കും എന്നതൊക്കയാവാം കാരണം. 

എല്ലാ കാര്യങ്ങളിലും ക്ലാരിറ്റിയുള്ള വ്യക്തിയാണ് സാബു.  അങ്ങനെയുള്ളവര്‍ കുറവാണ്. തെറ്റായാലും ശരിയായാലും എന്തിലും സാബുവിന് കൃത്യമായ അഭിപ്രായവും നിലപാടുമുണ്ട്. വെറുതെ ആരെയും ഹര്‍ട്ട് ചെയ്യില്ല. എന്നാല്‍ ചിലപ്പോള്‍ ഇതേ സാബു അവിടെ ചിലരെ ചൊറിയുന്നതും കാണാം. അതിനും സാബുവിന്  സാബുവിന്‍റതായ കാരണങ്ങളുണ്ട്. 

ഞാനും ഇങ്ങനൊക്കെ തന്നെയാണ് എന്നെനിക്ക് തോന്നുന്നു. വെറുതെ ആരെയും ഞാന്‍ അങ്ങോട്ട് കയറി ചൊറിയില്ല. അങ്ങോട്ട് പോയി സംസാരിക്കില്ല. എന്നാല്‍ ഇങ്ങോട്ട് വന്നു കഴിഞ്ഞാല്‍ വെറുതെ വിടുകയുമില്ല. 

പൊതുവെ മനുഷ്യര്‍ക്ക് അറിയാവുന്ന രഞ്ജിനി, എന്തെങ്കിലും പ്രശ്‌നമുണ്ടാവുമ്പോള്‍ അതില്‍ പ്രതികരിക്കുന്ന രഞ്ജിനി ആണ്. നിങ്ങള്‍ എന്നോട് ചോദിക്കുന്നതിനു പലതും പറഞ്ഞു പ്രതികരിക്കുന്ന രഞ്ജിനിയാണ്. രഞ്ജിനി എല്ലായ്‌പ്പോഴും അങ്ങനെയല്ല. 

എന്റെ രണ്ടാം വരവില്‍ ഞാന്‍ വളരെ ശാന്തയായിരുന്നുവെന്നും സാബുവിന്റെ കൂടെയായിരുന്നുവെന്നും നിങ്ങള്‍ക്ക് തോന്നുന്നതിന്റെ കാരണം അങ്ങനൊരു രഞ്ജിനിയും എന്റെ ഉള്ളില്‍ ഉണ്ട് എന്നതാണ്. ഞാന്‍ എപ്പോഴും വഴക്കാളിയല്ല. സാബുവുമായുള്ള ആ ബന്ധം എന്നെ കംഫര്‍ട്ട് ചെയ്തു എന്നത് തന്നെയാണ് സത്യം. ഞാന്‍ ശാന്തയായി മാറിയിട്ടുണ്ടാവാം. എനിക്ക് വന്ന ആ മാറ്റം എനിക്ക് തന്നെ അറിയുന്നുണ്ടായിരുന്നു. കളിയില്‍ ജയിക്കാന്‍ ഞാന്‍ മന:പൂര്‍വം അങ്ങനെ ആയതൊന്നുമല്ല. അതൊരു സ്വാഭാവികമായ മാറ്റമാണ്. 

സാബു എല്ലാവരുടെയും കംഫര്‍ട്ട് സോണ്‍ ആണ്. എല്ലാവരെയും നന്നായി കെയര്‍ ചെയ്യും,

സാബു തരികിട ആയാല്‍ ഞാന്‍ കച്ചറ രഞ്ജിനിയാവും
ഒരു വീട്ടില്‍ യാതൊരു ബാഹ്യ ബന്ധങ്ങളുമില്ലാതെ, കുറേ അപരിചിതരുടെ കൂടെ പൂട്ടിയിടുമ്പോള്‍ നമുക്കുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ സങ്കല്‍പിക്കുന്നതിലും അപ്പുറമാണ്. എത്ര കാമറ ഉണ്ടെന്നറിഞ്ഞിട്ടും കാര്യമില്ല , ഒരു പരിധിയില്‍ കൂടുതല്‍ അഭിനയിക്കാന്‍ കഴിയില്ല. ആദ്യത്തെ മൂന്നാഴ്ചയൊക്കെ മനുഷ്യര്‍ കോണ്‍ഷ്യസ് ആയിരുന്നിരിക്കാം, അഭിനയിച്ചിട്ടുണ്ടാവാം. എന്നാല്‍ അതിനു ശേഷം ഓരോരുത്തരും കാണിക്കുന്നതാണ് അവരുടെ യഥാര്‍ത്ഥ സ്വഭാവം. കുറച്ചു ദിവസം കഴിയുമ്പോള്‍ മനുഷ്യര്‍ക്ക് പലവിധ ഇമോഷനുകള്‍ ഉണ്ടാകും. ഒരേ വേവ് ലെങ്ത് ഉള്ളവരുമായി ബന്ധമുണ്ടാകും. ആദ്യം ഞാനും ശ്വേതയുമായി ഒരടുപ്പമുണ്ടായി. പിന്നീട് ഞാനും ശ്വേതയും സാബുവും തമ്മിലായി അടുപ്പം. ശ്വേതാ പോയതോടെ സ്വാഭാവികമായും ഞാനും സാബുവും കൂടുതല്‍ കൂട്ടായി. 

എല്ലാ മനുഷ്യര്‍ക്കും വാല്യൂ നല്‍കുന്ന ഒരു വ്യക്തിയാണ് സാബു. വളരെ നല്ലൊരു ബന്ധം സാബുവുമായി ഉണ്ടായി. സാബു ഇതേപോലെ തുടര്‍ന്നാല്‍ ആ ബന്ധവും തുടരും. നമുക്ക് കേട്ടുകേള്‍വിയുള്ള തരികിട സാബുവായി അദ്ദേഹം മാറിയാല്‍ ഞാനും കച്ചറ രഞ്ജിനിയാവും. അത്രയേയുള്ളൂ. വീടിനു പുറത്തെ സാബുവിനെ ഞാന്‍ മെയില്‍ ഷോവനിസ്റ്റ് പിഗ് എന്ന് തന്നെ വിളിച്ചിട്ടുണ്ട്. എന്നാല്‍ ബിഗ് ബോസിനകത്തെ സാബു ഫെമിനിസ്റ്റ് ആണെന്ന് പറയാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വരുന്നില്ല. 

സാബുവിന്റെ  മറ്റൊരു പ്ലസ് പോയിന്റ് ടാസ്‌ക്കുകള്‍ ചെയ്യുന്നതിലുള്ള സ്‌കില്‍ ആണ്. ആദ്യ ടാസ്‌ക്ക് ഒഴികെ ബാക്കി എല്ലാത്തിലും സാബു നല്ല എഫര്‍ട്ട് എടുത്തു തന്നെ ചെയ്തിട്ടുണ്ട്. 

ബിഗ് ബോസിനകത്തെ സാബു ഫെമിനിസ്റ്റ് ആണെന്ന് പറയാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വരുന്നില്ല. 

അതാണ് ശരിക്കുമുള്ള ഞാന്‍
ഞാന്‍ ഇപ്പോഴും എപ്പിസോഡുകളൊന്നും മുഴുവന്‍ കണ്ടിട്ടില്ല. ചിലതൊക്കെ കണ്ടു എന്ന് മാത്രം. എന്നാല്‍ കാണാതെ തന്നെ എനിക്ക് പറയാന്‍ കഴിയും ഞാനവിടെ എന്തായിരുന്നു, അത് തന്നെയാണ് ഞാന്‍. നിങ്ങള്‍ അത് മുഴുവന്‍ കണ്ടാലും ശരി, കുറച്ചു കണ്ടാലും ശരി, എനിക്ക് സ്‌ക്രീന്‍ സ്പെയ്സ് കിട്ടിയാലും ശരി, ഇല്ലെങ്കിലും ശരി, അത് തന്നെയാണ് ഞാന്‍. 

ഇതൊരു ഗെയിം ആണെന്ന പൂര്‍ണ ബോധ്യം എല്ലാ സമയത്തും ഉണ്ടായിരുന്നു. അതിനാല്‍ എലിമിനേഷനൊന്നും എന്നെ അസ്വസ്ഥതപ്പെടുത്തുന്നേയില്ല. അങ്ങനെയൊക്കെയാണല്ലോ ഗെയിം. 

ഞാന്‍ ബന്ധങ്ങള്‍ക്ക് വലിയ വില നല്‍കുന്ന വ്യക്തിയാണ്. എനിക്ക് ഇമോഷനുകളൊക്കെ എക്‌സ്ട്രീം ലെവലില്‍ ആണ്. ബന്ധങ്ങളില്‍ സത്യസന്ധയാവണം എന്ന് നിര്‍ബന്ധമുള്ളതു കൊണ്ട് ഉള്ള ബന്ധങ്ങളൊക്കെ നന്നായി സൂക്ഷിക്കും. എനിക്കൊരു പ്രണയമുണ്ട്. ഞങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രണയത്തിലാണ്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം പ്രണയം പ്രണയം മാത്രമാണ്. വിവാഹം കഴിക്കാന്‍ വേണ്ടി പ്രണയിക്കാന്‍ എനിക്ക് കഴിയില്ല. അഥവാ വിവാഹം കഴിക്കാന്‍ തോന്നിയാല്‍ കഴിക്കുകയും ചെയ്യും. എന്നാല്‍ ഇതുവരെ വിവാഹം കഴിക്കാന്‍ തോന്നിയിട്ടില്ല. 

അതെ, ഞാന്‍ പ്രണയത്തിലാണ്
എന്നെ സംബന്ധിച്ചിടത്തോളം പ്രണയം വളരെ സ്വാഭാവികമാണ്. എന്നാല്‍ വിവാഹം അസ്വാഭാവികമായ ഒന്നാണ്. നാം മറ്റുള്ളവരെ ബോധ്യപ്പെടുത്താനും അവനവനെ ബോധ്യപ്പെടുത്താനുമൊക്കെ വേണ്ടിയാണു വിവാഹം കഴിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം. വിവാഹം ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യം ആണെന്ന് എനിക്കിതു വരെ തോന്നിയിട്ടില്ല. ചിലര്‍ക്ക് തോന്നുണ്ടാവാം. അവര്‍ വിവാഹം കഴിക്കാന്‍ വേണ്ടി പ്രണയിക്കുന്നുണ്ടാവാം. വിവാഹം ഒരു ഉടമ്പടിയാണ്. അതിലൊക്കെ ഒപ്പു വച്ച് കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ട് അത് വേണ്ടെന്ന് തോന്നിയാല്‍ എന്ത് ചെയ്യും. അത് ബ്രേക്ക് ചെയ്യേണ്ടേ? 

പ്രണയിക്കുന്നത് പ്രണയിക്കാന്‍ വേണ്ടി മാത്രമാണ്. കല്യാണം കഴിക്കാന്‍ വേണ്ടി പ്രണയിക്കാന്‍ എനിക്ക് പറ്റില്ല എന്ന് ചുരുക്കം. അങ്ങനെ ചെയ്യുന്നവരെ കുറിച്ച് എതിരഭിപ്രായവുമില്ല. അവരുടെ ഇഷ്ടം. 

ഞാന്‍ സമൂഹത്തെ കുറിച്ചോ സദാചാരത്തെ കുറിച്ചോ നാട്ടുകാരുടെ അഭിപ്രായത്തെ കുറിച്ചോ പൊതുബോധത്തെ കുറിച്ചോ ഒന്നും ചിന്തിക്കുന്നേയില്ല. എനിക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുന്നു. എന്റെ ശരിയാണ് എന്റെ ജീവിതം. ചിലപ്പോ അത് സമൂഹത്തിന്റെ ശരിയുമായി യോജിക്കും. ചിലപ്പോള്‍ ഇല്ലാതിരിക്കും. എന്നെയതൊന്നും അസ്വസ്ഥതപ്പെടുത്തുന്നില്ല. 

അങ്ങേയറ്റം രസിച്ചു കൊണ്ടാണ് ആളുകളെ ചൊറിയുന്നതും ദേഷ്യം പിടിപ്പിക്കുന്നതുമൊക്കെ.

അറിഞ്ഞു കൊണ്ട് ചൊറിഞ്ഞതാണ് അത് 
എനിക്ക് അറിയാവുന്ന ചില കാര്യങ്ങളിലൊക്കെ അഭിപ്രായം പറയും. ചില കാര്യങ്ങള്‍ അറിയാമെങ്കിലും അഭിപ്രായം പറയില്ല. ചില കാര്യങ്ങളില്‍ എനിക്ക് അറിയില്ലെങ്കിലും അഭിപ്രായം പറയും. ചിലപ്പോ മണ്ടത്തരമാണെന്നു അറിഞ്ഞു കൊണ്ട് ചിലതു പറയും. അതൊക്കെയാണ് ഞാന്‍. 

എനിക്ക് ആളുകളെ നന്നായി വെറുപ്പിക്കാനും സ്‌നേഹിക്കാനും അറിയാം. ബിഗ് ബോസിനകത്തു ഞാന്‍ പലരെയും ചൊറിയുമായിരുന്നു. അതൊക്കെ അറിഞ്ഞു കൊണ്ട് ചെയ്യുന്നതാണ്. അല്ലാതെ എനിക്ക് ചൊറിത്തരമുള്ളതു കൊണ്ട് അത് അറിയാതെ പുറത്തു വരുന്നതല്ല. ഞാന്‍ അങ്ങേയറ്റം രസിച്ചു കൊണ്ടാണ് ആളുകളെ ചൊറിയുന്നതും ദേഷ്യം പിടിപ്പിക്കുന്നതുമൊക്കെ. ഷിയാസിനെയൊക്കെ ഞാന്‍ അറിഞ്ഞു കൊണ്ട് അങ്ങനെ ചെയ്തിട്ടുണ്ട്. അവന്റെ ഉള്ളിലുള്ള ഷിയാസ് പുറത്തു വന്നു കാണണമെന്ന് എനിക്ക് തോന്നിയത് കൊണ്ടാണ് അങ്ങനെ ചെയ്തത്. അത് സംഭവിക്കുകയും ചെയ്തു. 

ബിഗ് ബോസ് ഷോ ഇപ്പോഴും തീരാത്തത് കൊണ്ട് ഞാന്‍ അതിനകത്തുള്ള മറ്റുള്ളവരെ കുറിച്ച് അഭിപ്രായം പറയുന്നില്ല. എന്നെ കുറിച്ചും സാബുവിനെ കുറിച്ചും എനിക്ക് പറയാം. കാരണം അതെന്റെ കാര്യമായത് കൊണ്ട്. മറ്റുള്ളവരെ കുറിച്ചൊക്കെ ഞാന്‍ 100 ദിവസം കഴിഞ്ഞിട്ട് പറയാം.