ഭാര്യ എറിട്രിയക്കാരിയാണ് 2002 ല്‍ അവര്‍ മക്കളെയുമെടുത്ത് എറിട്രിയന്‍ അതിര്‍ത്തി കടന്നു അതോടെ അദിസ്സലമിന് മക്കളെ കാണാനുള്ള സാധ്യത ഇല്ലാതായി.
യുദ്ധങ്ങളും കലാപങ്ങളുമെല്ലാം എത്രയെത്ര പേരെയാണ് പരസ്പരം അകറ്റുന്നത്. എത്ര പേര്ക്കാണ് ആരുമില്ലാതായിപ്പോകുന്നത്. അങ്ങനെ അകന്നു പോയതാണ് അദിസ്സലം ഹദിഗുവും മക്കളും. നീണ്ട പതിനാറ് വര്ഷങ്ങളാണ് അദ്ദേഹം തന്റെ മക്കളെ കാണാതെ കഴിഞ്ഞത്. അതിര്ത്തിരാജ്യങ്ങളായ എത്യോപ്യയും എറിട്രിയയും തമ്മിലുള്ള ദശകങ്ങള് നീണ്ടുനിന്ന യുദ്ധം ഇതുപോലെ നിരവധിപ്പേരെയാണ് തമ്മിലകറ്റിയത്.
എത്യോപ്യന് ജേണലിസ്റ്റാണ് അദിസ്സലം. അദ്ദേഹം മക്കളായ അസ്മേരയേയും ദനൈറ്റിനേയും പതിനാറ് വര്ഷങ്ങള്ക്ക് ശേഷമാണ് കണ്ടുമുട്ടിയത്. അമ്പത്തിയെട്ട് വയസാണ് അദിസ്സലമിന്. ഭാര്യ എറിട്രിയക്കാരിയാണ്. 2002 ല് അവര് മക്കളെയുമെടുത്ത് എറിട്രിയന് അതിര്ത്തി കടന്നതോടെ അദിസ്സലമിന് മക്കളെ കാണാനുള്ള സാധ്യത ഇല്ലാതായി.
''എറിട്രിയന് അതിര്ത്തി അടച്ചിരുന്നു. എത്യോപ്യക്കാര്ക്ക് അങ്ങോട്ട് പോകാനുള്ള അനുമതിയുണ്ടായിരുന്നില്ല. അതോടെ എനിക്കവരെ നഷ്ടപ്പെട്ടു. മരിച്ചതുപോലെയാണ് ഞാനിത്രയും കാലം ജീവിച്ചത്. ഭാര്യയും മക്കളുമായി മറ്റേതെങ്കിലും രാജ്യത്ത് പോയി ജീവിച്ചിരുന്നുവെങ്കില് എന്ന് ഞാന് ആഗ്രഹിച്ചിരുന്നു. എറിട്രിയന് അതിര്ത്തി കടക്കുന്നതിലും എത്രയോ എളുപ്പമായിരുന്നു അത്. '' അദിസ്സലം പറയുന്നു.

വര്ഷങ്ങളുടെ യുദ്ധത്തിനും വൈര്യത്തിനുമൊടുക്കം കഴിഞ്ഞ ദിവസം എത്യോപ്യയില് നിന്ന് എറിട്രിയയിലേക്ക് പോയ എത്യോപ്യന് എയര്ലൈന്സിനെ 'സമാധാനത്തിന്റെ പക്ഷി' എന്നാണ് വിളിച്ചത്. അതിലായിരുന്നു അദിസ്സലമും എറിട്രിയയിലെത്തിയത്. അതിര്ത്തി രാജ്യമായ എത്യോപ്യയിലെയും എറിട്രിയയിലെയും നേതാക്കള് തമ്മിലുള്ള ചര്ച്ചയെ തുടര്ന്നാണ് ശത്രുത അവസാനിപ്പിക്കാനും നയതന്ത്രകാര്യങ്ങള് ചര്ച്ചക്കെടുക്കാനും തീരുമാനമായത്. അതോടെ യുദ്ധസമാനമായ അന്തരീക്ഷം അവസാനിച്ചു. അദ്ദിസലാം തന്റെ മക്കളുടെ അടുത്തേക്ക് പറന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് പതിനാറ് വര്ഷങ്ങള്ക്ക് ശേഷം അവര് തമ്മില് കെട്ടിപ്പിടിച്ചു.

റോസാപ്പൂവും ഷാമ്പെയിനുമായാണ് വിമാനത്തിലുള്ളവര് യാത്രക്കാരെ സ്വീകരിച്ചത്. യാത്രക്കാരും ആഘോഷമായാണ് എറിട്രിയയിലേക്ക് പറന്നത്. വര്ഷങ്ങളായി പിരിഞ്ഞിരിക്കുന്നവരുടെ കൂടിച്ചേരലിന് സാക്ഷിയായി അന്ന് ഇരുരാജ്യങ്ങളും. നിരവധി യാത്രക്കാരുണ്ടായിരുന്നു വിമാനത്തില്. ഓരോരുത്തരും അദിസ്സലമിനെ പോലെ ഒരുപാട് കഥകളും ഓര്മ്മകളുമായാണ് എറിട്രിയയിലേക്ക് പറന്നത്.
പലരും കൂടിച്ചേരലിന്റെ സന്തോഷം സോഷ്യല് മീഡിയയില് പങ്കുവയ്ക്കുകയും ചെയ്തു. ഇരുപത് വര്ഷങ്ങള്ക്ക് ശേഷം കണ്ടുമുട്ടിയ അമ്മയുടേയും മകന്റേയും ചിത്രങ്ങളും ആള്ക്കാരുടെ കണ്ണ് നനയിക്കുന്നതാണ്.
