തിരുവനന്തപുരം: ലിബറല്‍ ഇടങ്ങളിലെ പുഴുക്കുത്തുകള്‍ ആണ് മീ ടൂവിലൂടെ പുറത്തുകാണുന്നതെന്ന് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി റുക്സാന. മീ ടൂവിനോടും ഇരകളോടും ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ടുതന്നെയാണ് താന്‍ വീഡിയോയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. അതിലെ ഇരകള്‍ക്ക് നീതി കിട്ടണം, രാഷ്ട്രീയ സാമൂഹിക ഇടപെടലുകളും അധികാര പ്രയോഗങ്ങളും ഒന്നും അവര്‍ക്ക് നീതി കിട്ടുന്നതിന് തടസ്സമാകരുത്. ഒരു വിശ്വാസി എന്ന നിലയിലും മത അനുയായി അല്ലെങ്കില്‍ മത സംഘടനാ നേതാവ് എന്ന നിലയില്‍  ഇസ്ലാം പറയുന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുക മാത്രമായിരുന്നു വീഡിയോയിലൂടെ ചെയ്തതെന്നും അവര്‍ പറഞ്ഞു. മീ ടൂ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം റുക്‌സാനയുടെ പ്രസംഗ വീഡിയോ ഓണ്‍ലൈനില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് റുക്‌സാന ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് നിലപാടുകള്‍ വ്യക്തമാക്കിയത്. 

ലൈംഗിക ചൂഷണങ്ങള്‍ ഇല്ലാതാക്കാനുള്ള ആദ്യപടി വീട്ടില്‍ നിന്ന് തുടങ്ങണം. ഏഴ് വയസ് കഴിയുമ്പോള്‍ മക്കളെ മാറ്റി കിടത്തണം. മക്കളുടെ റൂമിലേക്ക് കയറുമ്പോള്‍ അനുവാദം വാങ്ങണം, പെണ്‍കുട്ടികളെ മാന്യമായും വ്യക്തമായും സംസാരിക്കാന്‍ ശീലിപ്പിക്കണം എന്നിവ വീട്ടില്‍നിന്ന് തുടങ്ങണം. 

ഇങ്ങനെ ആണും പെണ്ണും ഇടകലരുമ്പോള്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്


ആണ്‍പെണ്‍ ഇടപെടലുകളുമായി ബന്ധപ്പെട്ട് ഇസ്ലാമിന്റെ കുറച്ച് കാര്യങ്ങളുണ്ട്. അതില്‍ പെണ്ണിന് മാത്രമാണ് സദാചാരം എന്നൊന്നുമില്ല. രണ്ട് കൂട്ടര്‍ക്കും വേണ്ടിയുള്ളതാണ്. ഖുറാനില്‍ ആണെങ്കിലും ആദ്യം ആണിനോട് കണ്ണുകള്‍ താഴ്ത്താന്‍ പറഞ്ഞിട്ടാണ് പെണ്ണിനോട് അത് ആവശ്യപ്പെടുന്നത്. ഇങ്ങനെ ആണും പെണ്ണും ഇടകലരുമ്പോള്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതാണ് ആ വീഡിയോയിലൂടെ പറഞ്ഞത്-റുക്‌സാന പറഞ്ഞു.

മീ ടൂ അക്രമങ്ങള്‍ ലിബറല്‍ ഇടങ്ങളിലാണ് ധാരാളമായി കേള്‍ക്കുന്നത്. അവിടെ അധികവും ചൂഷണം ചെയ്യപ്പെടുന്നത് സ്ത്രീകളാണ്. ആസ്വാദനം കൂടുതലും പുരുഷനാണ്. പ്രത്യക്ഷത്തില്‍ ഇവര്‍ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുകയും അതിന്റെ മറവില്‍ ചൂഷണങ്ങള്‍ നടത്തുകയുമാണ്. അങ്ങനെയുള്ളവരുടെ ചൂഷണത്തിന് ഇരയാകാതിരിക്കാന്‍ ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ ശ്രദ്ധിക്കണം.  അതില്‍ സ്ത്രീകളുടെ കാര്യങ്ങളാണ് ഞാന്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയത്. ഹിജാബ് ധരിക്കുക, കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കാതിരിക്കുക, മാന്യമായി ഗൗരവത്തോടെ സംസാരിക്കുക എന്നിവയെല്ലാം പറഞ്ഞത് ഈ സാഹചര്യത്തിലാണ്. 

വീടുകള്‍, മദ്രസകള്‍, ആശ്രമങ്ങള്‍ അങ്ങനെ എല്ലായിടത്തും ലൈംഗിക ചൂഷണമുണ്ട്. മാധ്യമപ്രവര്‍ത്തനവും സിനിമ മേഖലയും പോലുള്ള ഇടങ്ങളിലുള്ള സ്ത്രീകള്‍ സ്വാതന്ത്ര്യം നന്നായി ആസ്വദിക്കുന്നവരാണ് എന്നാണ് പൊതുവെ കരുതുന്നത്. പക്ഷെ ഇവരും ചൂഷണം നേരിടേണ്ടി വരുന്നുണ്ട്. ലിംഗസമത്വം വാദിക്കുന്നവരില്‍ നിന്ന് നമ്മള്‍ സത്യത്തില്‍ അതല്ല പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതിനു വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത് എന്നാണ് മീ ടൂ എന്ന തുറന്നു പറച്ചിലിലൂടെ കാണുന്നത്. ലിബറല്‍ ഇടങ്ങളിലെ പുഴുക്കുത്തുകള്‍ ആണ് മീ ടൂവിലൂടെ കാണുന്നത്. ലിംഗ സമത്വവുമായി ബന്ധപ്പെട്ട് നല്ലൊരു സാമൂഹിക അന്തരീക്ഷം നമുക്ക് വേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. 

മഫ്തയും പര്‍ദ്ദയും തനി പിന്തിരിപ്പന്‍ ആണെന്നാണ് ലിബറല്‍ കാഴ്ചപ്പാട്

ലിബറലിസവുമായി ബന്ധപ്പെട്ട പല വാദങ്ങളിലും പുഴുക്കുത്തുകള്‍ ഉണ്ട്. അവരുടെ പല കാര്യങ്ങളിലും യോജിപ്പില്ല. മഫ്തയും പര്‍ദ്ദയും തനി പിന്തിരിപ്പന്‍ ആണെന്നാണ് ലിബറല്‍ കാഴ്ചപ്പാട്. ഇസ്ലാം ഒരു പിന്തിരിപ്പന്‍ മതമാണെന്നും അവര്‍ കരുതുന്നു.  അതിനോടൊന്നും യോജിക്കാന്‍ കഴിയില്ല. അതിലെ ഇസ്ലാമിന്റെ യുക്തിഭദ്രതയെ ചൂണ്ടിക്കാട്ടാനാണ് ശ്രമിച്ചതെന്ന് റുക്‌സാന പറഞ്ഞു.  

ഒരു കുടുംബവ്യവസ്ഥയില്‍ വിശ്വസിക്കുന്നവര്‍ക്കും ആ സംവിധാനത്തില്‍ ജീവിക്കുന്നവര്‍ക്കും സ്വവര്‍ഗ്ഗ ലൈംഗികതയെ പ്രോത്സാഹിപ്പിക്കാനാകില്ല. ട്രാന്‍സ് വിഷയം തികച്ചും മറ്റൊന്നാണ്. സ്വവര്‍ഗ്ഗ ലൈംഗികതയും ട്രാന്‍സ് ജീവിതവും രണ്ടും രണ്ടായാണ് കാണേണ്ടത്.  ആ അഭിപ്രായമാണ് ഞങ്ങള്‍ പറയുന്നത്. അല്ലാതെ അതൊന്നും ആരുടെ മേലും അടിച്ചേല്‍പ്പിക്കുകയല്ല-റുക്‌സാന പറഞ്ഞു.