പ്രമുഖ ദളിത് ചിന്തകന്‍ സണ്ണി എം കപിക്കാടിന്റെ യൂ ട്യുബില്‍ ലഭ്യമായ ഒരു പ്രസംഗത്തില്‍, രസകരവും വളരെ ആഴത്തില്‍ വിശകലനം ചെയ്യേണ്ടതുമായ ഒരു കാര്യമുണ്ട്. ദല്‍ഹിയിലെ ചില ഉയര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ ജാതി സംവരണം നിര്‍ത്തലാക്കണം എന്ന് പറഞ്ഞു കൊണ്ട് സമരം ചെയ്യുമ്പോള്‍ പിടിച്ച ഒരു പ്ലക്കാര്‍ഡിനെ കുറിച്ചായിരുന്നു അത്. അതില്‍ എഴുതിയിരുന്നത് തങ്ങള്‍ക്ക് ജോലിയുള്ള ഭര്‍ത്താക്കന്മാരെ വേണം എന്നാണ്. 

പുതിയ കാലത്തെ 'പുരോഗമന യുവതയുടെ' ചില സമരങ്ങളുടെ അടിത്തട്ടില്‍ ഒഴുകുന്ന 'ജാതിബോധം' നല്ല വൃത്തിക്ക് തന്നെ പുറത്ത് വരുന്ന ഒരു പ്ലക്കാര്‍ഡാണ് അതെന്നു സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാവും. തങ്ങളൊന്നും വേറെ ജാതിക്കാരെ, പ്രത്യേകിച്ചു ദളിതരെ കല്യാണം കഴിക്കാന്‍ പോകുന്നില്ലെന്നും, തങ്ങള്‍ കല്യാനം കഴിക്കാന്‍ പോകുന്ന ഉയര്‍ന്ന ജാതി പുരുഷന്മാരെ ആണെന്നും അടിവരയിടുന്നു ഈ പ്ലക്കാര്‍ഡ്. ഇന്ത്യന്‍ സാമൂഹികതയുടെ അടിയില്‍ നിലനില്‍ക്കുന്ന ജാതിബോധത്തെ ഊട്ടി ഉറപ്പിക്കുന്ന സമരങ്ങള്‍. പത്രങ്ങളില്‍ പട്ടിക ജാതിക്കാര്‍ ഒഴികെ ഏതു ജാതിക്കാരുമാകാം എന്ന 'ജാതി' കളയാന വിവാഹ പരസ്യങ്ങള്‍ സമരങ്ങള്‍ ആയി മാറുന്ന അത്രയേ ഉള്ളൂ, ഈ സംവരണ വിരുദ്ധ സമരങ്ങള്‍.അവസര സമത്വത്തിനുപരി ജാതി ഊട്ടി ഉറപ്പിക്കുന്നതിനായാണ് ഇത്തരം സമരങ്ങള്‍ എന്നത് ഏതു ചപ്പാത്തി കഴിക്കുന്ന ആള്‍ക്കും മനസ്സിലാകാവുന്നതേ ഉള്ളൂ.

സംവരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മിക്കവാറും സംവരണ വിരുദ്ധര്‍ ഉന്നയിക്കുന്ന പ്രധാനപ്പെട്ട രണ്ടു വാദഗതികള്‍ ഇവയാണ്: 

ഒന്ന് : ഇവിടെ സാമ്പത്തിക സംവരണം ആണ് വേണ്ടത്

രണ്ട്: സംവരണം കഴിവുള്ളവരുടെ അവസരങ്ങള്‍ നിഷേധിക്കുന്നു

സാമ്പത്തിക സംവരണം ആണ് വേണ്ടതെന്ന ആദ്യത്തെ വാദം മുന്നോട്ട് വെക്കുമ്പോള്‍ തന്നെ ആ വാദത്തിന്റെ മുന ഒടിയുന്നു. സമ്പത്തിന്റെ കാര്യം തന്നെ എടുക്കാം. അധകം വിശകലിക്കുകയൊന്നും വേണ്ട. വളരെ സിമ്പിള്‍ ആയ ചില ചോദ്യങ്ങള്‍ ചോദിക്കാം. ആരാണ് ഇവിടെ ഏറ്റവും സമ്പത്ത് കുറഞ്ഞ ചേരികളില്‍ താമസിക്കുന്നത് ? 

നമ്പൂതിരി? 
നമ്പ്യാര്‍? 
നായര്‍? 
അതോ ദളിതരോ? 

ആരാണ് ലക്ഷം വീട് കോളനികളില്‍ താമസിക്കുന്നത് ? 

ആരാണ് ഇവിടെ ഭൂമിക്ക് വേണ്ടി സമരം നടത്തുന്നത്? 

ഇങ്ങനെ ചോദിച്ചു തുടങ്ങിയാല്‍ എളുപ്പം ബോധ്യമാവും, സമ്പത്ത്, ഭൂമി, അധികാരം എന്നതൊക്കെ കൃത്യമായി പ്രൊപ്പോര്‍ഷനേറ്റ് ചെയ്യപ്പെട്ടത് ഇവിടത്തെ ഉയര്‍ന്ന ജാതി സമൂഹങ്ങളില്‍ ആണെന്ന്. പിന്നെ പറയുന്നത് ഉയര്‍ന്ന ജാതിയിലും പാവപ്പെട്ടവര്‍ ഉണ്ട് എന്നതാണ്. 'ഉയര്‍ന്ന ജാതി'' എന്ന് സ്വയം എഴുതി വെക്കുന്നത് തന്നെ സാമൂഹിക നീതിക്ക്് നിരക്കാത്തത് ആകുമ്പോള്‍ പിന്നെ എങ്ങനെ ആണ് അവര്‍ പാവപ്പെട്ടവര്‍ ആകുന്നത്? ശരി ഈ സാമ്പത്തിക സംവരണം ഒക്കെ നടപ്പിലാക്കി എന്ന് വെക്കുക. അപ്പോഴും, ഇന്ത്യയെ രണ്ടായിരം മൂവായിരം വര്‍ഷം അടക്കി ഭരിക്കുന്ന, ഇപ്പോഴും പിന്നോട്ട് വലിക്കുന്ന ജാതി എന്നാ അപ്രമാദിത്വത്തിന്റെ കുപ്പായം അഴിച്ചു വെക്കാന്‍ ഇവരൊക്കെ തയ്യാറുണ്ടോ? സാമ്പത്തിക സംവരണം നടപ്പിലാവുകയും വേണം, ജാതി എന്നത് മേനോന്‍, നായര്‍, നമ്പൂരി എന്ന ജാതി പേര് വാളുകള്‍ മുതല്‍ ദളിതരെ അടിച്ചും ചുട്ടും കൊല്ലുന്നത് വരെ നിലനിര്‍ത്തുകയും വേണം. 

കഴിവ് ഉള്ളവര്‍ക്ക് അവസരം നിഷേധിച്ചത് സംവരണം അല്ല.

രണ്ടാമത്തെ വാദം കഴിവിനെ കുറിച്ചാണ്. അല്ല, എന്താ ഈ കഴിവ്? ഏതു കഴിവിന്റെ പുറത്താണ് ഇവിടെ ബ്രാഹ്മണിസം ജാതി വ്യവസ്ഥയെ അടിച്ചുറപ്പിച്ചത്? ,തു മാനവികതയുടെ വിശാല കഴിവിന്റെ പുറത്താണ് ഇത്രയും കാലം ബ്രാഹ്മണിസം ഇന്ത്യയെ ഭരിച്ചു കൊണ്ടിരിക്കുന്നത്? ഇപ്പോഴും ഭരിക്കുന്നത് ഏതു ജനാധിപത്യ നീതിയുടെ കഴിവിന്റെ പുറത്താണ് ? ഇങ്ങനെ ഭരിച്ചു മുടിക്കുന്നത് ? ഏത് കഴിവിന്റെ പുറത്താണ് ഇന്ത്യയിലെ ഹിന്ദു ബ്രാഹ്മണ്യം ഇത്രയും കാലം ഭരിച്ചിട്ടും ഇന്ത്യയില്‍ ദളിതരും ആദിവാസികളും കൊല്ലപ്പെടുന്നത് ? ഏതു കഴിവിന്റെ പുറത്താണ് ഇന്ത്യയിലെ ഭൂരിഭാഗം പ്രധാന മന്ത്രിമാരും ബ്രാഹ്മണിക്കല്‍ ആയത് ? ഏതു കഴിവിന്റെ പുറത്താണ് സംവരണത്തിനു പുറത്ത് ദളിത് എം എല്‍ എ മാരോ മന്ത്രിമാരോ ഉണ്ടാകാത്തത് ? ഏതു കഴിവിന്റെ പുറത്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ 90 ശതമാനം ബ്രാഹ്മണര്‍ ആയി മാറിയത് ? ഏതു കഴിവിന്റെ പുറത്താണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗീന്ദ്ര നാഥിനെ കാണാന്‍ വരുമ്പോള്‍ ദളിതര്‍ ഷാമ്പൂ ഇട്ടു കുളിക്കണം എന്ന് തിട്ടൂരം ഇറക്കിയത്? ഏതു കഴിവിന്റെ പുറത്താണ് ഗാന്ധി ദളിതരെ ഹരിജനങ്ങള്‍ എന്ന നീചമായ പദം ഉപയോഗിച്ച് അഡ്രസ് ചെയ്തത് ? 

കഴിവ് ഉള്ളവര്‍ക്ക് അവസരം നിഷേധിച്ചത് സംവരണം അല്ല. സംവരണം എന്നാല്‍ കഴിവ് ഉള്ളവര്‍ക്കും കഴിവ് ഇല്ലാത്തവര്‍ക്കും
അവര്‍ ആരായാലും, ഒഴിച്ചു നിര്‍ത്തപ്പെട്ട എല്ലാ സമുദായങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും ഇന്ത്യയിലെ പൊതു സമൂഹത്തില്‍ പ്രാതിനിധ്യം ഉണ്ടാവുക എന്നതാണ് സംവരണം എന്ന ഭരണഘടനാ അവകാശം കൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ.

സംവരണ വിരുദ്ധരുടെ ഏറ്റവും വലിയ തിരിച്ചറിവില്ലായ്മ സംവരണം എന്താണ് എന്നതിനെ കുറിച്ചാണ്

സംവരണ വിരുദ്ധരുടെ ഏറ്റവും വലിയ തിരിച്ചറിവില്ലായ്മ സംവരണം എന്താണ് എന്നതിനെ കുറിച്ചാണ്. ഇന്ത്യയിലെ ബ്രാഹ്മണിസം ജാതിയിലൂടെയും മറ്റും പുറന്തള്ളി അതിക്രമിച്ചു ഇല്ലതാക്കിയ വിവിധ അപര സാമൂഹിക വിഭാഗങ്ങള്‍ക്ക് മുഖ്യധാരയില്‍ സ്വയം ഉയര്‍ന്നു വരാന്‍, ജനാധിപത്യപരമായി ഭരണഘടനാ ക്രമത്തില്‍ ഉന്നയിക്കപ്പെടുന്ന സാമൂഹിക നീതിക്ക് വേണ്ടിയുള്ള രാഷ്ട്രീയമായ ഒരു ടൂള്‍ ആണ് സംവരണം. അത് ആരുടേയും അവസരം നിഷേധിക്കുകയല്ല. മറിച്ച് അത് ഇനിയും ഒരു പാട് പേര്‍ക്ക് അവസരം നല്‍കുന്നതിനുള്ള ജനാധിപത്യം ഉയര്‍ത്തിക്കാട്ടുകയാണ്. അതിനെ കഴിവും സമ്പത്തും ആയി മാത്രം കൂട്ടി ചേര്‍ത്തുവെക്കുന്നത്, ഇപ്പോഴെങ്കിലും ഇങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കുന്ന സമൂഹത്തെ പിന്നോട്ട് നടത്തിക്കുകയേ ഉള്ളൂ. 

ഇന്ത്യയിലെ മാധ്യമങ്ങളിലും ബിസിനസ്സിലും അധികാരസ്ഥാനങ്ങളിലും ഐ ഐ ടി കളിലും സിനിമയിലും സാഹിത്യത്തിലും ഒക്കെ ബ്രാഹ്മണിക്കല്‍ അപ്രമാദിത്വം വാഴുമ്പോള്‍ പിന്നെയും, സാമ്പത്തികം, കഴിവ് എന്നൊക്കെയുള്ള വിടുവായത്തം നടത്തുന്നത് നിങ്ങള്‍ക്കും കടകംപള്ളി സുരേന്ദ്രനും ആര്‍ എസ് എസിനും സംവരണം നിര്‍ത്താന്‍ കരുക്കള്‍ നീക്കുന്ന ആര്‍ക്കും ബോര്‍ അടിക്കില്ലെങ്കിലും ബാക്കിയുള്ളവര്‍ക്ക് ബോറടിക്കും. 

വാല്‍ക്കഷണം: കേരളത്തിലെ ഒരു ബസ്സില്‍ ഇടിച്ചു കയറി ഒരു സീറ്റ് പിടിച്ച ഒരു ചേട്ടന്റെ ഒരു കമന്റ്: 'സീറ്റ് കിട്ടിയതില്‍ അല്ല സന്തോഷം. കുറെ പേര് നില്‍ക്കുന്നത് കാണുമ്പോഴാണ്'.