മോസ്‌കോ: കരടികളും ചെന്നായ്ക്കളും വിഹരിക്കുന്ന സൈബീരിയന്‍ കാട്ടില്‍ മൂന്നു ദിവസം ഒറ്റയ്ക്കായ മൂന്നുവയസ്സുകാരനെ രക്ഷപ്പെടുത്തി. ദക്ഷിണ സൈബീരിയയിലാണ് സംഭവം. കാടിനോട് ചേര്‍ന്ന ഗ്രാമത്തില്‍ താമസിക്കുന്ന സെറിന്‍ ദോപ്ചുത് എന്ന മൂന്നു വയസ്സുകാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. നൂറു കണക്കിന് ഗ്രാമവാസികളും സര്‍ക്കാര്‍ ഹെലികോപ്റ്ററും നടത്തിയ തെരച്ചിലിന് ഇടയിലാണ് ഒരു വന്‍മരത്തിന് താഴെ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. അമ്മാവന്‍ അടുത്തു ചെന്നപ്പോള്‍ കുട്ടി ആദ്യം ചോദിച്ച ചോദ്യം ഇതായിരുന്നു: എന്റെ കളിപ്പാട്ടത്തിന് ഒന്നും പറ്റിയില്ലല്ലോ?
തുവയിലെ പിയ് കെംസ്‌കിയിലെ ഖുത് ഗ്രാമത്തിലാണ് കുട്ടിയും കുടുംബവും താമസിക്കുന്നത്. നാനൂറോളം പേര്‍ മാത്രമുള്ളതാണ് ഈ ഗ്രാമം. വീടിനു മുന്നില്‍ നായകളോടൊത്ത് കളിക്കുകയായിരുന്ന കുട്ടി ഒരു നായക്കുട്ടിയുടെ പിറകെയാണ് കാട്ടിലേക്ക് ഓടിയത്. മഞ്ഞു മൂടിക്കിടക്കുന്ന കാട്ടില്‍ നിറയെ കരടികളും ചെന്നായ്ക്കളുമാണ്.

കൈയില്‍ ഒരു കഷണം ചോക്കലേറ്റുമായി പട്ടിക്കുട്ടിയുടെ പിറകെ ഓടിപ്പോയ കുട്ടിയെ കാണാതെ തിരച്ചില്‍ തുടങ്ങുകയായിരുന്നു. നൂറോളം ഗ്രാമവാസികള്‍ കുട്ടിക്കു വേണ്ടി കാട്ടില്‍ തെരച്ചില്‍ നടത്തി. ഹെലിക്കോപ്റ്ററില്‍ സൈന്യവും തെരച്ചിലിന് പിന്തുണയുമായെത്തി.
മൂന്ന് ദിവസം നീണ്ടുനിന്ന രാപ്പകല്‍ തിരച്ചിലിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. ഗ്രാമത്തില്‍നിന്നും മൂന്നു കിലോ മീറ്റര്‍ അകലെ താജിത വനത്തിലെ ഉള്‍ക്കാട്ടിലാണ് കുട്ടിയെ കണ്ടെത്തിയത്. ഷൂ ധരിച്ചിരുന്ന കുട്ടി കോട്ട് അണിഞ്ഞിരുന്നില്ല. കൊടും തണുപ്പുള്ള വനാന്തരത്തിലെ ഒരു വന്‍മരത്തിന് അടിയില്‍ കിടന്നുറങ്ങുകയായിരുന്നു കുട്ടി.
വലിയ അപകടത്തില്‍നിന്നാണ് കുട്ടി രക്ഷപ്പെട്ടതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ശൈത്യകാലം വരുന്നത് പ്രമാണിച്ച് മൃഗങ്ങള്‍ കൊഴുപ്പു ശേഖരിക്കുന്ന കാലമാണിതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇളക്കമുള്ള എന്തിനെയും ആക്രമിച്ച് കൊല്ലുന്ന മൃഗങ്ങള്‍ ഇറച്ചി സൂക്ഷിച്ചു വെക്കാറാണ് പതിവ്. കൊടും തണുപ്പും മഞ്ഞുവീഴ്ച്ചയും ഇതോടൊപ്പം അപകടകാരിയാണ്. ഈ അപകടങ്ങളില്‍ നിന്നൊക്കെയാണ് കുട്ടി രക്ഷപ്പെട്ടത്.
