Asianet News MalayalamAsianet News Malayalam

ഈ ഗറില്ലാ മഴകളെ നേരിടാന്‍ നമുക്കെന്ത് ചെയ്യാനാകും?

സങ്കൽപ്പത്തിലെ ഭൂഗർഭ “സരയൂ” നദി അങ്ങ് ആയിരം കാതങ്ങൾ അകലെ ടോക്കിയോവിൽ ഉദിച്ച പോലെയാണ് ജപ്പാനിലെ വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങള്‍

s biju writes on flood control measures to be implemented in kerala
Author
First Published May 18, 2018, 3:05 PM IST

s biju writes on flood control measures to be implemented in kerala

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പെയ്ത മഴയിൽ പലയിടത്തും വെള്ളം കയറി. മെച്ചപ്പെട്ട കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ ഉള്ളതിനാൽ ആ മഴ പ്രതീക്ഷിച്ചതാണ്. എന്നാൽ ജനങ്ങളുടെ ബുദ്ധിമുട്ട് നേരിടാൻ പ്രതേകിച്ച് എന്തെങ്കിലും ചെയ്യാൻ ഭരണ സംവിധാനത്തിനായില്ല. ഏതൊക്കെ പ്രദേശത്ത് വെള്ളം കയറും എന്നറിയാനാകില്ലേ? ആ വഴി ഒഴിവാക്കാനായാൽ അത്രയൊക്കെ ബുദ്ധിമുട്ട് കുറയ്ക്കാനാകും. ഏത് പട്ടണത്തിലും മഴ പെയ്താൽ ചിലയിടങ്ങളില്‍ വെള്ളം കയറും. ഇങ്ങനെ വെള്ളം കയറുന്നതാണ് നല്ലത്. അല്ലെങ്കിൽ എല്ലായിടത്തും പ്രളയമായിരിക്കും. മൂന്ന് വർഷം മുൻപ് ചെന്നൈ നഗരത്തിൽ സംഭവിച്ച പോലെ.

s biju writes on flood control measures to be implemented in kerala

തിരുവനന്തപുരത്ത് സാധാരണ വെള്ളം കയറുന്നത് തമ്പാനൂരും കിഴക്കേകോട്ടയുമാണ്. മറ്റുള്ളിടങ്ങളിലും വെള്ളം കയറും. പക്ഷേ പ്രധാന റെയിൽവേ സ്റ്റേഷനും ബസ്സ് സ്റ്റോപ്പും ഉള്ളതിനാൽ ഇവിടത്തെ ബുദ്ധിമുട്ട് നാമെല്ലാം അറിയും, അനുഭവിക്കും. എന്നാൽ ഇത്തവണ ടെക്നോപാർക്ക് പ്രദേശവും ബൈപ്പാസിലുമെല്ലാം നല്ല വെള്ളക്കെട്ട് പ്രകടമായിരുന്നു. തമ്പാനൂരിലും, കിഴക്കേകോട്ടയിലും വെള്ളം കയറിയാൽ അത് അൽപ്പം വൈകിയാണെങ്കിലും ഒഴുകിയിറങ്ങിയിരുന്നത്  ഇപ്പോഴത്തെ ബൈപ്പാസിന്റെ പരിസരങ്ങളിലായിരുന്നു. ആക്കുളം, വേളി കായലുകളുടെ നീർമറി പ്രദേശങ്ങളാണിത്. അതൊരു ചതുപ്പായിരുന്നു. നഗരത്തിതിലെ വെള്ളം ഒഴുകിയിറങ്ങി കടലിൽ ചെന്ന് പതിക്കും മുമ്പൊരു ഇടത്താവളം. എന്നാൽ കായലോരത്തെ ആ ചതുപ്പുകളിലെല്ലാം ഇന്ന് ഫ്ളാറ്റുകളും മാളുകളും ഉയരുന്നതോടെയാണ് പ്രശ്നമാകുന്നത്. മഴവെള്ളത്തിന് എവിടെയെങ്കിലും ചെന്ന് നിൽക്കണ്ടേ. സ്വാഭാവികമായും അത് പൊതു നിരത്തിൽ അഭയം തേടും.   

ഗറില്ലാ മഴകൾ
പാടങ്ങൾ പോലെ വെള്ളം താഴ്ന്നിറങ്ങാനുള്ള പ്രദേശങ്ങൾ നഗരത്തിൽ കുറഞ്ഞു വരികയാണല്ലോ. സാധാരണ ഓടകളിൽ കൂടി ഒഴുക്കിയെടുത്ത് കുളത്തിലോ, പുഴയിലോ, കടവിലോ തള്ളുക എളുപ്പമല്ല. മാത്രമല്ല പ്രക്ഷുബ്ധമായ കടലിൽ നിന്ന് വെള്ളം ഇങ്ങോട്ടിരച്ചു കയറുന്ന സമയമായതിനാൽ പുഴയിലേക്കേ് വെള്ളം ഒഴിവാക്കി വിട്ടിട്ട് ഫലമുണ്ടാകുകയുമില്ല. കോണ്‍ക്രീറ്റ് കെട്ടിടങ്ങളും, പാലങ്ങളും, നിരത്തുകളും മൂലം വ‍ർദ്ധിക്കുന്ന ചൂട്  നഗരങ്ങളിൽ പൊടുന്നനെയുള്ള ശക്തമായ മഴയ്ക്ക് കാരണമാകുന്നുവെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഒരു മണിക്കൂറിൽ 100 മില്ലിമീറ്റർ വരെ മഴ പെയ്യുന്നതിന് കാരണവും ഇതാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലാണ് ഈ പ്രതിഭാസം നഗരകേന്ദ്രീകൃതമായി കാണുന്നത്. ഗറില്ലാ മഴകൾ എന്നാണ് ഇതറിയപ്പെടുന്നത്. ഏതു നേരവും വരാം. അപ്പോൾ സാധാരണ നടപടികൾ കൊണ്ടൊന്നും വെള്ളക്കെട്ട് ഒഴിവാക്കാനാകില്ല.

s biju writes on flood control measures to be implemented in kerala

ഭൂമിക്കടിയിലൊരു “സരയൂ” നദി
രണ്ടോ മൂന്നോ  കൂറ്റൻ ഫുട്ബോൾ സ്റ്റേഡിയങ്ങളുടെ വലിപ്പത്തിലുള്ള അറകൾ ഭുമിക്കടിയിലായലോ? ഭ്രാന്തൻ ആശയമെന്ന് തള്ളിക്കളയാൻ വരട്ടെ. ജപ്പാൻ തലസ്ഥാനമായ ടോക്കിയോവിനെ പ്രളയത്തിൽ നിന്ന് കാക്കുന്നത് ഇത്തരം ഭൂഗർഭ അറകളാണ്. അണുകിട തെറ്റാത്ത ആസൂത്രണവും, കാര്യമായ നിക്ഷേപവും, നിതാന്ത ജാഗ്രതയോടെയുള്ള തുടർ പ്രവർത്തനവും വേണം ഇത് നടത്തിക്കൊണ്ടു പോകാൻ. നഗരത്തിനടിയിൽ തടാകവും, കനാലുകളും. ഫലത്തിൽ കൃത്രിമ ജലാശയമോ നദിയോ ഒക്കെ സ്ഥാപിക്കുന്നതിന് തുല്യമാണിത്. സങ്കൽപ്പത്തിലെ ഭൂഗർഭ “സരയൂ” നദി അങ്ങ് ആയിരം കാതങ്ങൾ അകലെ ടോക്കിയോവിൽ ഉദിച്ച പോലെ. ശക്തമായ മോട്ടോർ പമ്പുകൾ ഉപയോഗിച്ച് ഞൊടിയിടയിൽ വെള്ളത്തെ വലിച്ചെടുത്ത് ശേഖരിച്ച് സമയത്തിന് പുറത്ത് കളയാനാകുള്ള സാങ്കോതിക വിദ്യയാണ് പ്രധാനം. ടോക്കിയോ പട്ടണത്തിൽ ഒരു സെക്കൻഡിൽ മഴ നിയന്ത്രണ ടാങ്കിൽ നിന്ന് പമ്പ് ചെയ്ത് കളയുന്നത് 200 ഘന അടി വെള്ളമാണ്. ഇതൊക്കെ ചെയ്തപ്പോൾ ടോക്കിയോ പട്ടണത്തിലെ പ്രളയക്കടുതി പകുതിയായി.

പ്രളയക്കെടുതി നേരിടാൻ ഇത്രയും തുക മുടക്കുന്നത് ഔചിത്യമോ? പ്രത്യേകിച്ച് ഗതാഗത കുരുക്ക് പോലുള്ള വലിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ളപ്പോൾ. മലേഷ്യൻ തലസ്ഥാനമായ ക്വലാലംപൂരിൽ ഈ രണ്ട് പ്രശനങ്ങൾക്കും ഒന്നിച്ച് പരിഹാരം കണ്ടെത്തിയിരിക്കുന്നു. നഗരത്തെ കീറിമുറിച്ചു കൊണ്ട് ഒരു വലിയ ഭൂഗർഭ ശൃംഖല പണിതിട്ടുണ്ട്. സാധാരണ അവസ്ഥയിൽ ഏറ്റവും അടിയിൽ കൂടി മഴവെള്ള ഓട. അതിന് മുകൾ തട്ടുകളിൽ കൂടി (ഭൂമിക്ക് അടിയിൽ തന്നെ, രണ്ട് മൂന്ന് തട്ടുകളിൽ) വാഹനങ്ങൾ സഞ്ചരിക്കും. വെള്ളപ്പൊക്കം ക്രമാതീതമായാൽ വാഹനപാതകളും കൂടി പ്രളയജലത്തിനായി നീക്കി വയ്ക്കും.

s biju writes on flood control measures to be implemented in kerala

കേള്‍ക്കാന്‍ എളുപ്പം. പക്ഷേ ചെറിയ വെല്ലുവിളിയെന്നുമല്ല അത് സാധ്യമാക്കിയെടുക്കാൻ. മികച്ച ശാസ്ത-സാങ്കേതിക വിദഗ്ദ്ധരുടെ വെല്ലുവിളികൾ അതിജിവിച്ചുള്ള അശ്രാന്ത പരിശ്രമമാണിത് സാധ്യമാക്കുന്നത്. അമേരിക്കയിലെ ഷിക്കാഗോ പട്ടണത്തിലാകട്ടെ ഉപേക്ഷിക്കപ്പെട്ട കൂറ്റൻ പാറക്വാറികളെ പുനഃക്രമീകരിച്ചാണ് പ്രളയജലത്തെ പേറുന്നത്. നമ്മുടെ നാട്ടിലൊക്കെ നടപ്പാക്കാനാകുന്ന പദ്ധതിയാണിത്. നിരവധി വെല്ലുവിളിയും പണചെലവ്വും വേണ്ടി വരുന്ന ഈ പദ്ധതികളൊക്കെ നടപ്പാക്കാനാകുന്നത് ഭരണ-രാഷ്ടീയ നേതൃത്വങ്ങൾ നൽകുന്ന പിന്തുണ കൊണ്ട് കൂടിയാണ്. അവിടെയാണ് നമ്മൾ മുന്നേറേണ്ടത്.

Follow Us:
Download App:
  • android
  • ios