അഗമ്യഗമനം (Incest relation-രക്തബന്ധത്തിലുള്ളവരുടെ വിവാഹബന്ധം) നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടാൽ സുപ്രീം കോടതിയുടെ നിലപാട് എന്തായിരിക്കും എന്നത് നിലവിലെ സാഹചര്യത്തിൽ ഉയരുന്ന പ്രധാന ചോദ്യമാണ്.
ഡോ. ഷൊമൈല വർസി (ദില്ലി യൂണിവേഴ്സിറ്റിക്ക് കീഴിലെ കിറോറിമൽ കോളേജിലെ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് വിഭാഗം അധ്യാപിക) എഴുതുന്നു
സ്വവർഗരതി കുറ്റകരമല്ലെന്ന 2018ലെ സുപ്രീം കോടതി വിധി ഭിന്നലിംഗ ചർച്ചകൾക്ക് പുതിയ തുടക്കമാണ് രാജ്യത്തുണ്ടായത്. എൽജിബിടിക്യു പ്ലസ് സമൂഹത്തിന്റെ സാമൂഹികമായ അസ്തിത്വത്തിനുള്ള നിയമപരമായ അംഗീകാരമായി സുപ്രീം കോടതി വിധിയെയെ പുരോഗമന സമൂഹം കണക്കാക്കിയപ്പോൾ യാഥാസ്ഥിതിക സമൂഹം കടുത്ത എതിർപ്പുയർത്തി. സ്വവർഗരതി നിയമവിധേയമായി അഞ്ച് വർഷത്തിന് ശേഷം സ്വവർഗ വിവാഹത്തിന്റെ നിയമസാധുത സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കുകയാണ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത്. ബെഞ്ചിന്റെ മുന്നിൽ മൂന്ന് പ്രസക്തമായ ചോദ്യങ്ങളാണ് നിലനിൽക്കുന്നത്.
ഭരണഘടനാ അവകാശങ്ങളും മതങ്ങളും പാരമ്പര്യവും സംസ്കാരവും
എല്ലാ പൗരന്മാരുടെയും ഭരണഘടനാപരമായ അവകാശങ്ങളും സാംസ്കാരികവും മതപരവുമായ വൈകാരിക പ്രശ്നങ്ങളെയും കോടതിക്ക് എങ്ങനെയാണ് സന്തുലിതമായി കൈകാര്യം ചെയ്യാനാകുക എന്നതാണ് പ്രധാന വെല്ലുവിളി. നിരവധി മതങ്ങളുടെയും സാംസ്കാരിക വൈവിധ്യങ്ങളും ഉൾക്കൊള്ളുന്നതാണ് ഇന്ത്യ. മിക്ക ഇന്ത്യൻ വിശ്വാസങ്ങളിലും സാമൂഹിക ഇടങ്ങളിലും വളരെയധികം ബഹുമാനിക്കപ്പെടുന്നതും പവിത്രമായി കരുതുന്നതുമായ ഒന്നാണ് വിവാഹവും വൈവാഹിക ബന്ധവും. വിവാഹമാണ് സമൂഹത്തിന്റെ അടിസ്ഥാനമെന്ന് കരുതുന്നവരാണ് മിക്ക വിഭാഗവും. മനുഷ്യന്റെ പ്രത്യുൽപാദനപരമായ പങ്ക് നിറവേറ്റാനും കുടുംബം എന്ന സമൂഹ്യസ്ഥാപനത്തിന്റെ അടിസ്ഥാനവുമാണ് വിവാഹമെന്നും കരുതുന്നു. രക്ഷാകർതൃത്വം, സ്വത്തവകാശം, പിന്തുടർച്ചാവകാശം, സാമൂഹിക ക്രമം എന്നിവ വിവാഹത്തെ പിന്തുടർന്നുണ്ടായ നിയമങ്ങളും സംഹിതകളുമാണ്. ആൺ-പെൺ ബന്ധവും പ്രത്യുൽപാദനപരമായ പങ്കും മാറ്റിനിർത്തിയാൽ വിവാഹം എന്ന ആശയം തന്നെ വെല്ലുവിളിക്കപ്പെടും. ഒരു ബന്ധത്തിന് പ്രത്യുൽപാദനമെന്ന കടമ നിറവേറ്റാൻ കഴിയുന്നില്ലെങ്കിൽ എന്തുകൊണ്ട് രണ്ട് മനുഷ്യർ ഒരുമിച്ച് ജീവിക്കുന്നതിന് മറ്റെന്തെങ്കിലും പേരിട്ടുകൂടാ എന്ന് ചോദ്യമുയരും.
എല്ലാ പൗരന്മാരുടെയും ഭരണഘടനാപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം ഇത്തരം വൈകാരിക തലങ്ങൾകൂടി സുപ്രീം കോടതി ശ്രദ്ധാപൂർവം പരിഗണിക്കണം. പുരോഗമനവാദപരമായ നിലപാടെടുക്കുന്നതോടൊപ്പം പാരമ്പര്യത്തെ മാനിക്കുന്നതുമായ സന്തുലിതാവസ്ഥ കണ്ടെത്തുക എന്ന പ്രയാസമേറിയ ദൗത്യമാണ് കോടതിക്ക് മുന്നിലുള്ളത്. ഈ സങ്കീർണമായ വിഷയം പരിഹരിക്കുന്നതിന് മതനേതാക്കളെയും LGBTQ+ പ്രവർത്തകരെയും നിയമ വിദഗ്ധരെയും ഉൾപ്പെടുത്തി വിശദമായ ചർച്ച നടത്താൻ സുപ്രീം കോടതിക്ക് കഴിയും. സാംസ്കാരികവും മതപരവുമായ മൂല്യങ്ങളുടെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട് തന്നെ സമത്വവും നീതിയും ഉയർത്തിപ്പിടിച്ചുകൊണ്ട് വൈവിധ്യത്തെ മാനിക്കുന്ന ഒരു തീരുമാനം കണ്ടെത്തുന്നതിനായി സുപ്രീം കോടതിക്ക് പ്രവർത്തിക്കാനാകും.
സ്വവർഗവിവാഹവും ലോകവും
സ്വവർഗ വിവാഹം നിയമവിധേയമാക്കിയ രാജ്യങ്ങളിൽ നിലവിലുള്ള നിയമങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതിക്ക് സാധിക്കുമ. സ്വവർഗ വിവാഹം നിയമവിധേയമാക്കിയ ശേഷം ഈ രാഷ്ട്രങ്ങളുടെ അനുഭവങ്ങൾ മനസ്സിലാക്കുന്നതിലൂടെ, ഇത്തരം നിയമനിർമ്മാണങ്ങൾ ഇന്ത്യൻ സമൂഹത്തിൽ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ സൂക്ഷ്മമായി വിലയിരുത്താൻ കോടതിക്ക് സാധിക്കും. പാശ്ചാത്യ സമൂഹങ്ങളിൽ സ്വവർഗ വിവാഹങ്ങൾ എന്ത് സ്വാധീനം ചെലുത്തുന്നു എന്നത് ഇനിയും കണ്ടറിയേണ്ടതാണ്. ഇന്ത്യയിലെ എലൈറ്റ് അർബൻ വിഭാഗത്തിന്റെ ആവശ്യമാണ് സ്വവർഗ വിവാഹമെന്നതാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. വളരെ മുമ്പേ തന്നെ മിക്ക പാശ്ചാത്യ സമൂഹങ്ങളിലും സ്വവർഗ വിവാഹമെന്നത് വിവാദ ചർച്ചയായിരുന്നു. വിദേശത്ത് നടപ്പാക്കുന്നതെല്ലാം സ്വീകരിക്കാൻ തിരക്കുകൂട്ടേണ്ടതുണ്ടോ എന്ന് ആലോചിക്കണം. ഇന്ത്യൻ പാരമ്പര്യത്തിന്റെ അസ്തിത്വം കാലത്തിന്റെ പരീക്ഷണത്തിന് വിധേയമാകണം. ഇന്ത്യൻ സമൂഹത്തിന് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള പുതിയ ആശയങ്ങളെ സ്വാംശീകരിക്കുന്നത് മന്ദഗതിയിലുള്ള പ്രക്രിയയായിരിക്കുന്നതാണ് ഉചിതം.
തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം: അതിർത്തിവര എവിടെ വരക്കും
നാളെ ഒരു കൂട്ടം ആക്ടിവിസ്റ്റുകൾ അഗമ്യഗമനം (Incest relation-രക്തബന്ധത്തിലുള്ളവരുടെ വിവാഹബന്ധം) നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടാൽ സുപ്രീം കോടതിയുടെ നിലപാട് എന്തായിരിക്കും എന്നത് നിലവിലെ സാഹചര്യത്തിൽ ഉയരുന്ന പ്രധാന ചോദ്യമാണ്. ഇത്തരം ബന്ധങ്ങൾ നിയമവിധേയമാക്കുന്നതിനുള്ള ആവശ്യങ്ങൾ ഭാവിയിൽ വ്യക്തി സ്വാതന്ത്ര്യത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും അടിസ്ഥാനത്തിൽ ഉന്നയിക്കപ്പെട്ടാൽ, സുപ്രീം കോടതി അതിനെ എങ്ങനെ കാണുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദിക്കുന്നുണ്ട്. ഇത് അസംബന്ധമാണെന്ന ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മറുപടി യഥാർഥത്തിൽ വാസ്തവത്തിന് നിരക്കുന്നതല്ല. ജർമ്മനിയിൽ ഇൻസസ്റ്റ് ബന്ധങ്ങൾ (incest relatiosn) നിയമവിധേയമാക്കണമെന്നത് വളരെക്കാലത്തെ ആവശ്യമാണ്. ന്യൂയോർക്കിലും ഇത്തരം ബന്ധങ്ങൾക്ക് അനുകൂലമായി റാലികൾ സംഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വ്യക്തികളുടെ ചോയിസ് എന്നതിന് എവിടെയാണ് അതിർത്തി വരക്കുക. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്ന ചർച്ച എവിടെയാണ് അവസാനിപ്പിക്കുക എന്നത് ഇന്ത്യയിലെ സ്വവർഗവിവാഹത്തിൽ തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് സുപ്രീം കോടതി പരിഗണിക്കേണ്ട പ്രധാന കാര്യമാണ്.
സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി നിലപാട് സ്വീകരിക്കുമ്പോൾ അത് സാംസ്കാരികവും മതപരവും നിയമപരവുമായ ഘടകങ്ങളുടെയെല്ലാം സങ്കീർണമായ പ്രശ്നങ്ങളെക്കൂടി പരിഗണിക്കുന്നതാകണം. ഈ വിഷയത്തിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നത് ഇന്ത്യൻ സമൂഹത്തിന് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിൽ സംശയമില്ല.
