ബിഹാറിലെ ദര്‍ഭാംഗയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വ്വീസ് നടത്തുന്ന സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസാണ് അമ്പതോളം ചിത്രകാരികള്‍ ചേര്‍ന്ന് മധുബനിയാല്‍ മനോഹരമാക്കിയത്. സമ്പര്‍ക്ക് ക്രാന്തി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ ഒന്‍പത് ബോഗികള്‍ ചിത്രം വരച്ച് തീരുന്നതിനായി ഒരു മാസമാണ് ഇവര്‍ക്ക് വേണ്ടി വന്നത്. 

ദില്ലി: ട്രെയിന്‍ ബോഗികളില്‍ നിറയെ ചിത്രങ്ങളായാലെങ്ങനെയിരിക്കും? അതും മധുബനി പോലെ മനോഹരമായ ആര്‍ട്ട്. മിഥില പെയിന്‍റിംഗ് അല്ലെങ്കില്‍ മധുബനി പെയിന്‍റിംഗ് നേപ്പാളിലെ മിഥിലയിലുള്ളവരും, ബീഹാറിലുള്ളവരുമാണ് സാധാരണ ചെയ്യാറ്. വിരലുകൾ, ട്വിഗുകൾ, ബ്രഷുകൾ, പെന്നിന്‍റെ നിബ്ബുകൾ, തീപ്പെട്ടിക്കൊള്ളികൾ എന്നിവ ഉപയോഗിച്ചാണ് പെയിന്‍റിംഗ് ചെയ്യുന്നത്.

ബിഹാറിലെ ദര്‍ഭാംഗയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വ്വീസ് നടത്തുന്ന സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസാണ് അമ്പതോളം ചിത്രകാരികള്‍ ചേര്‍ന്ന് മധുബനിയാല്‍ മനോഹരമാക്കിയത്. സമ്പര്‍ക്ക് ക്രാന്തി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ ഒന്‍പത് ബോഗികള്‍ ചിത്രം വരച്ച് തീരുന്നതിനായി ഒരു മാസമാണ് ഇവര്‍ക്ക് വേണ്ടി വന്നത്. രാത്രിയും പകലും ഒരുപോലെ ഉപയോഗിച്ചാണ് ഇവര്‍ ഇത് വരച്ച് തീര്‍ത്തതെന്ന് റെയില്‍വേ പറയുന്നു.

ദില്ലിയില്‍ നിന്നും വ്യാഴാഴ്ച രാവിലെയാണ് ചിത്രാലംകൃതമായ ട്രെയിന്‍ യാത്ര തുടങ്ങിയത്. ഈ മധുബനിയും ചിത്രകലയുടെ പ്രാധാന്യവും രാജ്യമെങ്ങും പ്രചരിപ്പിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലേക്കും പര്യടനം നടത്താന്‍ റെയില്‍വേ സൗകര്യം ഒരുക്കണമെന്ന് സമസ്തിപൂര്‍ ഡിവിഷണല്‍ മാനേജര്‍ രവീന്ദ്രകുമാര്‍ ജെയിന്‍ ആവശ്യപ്പെട്ടു. അധികം വൈകാതെ ട്രെയിന്‍ മുഴുവന്‍ മധുബനി രീതിയില്‍ ചിത്രംവരയ്ക്കാനാണ് റെയില്‍വേയുടെ തീരുമാനം.