ഇന്ത്യക്കാരനായ ഒരു ഗൂഗിള്‍ ജീവനക്കാരന്‍ വിമാനത്തില്‍ വച്ചാണ് ആ ജാപ്പനീസ് ദമ്പതികളെ കണ്ടുമുട്ടിയത്. അവരെങ്ങനെയാണ് പിന്നീട് തനിക്ക് അച്ഛനും അമ്മയുമായി മാറിയത് എന്ന കഥ പങ്കുവയ്ക്കുകയാണ് അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റില്‍.
അറിയാത്ത മനുഷ്യരുമായി ഉടലെടുക്കുന്ന സൗഹൃദവും സാഹോദര്യവും ജീവിതകാലം മുഴുവനും കൊണ്ടുനടക്കുന്ന മനുഷ്യരുണ്ട്. ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കാം അത്തരത്തിൽ ചില ബന്ധങ്ങളുണ്ടാവുന്നത്. അതുപോലെ ഒരു അനുഭവമാണ് ഇന്ത്യക്കാരനായ ഈ മനുഷ്യനും ഉള്ളത്. ജപ്പാനിൽ നിന്നുള്ള ഒരു പ്രായമായ മനുഷ്യനും ഭാര്യയും അദ്ദേഹത്തിന് മാതാവും പിതാവുമായി മാറിയ കഥയാണ് ഇത്. ഗൂഗിൾ റിസർച്ച് ഓസ്‌ട്രേലിയയിലെ സീനിയർ റിസർച്ച് സയന്റിസ്റ്റായ രാജ് ദാബ്‍റെയാണ് എക്സിൽ (ട്വിറ്റർ) തന്റെ ഈ വിശേഷപ്പെട്ട അനുഭവം ഷെയർ ചെയ്തിരിക്കുന്നത്.
എനിക്ക് ഒരു ജാപ്പനീസ് അമ്മയും അച്ഛനുമുണ്ട് എന്ന വാചകത്തോടെയാണ് അദ്ദേഹം തന്റെ പോസ്റ്റ് ആരംഭിക്കുന്നത് തന്നെ. തുടർന്ന് എങ്ങനെയാണ് ഒരു വിമാനയാത്രയ്ക്കിടെ ഈ ജാപ്പനീസ് ദമ്പതികളെ കണ്ടുമുട്ടിയതെന്നും അവർ തനിക്ക് മറ്റൊരു കുടുംബമായി മാറിയത് എന്നും അദ്ദേഹം വിവരിക്കുന്നു. '2019 -ൽ, ഞാൻ ഇന്ത്യയിലേക്കുള്ള വിമാനത്തിലായിരുന്നു, നിർഭാഗ്യവശാൽ, ഇൻഫ്ലുവൻസയുടെ ഗുരുതരമായ പിടിയിൽ നിന്ന് ഞാൻ സുഖം പ്രാപിച്ചു വരുന്നതേയുണ്ടായിരുന്നുള്ളൂ' എന്നാണ് മുമ്പ് NICT ജപ്പാനിൽ ജോലി ചെയ്തിരുന്ന ദാബ്‍റെ കുറിക്കുന്നത്. അസുഖത്തിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം വിമാനത്തിൽ കയറി. 70 വയസ്സുള്ള ഒരു ജാപ്പനീസ് ദമ്പതികളുടെ അരികിലാണ് അദ്ദേഹം ഇരുന്നത്. ദമ്പതികൾ തായ്‌ലൻഡിലേക്കുള്ള യാത്രയിലായിരുന്നു.
വിമാനത്തിലെ എന്റർടെയ്‍ൻമെന്റ് സിസ്റ്റം മനസിലാകാതെ ആ മനുഷ്യൻ ബുദ്ധിമുട്ടുന്നത് ദാബ്‍റെ ശ്രദ്ധിച്ചു. അദ്ദേഹത്തിന് ജാപ്പനീസ് സബ്ടൈറ്റിലുകൾ വേണമായിരുന്നു. ക്യാബിൻ അറ്റൻഡന്റിനോട് സഹായം ചോദിക്കുകയും ചെയ്തു. എന്നാൽ, അദ്ദേഹത്തിന് ഇംഗ്ലീഷ് വളരെ കുറച്ച് മാത്രമേ സംസാരിക്കാൻ കഴിഞ്ഞുള്ളൂ, ക്യാബിൻ അറ്റൻഡന്റിന് അദ്ദേഹത്തിന്റെ അഭ്യർത്ഥന മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ജാപ്പനീസ് അറിയാമായിരുന്ന ദാബ്റെ അദ്ദേഹത്തെ സഹായിച്ചു. അങ്ങനെയാണ് ദമ്പതികളുമായി സൗഹൃദത്തിലാവുന്നത്. പരിചയപ്പെട്ട് വന്നപ്പോൾ ഇരുവരും താമസിക്കുന്നത് തന്റെ താമസസ്ഥലത്തിനടുത്താണ് എന്ന് മനസിലായി. ഇറങ്ങും മുമ്പ് ഇരുവരും ബിസിനസ് കാർഡുകൾ പരസ്പരം കൈമാറി.
എന്നാൽ, ദാബ്‍റെ അദ്ദേഹത്തെ വിളിച്ചേയില്ല. എന്നാൽ, അദ്ദേഹത്തിന്റെ അച്ഛൻ ആ മനുഷ്യനെ വിളിക്കാൻ നിർബന്ധിച്ചു. അന്നത്തെ ആ ഒരൊറ്റ കോളോടെ ഒരു പുതിയ ബന്ധം പിറക്കുകയായിരുന്നു. ദാബ്റെ പിന്നീട് ഇവരുമായി അടുത്ത ബന്ധം പുലർത്തി. അവർ അദ്ദേഹത്തെ മകനായിട്ടാണ് കണക്കാക്കിയത്. അച്ഛാ എന്നും അമ്മേ എന്നും വിളിക്കാൻ ആവശ്യപ്പെട്ടതും ആ ജാപ്പനീസ് ദമ്പതികൾ തന്നെ ആയിരുന്നു. അങ്ങനെ അദ്ദേഹത്തിന് ജപ്പാനിൽ ഒരു വീടും ഒരു അച്ഛനേയും അമ്മയേയും കിട്ടുകയായിരുന്നു. എന്തിനേറെ പറയുന്നു, ദാബ്റെയടെ മാതാപിതാക്കൾ ജപ്പാനിലെത്തി ആ ദമ്പതികളെ പലതവണ കണ്ടു. ദാബ്റെയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജപ്പാനിൽ നിന്നുള്ള ആ മനുഷ്യൻ ഇന്ത്യയിലേക്ക് യാത്ര ചെയ്തെത്തി. മനുഷ്യരുടെ സ്നേഹത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന ഈ അനുഭവം സോഷ്യൽ മീഡിയയിൽ അനേകങ്ങളെയാണ് ആകർഷിച്ചത്.
