Asianet News MalayalamAsianet News Malayalam

ജര്‍മ്മനിയില്‍ സംസ്‍കൃതം പഠിക്കാന്‍ ആളുകളുടെ കുത്തൊഴുക്ക്, കൂടുതല്‍ പഠനകേന്ദ്രങ്ങളും വരുന്നു

രാഷ്ട്രീയവും മതപരവുമായ വാക്കുതർക്കങ്ങളിൽ ഏർപ്പെടുന്നതിനുപകരം, ഇന്ത്യക്കാർ അവരുടെ പാരമ്പര്യം സംരക്ഷിക്കാൻ ശ്രമിക്കണമെന്നും ഡോ. മൈക്കിൾസ് പറഞ്ഞു. 

Sanskrit influences Germans
Author
Germany, First Published Jan 23, 2020, 2:37 PM IST
  • Facebook
  • Twitter
  • Whatsapp

ജർമ്മനിയിലെ പല സർവ്വകലാശാലകളിലും ഇപ്പോൾ സംസ്‌കൃതം ഒരു പാഠ്യവിഷയമാണ്. അവിടെ സംസ്‌കൃതം പഠിക്കാൻ താൽപര്യപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും കൂടിവരികയാണെന്നാണ് പറയുന്നത്. ലോകമെമ്പാടുമുള്ള ആവശ്യക്കാരുടെ കുത്തൊഴുക്ക് നേരിടാൻ കഴിയാതെ, ജർമ്മനിയിലെ ഹൈഡൽബർഗ് സർവകലാശാലയുടെ കീഴിലുള്ള സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് ഇറ്റലിയിലും, സ്വിറ്റ്സർലൻഡിലും, ഇന്ത്യയിലും സംസ്‌കൃതം പഠിപ്പിക്കാന്‍ ഒരു സമ്മർ സ്കൂൾ തന്നെ ആരംഭിക്കുകയുണ്ടായി.  

“15 വർഷം മുമ്പ് ഇത് ആരംഭിച്ചപ്പോൾ, കുറച്ച് വർഷങ്ങൾ കഴിയുമ്പോള്‍ ഇത് അടച്ചുപൂട്ടേണ്ടി വരുമെന്നാണ് ഞങ്ങൾ വിചാരിച്ചത്. എന്നാൽ, ഞങ്ങൾക്ക് ഇത് കൂടുതൽ നന്നായി കൊണ്ടുപോകാൻ കഴിഞ്ഞു. മാത്രമല്ല, മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും ഈ കോഴ്‌സ് വ്യാപിപ്പിക്കാൻ ഞങ്ങൾക്കായി" യൂണിവേഴ്‌സിറ്റിയിലെ ക്ലാസിക്കൽ ഇൻഡോളജി വിഭാഗം മേധാവി പ്രൊഫസർ ഡോ. ആക്‌സൽ മൈക്കിൾസ് പറയുന്നു. ജർമ്മനിയിൽ 14 മികച്ച സർവകലാശാലകൾ സംസ്കൃതം, ക്ലാസിക്കൽ, മോഡേൺ ഇൻഡോളജി എന്നിവ പഠിപ്പിക്കുന്നു. 

സംസ്‌കൃതത്തെ മതവും, ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി ബന്ധിപ്പിക്കുന്നത് മണ്ടത്തരമാണെന്നും, സമ്പന്നമായ ഒരു പൈതൃകത്തിൻ്റെ അവസാനമാണതെന്നും പ്രൊഫസർ പറഞ്ഞു. "ബുദ്ധമതത്തിൻ്റെ അടിസ്ഥാന ചിന്തകൾ പോലും സംസ്‌കൃത ഭാഷയിലായിരുന്നു. ഓറിയന്റൽ തത്ത്വചിന്ത, ചരിത്രം, ഭാഷകൾ, ശാസ്ത്രം, സംസ്കാരം എന്നിവയുടെ ഉത്ഭവം നന്നായി മനസിലാക്കാൻ, സംസ്‌കൃത ഗ്രന്ഥങ്ങൾ വായിക്കേണ്ടത് അത്യാവശ്യമാണ്, കാരണം ഇവ ആദ്യകാല ചിന്തകളും കണ്ടെത്തലുകളും അടങ്ങിയതാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈഡൽബർഗ് സർവകലാശാലയിൽ സംസ്‌കൃതം പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥിയായ ഫ്രാൻസെസ്കാ ലുനാരിയുടെ അഭിപ്രായത്തിൽ സംസ്കാരങ്ങളിലൂടെയും, സമൂഹങ്ങളിലൂടെയും മനുഷ്യൻ്റെ ചിന്തകൾ എങ്ങനെ ഉത്ഭവിച്ചുവെന്ന് അറിയാൻ സംസ്‌കൃതം സഹായിക്കുന്നു. ഓറിയന്റൽ സൈക്യാട്രിയുടെ തുടക്കക്കാരനായ ഗിരിന്ദ്ര ശേഖർ ബോസിൻ്റെ പ്രഥമ കൃതികൾ മനസിലാക്കാൻ താൻ ബംഗ്ലാ ഭാഷ പഠിക്കുകയുണ്ടായിയെന്നും അവർ കൂട്ടിച്ചേർത്തു. 

ഫ്രെയിഡിനെ വെല്ലുവിളിച്ച് ബോസ് തൻ്റെ സിദ്ധാന്തങ്ങൾ എഴുതിയ ബംഗ്ലാ പോലുള്ള ഭാഷകൾ ഇപ്പോൾ സംസ്കൃതത്തിന് സമാനമായ പ്രതിസന്ധി നേരിടുകയാണ്. കാരണം ഈ ഭാഷകൾ സ്വന്തം നാടുകളിൽ സംരക്ഷിക്കപ്പെടുന്നില്ല. ഇംഗ്ലീഷിൻ്റെ കടന്നാക്രമണം അവയെ നാമാവശേഷമാക്കുന്നുവെന്ന് ആധുനിക സൗത്ത് വകുപ്പ് മേധാവി ഡോ. ഹാൻസ് ഹാർഡർ അഭിപ്രായപ്പെട്ടു. ഇങ്ങനെ തുടർന്നാൽ വീടുകളിൽ സ്വന്തം മാതൃഭാഷകൾ കുട്ടികൾക്ക് പകർന്നു കൊടുക്കാതാകുമെന്നും അദ്ദേഹം പറഞ്ഞു. 

"ചാണക്യൻ്റെ അർത്ഥശാസ്ത്രം പഠിക്കുന്നതിലൂടെ രാഷ്ട്രീയത്തിൻ്റെയും, സാമ്പത്തികത്തിൻ്റെയും പരിണാമം നന്നായി മനസ്സിലാക്കാൻ കഴിയും" ഡോ. മൈക്കിൾസ് പറഞ്ഞു. ഐഐടി ഗണിതശാസ്ത്ര ബിരുദധാരിയായ ആനന്ദ് മിശ്ര കമ്പ്യൂട്ടിംഗ് ഭാഷ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിനായി സംസ്‌കൃതം പഠിക്കുകയാണ്. പാണിനിയുടെ സംസ്‌കൃത വ്യാകരണം പഠിക്കുമ്പോൾ, കമ്പ്യൂട്ടിംഗ് ഭാഷയെ മികച്ച രീതിയിൽ മനസ്സിലാക്കാൻ സാധിക്കുന്നുവെന്ന് മിശ്ര പറഞ്ഞു.

രാഷ്ട്രീയവും മതപരവുമായ വാക്കുതർക്കങ്ങളിൽ ഏർപ്പെടുന്നതിനുപകരം, ഇന്ത്യക്കാർ അവരുടെ പാരമ്പര്യം സംരക്ഷിക്കാൻ ശ്രമിക്കണമെന്നും ഡോ. മൈക്കിൾസ് പറഞ്ഞു. “നമ്മൾ അപൂർവവും പഴയതുമായ ഒരു പെയിന്റിംഗോ ശില്പമോ സംരക്ഷിക്കുന്നില്ലേ? അതുപോലെ ഈ ഭാഷ ഒരു സമ്പന്നമായ സാംസ്കാരിക പൈതൃകമാണ്. അത് നമ്മൾ കാത്തു സൂക്ഷിക്കണം” അദ്ദേഹം കൂട്ടിച്ചേർത്തു. 

ലോകത്തിലെ ഏറ്റവും കൂടുതൽ സംസ്കൃത പണ്ഡിതരുള്ള രാജ്യമാണ് ജർമ്മനി. ഹാർവാർഡിലും, കാലിഫോർണിയ ബെർക്ക്‌ലിയിലും, യുകെയിലും അടക്കമുള്ള സംസ്‌കൃത പണ്ഡിതന്മാരിൽ ഭൂരിഭാഗവും ജർമ്മൻകാരാണ്. 
 

Follow Us:
Download App:
  • android
  • ios