മെംഫിസ്: ക്രിസ്മസ് ആഘോഷവുമായി ബാങ്കിലെത്തിയ സാന്തക്ലോസ് ബാങ്ക് കൊള്ളയടിച്ചു. അമേരിക്കയിലെ മിസിസിപ്പിയില്‍ നിന്നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രിസ്മസ് കാലമല്ലേ സാന്താക്ലോസല്ലേ എന്ന് കരുതിയാണ് ബാങ്ക് ജീവനക്കാര്‍ ആഘോഷപൂര്‍വ്വമാണ് സാന്തയെ വരവേറ്റത്. 

എന്നാല്‍ സാന്താക്ലോസ് ബാങ്കില്‍ കവര്‍ച്ച നടത്തുകയായിരുന്നു. ബാങ്ക് കവര്‍ച്ചയുടെ വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലായിരിക്കുകയാണ്. മെംഫിസ് പോലീസ് പുറത്ത് വിട്ട വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

ബാങ്കില്‍ സാന്തയുടെ വേഷത്തിലെത്തി കവര്‍ച്ച നടത്തിയ ആളെ പിടികൂടാന്‍ വീഡിയോ സഹായിച്ചേക്കും എന്ന കണക്കുകൂട്ടലിലാണ് പോലീസ് ഈ വീഡിയോ പുറത്ത് വിട്ടത്. കൈനിറയെ ചോക്ലേറ്റുകളുമായെത്തിയ സാന്ത ബാങ്കിലെ ജീവനക്കാര്‍ക്ക് ഓരോരുത്തര്‍ക്കായി ഇത് നല്‍കുന്നത് സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. 

പിന്നീട് ബാങ്ക് ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് ഇയാള്‍ പോക്കറ്റില്‍ നിന്നും എടുത്ത ഒരു കടലാസ് നല്‍കുന്നു. ബാങ്കിന് പുറത്തുള്ള ക്യാമറയില്‍ പണമടങ്ങിയ ബാഗുമായി നടന്നുപോകുന്ന സാന്തയുടെ ദൃശ്യങ്ങളുമുണ്ട്.