ആൺകുട്ടികളായി വേഷംമാറി പകല്‍ സമയങ്ങളില്‍ സ്കൂട്ടറില്‍ കറങ്ങും. ഓരോ വീടിന്‍റെ അടുത്തുനിന്നും നിരീക്ഷിക്കും. വീട്ടില്‍ നിന്നും ആളുകളെല്ലാം പോയി എന്ന് മനസിലാക്കിയാല്‍ അകത്തുകയറി മോഷണം. ഒടുവില്‍ പിടിയിലായി ശാലുവും നീലുവും. 

വടക്കൻ ബംഗളൂരുവിൽ ആൺകുട്ടികളാണെന്ന് തോന്നിപ്പിക്കും വിധം വേഷം മാറി പകൽസമയങ്ങളിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. തനരി റോഡ് സ്വദേശികളായ ശാലു, നീലു എന്നിവരെയാണ് സമ്പഗെഹള്ളി പോലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ വിചിത്രമായ മോഷണത്തിന്റെ ചുരുളഴിഞ്ഞത്.

ആർക്കും സംശയം തോന്നാതിരിക്കാൻ കൗമാരക്കാരായ ആൺകുട്ടികളെപ്പോലെ വസ്ത്രം ധരിച്ചായിരുന്നു ഇവർ മോഷണത്തിനായി എത്തിയിരുന്നത്. സ്കൂട്ടറിൽ കറങ്ങി നടന്ന് വീട്ടുകാർ പുറത്തുപോകുന്നത് വരെ ഇവർ നിരീക്ഷിക്കും. വീട് ഒഴിഞ്ഞെന്ന് ഉറപ്പായാൽ ഉടൻ അകത്തുകയറി പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവരും. ഈ വേഷപ്പകർച്ച കാരണം അയൽവാസികളുടെയോ വഴിപോക്കരുടെയോ കണ്ണിൽപ്പെടാതെ പകൽസമയത്ത് മോഷണം നടത്താൻ ഇവർക്ക് കഴിഞ്ഞിരുന്നു.

ജനുവരി 13-ന് യെലഹങ്കയ്ക്ക് സമീപമുള്ള അഗ്രഹാര ലേഔട്ടിൽ നടന്ന മോഷണമാണ് കേസിൽ നിർണ്ണായകമായത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഓട്ടോ ഡ്രൈവർ സംഗമേഷ്, തന്റെ വീട് കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കവർന്നതായി കണ്ടെത്തി. വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു മോഷണം. സംഗമേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

View post on Instagram

ദൃശ്യങ്ങളിൽ രണ്ട് ആൺകുട്ടികൾ സ്കൂട്ടറിൽ വന്നുപോകുന്നത് വ്യക്തമായിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് പ്രതികളെ വലയിലാക്കി. പ്രതികളെ സ്റ്റേഷനിലെത്തിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥർ അത്ഭുതപ്പെട്ടു. സിസിടിവിയിൽ കണ്ടത് ആൺകുട്ടികളെയായിരുന്നെങ്കിലും പിടിക്കപ്പെട്ടത് രണ്ട് യുവതികളായിരുന്നു. ചോദ്യം ചെയ്യലിൽ, വേഷം മാറി തങ്ങൾ പലയിടങ്ങളിലും മോഷണം നടത്തിയിട്ടുണ്ടെന്ന് ഇവർ സമ്മതിച്ചു.

പകൽസമയത്തും വീടുകൾ സുരക്ഷിതമായി പൂട്ടണമെന്നും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും സമ്പഗെഹള്ളി പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി. പ്രതികൾ മറ്റ് മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്.