സ്വകാര്യ ആശുപത്രികളുടേയും ഡിസ്പന്‍സറികളുടേയും ലാബുകളടക്കമുള്ള രോഗനിര്‍ണയ അനുബന്ധസ്ഥാപനങ്ങളുടേയും പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറാപ്പാക്കുന്നതിനും  ചികിത്സാചെലവുകളടക്കമുള്ള ഫീസുകള്‍ നിജപ്പെടുത്തുന്നതിനുമായി 2010ലാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്‌ട്രേഷന്‍ ആന്റ്റ് റഗുലേഷന്‍ നിയമം ഇന്ത്യയില്‍ നിലവില്‍ വന്നത്. 2013ല്‍ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിന്റെ കരടു തയ്യാറാക്കി പ്രസിദ്ധീകരിച്ചെങ്കിലും ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് മന്ത്രി കെ.കെ.ഷൈലജ ഈ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുകയും സബ്ജക്റ്റ് കമ്മിറ്റിയ്ക്ക് വിടുകയും ചെയ്തത്.

കേരളത്തിന്റെ ആരോഗ്യ രംഗത്ത്  70% വരും സ്വകാര്യ പങ്കാളിത്തം. ശാസ്ത്രീയമായ സംവിധാനത്തിനുകീഴില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സുതാര്യമാക്കുന്നതിനും കുറ്റകരമായ അനാസ്ഥകള്‍ക്ക് ശിക്ഷ  ഉറപ്പാക്കുന്നതിനുമുള്ള ഒരു സമഗ്രനിയമം നിര്‍മ്മിക്കുന്നതിലുണ്ടായ അലംഭാവം, കേന്ദ്രനിയമം വന്നതിനു ശേഷവുമുള്ള 7 വര്‍ഷത്തെ കാലവിളംബം എന്നിവ ഈ രംഗത്തെ നിക്ഷിപ്ത താല്‍പ്പര്യ
ങ്ങളുടെ സ്വാധീനത്തെയാണ് വെളിപ്പെടുത്തുന്നത്. ആംബുലന്‍സില്‍ മരിച്ച മുരുകന്‍ ഇതിന്റെ ഒടുവിലത്തെ ഖേദക്കാഴ്ചയും.

നമ്മുടെ സാമ്പത്തികം എന്നൊരു കവിതയുണ്ട്, തമിഴ് കവി ത.പഴനിമല എഴുതിയത്. 

വിലകൂടിയതിനാല്‍ പഴം തിന്നുന്നില്ല. 
വെളിക്കിരിക്കുമ്പോള്‍ ഇരട്ടി മുക്കുന്നു. 
പിന്നില്‍ കാത്തു നില്‍ക്കുന്ന പന്നി അമറുന്നു. 
പന്നിക്കറിയുമോ നമ്മുടെ സാമ്പത്തികം !

മുരുകന്‍ പോയത് അവിടെയല്ലെങ്കില്‍
മുരുകനെ ട്രാവന്‍ കൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു എന്ന് കരുതുക . ഒരു ദിവസം വെന്റിലേറ്ററില്‍ ഐ സിയു വില്‍, മരുന്നിനടക്കം 25, 000 രൂപ ബില്ലാകും. ചെയ്യുന്ന സര്‍ജറിയുടെ തുക വേറെ കൊടുക്കണം. കൊട്ടിയം കിംസില്‍ നിന്ന് തിരുവനന്തപുരം കിംസിലേയ്ക്ക് മുരുകനെ നേരിട്ട് റഫര്‍ ചെയ്തിരുന്നുവെങ്കില്‍  മള്‍ട്ടിഫ്രാക്ചര്‍, ഹെഡ് ഇഞ്ച്യുറി,വെന്റിലേറ്റര്‍...പേഷ്യന്റിന് അമ്പത്തിനായിരത്തിനും ഒരു ലക്ഷത്തിനുമിടയിലായിരിക്കും പ്രതിദിന ബില്ല്. റഫറന്‍സ് ലെറ്റര്‍ ഫാക്‌സ് ചെയ്താല്‍  10 മിനിട്ടിനകം  അവര്‍ തിരികെ വിളിക്കും. ഡോക്ടറുള്‍പ്പെടെയുള്ള ആംബുലന്‍സ് വന്ന് രോഗിയെ കൊണ്ടുപോകും. അതിനുമുമ്പ്  പ്രതിദിനബില്ലിന്റെ റേഞ്ച് കൃത്യമായി തന്നെ നിങ്ങളെ അറിയിക്കും. സുതാര്യമാണ് ഇടപാടുകള്‍! അപകടത്തില്‍പ്പെടുന്നവരുടെ ചികിത്സ സ്വകാര്യ  ആശുപത്രികളില്‍ എങ്ങനെ  ഉറപ്പാക്കും ? തുടര്‍ചര്‍ച്ചകള്‍ വേണം. വരാന്‍ പോകുന്ന നിയമത്തില്‍ അതിന്  വ്യക്തതയുമുണ്ടാകണം.

മുരുകനെപ്പോലുള്ളവരുടെ ബൈ സ്്റ്റാന്റര്‍ ഇത്തരം സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേയ്ക്കു വിളിക്കും. വിളിച്ചത് കേരളത്തിലെ ഏത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കായാലും മിക്കപ്പൊഴും കിട്ടുന്ന മറുപടി ഒന്നായിരിക്കും. വെന്റിലേറ്റര്‍ ഒഴിവില്ല എന്നതു തന്നെ! പുതിയ  കാലത്തെ പകര്‍ച്ചവ്യാധി റോഡപകടങ്ങളാണ്. പൊലീസ് കണക്കുപ്രകാരം 2016 ല്‍  കേരളത്തിലെ മൊത്തം റോഡപകടങ്ങള്‍  39420 ആണ്. 4287 മരണങ്ങളും. ഇതുണ്ടാക്കുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ക്കൊപ്പം വ്യക്തിതലത്തിലും കുടുംബതലത്തിലുമുണ്ടാകുന്ന വൈകാരിക പ്രശ്‌നങ്ങളും ദുരിതങ്ങളും ചേര്‍ത്തു വയ്ക്കുമ്പോള്‍ ദുരന്തവ്യാപ്തി വ്യക്തമാകും.

ഈ ആറ് മെഡിക്കല്‍ കോളജുകള്‍ക്ക് നടുവിലൂടെയാണ് 
മുരുകന്‍ മരിച്ച ആംബുലന്‍സ് നെട്ടോട്ടമോടിയത്

മുരുകന്‍  അപകടത്തില്‍പ്പെട്ട ദേശീയപാതയിലെ ഇത്തിക്കരയില്‍ നിന്ന് 15  മിനിട്ട് ദൂരത്തിലാണ് ട്രാവന്‍ കൂര്‍ മെഡിക്കല്‍ കോളജ്. 25 മിനിട്ട് ദൂരത്തില്‍ അസീസിയ മെഡിക്കല്‍ കോളേജും, പാരിപ്പള്ളിയിലെ കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുമുണ്ട്. വെഞ്ഞാറമ്മൂട്ടിലെ ശ്രീഗോകുലം മെഡിക്കല്‍ കോളജ്, വട്ടപ്പാറയിലെ ഉത്രാടം തിരുന്നാള്‍, തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്നിവയിലേയ്ക്ക് ഒരു മണിക്കൂറുകൊണ്ട് എത്തിച്ചേരാനാകും. 500ന് മേല്‍ കിടക്കകളുള്ള എല്ലാ സ്‌പെഷ്യാലിറ്റികളും മതിയായ സ്റ്റാഫുമുണ്ടെന്ന് മെഡിക്കല്‍ കൗണ്‍സില്‍ 2017 ലും പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടുള്ള സ്ഥാപനങ്ങളാണിത്. ഇതില്‍ കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ മാത്രമാണ് 500ല്‍ താഴെ കിടക്കകളുള്ളത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ  ഈ ആറ് മെഡിക്കല്‍ കോളജുകള്‍ക്ക് നടുവിലൂടെയാണ് മുരുകന്‍ മരിച്ച ആംബുലന്‍സ് നെട്ടോട്ടമോടിയത്.

മുരുകനെ പ്രവേശിപ്പിച്ച കൊട്ടിയം കിംസ് ആശുപത്രിയില്‍ നിന്ന്  അഞ്ച് 5 മിനിട്ട്  ദൂരത്തില്‍ കൊട്ടിയത്തു തന്നെ അരനൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന 500 കിടക്കകളുള്ള ഹോളിക്രോസ് ആശുപത്രിയുണ്ട്. 20 മിനിട്ട് അകലത്തില്‍ 500 കിടക്കകളുള്ള, അരനൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ബെന്‍സിഗര്‍ ആശുപത്രി. കൂടാതെ 300 കിടക്കകള്‍ വീതമുള്ള മറ്റ് മൂന്ന് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും 550 കിടക്കകളുള്ള ജില്ലാ ആശുപത്രിയുമുണ്ട് കൊല്ലത്ത്.

ആശുപത്രിയും പൊലീസും ചെയ്യേണ്ടിയിരുന്നത്
കൊട്ടിയം കിംസ് ആശുപത്രിയിലെ എമര്‍ജന്‍സി ഡോക്ടര്‍  മുരുകന് പ്രാഥമിക ചികിത്സ നല്‍കി അയാളെ ഒഴിവാക്കുകയായിരുന്നു. തുടര്‍ചികിത്സ ആവശ്യമുള്ള അനാഥനോ സനാഥനോ ആയ രോഗിയെ ആംബുലന്‍സില്‍ കയറ്റിവിട്ടാല്‍ തീരുന്നതല്ല ഉത്തരവാദിത്വം. ഇക്കാര്യങ്ങള്‍ വ്യക്തത വരുത്തിയിട്ടുള്ള നിരവധി കോടതിവിധികളുണ്ട്. മുരുകനെപ്പോലെ ഗുരുതരാവസ്ഥയിലുള്ള രോഗിക്കൊപ്പം ഡോക്ടറുണ്ടാകണം. എന്നാല്‍ കിംസിലെ ഒരു നഴ്‌സ്‌പോലും ആംബുലന്‍സില്‍ ഉണ്ടായില്ല! അടുത്തുള്ള ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട് ന്യുറോളജിസ്റ്റിന്റെ സാന്നിദ്ധ്യം ഉറപ്പ് വരുത്തി മുരുകനെ അവിടെ എത്തിക്കല്‍  എമര്‍ജന്‍സി ഡോക്ടര്‍ ശ്രമിച്ചിരുന്നെങ്കില്‍ ഒരു കിലോമീറ്റര്‍ അകലത്തിലുള്ള കൊട്ടിയം ഹോളിക്രോസിന് മുരുകനെ കൈമാറാന്‍  അഞ്ച് മിനിട്ട് കൊണ്ട് കഴിയുമായിരുന്നു. ഈ ആശുപത്രിയുമായി ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിട്ടേയില്ല. ഏറ്റവും അടുത്തുള്ള നാല് ആശുപത്രികളിലേയ്ക്ക് റെഫറന്‍സ് ലെറ്റര്‍ ഒരേസമയം ഫാക്‌സ് അയയ്ക്കുകയും അവയുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്യുന്ന പണി എമര്‍ജന്‍സി ക്ലര്‍ക്കിന്റേതാണ്. ഫോണ്‍ കണക്ട് ആകുമ്പോള്‍ ഡോക്ടര്‍ നേരിട്ടു സംസാരിക്കണമെന്ന് മാത്രം. ഇതിനാകെ 10 മിനിട്ട് മതിയാകും.

ഇക്കാര്യം ഹൈവേ പോലീസിനെ അറിയിക്കുകയും അവരുടെ സഹായം ആവശ്യപ്പെടുകയും ചെയ്യേണ്ടതുണ്ട്. എത്തിച്ചത് ഹൈവേ പൊലീസാണെങ്കില്‍ പോലും രോഗിയെ അവിടെന്ന് പെട്ടെന്ന് മാറ്റുമ്പോള്‍ അവരെ വീണ്ടും അറിയിക്കണം. അപകടസ്ഥലത്തേയ്ക്ക് ചാത്തന്നൂര്‍, കൊട്ടിയം എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് 10 മിനിട്ട് ദൂരമാണുള്ളത്. ചാത്തന്നൂര്‍, നീണ്ടകര, കൊട്ടാരക്കര, പുനലൂര്‍ പൊലീസ് സ്റ്റേഷനുകള്‍ ബെയ്‌സ് സ്‌റ്റേഷനുകളായി കൊല്ലം ജില്ലയില്‍ നാല്  ഹൈവേ പട്രോളുകളുണ്ട്. ശരാശരി 35 കിലോമീറ്റര്‍ ആണ് ഒരു പട്രോള്‍ സംഘത്തിന്റെ ഓപറേഷനല്‍ ഏരിയ. ചാത്തന്നൂര്‍ ബെയ്‌സ്  സ്‌റ്റേഷനായുള്ളതും കടമ്പാട്ട്‌കോണം മുതല്‍  ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് സ്ഥിതിചെയ്യുന്ന മേവറം വരെ ഓപറേഷനല്‍ ഏരിയയുള്ള ഹൈവെ പട്രോളിന്റെ പരിധിയിലാണ് മുരുകന്‍ അപടത്തില്‍ പെട്ട ഇത്തിക്കര എന്ന സ്ഥലം. ഏതവസ്ഥയിലും അരമണിക്കൂറിനുള്ളില്‍ എത്തിച്ചേരാമെന്നിരിക്കെ രണ്ടു മണിക്കൂറെടുത്തു എന്നത് ഹൈവേപോലീസിന്റെ ഭാഗത്തുനിന്നുള്ള  വീഴ്ചയാണ്. സഞ്ചരിക്കുന്ന പൊലീസ്  സ്‌റ്റേഷനെന്ന നിലയില്‍  വിഭാവന ചെയ്തിട്ടുള്ള  ഈ സംവിധാനം ആ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വ്യക്തമാണ്.

മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ക്കൊന്നും ന്യൂറോ സര്‍ജനില്ലെന്ന്  പറഞ്ഞൊഴിയാനാവില്ല.. സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്ക് രാത്രി സാധാരണ ഓണ്‍ കാള്‍ ഡ്യൂട്ടിയാണ്. അത് ഒന്നാമത്തെ ഓണ്‍കാള്‍ രണ്ടാമത്തെ ഓണ്‍കാള്‍ മൂന്നാമത്തെ ഓണ്‍ കാള്‍ ഇങ്ങനെ മൂന്നുപേരുണ്ടാവുകയും ചെയ്യും. ഡോക്ടറില്ലെന്ന് പറയാനാവാതെ വരുന്നവരാണ് വെന്റിലേറ്ററില്ലെന്ന് പറയുക .അഞ്ചുലക്ഷത്തിനുവാങ്ങാവുന്ന ഈ ഉപകരണത്തിന് പല വിചിത്ര ഉപയോഗങ്ങളുണ്ട് സ്വകാര്യ ആശുപത്രികളില്‍. മരിച്ചയാളെ സി. പി ആര്‍ നല്‍കി തിരിച്ചുകൊണ്ടുവന്നു എന്ന പേരില്‍ വെന്റിലേറ്ററിലാക്കുന്നു എന്നതാണ് ഉയരുന്ന  പരാതികളിലൊന്ന്. മധ്യവര്‍ഗ ഉപരിവര്‍ഗ ആളുകള്‍ക്കാണ് ഇത്തരം മരണാനന്തര ചികിത്സ കിട്ടുന്നത്!

ഒഴിവാക്കാമായിരുന്ന മരണം 
മറ്റൊരു പ്രധാനകാര്യം അപകടസ്ഥലത്തുനിന്ന് 15 മിനിട്ടകലത്തിലുള്ള പാരിപ്പള്ളിയിലെ പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെക്കുറിച്ചാണ്.  ഇ. എസ്.ഐ കോര്‍പ്പറേഷന്‍ ഇവിടെ മെഡിക്കല്‍ കോളജ് സ്ഥാപിക്കാനായി 450 കോടിരൂപ ചെലവില്‍ അടിസ്ഥാന സൗകര്യമൊരുക്കുകയും പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയും ചെയ്തു. ആലപ്പുഴയ്ക്കും തിരുവനന്തപുരത്തിനുമിടയില്‍  കൊല്ലത്തു മെഡിക്കല്‍ കോളജിനായുള്ള ശ്രമത്തിലായിരുന്ന സര്‍ക്കാര്‍ 2015ല്‍ ഇതേറ്റെടുത്തു.  2016 ആഗസ്റ്റില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ചു. 2017 മെയ് മാസത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുള്ള അനുവാദവും നല്‍കി. പത്തു തിയറ്ററുകളും വെന്റിലേറ്ററടക്കമുള്ള എമര്‍ജസി സൗകര്യവുമുള്ള ഈ സ്ഥാപനം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായിരുന്നെങ്കില്‍ മുരുകന്റെ മരണം ഒഴിവാകുമായിരുന്നു.

സര്‍ക്കാര്‍ മെഡിക്കല്‍ കേളേജുകള്‍ക്ക് പുറമേ  ജില്ലാ /ജനറല്‍ ആശുപത്രികള്‍ എന്ന നിലയ്ക്കുള്ള 34  ആശുപത്രികളും ( 12000 കിടക്കകള്‍ ) 21 സ്‌പെഷ്യാലിറ്റി ആശുപത്രികളും (5600 കിടക്കകള്‍ )  79 താലൂക്കാശുപത്രികളും (8500 കിടക്കകള്‍ ) 231 കമ്മ്യൂണിറ്റി ഹെല്‍ത് സെന്റററുകളും (  6500 കിടക്കകള്‍ ) 24  മണിക്കൂറും പ്രവര്‍ത്തിക്കുന്ന 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും (3500 കിടക്കകള്‍)  മറ്റ് 682   സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമടക്കം വികേന്ദ്രീകരിക്കപ്പെട്ട ആരോഗ്യ സംവിധാനമാണ്  കേരളത്തിലുള്ളതെങ്കിലും അരനൂറ്റാണ്ടു പഴകിയ സ്റ്റാഫ് പാറ്റേണാണ് പിന്തുടരുന്നത്. ഈ സ്ഥാപനങ്ങളെ നവീകരിക്കുന്നതിലും ആധുനിക വല്‍ക്കരിക്കുന്നതിലും  കാര്യക്ഷമമാക്കുന്നതിലും നമ്മള്‍ പരാജയപ്പെടുന്നു.  ഇതിലേക്ക് അടിയന്തിര/ ഹ്രസ്വകാല /ദീര്‍ഘകാല പോം വഴികള്‍ ഒരേപോലെ തേടേണ്ടതുണ്ട്.

ഇനി വേണ്ടത് നടപടികള്‍
ജില്ലാ /ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന 34 ആശുപത്രികള്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റികളായി ഉയര്‍ത്തുകയും  മുഴുവന്‍ താലൂക്കാശുപത്രികളും അപകടചികിത്സാ സൗകര്യമുള്‍പ്പെടെ ഏര്‍പ്പെടുത്തി വികസിപ്പിക്കുകയും വേണം. കൊല്ലം ജില്ലയിലെ പുനലൂര്‍  താലൂക്കാശുപത്രി പോലെ മാതൃകയാക്കാവുന്ന നിരവധി സര്‍ക്കാര്‍ ആശുപത്രികള്‍ കേരളത്തില്‍ തന്നെയുണ്ട്. ഇതൊന്നും സാധ്യമല്ലെന്ന് പറയുന്നവര്‍ക്കുള്ള  മറുപടിയാണ് ഇത്തരം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. കമ്യൂണിറ്റി  ഹെല്‍ത്ത് സെന്ററുകളും  പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ആധുനികവല്‍ക്കരിക്കാനായാല്‍ രോഗാതുരത കുറയുകയും മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ചുള്ള കാലഹരണപ്പെട്ട ആരോഗ്യപരിപാലന രീതി വഴിമാറുകയും ചെയ്യും.

നാമമാത്രമായ ഫണ്ടുപയോഗിച്ച് അടിയന്തിരമായി  പരിഹരിക്കാവുന്നതാണ് വെന്റിലേറ്ററിന്റേതടക്കമുള്ള പ്രശ്‌നങ്ങള്‍. മൊത്തമുള്ളതിന്റെ മൂന്നിലൊരു ഭാഗം പ്രവര്‍ത്തിക്കുന്നില്ല എന്നതും 9 പോര്‍ട്ടബിള്‍ വെന്റിലേറ്ററുകളില്‍ 7 എണ്ണം കേടാണ് എന്നതും  അഭികാമ്യമായ ഒരു സ്ഥിതി വിശേഷമല്ല. ഒരു ഉപകരണം വാങ്ങുമ്പോള്‍ അതിന്റെ വിലയ്ക്കും പ്രതീക്ഷിത പ്രവര്‍ത്തനായുസ്സിനുമൊപ്പം മെയിന്റ്‌നന്‍സ് ആര്, എത്രകാലം, എത്രവേഗത്തില്‍ ചെയ്യുമെന്ന കാര്യം  ആ ഉപകരണം വാങ്ങാനുള്ള മാനദണ്ഡമാകണം.കാര്യക്ഷമതയുള്ള സ്ഥാപനങ്ങളില്‍  24 മണിക്കൂറാണ് കേടായത് ശരിയാക്കാനുള്ള സമയം. അതില്‍ക്കുടുതല്‍   വേണ്ടിവരുമ്പോള്‍ കമ്പനി താത്ക്കാലികമായി മറ്റൊരു  ഉപകരണം നല്‍കും.

നിലവാരവും കാര്യക്ഷമതയുമുള്ള  സ്വന്തം ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം വികസിപ്പിക്കുക എന്നതാണ് മറ്റൊന്ന്. ഒരു കമ്പനിയുടെ സൗജന്യ മെയിന്റനന്‍സ് കാലാവധി കഴിയുന്നതിനു മുമ്പുതന്നെ അതിന്റെ മെയിന്റ്‌നന്‍സ് മെഡിക്കല്‍ കോളജിന്റെ ബയൊമെഡിക്കല്‍ വിഭാഗം ഏറ്റെടുക്കേണ്ടതുണ്ട്. അതിനവരെ പരിശീലിപ്പിക്കലും ഉപകരണം വാങ്ങുന്നതിന്റെ  മാനദണ്ഡങ്ങളില്‍പ്പെടും. വാര്‍ഷിക ഇന്‍വെന്റ്‌റി  എന്ന സമ്പ്രദായികരീതിക്കപ്പുറം  ഉപകരണങ്ങളുടെ പ്രതിമാസ ഇന്‍ ഹൗസ്  ഓഡിറ്റ് നടക്കണം ഓരോ ഡിപ്പാര്‍ട്ട്‌മെന്റിലും. ഒരോ മൂന്ന് മാസത്തിലും ഹോസ്പിറ്റലില്‍  മൊത്തത്തില്‍ മറ്റൊരു കമ്മിറ്റിയുടെ ആഡിറ്റും ഉണ്ടാകണം. 60 അറുപഴഞ്ചന്‍ ഉപകരണങ്ങളും 10 പുതിയതും എന്ന അവസ്ഥ ഉണ്ടാകരുത്. ഉപകരണം എക്‌സ്പയറായതിന് ശേഷമല്ല അതിലേയ്ക്കടുക്കുമ്പോള്‍ തന്നെ പുതിയത് വാങ്ങാന്‍ ഇന്‍ ഹൌസ് ആഡിറ്റ് സഹായിക്കും.

മരുന്നു വാങ്ങുന്നതിലുള്ളതിനേക്കാള്‍  വലിയ അഴിമതിയാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിലുള്ളത്. ഈ അടിസ്ഥാന വൈകല്യം ചത്ത വെന്റിലേറ്ററായി മുഖം കാണിക്കുന്നു എന്ന് മാത്രം. ജില്ലാ ജനറല്‍, താലൂക്കാശുപത്രികള്‍ ആധുനികവല്‍ക്കരിച്ചാല്‍ കേരളത്തില്‍ 125 സര്‍ക്കാര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുണ്ടാകും. ഒരു വര്‍ഷം കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍  മൊത്തത്തില്‍ വികസനത്തിനായി ഉപയോഗിക്കുന്നതിന്റെ തുല്യമായൊരു തുക മതിയാകുമിതിന്. 

മെഡിക്കല്‍ കോളജ് വരാന്തയില്‍ ആളുകിടക്കില്ലെന്ന് മാത്രമല്ല തിരക്ക് പകുതിയായി കുറയുകയും ചെയ്യും.കേരളത്തില്‍ ഡോക്ടറെന്നാല്‍ ക്ലിനീഷ്യനാണ്.അതുകൊണ്ട് കൊണ്ടുതന്നെ ആരോഗ്യമേഖലയിലെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ പരിതാപകരവും. പ്രാപ്തിയും താല്‍പ്പര്യവുമുള്ളവര്‍ക്ക്  ആ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കണം. അതിന് നഗരങ്ങളും മെഡിക്കല്‍ കോളജുകളും കേന്ദ്രീകരിച്ചുള്ള ആരോഗ്യ നയത്തില്‍ അടിസ്ഥാന മാറ്റം ഉണ്ടാവണം.